'ആ പെൺകുട്ടിയെ ഒന്ന് കാണാൻ കഴിയുമോ എന്നാണ് അവൻ അവസാനമായി ചോദിച്ചത്'


വീണ ചിറക്കൽ

2 min read
Read later
Print
Share

അകത്താരെയും കയറ്റാത്ത ആ സന്ദർഭമായിട്ടും അവന്റെ ആ​ഗ്രഹം എന്ന നിലയ്ക്ക് പിപിഇ കിറ്റൊക്കെ ധരിച്ച് പെൺകുട്ടിയെ കാണാൻ അനുവദിച്ചു.

സ്റ്റെഫിൻ അന്ന

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന സ്റ്റെഫിൻ അന്ന അനുഭവം പങ്കുവെക്കുന്നു...
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്ററിൽ ആയിരുന്നു ജോലി. ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ അവധിയിലാണ്. കോവിഡ് കാലത്ത് ഐസിയുവിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെ ഒരു ഇരുപത്തിരണ്ടു വയസ്സോളം പ്രായമുള്ള കാൻസർ പേഷ്യന്റ് ഉണ്ടായിരുന്നു. വിവാഹമൊക്കെ നിശ്ചയിച്ചതായിരുന്നു. കീമോ എടുത്തു കൊണ്ടിരിക്കുന്നതിന് ഇടയിലാണ് അവന് കോവിഡ് വരുന്നത്. അപ്പോഴേക്കും അവൻ അങ്ങേയറ്റം ക്ഷീണിതനായിരുന്നു. ആ സമയത്ത് അവൻ അവസാനത്തെ ഒരു അ​ഗ്രഹം എന്നവണ്ണം ഒരുകാര്യം ഞങ്ങളോട് പറഞ്ഞു. അത് അവനുമായി വിവാഹം നിശ്ചയിച്ച പെൺകുട്ടിയെ കാണണം എന്നതായിരുന്നു. പക്ഷേ കോവിഡ് മൂർധന്യാവസ്ഥയിൽ നിൽക്കുന്ന സമയം ആയതുകൊണ്ടും ഐസിയു ആയതുകൊണ്ടും അത് അത്ര എളുപ്പമായിരുന്നില്ല. സന്ദർശകരെയൊന്നും ഐസിയുവിന് അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. എപ്പോഴൊക്കെ അവന്റെ അടുത്തേക്ക് പോകുമോ അപ്പോഴെല്ലാം അവളെ ഒന്നു കാണാൻ പറ്റുമോ എന്ന് ആ പയ്യൻ ചോദിക്കും. ആ പെൺകുട്ടിയുടെ പേരൊക്കെ ശരീരത്തിൽ ടാറ്റൂ ചെയ്തിരുന്നു. കുറേ നിർബന്ധിച്ചപ്പോൾ ഞങ്ങൾ മേലധികാരികളെ വിവരം അറിയിച്ചു. അകത്താരെയും കയറ്റാത്ത ആ സന്ദർഭമായിട്ടും അവന്റെ ആ​ഗ്രഹം എന്ന നിലയ്ക്ക് പിപിഇ കിറ്റൊക്കെ ധരിച്ച് പെൺകുട്ടിയെ കാണാൻ അനുവദിച്ചു. പിന്നീട് ഓഫൊക്കെ കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് അവൻ മരിച്ച വിവരം അറിയുന്നത്. ഒരുപാട് വിഷമം തോന്നി, പിന്നെ അവന്റെ അവസാനത്തെ ആ​ഗ്രഹം നടത്തിക്കൊടുക്കാൻ കഴിഞ്ഞല്ലോ എന്നതായിരുന്നു ഏകആശ്വാസം.

അഭിമാനം തോന്നിയ നിമിഷം

​ഗുരുതരാവസ്ഥയിൽ എത്തിക്കുന്ന രോ​ഗികൾ സുഖപ്പെട്ടു പോകുന്നത് കാണുമ്പോഴാണ് ഏറ്റവും അഭിമാനം തോന്നിയിട്ടുള്ളത്. പത്തും പന്ത്രണ്ടും മണിക്കൂറെടുത്ത നീണ്ട സർജറിക്കു ശേഷമൊക്കെയാവും ചിലർ ജീവിതത്തിലേക്ക് തിരിച്ചുവരിക. ഒരിക്കൽ വൈകുന്നേരം എഴരയ്ക്ക് നൈറ്റ് ഡ്യൂട്ടിക്കായി കയറുമ്പോൾ അത്തരമൊരു അനുഭവമുണ്ടായി. വൈകുന്നേരം നാലരയ്ക്ക് തീയേറ്ററിൽ പ്രവേശിപ്പിച്ച രോ​ഗിയായിരുന്നു. ശരീരത്തിലൂടെ ടിപ്പർ കയറി ​ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് പുലർച്ചെ രണ്ടര വരെ ഓപ്പറേഷൻ നീണ്ടുനിന്നു. കാർഡിയോ വാസ്കുലാർ സർജൻ, പ്ലാസ്റ്റിക് സർജൻ, ജനറൽ സർജൻമാർ, ഓർത്തോ സർജൻ തുടങ്ങിയവരുടെ കൂട്ടായ ശ്രമത്തിന്റെ ഭാ​ഗമായാണ് അവനെ രക്ഷിക്കാൻ കഴിഞ്ഞത്. ഓപ്പറേഷൻ തീയേറ്ററിൽ നിന്ന് വിട്ട് ഐസിയുവിൽ പ്രവേശിപ്പിച്ചു. പിന്നീട് ആ രോ​ഗിക്ക് ശമനമായി വാർഡിലേക്ക് മാറി എന്നുകേട്ടപ്പോൾ തോന്നിയ സന്തോഷമൊക്കെ പറഞ്ഞ് അറിയിക്കാൻ കഴിയാത്തതാണ്.

Also Read

വെള്ളപ്പൊക്ക കാലത്ത് വീട്ടിലെത്തി വാക്സിൻ ...

'നേരിൽ കാണുമ്പോൾ ഒരു ചിരി, നല്ല വാക്ക് ...

അമ്മ കാണുന്നതിനും എടുക്കുന്നതിനും മുമ്പേ ...

വെന്റിലേറ്ററിൽ കിടക്കുമ്പോഴും ഒരു പൊട്ടുവച്ചുതരാമോ ...

'അപവാദങ്ങൾ സഹിച്ച് നൈറ്റ് ഡ്യൂട്ടിക്ക് ...

സഹജീവികളോടുളള കരുണ മാത്രം മതി നൽകിയാൽ മതി

കൊറോണ വന്ന സമയത്ത് പലരും നഴ്സുമാരെ മാലാഖമാർ എന്നൊക്കെ വിളിച്ചിരുന്നു. പക്ഷേ ഏറ്റവുമധികം പഴികൾ കേൾക്കുന്ന ആരോ​ഗ്യ പ്രവർത്തകരും ഈ വിഭാ​ഗം തന്നെ. രോ​ഗികളുമായി നേരിട്ട് ഇടപഴകുന്നവരാണ് നഴ്സുമാർ. രോ​ഗിയുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നങ്ങൾക്ക് പോലും നഴ്സുമാരെ ചീത്തവിളിക്കുന്നവർ ഉണ്ട്. എല്ലാവരെയും പോലെ രണ്ടും കൈയും രണ്ടും കാലും മാത്രമേ നഴ്സുമാർക്കുമുള്ളു. ഒരേസമയം ഒന്നിലധികം പരാതികളുമായി എത്തുമ്പോൾ നഴ്സുമാരും മനുഷ്യരാണ് എന്നോർക്കണം. പെട്ടെന്ന് ഓടി എത്താൻ കഴിയാത്ത അപൂർവ സന്ദർഭങ്ങളിൽ പോലും ചെവിപൊട്ടുന്ന ചീത്തകേൾക്കേണ്ടി വരുന്ന നഴ്സുമാരുണ്ട്. സഹജീവികളോട് കാണിക്കുന്ന കരുണ മാത്രം നൽകിയാൽ‌ മതി.

Content Highlights: international nurses day, thiruvananthapuram medical college staff nurse sharing experience

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented