ഹോമറിന്റെ ഇലിയഡ്' | ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പുനരാഖ്യാനം
''മരണം! ടൈഡിഡീസ് തുലഞ്ഞു! കൊന്നുഞാന്‍.'' ഡയോമിഡീസ്സപ്പോള്‍ ചിരിച്ചുചൊല്ലി: ''നിന്‍ വരായുധമെന്നെപ്പിളര്‍ക്കയില്ലെടോ.

ചിത്രീകരണം: കെ. ഷെരീഫ്‌

പുരാതന ഗ്രീക്ക് മഹാകവി ഹോമര്‍ രചിച്ച ഇതിഹാസകാവ്യമായ 'ഇലിയഡി'ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് നല്‍കിയ പുനരാഖ്യാനം അന്താരാഷ്ട്രവിവര്‍ത്തനദിനത്തില്‍ വായിക്കാം.

യുദ്ധഗതിഒന്ന്

സ്പാര്‍ട്ടന്‍ രാജാവായ മെനിലാസ്സിന്റെ പത്‌നി ഹെലനെ ട്രോയ്രാജകുമാരനായ പാരിസ്സിന് പരിചയപ്പെടുത്തിയതും പ്രണയത്തിലേക്ക് നയിച്ചതും രതിദേവതയായ വീനസ്സാണ്. ഹെലനുവേണ്ടി മെനിലാസ്സും പാരിസ്സും തമ്മില്‍ ട്രോയ്യില്‍ നടന്ന ദ്വന്ദ്വയുദ്ധത്തില്‍ പാരിസ്സ് ഒളിച്ചോടുന്നു. അതില്‍ അപമാനബോധത്തോടെ കഴിയുന്ന ഹെലനെ പാരിസ്സ് സമീപിക്കുന്നു. ആ രംഗത്തിലേക്ക് വീനസ്സും വരുന്നു.

ചിത്രീകരണം: കെ. ഷെരീഫ്‌

ദ്വന്ദ്വയുദ്ധത്തില്‍ പലായനം ചെയ്തിട്ടു
മന്ദഹസിക്കുന്ന പാരിസ്സിനെക്കണ്ടു
നിന്ദയാളുന്ന മനസ്സോടെ പത്‌നിയാം
സൗന്ദര്യദേവത കോപിച്ചിതിങ്ങനെ:
''ലജ്ജയില്ലാതിന്നു ജീവിച്ചിരിക്കിലോ,
അത്രയ്ക്കുമേല്‍ ഭീരു നീയെന്നു നിര്‍ണ്ണയം.
എന്റെ മുന്‍ഭര്‍ത്താവെറിഞ്ഞ കുന്തംകൊണ്ടു
നെഞ്ചുപിളര്‍ന്നു നീ വീണിരുന്നെങ്കിലോ,
എന്തൊരഭിമാനമായിരുന്നൂ നമ്മള്‍
രണ്ടുപേര്‍ക്കുംതന്നെയെന്നു ചിന്തിപ്പു ഞാന്‍.
പണ്ടു നീ ചൊല്ലുമാറുണ്ടെന്നൊടെപ്പൊഴും
സംഗരത്തില്‍ നിന്റെ സംഹാരപാടവം.
ഇന്നൊന്നു വീണ്ടും മെനിലാസ്സിനെച്ചെന്നു
വെല്ലുവിളിക്ക നീ,കാണട്ടെ പൗരുഷം.
അല്ലെങ്കില്‍ വേണ്ട,വെറുതെയക്കൈകൊണ്ടു
വല്ലാതെ ചാകേണ്ട ഭൂലോകഭീരു നീ.''
നേത്രോജ്ജ്വലതയും കണ്ഠസൗന്ദര്യവും
വക്ഷോജഭംഗിയും പ്രത്യക്ഷമാകയാല്‍,
പ്രച്ഛന്നവേഷത്തില്‍ വന്ന വീനസ്സിനെ
ഒറ്റനോട്ടത്തില്‍ത്തിരിച്ചറിഞ്ഞൂ ഹെലന്‍.
ഉള്ളം കലങ്ങിയകാരണമാ രാജ്ഞി
കൊള്ളിവാക്കിങ്ങനെ ചൊല്ലീ വിവശയായ്:
''എന്തിന്നുവേണ്ടി നിരന്തരം മായയാല്‍
വഞ്ചിച്ചിടുന്നു നീയെന്നെ ദേവാംഗനേ?
ഇന്നു പാരിസ്സു പരാജിതനാകയാല്‍
എന്നെ മെനിലാസ്സു കൊണ്ടുപോയീടുമോ
എന്നു ഭയന്നു നീ ദൂരദേശങ്ങളില്‍
അന്യനൊരാള്‍ക്കെന്നെ നല്‍കാന്‍ വിളിക്കയോ?
അല്ല പാരിസ്സിന്നരികിലേക്കാണു നീ
എന്നെ നയിക്കുവാന്‍പോകുന്നതെങ്കിലോ,
നീതന്നെ പാരിസ്സിനെപ്പുണര്‍ന്നീടുക
മൂഢകാമാര്‍ത്തനെ സേവിച്ചുകൊള്ളുക.
ഈമണ്ണിലെച്ചെളി പൂണ്ട പാദങ്ങളാല്‍
വ്യോമപഥങ്ങളെത്തീണ്ടാതിരിക്കുക.
ഞാനൊരുനാളും അപമാനശയ്യയില്‍
കാമകേളിക്കു വഴങ്ങുകയില്ലിനി.''
അപ്പോള്‍ പ്രിയാമിന്റെപുത്രന്‍ പറയുന്നു
ലജ്ജയില്ലാതെ ഹെലേനയോടീവിധം:
''കുറ്റപ്പെടുത്തരുതെന്നെനീയോമനേ,
നിര്‍ഭാഗ്യഭാഗ്യങ്ങള്‍ നിത്യമല്ലോര്‍ക്കണം.
ഇന്നു മിനര്‍വ സഹായിച്ച കാരണം
എന്നെ മെനിലാസ്സു തോല്‍പ്പിച്ചുവെങ്കിലും,
നാളെ ദൈവങ്ങളെന്‍ കൂടെനില്‍ക്കും,നാളെ
ഞാനും വിജയകിരീടമണിഞ്ഞിടും.
ആകയാല്‍ നമ്മളിന്നാസ്വദിച്ചീടുക
നാകാതിശായി മഹാമദനോത്സവം.
ചുട്ടെരിച്ചീടുകിപ്രേമാഗ്‌നിയില്‍ത്തന്നെ
ശത്രുഭയവും പരാജയക്ലേശവും.
പണ്ടു നാമാദ്യം പുണര്‍ന്ന രാവില്‍ നിന്റെ
സൗന്ദര്യമാണു നീ നല്കിയതെങ്കിലോ,
ഇന്നെനിക്കേകുക ജീവസര്‍വസ്വമേ,
അന്തരാത്മാവിന്റെ മുന്തിരിച്ചാറു നീ.''

രണ്ട്

ചിത്രീകരണം: കെ. ഷെരീഫ്‌

പൈലസ്സിലെ രാജാവും വാര്‍ധക്യത്തിലെത്തിയ യുദ്ധവീരനും പരിശീലകനും യുദ്ധതന്ത്രജ്ഞനുമായ നെസ്തര്‍ അഗമെംനോണിന്റെയും അക്കിലീസ്സിന്റെയും ഉപദേഷ്ടാവുകൂടിയാണ്.

പത്തുനൂറു പടനയിച്ചു
വൃദ്ധനായ നെസ്തറോ
യുദ്ധസജ്ജരാക്കിടുന്നു
ഗ്രീക്കുയൗവനങ്ങളെ.
വീരനായ പീലിഗോണ്‍,
രാജതുല്യഹീമണും,
ക്രോമിയസ്സുമാസ്തറും,
നെസ്തറിന്റെ ശക്തികള്‍.
മുമ്പെഴുന്ന തേരുകള്‍ക്കു
വമ്പെഴുന്ന കുതിരകള്‍,
കൊല്ലുവാന്‍ കൊതിച്ചു കൊമ്പു
വില്ലെടുത്ത പോരുകാര്‍.
അതിനുപിന്നിലണിനിരത്തി
അലസരായ ഭടരെയും,
ചകിതമാം മനസ്സെഴും
പുതിയകൂറ്റുകാരെയും.
ഒടുവിലത്തെനിരയിലായ്
അതിവിദഗ്ധര്‍ ശക്തരും,
കൊടിയുയര്‍ത്തി നെസ്തറിന്‍
പടയൊരുങ്ങിയിങ്ങനെ.
പടയണി നിരീക്ഷിക്കെ ആഗമെംനോണ്‍ മുദാ
പെരിയവരെ വേറിട്ടു വാഴ്ത്തി വീരോചിതം:
''ജയ ജയ പിതാമഹാ,നെസ്തറേ, നിസ്തുലം
അണുവിട പിഴയ്ക്കാത്ത യുദ്ധസംഘാടനം.
രണചതുരനങ്ങതന്‍ വൃദ്ധനേതൃത്വമീ
യവനതരുണര്‍ക്കിന്നു മാതൃകയാകണം.
ഉയിരിലെരിയും വീര്യമെത്രയാണെങ്കിലും
ഉടലു പഴകുന്നതേ ലോകനീതിക്രമം.
ഒരു തരുണനിന്നു നിന്‍ വാര്‍ധക്യമേല്‍ക്കിലോ,
പകരമവനങ്ങേക്കു യൗവനം നല്‍കിലോ,
ഉടനടി ജയിച്ചുപോം നമ്മളങ്കത്തെയും,
തവിടുപൊടിയാക്കുമി ട്രോജസംഘത്തെയും.''

മൂന്ന്

അപ്പോളോദേവന്‍ ട്രോജസൈന്യത്തെ
പ്രോത്സാഹിപ്പിക്കുന്നു. അഥീന
ഗ്രീക്കുകാരെയും.

ട്രോയിതന്‍ ഗോപുരാഗ്രത്തില്‍
നിന്നു കല്പിക്കയാണതാ
ട്രോജസ്‌നേഹി ധനുര്‍വേദി
അപ്പോളോദേവനീവിധം:
''പിന്നോട്ടുപോകൊല്ല നിങ്ങള്‍
പ്രിയാമിന്‍ വീരയോധരേ,
ഇരുമ്പേറ്റാല്‍ മുറിഞ്ഞീടും
ഗ്രീക്കുകാരുടെ ദേഹവും.
മാത്രമല്ലക്കിലീസ്സില്ലാ
യുദ്ധരംഗത്തിലിപ്പൊഴും,
അവനാക്കപ്പലില്‍ത്തന്നെ
പിണക്കംകൊണ്ടിരിക്കയാം.
കൊന്നുവീഴ്ത്തുക വേഗം പോര്‍
ക്കലികൊണ്ടെതിരാളിയെ.
യവനത്തണ്ടിനെപ്പാടേ
തകര്‍ക്കുക തകര്‍ക്കുക.''
അഥീനാദേവിയാകട്ടേ
ഗ്രീക്കുകാര്‍ക്കിടയില്‍സ്സദാ
ധൈര്യംകൊടുത്തു നീങ്ങുന്നൂ,
യുദ്ധസിദ്ധാന്തപണ്ഡിത.
അഥീനയ്ക്കുണ്ടു സീയൂസ്സിന്‍
ശിരസ്ത്രാണം പ്രഭാമയം;
കാഞ്ചനംകൊണ്ടു നിര്‍മിച്ച
ശിരോകവചവിസ്മയം.
അതിന്മേല്‍ക്കൊത്തിയിട്ടുണ്ടു
ശതസേനാഹയങ്ങളെ.
അവയ്ക്കുമേലമര്‍ന്നാഞ്ഞു
പൊരുതും ശൂരസേനരെ.
തോളിലേന്തുന്നു താതന്റെ
പെരുംപരിച ദേവിക.
അതിന്മേലുണ്ടു ഗോര്‍ഗന്റെ
ശിരസ്സും സര്‍പ്പബന്ധവും,
ദുര്‍ദേവതകള്‍തന്‍ രൂപം,
സിയൂസ്സിന്‍ ചിഹ്നജാലവും,
യുദ്ധരംഗങ്ങളും,വീര
മൃതിയും ദുരിതങ്ങളും.

നാല്

ചിത്രീകരണം: കെ. ഷെരീഫ്‌

ഡിയോറീസ്സ്, പീയിറോസ്സ് എന്നീ യുദ്ധവീരന്മാരുടെ മരണം.

ആ ഡിയോറീസ്സിന്‍ വിധി നിര്‍ണയിക്കുന്ന
നേരം സമാഗതമായീ ഭയാനകം.
ഏപ്പിയക്കാരന്‍ അമരിന്‍സിയസ്സിന്റെ
പുത്രന്‍ ഡിയോറീസ്സു മുന്നില്‍ക്കുതിക്കയായ്.
ത്രേസിയന്‍ പീയിറോസ്സെന്ന യുദ്ധപ്രഭു
കല്‍ത്തുണ്ടെറിഞ്ഞു തകര്‍ത്തുവീഴിക്കയായ്.
ശ്വാസംവിലങ്ങി ഡിയോറീസ്സു തന്നുറ്റ
കൂട്ടരെ നോക്കിപ്പിടഞ്ഞു കൈനീട്ടവേ,
പീയിറോസ്സാഞ്ഞു തറച്ച കൊടുംകുന്തം
ആ യുവാവിന്റെയുദരം പിളര്‍ക്കയായ്.
പിന്നെക്കുടല്‍മാലയൊന്നായ്ച്ചൊരിഞ്ഞവന്‍
കണ്ണുംതുറിച്ചു മരിച്ചുവീണൂ ഭുവി.
പീയിറോസ്സിന്റെ തുടിക്കുന്ന ചങ്കിലോ
തോയാസ്സെറിഞ്ഞ വേല്‍ പാഞ്ഞുകേറീ ദ്രുതം.
ശത്രുക്കളായ് വന്നു തമ്മില്‍പ്പൊരുതവര്‍
തൊട്ടടുത്തായിക്കിടന്നൂ പിണങ്ങളായ്.
ചോരപ്പുഴയും ശവങ്ങളും ചുറ്റിലും.
ഏരിസ്സുദേവന്റെ നാരകീയോത്സവം!

അഞ്ച്

ഇത്തോലിയന്‍ ടൈഡിയസ്സിന്റെ മകനും
ആര്‍ഗീവുകളുടെ ഉഗ്രയോദ്ധാവുമായ
ഡയോമിഡീസ്സിന്റെ പ്രവേശം.

അഥീനാദേവിതന്‍ അനുഗ്രഹത്തിനാല്‍
ഡയോമിഡീസ്സെന്ന യവനസൈനികന്‍,
ശിശിരകാലത്തിന്‍ കനകതാരകം
സമുദ്രസ്‌നാനവും കഴിഞ്ഞു വാനത്തില്‍
ജ്വലിച്ചുയരുംപോലുദിക്കയാണല-
യടിക്കുമാ ഗ്രീക്കുപടയ്ക്കു മുന്നിലായ്.
അഗ്‌നിദേവനാം ഹെഫെസ്റ്റോസ്സിന്റെ
പുരോഹിത
മുഖ്യനാ ഡേറീസ്സിനു രണ്ടു പുത്രന്മാരല്ലോ.
ഒന്നാമന്‍ ഫെഗീയസ്സും രണ്ടാമനിഡേയോസ്സും
മുന്‍നിര തേരും പോരും നയിച്ച് മുന്നേറുമ്പോള്‍,
ഉഗ്രഭാവത്തില്‍ ഡയോമിഡീസ്സിന്‍ തേജോരൂപം
തൊട്ടുമുന്നിലായ്ക്കണ്ടു പകച്ചൂ നിമിഷാര്‍ധം.
ഉടനേ ഫെഗീയസ്സു കുന്തമാഞ്ഞെറിഞ്ഞതു
വെറുതേപോയീ ഗ്രീക്കുവീരനെ സ്പര്‍ശിക്കാതെ.
കൂര്‍ത്ത വേലിനാല്‍ ഡയോമിഡീസ്സു
ഫെഗീയസ്സിന്‍
മാര്‍ത്തടം കുത്തിക്കീറിക്കൊന്നുവീഴ്ത്തുന്നൂ
മണ്ണില്‍.
ദാരുണമതുകണ്ടു സ്തംഭിച്ച സഹജനെ
ധൂമത്തില്‍പ്പൊതിഞ്ഞഗ്‌നിദേവനങ്ങൊളിപ്പിച്ചു.
തന്‍ പുരോഹിതനായ ഡേറീസ്സു മരിക്കുമ്പോള്‍
അന്തിമക്രിയയ്ക്കായാ മകനെസ്സംരക്ഷിച്ചു.
ഏകപക്ഷീയമായ് ട്രോജര്‍ തോല്‍ക്കുമ്പൊഴും,
വീരന്‍ ഡയോമിഡീസ്സാഞ്ഞലറുമ്പൊഴും,
ഉണ്ടായി രോഷം രണദേവനെന്നതു
കണ്ടനേരത്തു നയത്തിലഥീനയും
മെല്ലെയേരിസ്സിന്‍ കരംപിടിച്ചീവിധം
ചൊല്ലീ വിവേകം പൊതിഞ്ഞ മനോഗതം:
''മര്‍ത്ത്യവിനാശനാ,രക്തദാഹീ,കൊള്ളി
വെച്ചു പുരങ്ങളെരിക്കും ഭയങ്കരാ,
പക്ഷംപിടിക്കാതെ നമ്മള്‍ പിന്മാറുക.
അച്ഛന്റെ ശത്രുത നേടാതിരിക്കുക.
ഒക്കെസ്സിയൂസ്സിന്റെയിച്ഛപോലാകട്ടെ
യുദ്ധത്തിലുള്ള വിജയവും തോല്‍വിയും.''
ഏരിസ്സിനാ മൊഴി ബോധിക്കയാലവന്‍
പോയീ സഹോദരിയൊത്തു നിസ്സംശയം
സ്‌കാമാന്‍ഡറെന്ന നദിക്കരികില്‍ വന
ശ്യാമനികുഞ്ജത്തില്‍ വിശ്രമിച്ചൂ സുഖം.

ആറ്

യുദ്ധദേവനായ ഏരിസ്സിനു മാഴ്സെന്നും പേരുണ്ട്. ട്രോജപക്ഷക്കാരനായ മാഴ്സ്ദേവനെ ഗ്രീക്കുപക്ഷക്കാരിയായ അഥീനാദേവി തന്ത്രത്തില്‍ അകറ്റുന്നു. അതോടെ യവനപ്പട കുതിച്ചുകേറുന്നു.

ചതുരയാമഥീനയോ,
അകലെയാക്കി മാഴ്സിനെ.
അതിനിടയ്ക്കു യവനരോ,
അണിതകര്‍ത്തു വരികയായ്.
വാജികള്‍ വിരണ്ടുപോയ്,
ട്രോജസേന ശിഥിലമായ്.
ഓടി ഹാലിസോണിയന്‍
ഓഡിയസ്സു ഭീതനായ്.
ആഗമെംനണായുധം
ആഞ്ഞെറിഞ്ഞടുക്കയായ്.
പുറകിലേറ്റൊരന്തകം
മറുപുറം തുളച്ചുപോയ്
ഓഡിയസ്സു ഭൂമിയില്‍
ചോരചീറ്റി വീണുപോയ്.
ഐഡൊമീനിയസ്സതാ
ടാര്‍ണിയന്‍ ഫെയസ്റ്റസിന്‍
വാരിയെല്ലുകള്‍ക്കിടെ
വാളുകേറ്റി നിര്‍ദയം.
ആ നരന്റെ ജീവിതം
കൂരിരുട്ടിലാണ്ടുപോയ്.
ദേവി ഡയാന ധനുര്‍വിദ്യയേകിയ
സ്‌കാമാന്‍ഡ്രിയോസ്സെന്ന നായാട്ടുവീരനെ,
ശൂരന്‍ മെനിലാസ്സു വെങ്കലംകൊണ്ടുള്ള
ശൂലമെറിഞ്ഞു പുറം പിളര്‍ത്തുന്നിതാ.
കഷ്ടം,ഡയാനയോ ശസ്ത്രവൈദഗ്ധ്യമോ
നിര്‍ഭാഗ്യവാനെത്തുണച്ചില്ല മൃത്യുവില്‍.
ഭാരിച്ച തന്‍ പടച്ചട്ടയുമായവന്‍
താഴത്തുവീഴ്കെ മുഴങ്ങീ രണാങ്കണം.
ആ നിനാദം കേട്ടു ഞെട്ടി,ദേഹംവിട്ട
ജീവനോടൊപ്പം കുതിരയും പാഞ്ഞുപോയ്.

ഏഴ്

ചിത്രീകരണം: കെ. ഷെരീഫ്‌

ഫെരിക്ലോസ്സിന്റെ മരണം

കപ്പലുകള്‍ പണിയുന്ന
ഹാര്‍മൊണീഡിസ്സിന്റെയേക
പുത്രനായ ഫെരിക്‌ളോസ്സും അത്രനല്ല
ശില്പിയല്ലോ.
അനശ്വരദേവകള്‍തന്‍ മനോഗതമറിയാതെ
അലക്സാന്‍ഡ്രോസ്സിനുവേണ്ടി കപ്പല്‍വ്യൂഹം
പണിയുമ്പോള്‍
അവനറിഞ്ഞില്ല പാവം,അവയെല്ലാം
ട്രോയീപുരം
മുടിയാന്‍ കാരണമായിത്തീരുമെന്ന
ദേവകാര്യം.
പടയില്‍പ്പിന്തിരിഞ്ഞൊരാ
ഫെരിക്‌ളോസ്സിന്നരക്കെട്ടില്‍
മെരിയോണീസ്സിന്റെ കുന്തം
പാഞ്ഞുകേറിപ്പേശികീറി,
ഇടുപ്പെല്ലു പൊളിച്ചിട്ടു വൃക്ക രണ്ടും തകര്‍ത്തിട്ടു
മൂത്രസഞ്ചി ചീന്തിയിട്ടു മറുപുറമെത്തിനിന്നു.
മരണത്തിലേക്കു മുട്ടുകുത്തിവീണ
ഫെരിക്‌ളോസ്സു
ചുടുനിണത്തോടെ സ്വയം ധരിത്രിക്കു
ബലി നല്‍കി.

എട്ട്
പെഡയോസ്സിന്റെയും ഹൈപ്സിനോറിന്റെയും അന്ത്യം.

ആന്റിനോറിന്‍ ജാരപുത്രന്‍
പെഡയോസ്സെന്ന ബാലനെ
സ്വപുത്രനായ്ക്കണ്ടു പോറ്റീ
തിയാനോ,സഹധര്‍മിണി.
അവന്‍ വളര്‍ന്നു പോയ് ട്രോജ
സേനയില്‍ച്ചേര്‍ന്നു വീര്യവാന്‍.
പിന്‍തലയ്‌ക്കേറ്റുപോയല്ലോ
മെഗീസ്സിന്‍ മാരകായുധം.
തലയ്ക്കു പിന്നില്‍ക്കേറീട്ടാ
സ്‌നായുകൂടം തകര്‍ത്തുടന്‍
വായില്‍ക്കടന്നു നാവിന്റെ
കട കണ്ടിച്ചു കുന്തവും.
മൃതിപോലെ തണുത്തോര-
ക്കാരിരുമ്പില്‍ക്കടിച്ചുടന്‍
പ്രാണനെക്കാറ്റിനര്‍പ്പിച്ചു
വീണൂ വീരന്‍ ധരിത്രിയില്‍.
സ്‌കാമാന്‍ഡറെന്ന ദേവന്റെ
പൗരോഹിത്യം വഹിക്കുവോന്‍
ഡൊളോപ്പിയോസ്സിന്റെ പുത്രന്‍,
ജനാരാധന നേടിയോന്‍,
ഹൈപ്സിനോറെന്നുപേരുള്ള
ട്രോജപക്ഷത്തെ സൈനികന്‍.
അവന്റെ കൈ വെട്ടിവീഴ്ത്തീ
യൂറിപ്പൈലോസു വാളിനാല്‍.
തുടുത്തുപോയൊരാമണ്ണില്‍
ചോരവാര്‍ന്നു കിടക്കവേ
അവന്റെ കണ്‍പോള രണ്ടും
പൂട്ടീ മൃത്യുകരാംഗുലി.

ഒന്‍പത്

ലീഷ്യന്‍ വില്ലാളിയും ട്രോജപക്ഷക്കാരനുമായ പാന്‍ഡരസ്സിന്റെ അസ്ത്രമേറ്റ് ഗ്രീക്കുയോദ്ധാവായ ഡയോമിഡീസ്സിനു മുറിവേല്‍ക്കുന്നു.

മലമുകളില്‍പ്പേമഴപെയ്കെ
പെരുവെള്ളച്ചാലുകളൊന്നായ്
തടയണകള്‍ തകര്‍ത്തും മുന്തിരി
വനിയെല്ലാം മുക്കിമുടിച്ചും
പ്രളയം പെരുകുന്നതുപോലെ
പൊരുതിവരും ഡയോമിഡീസ്സാ
രണഭൂമിയില്‍ മുന്നേറുമ്പോള്‍
അവനാരുടെപക്ഷത്തെന്നാ
യവനര്‍ക്കും ട്രോജന്മാര്‍ക്കും
ഒരുപോലെ മതിഭ്രമമായി.
പാന്‍ഡാരസ്സതുകണ്ടുടനേ
കൊമ്പറ്റം കനകംകെട്ടിയ
തന്‍ ചാപമെടുത്തുകുലച്ചു.
അമ്പേറ്റി വലിച്ചുതൊടുത്തു...
വമ്പാര്‍ന്നൊരു യവനത്തലവന്‍
അമ്പേറ്റു മുറിഞ്ഞതുകാണ്‍കെ
പാന്‍ഡാരസ്സാര്‍ത്തുവിളിച്ചു:
''എന്റെ ശരം കൊണ്ടാലാരും
മണ്ണടിയും, പിന്നീടവരുടെ
കണ്ണുദയം കാണുകയില്ല.''
വലത്തുതോളിലാ ശരം തറച്ചപ്പോള്‍
ഡയോമിഡീസ്സൊരു രഥത്തിനു പിന്നില്‍
മറഞ്ഞുനിന്നിട്ടു സ്‌തെനിലിയോസ്സിനെ
വിളിച്ചു: ''നീ വേഗം പറിക്കെടോ ബാണം.''
കനത്തപേശികള്‍ക്കിടയില്‍നിന്നസ്ത്രം
പറിച്ചെടുത്തപ്പോള്‍ക്കുടുകുടെച്ചോര
കുതിച്ചുചാടിയാ ഭടന്റെ മാറിലെ
കടുത്ത പോര്‍ച്ചട്ട നനച്ചൂ നന്നായി.
ഡയോമിഡീസപ്പോള്‍ അഥീനാദേവിയെ
വിളിച്ചുചൊല്ലുന്നൂ '' യവനദേവതേ
മരണത്തില്‍നിന്നും അടിയനു രക്ഷ-
യരുളുക നിന്റെയനുഗ്രഹത്തിനാല്‍.
രിപുവിനെയെനിക്കൊരു കുന്തപ്പാടില്‍
തരിക ഞാന്‍ കുത്തിക്കുടലെടുക്കട്ടെ.''
അതുകേട്ടഥീനയും ദിവ്യചൈതന്യത്താലെ
അവന്റെ രണക്ഷീണം പോക്കിയിങ്ങനെചൊല്ലി:
''നിനക്കു തരുന്നു ഞാന്‍ ധീരയോദ്ധാവേ നിന്റെ
പിതാവിന്‍ തേജോബലവീര്യസംഗ്രഹസാരം.
ദേവമാനവഭേദജ്ഞാനമുണ്ടാവാന്‍ നിന്റെ
ജീവനാമകക്കണ്ണിന്‍ പാട ഞാന്‍ നീക്കിത്തരാം.
പോരിലെങ്ങാനും ദേവീദേവന്മാരിറങ്ങിയാല്‍
നീ തിരിച്ചറിയണം,നേരിടാതൊഴിയണം.
എങ്കിലുമാ വീനസ്സു നിന്റെനേര്‍ക്കെങ്ങാന്‍ വന്നാല്‍
എന്തുവന്നാലും നിന്റെ കുന്തമേറ്റിരിക്കണം.
അവളാണീയുദ്ധത്തിന്നാദികാരണംതന്നെ.
അവള്‍തന്നഭിമാനം മര്‍ത്ത്യനാല്‍ മുറിയണം.''
ഇത്രയുംപറഞ്ഞന്തര്‍ധാനവും ചെയ്തൂ ദേവി.
യുദ്ധസന്നദ്ധം ഡയോമിഡീസ്സും വിജൃംഭിച്ചു.

പത്ത്

ചിത്രീകരണം: കെ. ഷെരീഫ്‌

ഡയോമിഡീസ്സിന്റെ പരാക്രമം

ആടുകളെപ്പിടികൂടാനായി
ആലയിലെത്തിയ സിംഹത്താനെ,
ആട്ടിടയന്‍ മുളവടിയുടെ മുനയാല്‍
കുത്തിച്ചെറുമുറിവേല്‍പ്പിക്കുമ്പോള്‍,
ഉഗ്രതയോടക്കേസരിവീരന്‍
ഗര്‍ജ്ജി,ച്ചവനുടെനേരേ ചാടും.
പ്രാണഭയത്തോടജപാലകനും
കാണാമറയത്തോടിയൊളിക്കും.
ആടുകള്‍ ചിതറിപ്പോകെസ്സിംഹം
ഓടിച്ചിട്ടുകടിച്ചുപറിക്കും.
ആയതുപോലാ ഡയോമിഡീസ്സും
ഏറിയബലമൊടു പോരിലടുത്തു.
ഹൈപ്പീനോറിന്‍ ചങ്കു പിളര്‍ന്നു.
ആസ്തീനൂസ്സിന്‍ തലകണ്ടിച്ചു.
പോളീഡോസ്സിനെ,ആബാസ്സിനെയും
സാന്തൂസ്സിനെയും ഫീനോപ്‌സിനെയും
അങ്ങനെ പലരെയുമാ രണഭൈരവ-
നെണ്ണിക്കൊണ്ടു കൊടുംകൊലചെയ്തു.
ഏരിസ്സെന്ന മഹാരണദേവത
ചോരക്കളിയിതു കണ്ടുരസിച്ചു.

പതിനൊന്ന്
ട്രോജവീരനായ ഏനിയസ്സ് , യുദ്ധകോലാഹലത്തിനിടയില്‍ ലീഷ്യന്‍ വില്ലാളിയായ പാന്‍ഡരസ്സിനെ തിരക്കിക്കണ്ടെത്തി അയാള്‍ക്ക് ധൈര്യം പകരുന്നു.

പണ്ടു ദേവാംഗന വീനസ്സിനും
ആന്‍കയീസിസ്സെന്ന മാനവനും
ഉണ്ടായിതേനിയസ്സെന്ന പുത്രന്‍,
സംഗ്രാമധീരനാം ട്രോജബന്ധു.
ആയോധനത്തിന്നിടയിലൂടെ,
ആയിരം കുന്തമുനകള്‍ താണ്ടി,
ലീഷിയന്‍പാന്‍ഡരസ്സിന്റെ മുന്നില്‍
ഏനിയസ്സെത്തിപ്പതംപറഞ്ഞു:
''ഒന്നുണ്ടു കേള്‍ക്കണം പാന്‍ഡരസ്സേ,
എങ്ങുപോയ് നിന്റെ ശരങ്ങളെല്ലാം?
നിന്നോളം നല്ലൊരു വില്ലുകാരന്‍
ഇന്നോളം ലീഷ്യയിലെങ്ങുമില്ല.
എന്നിട്ടനങ്ങാതെ നില്‍ക്കയാണോ?
ഒന്നു നീ വില്ലില്‍ ശരം തൊടുക്കൂ.
ട്രോജസംഹാരി ഡയോമിഡീസ്സിന്‍
ഭീകരതാണ്ഡവം കാണുന്നില്ലേ.
പത്തുനൂറായിരം ചത്തൊടുങ്ങി.
രക്തത്തില്‍ ഭൂമി കുതിര്‍ന്നു മുങ്ങി.
എന്നിട്ടുമിങ്ങനെ നില്‍ക്കയാണോ?
ഒന്നു നീ വില്ലില്‍ ശരം തൊടുക്കൂ.
കോപിഷ്ഠനാമേതു ദേവനാവോ
ബാധിച്ചതിന്നാ ഭയങ്കരനെ.
അല്ലെങ്കിലെങ്ങനെയാ മനുഷ്യന്‍
കൊല്ലുമിട്രോജരെക്കൂട്ടമായി?''
ഏനിയസ്സിനോടപ്പോള്‍ പാന്‍ഡരസ്സേവം ചൊല്ലി:
''ഞാനുമാ സന്ദേഹത്താല്‍ നിഷ്‌ക്രിയനായിപ്പോയി.
ആ ശിരോകവചവും പടച്ചട്ടയും,പത
വായില്‍നിന്നൊഴുകുന്ന കറുത്ത കുതിരയും
കാണുമ്പോള്‍ മനുഷ്യനാണെന്നുതോന്നുന്നൂ,പക്ഷേ
മാരകയുദ്ധത്തിലോ ക്രുദ്ധനാമേതോ ദേവന്‍.
ഈ ഡയോമിഡീസ്സിന്റെകൂടെയുണ്ടേതോ ദേവന്‍;
ട്രോജരെയൊടുക്കുവാന്‍ കോപമുള്ളൊരു ദേവന്‍.
ഞാനെടുത്തില്ലാ വീട്ടില്‍ നിന്നു പോരുമ്പോള്‍ തേരും
വേഗമേറിയ,കരുത്തുറ്റ പോര്‍ക്കുതിരയും.
ലീഷ്യയില്‍,സ്വന്തം വീട്ടില്‍,തേരുകള്‍ പതിനൊന്നും,
തേരുകള്‍ക്കോരോന്നിനുമീരണ്ടു കുതിരയും
തയ്യാറാണെല്ലായ്പ്പോഴും;പോരുമ്പോഴച്ഛന്‍ ചൊല്ലീ
നല്ലൊരു തേരും പൂട്ടിപ്പോരുവാന്‍-കേട്ടീല ഞാന്‍.
എന്റെ വില്ലിന്മേലുള്ള ദൃഢവിശ്വാസംകൊണ്ടു
കാല്‍നടയായിപ്പോന്നൂ ട്രോജരെത്തുണയ്ക്കുവാന്‍.
മെനിലാസ്സിന്റെമേലും ഡയോമിഡീസ്സിന്മേലും
ശരമേല്‍പ്പിച്ചൂ,പക്ഷേ നിഷ്ഫലമായിപ്പോയി.
ഞാനിനി വീടെത്തുമോ,കാണുമോ ഗോപുരാഗ്രം?
കാണുമോ സ്വപത്‌നിയെ?നിശ്ചയമില്ലെങ്കിലും,
വീടെത്തിയെന്നാല്‍ സത്യം,നിഷ്ഫലമായ വില്ലും
ബാണതൂണീരങ്ങളും തീയിലിട്ടെരിക്കും ഞാന്‍.
അതു ഞാന്‍ ചെയ്തില്ലെങ്കിലെന്റെയീ ശിരസ്സാര്‍ക്കും
ഒരു കൈവാളാല്‍ വെട്ടിയെറിയാം വെറുംമണ്ണില്‍.''
അത്ര നൈരാശ്യം നിറഞ്ഞൊരാ വാക്കുകള്‍
കേട്ടപ്പൊഴേനിയസ്സോതി വീരോചിതം:
''നിര്‍ത്തുക പാന്‍ഡരസ്സ് ഈയാത്മനിന്ദ നീ;
യുദ്ധമേ നമ്മുടെ കര്‍മം;കുതിക്കുക.
നോക്കുക ദിവ്യമീയശ്വദ്വയത്തെ നീ,
ആര്‍ക്കുമില്ലിത്ര വൈദഗ്ധ്യം തികഞ്ഞവ.
മുന്നേറ്റമാകിലും പിന്മാറ്റമെങ്കിലും
ഒന്നിച്ചു നമ്മെത്തുണയ്ക്കാന്‍ തികഞ്ഞവ.
ഒന്നായ് നമുക്കാ ഡയോമിഡീസ്സിന്‍ കഥ
ഇന്നു കഴിക്കണമെന്നങ്ങുറയ്ക്കുക.
ഒന്നുകില്‍ത്തേരില്‍ക്കരേറിപ്പൊരുതുക.
അല്ലെങ്കില്‍ നീതന്നെ തേരുതെളിക്കുക.''
അപ്പോള്‍പ്പറയുന്നു പാന്‍ഡരസ്സിങ്ങനെ:
''ഒറ്റയ്ക്കു ഞാന്‍തന്നെ ശത്രുവെ നേരിടാം.
ഇത്രമേല്‍ നിന്നോടിണങ്ങുമശ്വങ്ങളെ-
പ്പൂട്ടും കടിഞ്ഞാണു നീ നിയന്ത്രിക്കുക.''
അങ്ങനെയാ രണധീരരാം ട്രോജരാ
സംഗ്രാമഭൂവില്‍ക്കുതിക്കുന്നു സായുധം.

പന്ത്രണ്ട്

പാന്‍ഡരസ്സിന്റെ ദാരുണമരണം.

ഏനിയസ്സും പാന്‍ഡരസ്സും
പാഞ്ഞടുക്കുന്ന കാഴ്ചയില്‍
ഡയോമിഡീസ്സിനോടേവം
സ്‌തെനിലോസ്സോതി ഭീതിയില്‍:
''ചങ്ങാതീ നിന്റെ നേര്‍ക്കല്ലോ
വരുന്നൂ ട്രോജഭീകരര്‍.
നീയിക്കുതിരമേലേറി
സ്വയം രക്ഷിച്ചുകൊള്ളുക.''
ആ വാക്കുകേട്ടു കോപിച്ചു
മറുത്തോതീ ഡയോമിഡീസ്സ്:
''അത്രയ്ക്കു ഭീരുവല്ലാ ഞാന്‍
പോരില്‍പ്പിന്‍തിരിയാനെടോ.
ഊതിക്കെടുത്തില്ല ഞാനി-
പ്പടക്കുതിരതന്‍ കലി.
എനിക്കിന്നീ മൃഗത്തിന്റെ
സഹായം വേണ്ട സോദരാ.
അഥീനാദേവിതന്‍ രക്ഷ
എനിക്കുള്ളതുകൊണ്ടു ഞാന്‍
ഭൂമിയില്‍ക്കാലുറപ്പിച്ചു
യുദ്ധംചെയ്യും ജയംവരെ.
ഏനിയസ്സും പാന്‍ഡരസ്സും
എന്റെ കൈകൊണ്ടു ചാകവേ
ഏനിയസ്സിന്റെ തേരോട്ടും
ദിവ്യമാം തുരഗങ്ങളെ
പിടിച്ചു നീ കൊണ്ടുപോയി
ഗ്രീക്കുകപ്പലിലേറ്റുക.
നമുക്കും വേണമാ ദിവ്യ
വംശമശ്വാലയങ്ങളില്‍.
ട്രോസുരാജാവു തന്നാദ്യ
പുത്രനാം ഗ്യാനിമീഡിനെ
സിയൂസ്സിനു കൊടുത്തപ്പോള്‍
നേടീ ദിവ്യാശ്വസഞ്ചയം.
അതില്‍നിന്നേനിയസ്സിന്റെ
താതന്‍ പെണ്‍തുരഗങ്ങളെ
ഇണചേര്‍ത്തു ജനിപ്പിച്ച
സംഗരാശ്വങ്ങളാണവ.''
രഥത്തില്‍ നിന്നേവമലറീ പാന്‍ഡരസ്സ്:
''വരൂ ഡയോമിഡീസ്സ്,മരിക്കുവാന്‍ വരൂ.
ഒരിക്കലെന്റെയാ വിഷശരത്തെ നീ
ജയിച്ചതാ,ണിന്നീ മരണവേലിനെ
തടുക്കാമെങ്കില്‍ നീ തടുത്തുകൊള്ളുക.''
അവന്റെ വേല്‍ പാഞ്ഞു ഡയോമിഡീസ്സിന്റെ
പരിചയും നെഞ്ചിന്‍ കവചവും കീറി.
അതുകാണ്‍കെയാര്‍ത്തുവിളിച്ചു പാന്‍ഡരസ്സ്:
''മരണം! ടൈഡിഡീസ് തുലഞ്ഞു! കൊന്നുഞാന്‍.''
ഡയോമിഡീസ്സപ്പോള്‍ ചിരിച്ചുചൊല്ലി: ''നിന്‍
വരായുധമെന്നെപ്പിളര്‍ക്കയില്ലെടോ.
നിശിതമാം കുന്തമുനയാല്‍ നിന്‍ പടു -
മരണമിന്നു ഞാന്‍ കുറിക്കയാണിതാ.''
യവനപക്ഷത്തു നിലയുറപ്പിച്ച
മിനര്‍വയാം ദേവി പകര്‍ന്ന ശക്തിയാല്‍
എറിഞ്ഞ കുന്തമാ വലത്തുകണ്ണിലേ
തറഞ്ഞു പാന്‍ഡരസ്സ് മറിഞ്ഞുവീഴുന്നു.
കമിഴ്ന്നുവീണപ്പോള്‍ തകര്‍ന്നു താടിയും
പറിഞ്ഞു നാവിന്റെ കടയും പ്രാണനും.
അവനൊരിക്കലും കഴിഞ്ഞില്ലാ പിന്നെ
പ്രിയപിതാവിനെയൊരുകുറി കാണാന്‍.

Content Highlights: International Translation Day 2022, Greek Epic Iliad, Balachandran Chullikkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented