.jpg?$p=2679efc&f=16x10&w=856&q=0.8)
Representative Image | Photo: Gettyimages.in
മരണത്തിന്റെ വക്കോളമെത്തി ജീവിതത്തിലേക്ക് തിരികെ വരുമ്പോഴും അവസാനപ്രതീക്ഷയും അസ്തമിച്ചു മരണത്തെ കാത്തുകിടക്കുമ്പോഴും എല്ലാ മനുഷ്യരുടെയും കണ്ണുകളിൽ തിരയടിക്കുന്നത് ഒരേ വികാരവിചാരങ്ങളാകും. ഇത്തരം മുഖങ്ങൾ ഏറ്റവുമധികം കണ്ടിട്ടുള്ളതും നമ്മുടെ നഴ്സുമാരാണ്. എന്നാൽ ഭൂമിയിലെ മാലാഖമാർ എന്ന് വിശേഷിപ്പിക്കുന്ന നഴ്സിന് കൈപ്പിഴ സംഭവിക്കുകയാണെങ്കിൽ വാർത്തയുടെ തലക്കെട്ടും ഭീകരതയും ദിവസങ്ങളോളം നമ്മെ അലട്ടും. കാരണം ഭൂമിയിലെ മാലാഖമാർക്ക് പിഴവ് സംഭവിക്കാൻ പാടില്ലെന്നാണ് നമ്മുടെയൊക്കെ ചിന്തയും ആഗ്രഹവും. അവർ ജനിച്ചത് പോലും നന്മയുടെ തിരിനാളം മറ്റുളളവരിലേക്ക് പകരാൻ മാത്രമാണ്. നമ്മുടെയൊക്കെ കാഴ്ചപ്പാടാണിത്.
നാമെല്ലാം ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു നഴ്സിന്റെ സഹായം തേടിയിട്ടില്ലേ? അവരുടെ പരിചരണം ഒരിക്കലെങ്കിലും നമ്മെ സന്തോഷിപ്പിച്ചിട്ടില്ലേ? എന്തിന് ഈ കോവിഡ് കാലത്ത് ഉറ്റവരും ഉടയവരും അരികിലില്ലാതെ, ഒറ്റയ്ക്ക് പോരാടേണ്ടി വന്ന ജീവിതസന്ധികളിൽ ഒരു നഴ്സിന്റെ സ്നേഹപരിചരണങ്ങൾ നമ്മിൽ പലരും അറിഞ്ഞതുമല്ലേ? പക്ഷേ എപ്പോഴെങ്കിലും ആശുപത്രിക്കിടക്കവിട്ടു പോയ ശേഷമവരുടെ കാര്യം ഓർത്തിട്ടുണ്ടോ? ഇല്ലെന്നും ഉവ്വെന്നും ഉത്തരം കിട്ടുന്ന ചില ചോദ്യങ്ങൾ. പക്ഷെ നാം അത് നമ്മോട് ഒരിക്കൽ പോലും ചോദിച്ചില്ലെങ്കിൽ അത് വലിയൊരു സങ്കടമാണ്. അങ്ങനെ നെഞ്ചിൽ തറഞ്ഞു പോയ ചില മുഖങ്ങളുണ്ട്. ഹൃദയത്തിന്റെ ഒരു കോണിൽ ഇന്നും ഉണങ്ങാതെ കിടക്കുന്ന ചില നല്ല ഓർമ്മകളും.
അവരും സാധാരണക്കാരാണ്. അവർക്കും നമ്മെപ്പോലെയുള്ള വികാര വിചാരങ്ങളുണ്ട്. അവർക്കും ഒരു ദിവസമെന്നാൽ 24 മണിക്കൂർ തന്നെയാണ്. അത് മാത്രമല്ല ആ പിഴവു സംഭവിക്കുന്നതിൽ ഒരു പങ്ക് നമുക്കു കൂടെയുണ്ടെന്ന കാര്യവും സൗകര്യപൂർവ്വം നാം മറന്നേക്കും. അവരും സാധാരണക്കാരാണെന്നതും, അത്രയും നാൾ അവരവിടെ നിസ്വാർത്ഥമായി ജോലി ചെയ്തതാണെന്നോ ചിലപ്പോഴെങ്കിലും സമൂഹം മറക്കും. എന്നാൽ കുറച്ചു കഴിഞ്ഞു മറ്റൊരാവശ്യവുമായി നാം അവർക്കു മുന്നിൽ തീർച്ചയായും എത്തുകയും ചെയ്യും. ജീവിതത്തിന്റെ ഈ സൈക്കിൾ പിന്നെയും തുടർന്നുകൊണ്ടേയിരിക്കും.
അവരുടെ ജോലിയിൽ നാം തൃപ്തരാണെന്ന തിരിച്ചറിവ് പോലും അവർക്ക് കിട്ടുന്ന അംഗീകാരമായവർ കണക്കാക്കുന്നു. പിന്നീട് കാലങ്ങൾ കഴിഞ്ഞാണ് നാം ചിലപ്പോൾ അവരെ കാണുന്നത്. ഇടയ്ക്ക് ഓർമ്മ പുതുക്കാൻ ഒരു മെസ്സേജ് പോലും അയച്ചില്ലയെങ്കിലും, വീണ്ടും കണ്ടുമുട്ടുമ്പോൾ ഇന്നലെ കണ്ടു പിരിഞ്ഞു പോലെയുള്ള ഉള്ള അടുപ്പവും സൗഹൃദവും പങ്കുവയ്ക്കുന്ന അവരാണ് ഈ സമൂഹത്തിൽ ഏറ്റവും ഉന്നതമായ സ്ഥാനത്തിരിക്കുന്നത്. അവരോട് സംസാരിക്കുമ്പോൾ പലപ്പോഴും ഉള്ളിനുള്ളിൽ എപ്പോഴും സന്തോഷമാണ്. മുറിവിനു മരുന്ന് പറയുകയും നമ്മുടെ രോഗാവസ്ഥ പഠിക്കാൻ ശ്രമിക്കുകയും ചെയ്ത് കടന്നുപോകുന്ന ഡോക്ടറെക്കാൾ ആശുപത്രികിടക്കയിൽ ആ മരുന്ന് എത്തിക്കുകയും സമയാസമയം നമ്മെ പരിചരിക്കുകയും ചെയ്യുന്ന നഴ്സുമാരാണ് ഒരു തരത്തിൽ ഹീറോസ്. അമ്മ കാണുന്നതിനും എടുക്കുന്നതിനും മുന്നേ നമ്മെ എടുത്ത് പരിചരിക്കുന്ന നഴ്സുമാർക്ക് കൂടി നമ്മുടെ ജാതകം കുറിക്കുന്നതിൽ വലിയൊരു പങ്കുണ്ടെന്ന് മനസ്സിലാക്കുന്ന ഒരു സമൂഹത്തെയാണ് നാം ഇനി പ്രതീക്ഷിക്കേണ്ടതും ശീലിപ്പിക്കേണ്ടതും. ഈ മഹാമാരിയുടെ കാലത്ത് സ്വന്തം ജീവൻ പോലും പണയം വച്ചുകൊണ്ട് ലോകമെമ്പാടുമുള്ള മുഴുവൻ ജനങ്ങളെയും കരുതലോടെയും കാരുണ്യത്തോടെയും കാത്തു പരിപാലിക്കുന്ന ഓരോ മാലാഖമാർക്കും നമ്മുക്ക് നേരാം ഈ ദിവസത്തിൻ്റെ മുഴുവൻ ആദരവും.
നഴ്സസ് ദിനത്തിന്റെ പ്രാധാന്യം
നേഴ്സിങ് എന്ന തൊഴിലിനെ ഒരു പുണ്യകർമമായി തിരുത്തിയെഴുതിയ ഫ്ളോറൻസ് നൈറ്റിങ്ഗേലിന്റെ ജന്മദിനമാണ് നേഴ്സസ് ദിനമായി നാം ആചരിക്കുന്നത്. വിളക്കേന്തിയ വനിത എന്ന പേരിൽ ലോകമാരാധിക്കുന്ന ആ വനിതയാണ് ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവെന്നു നാം മനസ്സിലാക്കുന്നത്. 1820 മെയ് 12 ന് ജനിച്ച നൈറ്റിങ്ഗേലിന്റെ 202-ാം ജന്മദിന വാർഷികമാണ് 2022ലെ ഈ നേഴ്സ് ദിനം. "നിങ്ങൾ പോയകന്നാലും ഞങ്ങളുടെ ഉള്ളിലുണ്ടാകും"എന്ന് പറയുന്ന നമ്മുടെ നഴ്സുമാരുടെ ദിവസം.
കേരളത്തിന്റെ യുവത്വം ജോലി തേടി മറ്റൊരിടത്തേക്ക് പോകുമ്പോൾ വീട്ടിലുള്ള പ്രായമായവരെ നോക്കാനായി നാമിപ്പോൾ ഹോം നഴ്സുമാരെ തിരക്കി നടക്കുകയാണ്. വയറ്റാട്ടിയുടെ കാലം മാറി പ്രസവം ആശുപത്രിയിലായപ്പോൾ അതിന്റെ കൃത്യമായ ശുശ്രൂഷയ്ക്കായി മാത്രം തയ്യാറാകുന്ന ചിലരേയും നാം തിരക്കാറുണ്ട്. എന്നാൽ നമ്മുടെ നാട്ടിലെ നഴ്സുമാരാകട്ടെ ജോലി തേടി മറ്റിടങ്ങളിലേക്കും പോകാനും അവിടെ ജീവിതം കരുപ്പിടിപ്പിക്കാനുമുള്ള തിരക്കിലാണ്. അതിനു കാരണം അഭ്യസ്തവിദ്യരായ, അനുഭവസമ്പത്തുള്ള നമ്മുടെ ഈ സഹോദരിമാരുടെ മൂല്യം നമുക്ക് മുൻപേ മറ്റു രാജ്യക്കാർ തിരിച്ചറിഞ്ഞതുകൊണ്ടാണ്. തൊഴിലിടങ്ങളിലെ സുരക്ഷിതത്വവും വേതനവും ഉയർത്തി അവർ ഇത്തരക്കാരെ കാര്യമായ പരിഗണനയോടെ സ്വീകരിച്ചു. എന്നാൽ ജാതി മത വർഗ്ഗ വർണ്ണ ഭേദമില്ലാതെ ഇന്നാട്ടിൽ ജോലി ചെയ്യുന്ന നമ്മുടെ ഈ സഹോദരങ്ങൾക്ക് വേണ്ടി സംസാരിക്കാനോ, അവരുടെ ആവശ്യങ്ങൾ നടപ്പിലാക്കാനോ പലപ്പോഴും വർഷങ്ങൾ വേണ്ടി വരുന്നത് നാം കാണാറുണ്ട്. സേവനം മാത്രമാണ് അവരുടെ ലക്ഷ്യമെന്നവർ ഉറക്കെ പറയുമ്പോഴും അവരും നമ്മുടെ സമൂഹത്തിന് ഭാഗമാണെന്ന് നാം കൂടി മനസ്സിലാക്കിയാൽ ഈ പ്രശ്നത്തിനുള്ള പരിഹാരമാകും. ഇന്നാട്ടിലെ തൊഴിലില്ലായ്മയും ശമ്പളക്കുറവും കൊണ്ട് പൊറുതി മുട്ടി അന്യ നാടുകളിൽ പോയി അന്തസ്സോടെ ജോലി ചെയ്യുന്നവരാണ് ഇന്ന് ഇവിടെ പഠിച്ചിറങ്ങുന്ന പല കുട്ടികളും. കാരണം ആ ജോലിയുടെ മഹത്വവും മൂല്യവും മനസ്സിലാക്കാൻ ശ്രമിക്കുന്നവർ മറ്റു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ടെന്നവർ തിരിച്ചറിഞ്ഞു കഴിഞ്ഞു. സ്നേഹത്തിന്റെ ഉറവ വറ്റാത്തയിടങ്ങളെ തേടി, അവർ യാത്രയാകുന്നതിൽ അതിശയിക്കാനൊന്നുമില്ല.
ലോക നഴ്സിംഗ് ദിനമായ ഇന്ന് കൊവിഡ് - 19 എന്ന മഹാമാരിയെ പ്രതിരോധിക്കാനായി നമുക്കെല്ലാം വേണ്ടി ജീവൻ പണയം വെച്ച, രാവും പകലുമെന്നോണം കഷ്ടപ്പെടുന്ന, നിപ്പയുടെ നാളിൽ സ്വന്തം ജീവൻ കൊടുത്ത് രോഗത്തെ പ്രതിരോധിക്കാൻ തയ്യാറായ ലിനി സിസ്റ്ററെ പോലുള്ളവരെ ഓർക്കാതെ ഈ ദിനം ആഘോഷിച്ചാൽ അതൊരു നൊമ്പരമാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..