'നിങ്ങളെ അത്രമേൽ ഞാനും എന്റെ സമൂഹവും സ്നേഹിക്കുന്നു, നമിക്കുന്നു നിങ്ങളുടെ ക്ഷമയെ'


ഷബിത

ഗ്ലൗസുകൾ മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിൽ അവർ വല്ലതും കഴിച്ചിട്ടുണ്ടാകുമോ? രാത്രിയിൽ അവരുടെ കുഞ്ഞുങ്ങൾ അമ്മയെ ചോദിച്ചു കരയാറുണ്ടാകുമോ?

Representative Image | Photo: Gettyimages.in

ജീവിതത്തിൽ ആദ്യമായി അനുസരിച്ച ഒരാജ്ഞ ശാന്തടീച്ചറുടേതാണ്. ഒന്നാം ക്ലാസിൽ അമ്മയ്‌ക്കൊപ്പം പോയ ആദ്യ ദിവസം. ക്ലാസ്സിലേക്ക് കയറാൻ മടിച്ച് നിൽക്കുകയായിരുന്നു. ശാന്ത ടീച്ചർ അല്പം സ്വരം കടുപ്പിച്ച് നടക്ക് എന്നു പറഞ്ഞപ്പോൾ പിറകേ നടന്ന ഞാൻ റോഡിലേക്ക് എന്നാലാവുന്നതുപോലെ ഏന്തിനോക്കി. അമ്മയെവിടെ!

റോഡിൽ അമ്മയുടെ വയലറ്റ് സാരിയുടെ മിന്നായം മാത്രം കാണാൻ പറ്റി. ഓടിയാൽപോലും അടുത്തെത്താൻ പറ്റില്ല. ആരുമില്ലാതെ ഒറ്റയ്ക്ക് റോഡിലിറങ്ങിയാൽ കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടിയിലെ പൂവാച്ചു വന്ന് പിടിച്ചുകൊണ്ടുപോകുമെന്ന് അമ്മ പറഞ്ഞത് ഉള്ളിന്റെയുളളിൽ കിടുകിടുക്കം പോലെ കിടക്കുന്നതുകാരണം മണിമണിയായി ഉതിർന്നു വീഴുന്ന കണ്ണീരോടെ ടീച്ചറുടെ പിറകേ നടന്നു....

രണ്ടാമതായി അങ്ങനെയൊരു നടക്ക് എന്ന ആജ്ഞ കേട്ടതും അനുസരിച്ചതും 2010 ജനുവരി ഒമ്പതിനാണ്. പൂർണഗർഭിണിയായ ഞാൻ (കടിഞ്ഞൂലാണ്) രാത്രി ഭക്ഷണം കഴിച്ചതും അറിയാതെ മൂത്രമൊഴിച്ചുപോയി. അമ്മയോട് പറഞ്ഞത് കേട്ട് അമ്മമ്മ പ്രാഥമിക പരിശോധനനടത്തി. എന്റെ ഊരയ്ക്കുചുറ്റും നനവുകണ്ട അമ്മമ്മ വെള്ളം പോയി എന്ന് അമ്മയോട് ഉത്കണ്ഠയോടെ പറഞ്ഞു. പിന്നെ ആകെയൊരു ബഹളമാണ്. എന്നോ തയ്യാറാക്കി വച്ച ബാഗുകൾ എടുത്തുവക്കുന്നു. ഭർത്താവിന്റെ വീട്ടിലേക്ക് വിളിച്ചുപറയുന്നു, ടാക്സി വരുന്നു. കാറ് നിർത്താതെ കോട്ടപ്പറമ്പ് ആശുപത്രി ലക്ഷ്യമാക്കി ഹോണടിച്ചുകൊണ്ട് പറക്കുന്നു.

ഞാൻ കരുതി, അരമണിക്കൂറിനുള്ളിൽ പ്രസവിക്കുമായിരിക്കുമെന്ന്. അരമണിക്കൂറു കൊണ്ട് ആശുപത്രിയിൽ എത്തിയാൽ മതിയായിരുന്നു. അപ്പോൾ ഈ ചുമരിൽ കയറിപ്പോകുന്ന വേദനയുണ്ടാകും എന്നൊക്കെ പറയുന്നതോ? പെണ്ണുങ്ങളുടെ ഒരു കാര്യം! ഇതൊക്കെയെന്ത്! ഇതാണോ ലോകം കൊട്ടിഘോഷിക്കുന്ന പ്രസവം. രാത്രിയിൽ എന്നെ എതിരേറ്റത് ഒരു നഴ്സമ്മയാണ്. അമ്മയുടെ കൈ പിടിച്ച് പതുക്കെ ഒരു ഗർഭിണിയുടെ എല്ലാ മുഖഭാവത്തോടും കൂടി ഞാൻ നഴ്സിങ് സ്റ്റേഷനിലേക്ക് ചെന്നതും എന്താ മോളെ, ബുദ്ധിമുട്ടുണ്ടോ എന്ന് ആ നഴ്സമ്മ ചോദിച്ചു. പേരെന്താ എന്ന് അന്ന് സ്‌കൂളിൽ ശാന്തടീച്ചർ ചോദിച്ചപ്പോൾ പേര് പറഞ്ഞുകൊടുത്തത് അമ്മയായിരുന്നു. ഇവിടേം അമ്മ കേറി കൗണ്ടറടിച്ചു. വെള്ളം പോയി. നഴ്സമ്മ എന്നെ നോക്കി. പിന്നെ കിടക്കാൻ പറഞ്ഞു. എന്നിട്ട് വേഗം ഡോക്ടറെ വിളിച്ചു. ബെഡിനു ചുറ്റുമുള്ള പച്ചകർട്ടൻ വലിച്ചിട്ടതും ആ ബെഡ് ഒരു മുറിയായതും പെട്ടെന്നാണ്. കണ്ണടച്ചുകിടന്നു. എവിടെ നിന്നൊക്കെയോ കൊളുത്തിപ്പിടിക്കുന്നതല്ലാതെ ഒരു കുഴപ്പവുമില്ല. ആയില്ലാട്ടോ. വാർഡിലേക്ക് വിടാം. എന്ന് അല്പസമയം കഴിഞ്ഞ് ആ നഴ്സമ്മ വന്നു പറഞ്ഞപ്പോൾ ഞാൻ തലയാട്ടി.

