മകൻ സ്കൂളിൽ പഠിക്കുമ്പോൾ നഴ്സിങ് പഠനം പൂർത്തിയാക്കിയ ഒരമ്മ, ഒപ്പം എഴുത്തും


കുടുംബവും കുഞ്ഞുങ്ങളും ഒക്കെയുള്ളപ്പോൾ പഠിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്

രശ്മി പ്രകാശ് രാജേഷ്

ചെംസ്ഫോർഡിലെ ബ്രൂംഫീൽഡ് ഹോസ്പിറ്റലിൽ കീമോതെറാപ്പി നേഴ്സ് പ്രാക്റ്റിഷണർ ആയി ജോലി ചെയ്യുന്ന രശ്മി പ്രകാശ് കോവിഡ് കാലത്തെ ഒരു അനുഭവം പങ്കുവെക്കുന്നു.

ഏറ്റവും സന്തോഷവും അഭിമാനവും തോന്നിയത് 2019ൽ യു.കെയിൽ നിന്ന് ബിഎസ്സി നഴ്സിങ് ​ഗ്രാജ്വേഷൻ ചെയ്തപ്പോഴാണ്. അതു മറക്കാനാവാത്ത അനുഭവമാണ്. കുടുംബവും കുഞ്ഞുങ്ങളും ഒക്കെയുള്ളപ്പോൾ പഠിക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. മകൻ സ്കൂളിൽ പോവുന്നതിനൊപ്പമാണ് ഞാൻ യൂണിവേഴ്സിറ്റിയിലും പോയത്. ഇതിനിടയ്ക്ക് എഴുത്തും ജോലിയുമൊക്കെ നടക്കുന്നുണ്ടായിരുന്നു. പഠനത്തിന്റെ രണ്ടാം വർഷമാണ് എന്റെ രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഒപ്പം വീട്ടുകാര്യങ്ങളും ചാരിറ്റി പ്രവർത്തനങ്ങളും ഒക്കെയുണ്ടായിരുന്നു. അതിനിടയ്ക്ക് പഠനം കൊണ്ടുപോയതും പൂർത്തീകരിച്ചതുമൊക്കെ ഒരുപാട് അഭിമാനം തോന്നിയ കാര്യങ്ങളാണ്.

കോവിഡ് ഡ്യൂട്ടി എല്ലാ നഴ്‌സുമാർക്കും ചാലഞ്ചിങ് ആയിരുന്നു. ആയിടയ്ക്ക് കാൻസർബാധിതനായ കോവിഡ് പോസിറ്റീവായ ഒരു രോ​ഗി ശ്വാസതടസ്സം ഉൾപ്പെടെയുള്ള ആരോ​ഗ്യപ്രശ്നങ്ങളോടെ വന്നിരുന്നു. സാധാരണ ആശുപത്രിയിൽ വന്നു പോകുന്ന രോഗിയായത് കൊണ്ട് ഞങ്ങൾക്കെല്ലാം ഏറെ സുപരിചിതനായിരുന്നു.

രണ്ടുദിവസത്തിനുള്ളിൽ രോഗിയുടെ ആരോഗ്യസ്ഥിതി തീരെ മോശമായി. കോവിഡിന്റെ ആദ്യഘട്ടമായിരുന്നതിനാൽ സന്ദർശകർക്കൊക്കെ വിലക്കുള്ള സമയമാണ്. ഡോക്ടർഴ്സും കോവിഡിനെ കുറിച്ച് പഠിച്ചു വരുന്നതേയുള്ളൂ. ഓക്സിജൻ കൊടുക്കുന്നുണ്ടെങ്കിലും ശ്വാസ തടസ്സം കൂടിക്കൂടി വന്നു. മരിക്കും എന്ന് രോഗിക്കും തോന്നിത്തുടങ്ങിയപ്പോൾ അവസാനമായി ഒരു ആ​ഗ്രഹം നടത്തി തരാമോ എന്നു അയാൾ ചോദിച്ചു. അത് തന്റെ ഭാര്യയെ കാണാൻ അനുവദിക്കാമോ എന്നായിരുന്നു. നഴ്സിംഗ് ഡയറക്ടർ തന്ന പ്രത്യേക അനുമതിയോടെ അയാളുടെ ഭാര്യ കോവിഡ് മാനദണ്ഡങ്ങൾ ഒക്കെ പാലിച്ചു പിപിഇ കിറ്റ് ഉൾപ്പെടെയിട്ട് അകത്തു വന്നു.

ഓക്സിജന്റെ അളവ് നന്നേ കുറഞ്ഞ് ശ്വാസതടസ്സവും മറ്റുമായി രോ​ഗി നന്നായി കഷ്ടപ്പെടുന്നുണ്ടായിരുന്നു എങ്കിലും ഭാര്യയുടെ കൈ പിടിച്ചു അയാൾ സംസാരിച്ചു കൊണ്ടേയിരുന്നു. റിസോസിറ്റേറ്റ് ചെയ്യരുത് എന്ന് രോഗി പറഞ്ഞിട്ടുള്ളതിനാൽ ഡോക്ടർസിനും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. ആരോഗ്യ പ്രവർത്തകരെ ഏറെ ബഹുമാനത്തോടെ കണ്ടിരുന്ന അയാൾ അപ്പോഴും ഞങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. ഒരു കൈ കൊണ്ട് ഭാര്യയുടെ കൈ പിടിച്ചിരിക്കുകയായിരുന്നു അയാൾ. മരണം മുന്നിൽ കാണുന്നതുപോലെ മുഖത്ത് പേടി നിറഞ്ഞിരുന്നു. പതിയെ പതിയെ വെള്ളത്തിലേക്ക് താണുപോകുന്നതുപോലെ ഞങ്ങളുടെ എല്ലാം കണ്മുന്നിലൂടെ അയാൾ മരണത്തിന്റെ കൂടെ നടന്നകന്നു. കാൻസർ കാരണം അല്ല അയാൾ മരിച്ചത്. കോവിഡ് എന്ന മഹാവ്യാധിയാണ് അയാളെ കുടുംബത്തിൽ നിന്നും അടർത്തിക്കൊണ്ടു പോയത്. ഞങ്ങൾ എല്ലാം മാനസികമായി വിഷമിച്ച ഒരു ദിവസമായിരുന്നു അത്. അത്രത്തോളം കടപ്പാടോടെ ആരോ​ഗ്യപ്രവർത്തകരെ കണ്ടിരുന്ന ഒരു രോ​ഗിയായിരുന്നു അത്. ഒരിക്കലും മറക്കാനാവില്ല അദ്ദേഹത്തെ. മരണാനന്തര ചടങ്ങിന്റെ ദിവസം ഭാര്യ അദ്ദേഹത്തെ പരിചരിച്ച ആരോ​ഗ്യപ്രവർത്തകർക്കായി പൂക്കളും കാർ‍ഡുകളുമായി വന്നിരുന്നു. അതിലൂടെ അവരുടെ സ്നേഹവും നന്ദിയും കടപ്പാടും ഒക്കെ അറിയിക്കുകയായിരുന്നു. ഹൃദയം നിറക്കുന്ന അനുഭവമായിരുന്നു അത്. ഒരുപാട് രോഗികളെ കാണുന്നുണ്ടെങ്കിലും വല്ലാത്തൊരു നൊമ്പരമായി ഇതിങ്ങനെ മനസ്സിൽ കിടക്കുന്നു.

"ഒരു രോഗിയെന്ന നിലയിൽ നിങ്ങൾ ആഗ്രഹിക്കുന്ന നഴ്‌സ് ആകുക." ഞാൻ എപ്പോഴും മനസ്സിൽ സൂക്ഷിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന ഒരു കാര്യമാണിത്.

ഈ ചെറിയ ജീവിതം ഏറ്റവും അമൂല്യമാണ്. നിങ്ങളെ സ്നേഹിക്കുന്നവരെ വിഷമിപ്പിക്കാതെ ഏറ്റവും സന്തോഷമായി ജീവിക്കൂ.

Content Highlights: international nurses day, uk nurse reshmi rajesh sharing experience

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented