.jpg?$p=8d658c5&f=16x10&w=856&q=0.8)
Representative Image | Photo: Gettyimages.in
സിസ്റ്റർ .....
ഒരു ആശുപത്രിയുടെ വരാന്തയിൽ, വാർഡിൽ നിരന്തരം മുഴങ്ങികൊണ്ടിരിക്കുന്ന വിളി!! ഇതേ സിസ്റ്ററുമാരെ നിപ്പയുടെയും കോവിഡിന്റെയും സമയത്ത് ഒരു ബസിലെ സീറ്റിൽ പോലും ഇരുത്താൻ മടിച്ച് ആളുകൾ അവരെ പേടിയോടെ നോക്കിയതും അകന്നു നിന്നതും മറന്നിട്ടില്ല കേരളം!! അതാണ് ഈ ജോലിയുടെ പ്രത്യേകത... ജനനം അവരുടെ കൈയിലേക്ക്,ജീവൻ കൈയിൽ പിടിച്ച് ഓടിച്ചെല്ലുന്നതും അവരുടെ അടുത്തേക്ക്, വേദനയിലും മരണത്തിലും നമ്മൾ ഇവരുടെ അടുത്ത് തന്നെ...! പക്ഷെ അംഗീകാരവും ബഹുമാനവും നൽകാൻ അല്പം ബുദ്ധിമുട്ടാണ്!!
1820 മേയ് 12 നായിരുന്നു 'വിളക്കേന്തിയ വനിത' എന്നറിയപ്പെടുന്ന ഫ്ലോറൻസിന്റെ ജനനം. ഇന്നത്തെ നഴ്സിംഗ് മേഖലയ്ക്ക് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്. മരുന്ന് സമയത്ത് എടുത്തുതരുന്നത് മുതൽ കിടക്കയിൽ മലമൂത്രവിസർജനം നടത്തുന്ന രോഗിയുടെ തുണിമാറ്റി വൃത്തിയാക്കാൻ വരെ ഓടിയെത്തുന്ന നഴ്സുമാരെ, ഭൂമിയെ മാലാഖമാരെന്നൊക്കെ നമുക്ക് വാഴ്ത്തിപ്പാടാൻ ഒരു ഇന്റർനാഷണൽ നഴ്സസ് ഡേ കൂടെയെത്തുന്നു!
Also Read
ഈ വിളിയുടെ സുഖത്തിൽ മയങ്ങാവുന്ന അവസ്ഥയിലാവില്ല ഇന്നത്തെ ദിവസം ഡ്യൂട്ടിയിലുള്ള ഒരു നഴ്സും എന്നു വ്യക്തമായി അറിയാം. കാരണം ആശുപത്രി ജോലിക്കിടയിൽ സിസ്റ്റർ എന്ന് വിളിക്കപ്പെടുന്ന നഴ്സുമാരുടെ യഥാർഥ അവസ്ഥ നേരിട്ട് കണ്ടിട്ടുണ്ട്.
ഒരാശുപത്രി സീൻ....
കൊച്ചിയിലെ പ്രസിദ്ധമായ ഒരു ആശുപത്രി... രാവിലെ റൗണ്ട്സ് കഴിഞ്ഞ സമയം..നഴ്സിങ് ബേയിൽ ഫയൽ എഴുതുന്ന തിരക്കിലാണ് മാലാഖമാർ..!!!എന്നും കാണുമ്പോൾ മനോഹരമായി ചിരിക്കുന്ന ഒരു സിസ്റ്റർ അന്നാകെ ക്ഷീണിതയായി കാണപ്പെട്ടു.
"എന്തു പറ്റി സിസ്റ്റർ?"
"നല്ല പനി... ആളില്ലാത്തത് കൊണ്ട് ഡ്യൂട്ടി എടുക്കേണ്ടി വന്നു. ലീവു തന്നില്ല..."
"ശ്ശോ... ഫയലൊക്കെ എന്റർ ചെയ്തു കഴിഞ്ഞു പോവാൻ നോക്ക് എങ്ങനെയെങ്കിലും പെർമിഷൻ എടുത്ത്...."
ഇതും പറഞ്ഞു ഞാൻ മെല്ലെ താഴെ നിലയിൽ ഉള്ള ഡിപാർട്മെന്റ് ഒപിയിലേക്ക് പോവാൻ ലിഫ്റ്റ് നോക്കി നിൽക്കുമ്പോൾ നഴ്സിങ് ബേയുടെ അരികിൽ നിന്നു വലിയ ഒരു ആക്രോശം...
"നീയൊക്കെ രാത്രി എവിടെയാണ് പോകുന്നത്, പകൽ ഇത്ര ഉറക്കവും തൂങ്ങലും വരാനും വേണ്ടി!!(കൃത്യമായി ഇതേ വാക്കുകൾ ആണുപയോഗിച്ചത്...സഭ്യമല്ല എന്നറിയാം... ക്ഷമിക്കുക)
ഓടി ചെന്നു നോക്കിയപ്പോൾ ഹോസ്പിറ്റൽ എംഡി... ആ പാവം സിസ്റ്റർ തളർന്നു വീഴാതിരിക്കാൻ ഒന്നു മതിലിലേക്ക് ചാരി നിന്ന് സംസാരിച്ചു പോയി , അദ്ദേഹം എന്തോ ചോദിച്ചപ്പോൾ.... അതിനാണ്....!! കണ്ണു നിറഞ്ഞു ചൂളി നിൽക്കുന്ന അവരുടെ മുഖം മനസ്സിൽ നിന്ന് പോവില്ല...