പിന്നെ എന്റെ ഡ്രസ്സെല്ലാം അഴിച്ചുകൊടുക്കേണ്ടി വന്നു. അമ്മ തൊട്ടടുത്തുനിന്ന് വെള്ള മുണ്ടും ബ്ലൗസും തന്നു. മേലിടാൻ ഒരു തോർത്തുമുണ്ടും. അമ്മമ്മ നെഞ്ചത്തോട്ട് കയറ്റി മുണ്ട് ഉടുക്കുന്നതുപോലെ! മുന്നിൽ നടക്കുന്നത് ഞാനാണ്. പിറകേ എന്റെ ഫയലുമായി സിസ്റ്റർ. അതിനു പിറകേ അമ്മ. ഒരു വാതിൽപ്പടിയെത്തിയപ്പോൾ നഴ്സമ്മ പറഞ്ഞു. കമ്മലും മാലയും ഊരിക്കൊടുത്തേ. ഞാൻ അനുസരിച്ചു. പിന്നെയും ഒരടി മുന്നോട്ടു വച്ചപ്പോൾ തിരിഞ്ഞു നോക്കിയതും അമ്മ അവിടെത്തന്നെ നിൽക്കുന്നു. നെഞ്ചത്ത് കൈവച്ചുകൊണ്ട്. ഞാൻ അവിടെത്തന്നെ നിന്നു. നഴ്സമ്മയും. നടക്ക്. നഴ്സമ്മ പയ്യെപ്പറഞ്ഞു. അമ്മ എന്ന് ഞാൻ പറഞ്ഞപ്പോൾ അവർ പറഞ്ഞു. ആവശ്യമുള്ളപ്പോൾ വിളിക്കാലോ. ശാന്തടീച്ചറെ ഓർത്തുപോയി. കാരണം ആ മുഖത്ത് അല്പം ആജ്ഞയുടെ ഭാവം പതിയേ വന്നു ചേരുന്നുണ്ടായിരുന്നു. പിന്നെ ആർത്തനാദങ്ങളുടെയും കലമ്പലുകളുടെയും ഇടയിലേക്ക് അരണ്ട വെളിച്ചത്തിൽ കടന്നുചെന്നപ്പോൾ വിറച്ചുപോയി. ഇതാണോ പ്രസവം! ഇതിത്തിരി കടന്ന കയ്യാണല്ലോ. ചുവരിലല്ല ഈ പെണ്ണുങ്ങളൊക്കെ ആകാശത്തേക്ക് കയറിപ്പോകുന്ന അനുഭവിക്കലാണല്ലോ അനുഭവിക്കുന്നത് ദൈവമേ. ഞാൻ നഴ്സമ്മയോട് പതുക്കെ പറഞ്ഞു. ഞാൻ അമ്മയുടെ അടുത്തിരിക്കാം. എനിക്ക് ബുദ്ധിമുട്ടാകുമ്പോൾ വരാം. നഴ്സമ്മ പറഞ്ഞു. അതെനിക്ക് ബുദ്ധിമുട്ടാണ്. നടക്ക്. കണ്ണുകൾ പാതിയിറുക്കി പയ്യെ നടന്നു. ചോരക്കളിയാണ് ഇടത്തും വലത്തും. ഒഴിഞ്ഞ ബെഡിൽ പച്ച വിരി വിരിച്ച് പുതപ്പും തന്നിട്ട് ചുറ്റുമുള്ള കർട്ടൻ വലിച്ചിട്ടു. ഉറങ്ങിക്കോട്ടോ. എന്തേലും ബുദ്ധിമുട്ട് തോന്നിയാൽ വിളിക്കണം. ശൈലജ മേഡത്തിന്റെ കസിനല്ലേ. വിളിച്ചു ചോദിച്ചിരുന്നു. ശൈലച്ചേച്ചി വരുമോ ഇപ്പോൾ. പേടിയൊതുക്കി ചോദിച്ചു. ഇല്ല നാളെയേ വരൂ. അപ്പോളേക്കുമേ നമുക്കാകൂ.

കർട്ടനുകൾക്ക് വിടവുണ്ടാക്കി അടുത്ത ബെഡിലെ സ്ഥിതി നോക്കി. രൂക്ഷമാണ്. അവിടെയുണ്ടായിരുന്ന നഴ്സുമാർ ഇടതടവില്ലാതെ നടക്കുന്നു. ഒരാൾക്ക് വെള്ളം കൊടുത്തു തിരിയുമ്പോളേക്കും അടുത്തയാൾ വിളിക്കും സിസ്റ്റർ...അവിടേക്ക് ചെന്ന് മൂത്രമൊഴിപ്പിക്കാൻ കൊണ്ടുപോയി വരുമ്പോളേക്കും തൊട്ടടുത്ത ബെഡിലെ പുരോഗതി നോക്കി സിസ്റ്റർ ഉറക്കെ വിളിക്കും ട്രോളീ... അപ്പോളേക്കും അകത്തെ മുറിയിൽ നിന്ന് അറ്റൻഡർ ചേച്ചിമാർ ട്രോളിയുമായി വരും. അതിനിടയിൽ ഒരാൾക്ക് എനിമ കൊടുക്കും. എനിമ മുഴുവനാകാൻ ഉള്ള സമയമുണ്ടാകില്ല. അവരെ ടോയ്ലറ്റിലേക്ക് കൊണ്ടുപോകണം. മിക്കവാറും കഴുകിച്ചും കൊടുക്കണം. ലേബർറൂമിന്റെ വാതിലിലേക്ക് നോക്കി നിന്നാൽ അകത്തുളളയാൾക്ക് തുന്നിടുന്നത് കാണാം. ഇടയ്ക്ക് കുഞ്ഞുങ്ങൾ കരയും. പിന്നെ മുലച്ചുവട്ടിൽ മൽപ്പിടുത്തമാണ്. അതും നഴ്സുമാർ തന്നെയാണ് ചെയ്യുന്നത്. കുഞ്ഞ് കക്കിക്കക്കി കുടിക്കുന്നതുവരെ അവർ മുലകളോട് പടവെട്ടും. പെറ്റ തള്ളയേക്കാൾ കുഞ്ഞ് പാല് കുടിക്കേണ്ട ആവശ്യം അവരുടേതാണ്. അതിനിടയിൽ അമ്മമാരുടെ പ്രഷർ നോക്കണം. കൂടാനും കുറയാനും പാടില്ല. മറുപിള്ളയെ മുഴുവനായും പുറത്ത് ചാടിച്ച് ഉള്ള് തുടച്ച് വൃത്തിയാക്കി ഭദ്രമായി മുറുക്കിക്കെട്ടിത്തരും. പിന്നെ പെറ്റല്ലോന്ന് കരുതി നേരെ മുറിയിലേക്ക് തള്ളില്ല. അമ്മ മൂത്രമൊഴിക്കണം. കുഞ്ഞ് ആദ്യത്തെ അപ്പിയുമിടണം.

ഗ്ലൗസുകൾ മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിൽ അവർ വല്ലതും കഴിച്ചിട്ടുണ്ടാകുമോ? രാത്രിയിൽ അവരുടെ കുഞ്ഞുങ്ങൾ അമ്മയെ ചോദിച്ചു കരയാറുണ്ടാകുമോ? അവരുടെ മക്കൾക്ക് ഹോം വർക്ക് ചെയ്യാൻ ആരാണ് സഹായിക്കുക? രാത്രി ജോലികഴിഞ്ഞ് രാവിലെ വീട്ടിലെത്തുമ്പോഴേക്കും മക്കൾ സ്‌കൂളിൽ പോയിട്ടുണ്ടാവില്ലേ., പിന്നെ വൈകീട്ട് അവർ വരുമ്പോളേക്കും അമ്മ ഡ്യൂട്ടിയ്ക്കിറങ്ങില്ലേ. ഒരു തരം കള്ളനും പോലീസും കളിപോലെ...

പിറ്റേന്ന് രാത്രിയായിട്ടും എന്റെ പേറ് നടന്നില്ല. ഇരച്ചുകയറുന്ന വേദന വന്ന വഴി പോകും. പിന്നെ ഞാൻ ഉറങ്ങും. പിന്നെയും വേദനിക്കും. പിന്നെയും ഉറങ്ങും. കാപ്പി കുടിച്ചുകുടിച്ച് എനിക്കതൊരു പണിയായി. ഏതെങ്കിലും നഴ്സുമാർ അടുത്തൂടെ പോകുമ്പോൾ വേണ്ടങ്കിലും ഞാൻ കാപ്പി വേണമെന്ന് പറയും. തൊട്ടുമുൻപ് കൊണ്ടുവച്ച കാപ്പി തണുത്ത് ചോണൻ കയറി ഒരിറക്കും കുടിക്കാതെ ജനലരികിൽ ഉണ്ട്. ഒരു ചോദ്യം ചെയ്യലുമില്ലാതെ ചിരിച്ചുകൊണ്ട് ഇപ്പത്തരാട്ടോ എന്നുംപറഞ്ഞ് ആ ഗ്ലാസ് എടുത്തുകൊണ്ടുപോയി അഞ്ചുമിനിട്ടിനുള്ളിൽ ചൂട് കാപ്പി കൊണ്ടുവന്ന് എന്റെ തലയുയർത്തിപ്പിടിച്ച് ഒന്ന് രണ്ടിറക്ക് കുടിപ്പിച്ചു. അമ്മയെങ്ങാനുമായിരുന്നെങ്കിൽ 'അല്ല കുരിപ്പേ ഇതല്ലേ ചോണൻ കയറാൻ തുറന്നിട്ടത്' എന്നും പറഞ്ഞ് ശകാരിച്ചേനെ. രണ്ട് തുള്ളി വെള്ളമകത്തെത്തിയാൽ രണ്ടിടങ്ങഴി മൂത്രമൊഴിക്കാനുണ്ടാവും. പിന്നെ അതായി ആവശ്യം. മൂത്രമൊഴിക്കണം. കാലിന് വിശ്രമമില്ലാതെ അവർ മാറിമാറി എല്ലാം ചെയ്തുതന്നു. ഞാൻ ഇടയ്ക്ക് ഉറങ്ങുകയെങ്കിലും ചെയ്യും. ഇതൊന്നുമില്ലാത്ത ടീമുണ്ട്. അകത്തേക്ക് കയറിയപാട് തുടങ്ങിയ ബഹളമാണ്. കലശലായ വേദനയും അസ്വസ്ഥതയും മൂലം നഴ്സുമാരെ നിലംതൊടാൻ സമ്മതിക്കില്ല. വെള്ളം വെണം. കഞ്ഞി വേണം. കാപ്പി വേണം. തിരിഞ്ഞ് കിടക്കണം. നടക്കണം. മൂത്രമൊഴിക്കണം. ടോയ്ലറ്റിൽ പോകണം... ഒരു ജീവൻ അകത്തുനിന്നും പുറപ്പെടുന്നതിന്റെ എല്ലാ പ്രശ്നങ്ങളും അറിയാവുന്ന ഇവർക്ക് ഒരോ ബെഡും എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാം.

കുഞ്ഞ് വരുന്ന പുരോഗതിയനുസരിച്ച് ഓരോരോ ബെഡിലേക്കും നമ്മളെ മാറ്റിക്കിടത്തും. അപ്പപ്പോൾ നടക്കുന്നതിനെക്കുറിച്ച് കൃത്യമായി പറഞ്ഞുതരും. ചോദിച്ചാൽ മാത്രം. ശൈലേച്ചി വരാൻ കാത്തുനിന്നതായിരുന്നു എന്റെ കുഞ്ഞ്. അത്രയും നേരം എന്നെ തിരിഞ്ഞുനോക്കാത്ത പരിഭവത്തിൽ ഞാൻ കരഞ്ഞപ്പോൾ പത്തുമിനിട്ടു കൂടുമ്പോൾ വിവരമറിയുന്നുണ്ട് എന്നു പറഞ്ഞ് അവർ എന്നെ സമാധാനിപ്പിച്ചു. ഇനിയൊരു കരച്ചിലിന് ശേഷിയില്ലാതെ ഞാൻ തളർന്നപ്പോൾ എന്നെ ടേബിളിൽ കയറ്റിക്കിടത്തി ലോകവർത്തമാനങ്ങൾ പറയിച്ചു. സഹായിയായി നിന്ന നഴ്സിനോട് ഒന്നവളെ സഹായിക്ക് ഒറ്റയ്ക്കാവൂലാന്നാ തോന്നുന്നേ എന്നു പറഞ്ഞതും ഒരു കൈമുട്ട് പതുക്കെ എന്റെ നെഞ്ചിൻമുകളിൽനിന്നും താഴോട്ട് ഉഴിഞ്ഞിറങ്ങി. അടിനാഭിയിലെവിടെയോ കെട്ടിക്കിടന്ന ശ്വാസംവിങ്ങലിന് ആശ്വാസം കിട്ടിയതുപോലെ. താഴെ നിന്നും വലിച്ച് ഒരു സാധനത്തിനെ എന്റെ വയറിനുമേലേക്കിട്ടതും അതൊന്നു കരഞ്ഞെന്നു വരുത്തി. ആണാണോ പെണ്ണാണോ? ശൈലച്ചേച്ചി തമാശയിൽ ചോദിച്ചു. കണ്ണുതുറക്കാതെ ഞാൻ പറഞ്ഞു, പെണ്ണ്. അവർ ചിരിച്ചുകൊണ്ട് പറഞ്ഞു മിടുക്കി.

