സ്മിത
കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്സായി പ്രവർത്തിക്കുന്ന സ്മിത അനുഭവം പങ്കുവെക്കുന്നു...
ലേബർ റൂമിൽ മൂന്നുവർഷക്കാലം പ്രവർത്തിച്ചിരുന്നു. മറ്റേത് വിഭാഗത്തിൽ ഡ്യൂട്ടി ചെയ്തിട്ടുണ്ടെങ്കിലും ലേബർ റൂമിൽ പ്രവർത്തിക്കുന്നത് വ്യത്സ്ത അനുഭവമാണ്. ഒരു പിറവിക്ക് സാക്ഷ്യം വഹിക്കുകയാണ് അവിടെ. പലപ്പോഴും വളരെ സങ്കീർണത നിറഞ്ഞ അനുഭവങ്ങളിലൂടെ ലേബർ റൂമിൽ കടന്നുപോവാം. ഒരു കുഴപ്പവുമില്ലാതെ നോർമൽ ഡെലിവറി ആകുെ എന്നു കരുതുന്ന പലതും അതിസങ്കീർണ അവസ്ഥയിലൂടെ കടന്നുപോകാറുണ്ട്. ചിലപ്പോഴൊക്കെ ഒരു ശ്വാസം പോലുമില്ലാതെ കുഞ്ഞുങ്ങളെ നമ്മുടെ കയ്യിൽ കിട്ടിയേക്കാം. ഡോക്ടർമാരും നഴ്സുമാരും അറ്റൻഡർമാരുമൊക്കെ ചേർന്ന കൂട്ടായ ശ്രമമാണ് അവിടെ നടക്കുക. ഒരു ഞരക്കത്തോടെ കുഞ്ഞ് ജീവിതത്തിലേക്ക് വരുന്നത് കാണുമ്പോഴുള്ള സംതൃപ്തി പറഞ്ഞറിയിക്കാനാവില്ല. ഒരിക്കൽ അത്തരത്തിലൊരു അനുഭവമുണ്ടായി. ഐവിഎഫ് ചികിത്സയ്ക്ക് ശേഷം അവർക്കുണ്ടായ കുഞ്ഞായിരുന്നു അത്. എന്നാൽ വെന്റിലേറ്ററിൽ കിടത്തേണ്ട ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, തുടർന്ന് കുഞ്ഞുമായി എൻഐസിയുവിലേക്ക് ഓടുകയായിരുന്നു. തൊട്ടടുത്ത ദിവസം ആ കുഞ്ഞിന്റെ അച്ഛൻ ഒരുപാട് നന്ദി അറിയിച്ചു, നിങ്ങൾ കുഞ്ഞുമായി അങ്ങനെ ഓടിയതുകൊണ്ടാണ് രക്ഷപ്പെട്ടത് എന്നു പറഞ്ഞു. മോശം അനുഭവങ്ങളേക്കാൾ മനസ്സിൽ നിൽക്കുന്നത് ഇത്തരം അനുഭവങ്ങളാണ്. പലപ്പോഴും സമയത്തിന് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ പോലും ചെയ്യാതെയാണ് നിൽക്കേണ്ടി വരാറുള്ളത്. അത്തരം സമയങ്ങളിൽ ഇതുപോലുള്ള പ്രതികരണങ്ങൾ ഒക്കെയാണ് മനസ്സിന് സംതൃപ്തി പകരുന്നത്.
മറ്റൊരിക്കൽ പോസ്റ്റ്പാർട്ടം സൈക്കോസിസ് ഉള്ള ഒരു യുവതിയെ പരിചരിച്ച അനുഭവമുണ്ട്. ഉമ്മയോടോ ഭർത്താവിനോടോ മിണ്ടാൻ പോലും കൂട്ടാക്കാതെ ശരിക്കും അക്രമാസക്തമായി നിൽക്കുകയായിരുന്നു അവൾ. പക്ഷേ പതിയെ, അവളോട് സംസാരിച്ച് അവൾക്ക് മനസ്സു തുറക്കാനുള്ള ആത്മവിശ്വാസം നൽകി. അങ്ങനെ തിരിച്ചു പോകുന്ന സമയമായപ്പോഴേക്കും നല്ല കൂട്ടായിരുന്നു. പോകാൻ നേരത്ത് ആ കുട്ടിയുടെ ഉമ്മ പറഞ്ഞത് മോളുടെ നമ്പർ തരണം മറ്റാരു പറഞ്ഞാലും മകൾ കേൾക്കില്ല എന്നായിരുന്നു. ആ വാർഡിൽ നിന്ന് പോന്നിട്ട് നാലുവർഷമാകുന്നു, ഇപ്പോഴും അവൾ ഇടയ്ക്കിടെ വിളിക്കാറുണ്ട്. മാനസികമായി തളർന്നിരിക്കുന്ന സമയത്തെല്ലാം വിളിച്ച് സംസാരിക്കും. എത്രതന്നെ തിരക്കിലായാലും ഇതുപോലുള്ള സന്ദർഭങ്ങളിൽ സമയം നീക്കിവെക്കാൻ ശ്രമിക്കും.
Also Read
അപവാദം പോലും കേട്ട് ജോലി ചെയ്യുന്നവർ
ആളുകൾ കാര്യങ്ങൾ മനസ്സിലാക്കി വിലയിരുത്തിയാൽ മാത്രം മതി. ചെറിയ കാര്യത്തിന് പോലും നഴ്സുമാരെ ചീത്തവിളിക്കുന്നവരുണ്ട്. ഇതേകാര്യം ഡോക്ടർമാരോട് ഒന്നു ചോദിക്കാൻ പോലും അവർ തയ്യാറാവുകയുമില്ല. ചെയ്യുന്ന ജോലിക്ക് അനുസരിച്ച ആദരവ് ഇപ്പോഴും കിട്ടുന്നില്ല. പണ്ടൊക്കെ അപവാദ പ്രചരണങ്ങൾ ഉൾപ്പെടെ സഹിച്ചാണ് പലരും നഴ്സിങ് മേഖല കരിയറായി തിരഞ്ഞെടുത്തിരുന്നത്. നൈറ്റ് ഡ്യൂട്ടിയും മറ്റും ഉള്ളതുകൊണ്ട് നഴ്സുമാരെ എപ്പോഴും പരിഹസിച്ചിരുന്നവർ ഏറെയാണ്. ഉൾഗ്രാമത്തിൽ നിന്നൊക്കെ നൈറ്റ് ഡ്യൂട്ടിക്ക് വന്നിരുന്നവർ മോശം വാക്കുകൾ നിരവധി കേട്ടിട്ടുണ്ട്. രണ്ടാംതരം പ്രൊഫഷൻ ആയി കണ്ടിരുന്ന ഈ മേഖലയ്ക്ക് മാറ്റം സംഭവിച്ചുതുടങ്ങിയിട്ട് അധികമായില്ല. നഴ്സുമാരും മറ്റെല്ലാവരെയും പോലെ മാനുഷിക പരിഗണന അർഹിക്കുന്നുണ്ട് എന്നേ പറയാനുള്ളു.
Content Highlights: international nurses day, kozhikode medical college staff nurse sharing experience
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..