അതിനു ശേഷം അഞ്ചാം നിലയിൽ നിന്നു അദ്ദേഹത്തോടൊപ്പം എട്ടാം നിലയിലേക്ക് ചെല്ലാൻ ആജ്ഞാപിച്ചു ആ സിസ്റ്ററോട്... അദ്ദേഹം ലിഫ്റ്റ് കാത്തു നിൽക്കുമ്പോൾ പുറകിൽ അരികിൽ വന്നു നിന്ന സിസ്റ്ററോട് വീണ്ടും ആക്രോശം..."പടി കേറി വേഗം പോവാൻ നോക്ക്" ..പാവം ആ വയ്യാത്ത സിസറ്റർ എന്തൊക്കെയോ പേപ്പറുകളും കോണ്ട് പടി കയറി തുടങ്ങി..ഒരു മിനിറ്റ് കാത്തു നിന്നാൽ ലിഫ്റ്റ് എത്തുമായിരുന്നു.
കണ്ണിനു മുൻപിൽ കണ്ട നിസ്സാരമായ ഒന്നാണിത്... ഇതിനേക്കാൾ വലിയ പീഡനങ്ങൾ കണ്ടിട്ടുണ്ട്... എല്ലാത്തിനുമിടയിലും പുഞ്ചിരിയോട് കൂടി ഏത് രോഗി വിളിച്ചാലും ഓടിയെത്താൻ അവർക്ക് കഴിയുന്നുണ്ട്. മടുപ്പില്ലാതെ ശുശ്രുഷിക്കാൻ അവർക്ക് കഴിയുന്നുണ്ട്. (എവിടെയുമെന്ന പോലെ ഇവിടെയും ചിലരുണ്ട് ദുർമുഖം കാട്ടുന്നവർ... മറക്കുന്നില്ല)
പാവപ്പെട്ട വീട്ടിലെ പെൺകുട്ടികൾക്ക് രക്ഷപ്പെടാൻ ഒരു വഴിയായിരുന്നു പണ്ട് നഴ്സിംഗ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള പെൺകുട്ടികളാണ് നഴ്സിങ്ങിനായി ചേർന്നിരുന്നത്. വിദേശത്തേക്ക് ഒരുവൾ നേഴ്സ് ആയി ജോലിക്ക് പോയാൽ ആ കുടുംബം രക്ഷപ്പെടും. വളരെ കുറഞ്ഞ ശമ്പളത്തിൽ നാട്ടിൽ ജോലിക്ക് കയറുന്ന പെൺകുട്ടികൾ സകലപീഡനങ്ങളും സഹിച്ചു പിടിച്ചു നിൽക്കാൻ തുടങ്ങിയതും കുടുംബത്തിന്റെ സാമ്പത്തികബാധ്യതയുടെ ഭാരം കൊണ്ടാണ്. ആ പ്രതികരണമില്ലായ്മ ആശുപത്രി അധികൃതർ മുതൽ പൊതുജനം വരെ 'തരമാക്കിയെടുത്തു' എന്നു വേണം പറയാൻ!! അവരുടെ ശമ്പളം മുതൽ അവർ ക്ക് സമൂഹത്തിൽ അവർക്ക് കിട്ടുന്ന ബഹുമാനത്തിലും അംഗീകാരത്തിലും വരെ വരെ അത് പ്രതിഫലിച്ചു.
എന്നാൽ കാലങ്ങൾക്ക് ശേഷം ഈ മേഖല സംഘടിതമായി.. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഈ ജോലി തിരഞ്ഞെടുത്തു തുടങ്ങി. അസോസിയേഷനുകളും യൂണിയനുകളും നഴ്സിംഗ് മേഖലയ്ക്ക് വേണ്ടി മുന്നിട്ടിറങ്ങി. ഒടുവിൽ മിനിമം വേതനം ഉയർത്തുക എന്നത് മുതൽ ഡ്യൂട്ടി സമയം ക്രമീകരിക്കുന്നതിൽ വരെ ആശുപത്രികൾ നഴ്സുമാരുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകാൻ തുടങ്ങി. എന്നാൽ പോലും വിദേശരാജ്യങ്ങളിൽ ഏറ്റവുമധികം വേതനം ലഭിക്കുന്ന ഈ ജോലിക്ക് നമ്മുടെ നാട്ടിൽ ഇന്നും പ്രാധാന്യവും ബഹുമാനവും നൽകുന്നില്ല എന്നത് ഒരു വാസ്തവമാണ്.. മെഡിക്കൽ രംഗത്തെ മറ്റേത് വിഭാഗമില്ലാതെയും ആശുപത്രിക്കും ഒരു ദിവസം പ്രവർത്തിക്കാം.. നഴ്സ് ഇല്ലാത്ത ഒരു ദിവസം ആലോചിക്കാൻ കഴിയുന്നുണ്ടോ?! അവർ ചെയ്യുന്ന ജോലികൾ മാറ്റാർക്കെങ്കിലും ചെയ്യാൻ സാധിക്കുമോ? അതു കൊണ്ട് തന്നെയാണ് ഹൃദയം കൊണ്ടുള്ള ജോലിയെന്ന് നഴ്സിംഗ് ജോലിയെ നമ്മൾ വിശേഷിപ്പിക്കുന്നത്.
ഈ നഴ്സിംഗ് ദിനത്തിൽ മാലാഖമാരെന്ന വിളികൾ ഒഴിവാക്കാം... ഭൂമിയിലെ പച്ചമനുഷ്യരായ ഇവരെ ഹൃദയത്തോട് ചേർത്തു നിർത്താം.. അവർക്ക് വേണ്ടി, അവരുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കാം.. അവരെ അല്പം കൂടി മനസിലാക്കാം, ആഴത്തിൽ അറിയാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..