കുഞ്ഞിനെയും കൊണ്ട് പ്രസവാനന്തര വാർഡിലേക്ക് പോയപ്പോൾ നഴ്സമ്മമാരുടെ മറ്റൊരുമുഖവും കണ്ടു. കൊറോണക്കാലത്തെ പോലീസിനെപ്പോലെ, അനാവശ്യമായി ആരെയും കയറിയിറങ്ങാൻ സമ്മതിച്ചില്ല അവർ. പാസ് സിസ്റ്റത്തിൽ അത്യന്തം കണിശതയും. ബെഡിലെങ്ങാൻ അമ്മയും കുഞ്ഞുമല്ലാതെ അമ്മൂമ്മയും കൊച്ചിന്റച്ഛനും ഇരുന്നാൽ തീർന്നു അവരുടെ കാര്യം. വാർഡിനു പുറത്തെ എച്ചിൽ കാത്തിരിക്കുന്ന പൂച്ചപോലും ഉളുപ്പുകൊണ്ട് സ്ഥലം കാലിയാക്കിക്കളയും. കുഞ്ഞിന്റെ ഉടമസ്ഥർ ആശുപത്രി വിടും വരെ അവരാണ്. നന്നായി തുടച്ചിട്ടുണ്ടോ, കുഞ്ഞിന് വയറ് നിറഞ്ഞിട്ടുണ്ടോ, കിടന്ന് പാല്കൊടുത്ത് ചെവിയിൽ പോയി അത് പഴുത്തോ, തുണിക്കെട്ടുകളുടെ മഹാസമ്മേളനത്തിനിടയിലാണോ കുഞ്ഞിനെ കിടത്തിയത് എന്നൊക്കെ നോക്കുന്നത് അവരാണ്.

പിന്നെയും അവരുടെ ഔദാര്യം എന്നെത്തേടിയെത്തിയിട്ടുണ്ട്. പി.എച്ച്.സിയിൽ നിന്നും ക്ഷേമാന്വേഷണവുമായി. സമയാസമയങ്ങളിൽ എടുക്കേണ്ട വാക്സിനുകളെ ഓർമിപ്പിച്ചുകൊണ്ട്. ചിക്കുൻഗുനിയ, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവയുടെ സീസണുകളിൽ സിസ്റ്റർമാരടങ്ങുന്ന സംഘം വീടുവീടാന്തരം കയറിയിറങ്ങി വീടിന്റെ അവസ്ഥയെപ്പറ്റി പറഞ്ഞുകൊടുത്തു, വഴക്ക് പറഞ്ഞു. അനുസരിക്കാത്തവർക്കെതിരെ പരാതിപോയി. എന്റെ സ്വന്തം വീട് എന്റെ സ്വന്തം വൃത്തി എന്നൊന്നും വാദിച്ചിരിക്കാൻ ആർക്കും ചങ്കുറപ്പുണ്ടാകില്ല. കാരണം നമ്മുടെ ഓരോരുത്തരുടെയും ആരോഗ്യത്തിന്റെ പരിപൂർണ ഉത്തരവാദിത്തം അവരെയാണ് നമ്മുടെ ഭരണസംവിധാനം ഏൽപിച്ചിരിക്കുന്നത്.

ഇപ്പോഴും ഒരാശുപത്രിയിൽ പോയാൽ വാർഡ് എവിടെയാണെന്ന ചോദ്യം മുതൽ ഡോക്ടറുണ്ടോ എന്നുചോദിക്കാൻ വരെ ഞാൻ തിരഞ്ഞെടുക്കാറ് ഒരു നഴ്സിനെയാണ്. നിങ്ങളെ അത്രമേൽ ഞാനും എന്റെ സമൂഹവും വിശ്വസിക്കുന്നു. നിങ്ങളെ അത്രമേൽ ഞാനും എന്റെ സമൂഹവും സ്നേഹിക്കുന്നു. നമിക്കുന്നു നിങ്ങളുടെ ക്ഷമയെ.

Content Highlights: international nurses day, experiences of nurses

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented