'നേരിൽ കാണുമ്പോൾ ഒരു ചിരി, നല്ല വാക്ക് അത്രയുമേ അവർ പ്രതീക്ഷിക്കുന്നുള്ളു'


അരുണിമ കൃഷ്ണൻ

4 min read
Read later
Print
Share

എല്ലാദിവസവും നമ്മുടെ നഴ്സുമാർ പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. തന്റെ മുന്നിലെത്തുന്ന ഓരോരുത്തരും തന്റെ കൂടിപ്പിറപ്പുകളോ അല്ലെങ്കിൽ ബന്ധുക്കളോ ആണെന്ന കരുതലോടെ

Representative Image | Photo: Gettyimages.in

നഴ്‌സ്1:"കുഞ്ഞിനു ഒന്നര വയസ്സല്ലേ ആയുള്ളൂ. കോവിഡ്‌ സ്‌പെഷ്യൽ ഡ്യൂട്ടി ഇട്ടാൽ ഞാൻ എങ്ങനെ വീട്ടിൽ പോയി വരും. എന്റെ കാര്യം കുഴപ്പമില്ല. കുഞ്ഞിനു വന്നാലോ.
നഴ്‌സ് 2:"നീ പേടിക്കേണ്ട. ഇപ്പൊ ഞങ്ങൾ ഇവിടില്ലേ."
നഴ്‌സ് 3:"നീ ഡ്യൂട്ടി പിന്നെ എടുത്താലും മതി..ഈ കൊറോണയെ ഓടിക്കാൻ ഞങ്ങൾ മതി.. പിന്നെ നമ്മുടെ ഈ നാട്ടുകാരും കൂടെ നിക്കും. വിഷമിക്കണ്ടന്നേ. "
നഴ്‌സ്1: "ആരോഗ്യവകുപ്പിന്റെ തീരുമാനം അറിയാല്ലോ. റീസെർവ്ടുകാരെ വിളിക്കാൻ ഇനിയും സമയമുണ്ട്. നമ്മുടെ നാട്ടുകാർ അതിനിടകൊടുക്കില്ല. അതിനു മുൻപ് തന്നെ അവനെ(കൊറോണയെ) ഈ നാട്ടിന്ന് ഓടിക്കും."
ഒന്നാം കോവിഡ്‌ തരംഗം കേരളത്തിൽ രൂക്ഷമായ സമയം, ഒരു നഴ്സിംഗ് റൂമിൽ നടന്ന സംഭാഷണമാണിത്. വാർത്ത റിപ്പോർട്ടിങ്ങുമായി ബന്ധപെട്ട് മെഡിക്കൽ കോളേജിൽ ചെന്നപ്പോൾ അവിടെ സുഹൃത്തുക്കളായ ചില നഴ്സുമാർ അവരുടെ ആധികൾ അവർ പങ്കു വയ്ക്കുന്നതിന് സാക്ഷിയായ മുഹൂർത്തം. അന്ന് ജീവനിൽ കൊതിയുള്ളവർ പോകാൻ മടിക്കുന്ന ഒരിടമാണ് കോവിഡ്‌ ഒ.പി. വാർഡ്. കോവിഡ്‌ എന്താണെന്നും അതിന്റെ പരിണിത ഫലങ്ങൾ എന്തൊക്കെയാകും എന്നൊക്കെയുള്ള പഠനങ്ങൾ ഇന്നും നടക്കുന്നതേയുള്ളൂ. ഇന്നും അത് നടക്കുകയാണ്. വർഷം രണ്ടു കഴിയുമ്പോഴും കോവിഡ്‌ എന്ന മഹാമാരിയെ നമുക്കെല്ലാം ഭയമാണ്. അപ്പോഴാണ് നമുക്ക് വേണ്ടി ഉണ്ണാതെയും ഉറങ്ങാതെയും ഈ മഹാമാരിയോട് സ്വന്തം ജീവൻ പണയപ്പെടുത്തി നമ്മെ കാത്തിരിക്കുന്നവരുടെ മൂല്യം തിരിച്ചറിയാൻ ശ്രമിക്കേണ്ടത്. കോവിഡിന്റെ ഒന്നാം തരംഗത്തിൽ സുരക്ഷാ സംവിധാനമായ പി.പി.ഇ. കിറ്റ് ഊരാൻ മടിച്ച്, ശുചിമുറിയിൽ പോലും പോവാതെ നമ്മുടെ ആരോഗ്യ പ്രവർത്തകർ കഷ്ടത അനുഭവിച്ചിട്ടുണ്ട്. അന്നത്തെ കടുത്ത വേനൽ ചൂടിലും സമൂഹത്തെയും കുടുംബത്തെയും രക്ഷിക്കാൻ വേണ്ടി ഇറങ്ങി തിരിച്ച അവർ, ഒരു നിമിഷം പോലും പാഴാക്കാതിരിക്കാൻ വേണ്ടിയാണ് തങ്ങളുടെ മേൽവസ്ത്രം മാറ്റി വയ്ക്കാൻ തയ്യാറാകാതിരുന്നത്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പടരാതിരിക്കാനുള്ള സകല മുൻകരുതലുകളും എടുത്ത അവർ കോവിഡിനെ ഈ ലോകത്ത് നിന്നും തുടച്ചു മാറ്റുമെന്ന് പ്രതിജ്ഞയെടുത്ത് അതിനോടു പൊരുതി. മറ്റുള്ളവരുടെ ആരോഗ്യത്തിനു വേണ്ടി അഹോരാത്രം ഓടിനടന്നു പ്രവർത്തിച്ചു. അന്ന് തുടങ്ങിയ കഷ്ടപ്പാടുകൾക്ക് ഇന്നും അറുതി വന്നിട്ടില്ല. ഇന്നും അതിന്റെ ബാക്കിപത്രങ്ങൾ അവരനുഭവിച്ചുകൊണ്ടിരിക്കുകയുമാണ്. ഇടക്കാലത്ത് കോവിഡിന് ഒരാശ്വാസം ഉണ്ടായെങ്കിലും ഇപ്പോൾ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നു കൊണ്ടിരിക്കുകയാണ്. നമ്മുടെയൊക്കെ അമ്മയോ സഹോദരിയോ സഹോദരനോ അല്ലെങ്കിൽ ബന്ധുക്കളായ അവർ കോവിഡ്‌ വന്നതിനു ശേഷം നാളിതുവരെ ഒന്നറിഞ്ഞു ചിരിച്ചിട്ടില്ല. സ്വന്തം കുടുംബത്തെ പോലും മറന്നുകൊണ്ടാണ് ഇന്നുമവർ മറ്റുള്ളവരെ പരിചരിച്ചു കൊണ്ടിരിക്കുന്നത്.

ആരോഗ്യ സുരക്ഷാ മാർഗ്ഗമായ സാനിറ്റൈസർ തേച്ച് തേച്ച് മലയാളിയുടെ കൈയുടെ തൊലി ഇളകി എന്ന പരാതികളിപ്പോൾ കേട്ട് തുടങ്ങി. എന്നാൽ അതിനും എത്രയോ മുമ്പ് തന്നെ നമ്മുടെ നേഴ്സുമാരും ആരോഗ്യ പ്രവർത്തകരുമോക്കെ ഈ ദുരിതമനുഭവിക്കുകയാണ്. ഓരോ രോഗിയെ പരിചരിക്കുന്നതിനു മുൻപും ശേഷവും അവർ സാനിറ്റൈസർ ഉപയോഗിക്കുകയോ അല്ലെങ്കിൽ കൈ കഴുകുകയോ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. നാമത് ശ്രദ്ധിച്ചില്ലെന്നു മാത്രം. നമ്മുടെ ആരോഗ്യ സംവിധാനത്തെ കേടുപാടുകളില്ലാതെ മുന്നോട്ടു കൊണ്ട് പോകുന്നതിനായി അന്നും ഇന്നും അവർ അത് മുടങ്ങാതെ ചെയ്തു കൊണ്ടിരിക്കുകയുമാണ്. പരാതിയോ പരിഭവമോ പറയാൻ അവർ മിനക്കെടുന്നുമില്ല.

നഴ്‌സ് ആയാൽ ജോലി കിട്ടും എന്ന ഉറപ്പ്, മറ്റുള്ളവരെ സഹായിക്കാൻ പറ്റും എന്ന ആത്മവിശ്വാസം, ഇവയാണ് പഠിക്കാൻ മുൻപന്തിയിൽ നിന്നിരുന്ന ഇവരിൽ പലരെയും ഈ ജോലിയിലേക്ക് എത്തിച്ചത്. മറ്റു മാർഗങ്ങൾ ഇല്ലാഞ്ഞോ, പഠനത്തിനു വകയില്ലാഞ്ഞോ അല്ല ചിലരെങ്കിലും നഴ്സിങ് എന്ന മേഖലയിലേക്ക് കയറിച്ചെല്ലുന്നത്. മറ്റുള്ളവരെ സേവിക്കണമെന്ന അവരുടെ ഇച്ഛാശക്തിയൊന്നു കൊണ്ടു മാത്രമാണത്. എന്നാൽ ചിലർ കുടുംബത്തിലെ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഏതു വിധേനയും നഴ്സിങ് മേഖലയിൽ എത്തുവാനായി ശ്രമിക്കുന്നുമുണ്ട്. എന്നാൽ ഇരുകൂട്ടരും തൊഴിലിനെ ബഹുമാനിക്കുന്നത് കാണുമ്പോൾ പലപ്പോഴും മറ്റൊരു മേഖലയിലും ഇത്തരമൊരു ആത്മാർത്ഥത നാം കാണാറില്ല എന്നു പറയാനും നമുക്ക് സാധിക്കുന്നുണ്ട്. കോവിഡ്‌ കാലത്ത് പതിന്നാല് ദിവസം ഐസോലേഷനിൽ കഴിയുന്നവരെ പരിചരിക്കാൻ നിൽക്കുന്നവർ പിന്നീടുള്ള പതിനാല് ദിവസം ക്വറന്റീനിൽ കഴിയണം എന്ന് അറിഞ്ഞുകൊണ്ടും, തന്റെ ശരീരത്തിനു എത്രമാത്രം പ്രതിരോധശക്തി ഉണ്ട് എന്ന് പോലും ചിന്തിക്കാതെയുമാണ് പലപ്പോഴും നമ്മുടെ ആരോഗ്യ പ്രവർത്തകർ പ്രവർത്തിക്കുന്നത്. മറ്റൊരിടത്തുമീയൊരു ആത്മാർഥത അമിതമായി പ്രതീക്ഷിക്കരുത് എന്ന ഒരു സന്ദേശവും അതിൽ പലപ്പോഴും വ്യക്തമാകാറുമുണ്ട്. സ്വന്തം അച്ഛനായും അമ്മാവനായും അമ്മയുമായൊക്കെ സങ്കൽപ്പിച്ചു കൊണ്ടാണ് അവർ നമ്മെ ശുശ്രൂഷിക്കുന്നത്.

നമ്മുടെ വീടിനരികിൽ ഒരു നേഴ്സ് ഉണ്ടെങ്കിൽ എന്ത് കാര്യത്തിനും അവരുടെ അടുത്ത് ഓടി ചെല്ലാൻ നമുക്ക് ഒരു മടിയും ഉണ്ടാവില്ല. എന്നാൽ അത് കഴിഞ്ഞ് ഒരു നോട്ടം കൊണ്ടുപോലും അവരെ വേദനിപ്പിക്കാതെയിരിക്കാനോ, അവരെ സന്തോഷിപ്പിക്കാനോ നമുക്ക് സാധിക്കാറുണ്ടോ? അറിയില്ല. പക്ഷേ പലപ്പോഴും ഉപഹാരങ്ങൾ കൊടുത്താൽ വാങ്ങിക്കാൻ മടിക്കാത്ത അവരുടെ ആ മനസ്സിനെ നാം കണ്ടിട്ടുണ്ടാവും. നേരിൽ കാണുമ്പോൾ ഒരു ചിരി, മറന്നിട്ടില്ല എന്ന് ഓർമ്മിപ്പിക്കാൻ ഒരു നല്ല വാക്ക് അത്രയും മാത്രമേ അവർക്ക് നമ്മളിൽ നിന്നും പ്രതീക്ഷിക്കാൻ ഉള്ളൂ എന്ന് പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. ആശുപത്രി മുറിയിൽ നിന്നും തിരികെ ഇറങ്ങി ഡോക്ടറോട് നന്ദി പറയുമ്പോൾ, പരിചരിച്ച നഴ്സിനോട് കൂടെയൊരു നന്ദി വാക്കു പറയുമ്പോൾ ഒരായുഷ്കാല സന്തോഷമാണവർക്ക് കിട്ടുന്നത് എന്ന് തോന്നിയിട്ടുണ്ട്.

"മലയാളികൾ പാരയാണെന്നു ആരാ പറഞ്ഞേ..ഇത്രേം കൂടെ നിന്നിട്ട് കട്ടക്ക് സപ്പോർട്ട് ചെയ്യുന്ന ആളുകൾ ലോകത്ത് തന്നെ വേറെ കാണില്ല. അവരുടെ കൂടെ നിക്കാൻ കിട്ടിയ നല്ല അവസരമാണിത്.. ഞങ്ങളുടെ കുടുംബത്തെ കേരളത്തെ ഏല്പിക്കുവാ.. അവർ നോക്കിക്കോളും"
ഈ വിശ്വാസം തകർക്കാതിരിക്കാൻ, അവരെ കൈവിടാതിരിക്കാൻ ഇനിയും നമ്മൾ ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ കേൾക്കണം. അവരെ അനുസരിക്കണം.

എല്ലാദിവസവും നമ്മുടെ നഴ്സുമാർ പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. തന്റെ മുന്നിലെത്തുന്ന ഓരോരുത്തരും തന്റെ കൂടിപ്പിറപ്പുകളോ അല്ലെങ്കിൽ ബന്ധുക്കളോ ആണെന്ന കരുതലോടെ. അവരുടെ മുഖത്തെ കണ്ണുനീർ തുടച്ചു മാറ്റാൻ വേണ്ടി. വേദന മാറിയവർ പുഞ്ചിരിച്ചു മടങ്ങുമ്പോൾ അതാണ് ഏറ്റവും വലിയ അഭിനന്ദനം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവർ മെല്ലെ തന്റെ അടുത്ത ബന്ധുവിനരികിലേക്ക് പായുന്നു. അന്യന്റെ പുഞ്ചിരിയും കണ്ണുനീരും തന്റേത് കൂടിയാണെന്ന്‌ കരുതി അവർ തന്റെ ജോലി തുടർന്നുകൊണ്ടേയിരിക്കുന്നു. തനിക്ക് ചുറ്റുമുള്ള ജീവിതദുരിതങ്ങൾക്ക് എന്നെങ്കിലും ഒരറുതി വരുമെന്ന പ്രതീക്ഷയോടെ. ദുരിതങ്ങളീ ഭൂമിയെ വിട്ടൊഴിഞ്ഞു പോകണമേയെന്ന പ്രാർത്ഥനയോടെ.

Content Highlights: international nurses day, experience about nurses

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented