പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കേരളത്തിലെ ആരോഗ്യമേഖലയിൽ നാളിതുവരെ നേരിടാത്ത പ്രതിസന്ധിയാണ് കടന്നുവരുന്നത്. യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള നഴ്‌സുമാരുടെ കുറവ് പൊതുവേയും ഐ.സി.യു., സി.സി.യു., ഓപ്പറേഷൻ തിയേറ്റർ എന്നിവിടങ്ങളിൽ പ്രത്യേകിച്ചും വന്നുകഴിഞ്ഞു. കേരളത്തിലെ സ്വകാര്യ ആരോഗ്യമേഖലയിൽ 30 മുതൽ 40 ശതമാനം വരെയാണ് ഈ കുറവ്. പൊതുമേഖലയിലും സ്ഥിതി സമാനമാണ്. മാത്രമല്ല, ഇത് കൂടിക്കൊണ്ടിരിക്കുകയുമാണ്. ആഗോള അംഗീകാരം നേടിയ കേരളത്തിന്റെ ആരോഗ്യമാതൃക ഇനി എത്രകാലം നിലനിർത്താൻ കഴിയുമെന്നു സംശയിക്കേണ്ട സമയമെത്തിക്കഴിഞ്ഞിരിക്കുന്നു. കാരണം, താഴെപ്പറയുന്ന കണക്കുകൾ വ്യക്തമാക്കും.
ഇംഗ്ലണ്ടിൽ അടുത്ത മൂന്നുവർഷത്തിനുള്ളിൽവരുന്ന നഴ്‌സുമാരുടെ ഒഴിവുകൾ 42,000 ആണ്. ജർമനിയിൽ 2025 ആകുമ്പോഴേക്കും 1,50,000 ഒഴിവുകൾ വരുമെന്ന് കണക്കാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജർമനിയിലെ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസി 2020-ലെ സ്‌കിൽഡ് ഇമിഗ്രേഷൻ ആക്ടിന്റെ അടിസ്ഥാനത്തിൽ കേരളസർക്കാരുമായി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാർ ഒപ്പിട്ടത്. യൂറോപ്യൻ യൂണിയനു പുറത്തുള്ള സർക്കാരുകളുമായി ജർമനി ഒപ്പിട്ടിട്ടുള്ള രണ്ടു കരാറുകളിൽ ഒന്നാണിതെന്ന കാര്യംകൂടി ഓർക്കുക.
മാലാഖമാർ പറന്നകലുമ്പോൾ
ഈവർഷത്തെ അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിന്റെ പ്രമേയം ‘നമ്മുടെ നഴ്‌സുമാർ, നമ്മുടെ ഭാവി’ എന്നതാണ്. നമ്മുടെ ആ ഭാവിയാണ് ഇപ്പോൾ ചോദ്യചിഹ്നമായി നമ്മുടെ മുന്നിൽനിൽക്കുന്നത്. ഈ പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങൾ ശരിക്കുപറഞ്ഞാൽ രണ്ടെണ്ണം മാത്രമാണ്. ആദ്യത്തേത് അർഹിക്കുന്ന വേതനത്തിന്റെ അഭാവം. 2018-ൽനടന്ന ദീർഘമായ സമരത്തിന്റെ അടിസ്ഥാനത്തിൽ നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. പക്ഷേ, ഇക്കഴിഞ്ഞ നാളുകളിലും തൃശ്ശൂർ ജില്ലയിലെ നഴ്‌സുമാർ ഈ തുച്ഛമായ വേതനം ലഭിക്കുന്നതിനുവേണ്ടി സമരത്തിനിറങ്ങേണ്ടിവന്നു. ഒരു അവിദഗ്‌ധതൊഴിലാളിക്ക് 900 രൂപ ദിവസവേതനമായി ലഭിക്കുന്ന സ്ഥലത്താണ് ഉയർന്ന വിദ്യാഭ്യാസയോഗ്യതയും മികച്ച തൊഴിൽനൈപുണ്യവുമുള്ള നഴ്‌സുമാരുടെ ഈ ദുരവസ്ഥ.
രണ്ടാമതായി, അവരർഹിക്കുന്ന ബഹുമാനവും അംഗീകാരവും ഒരു സമൂഹമെന്നനിലയിൽ നാം നൽകാത്തതാണ്. ഒരു ഡോക്ടർ നിശ്ചയിക്കുന്ന ചികിത്സാരീതിയും ക്രമങ്ങളും കൃത്യമായി നടപ്പാക്കുന്നത് നഴ്‌സുമാർതന്നെയാണ്. പക്ഷേ, ഒരു ഡോക്ടർക്ക് നമ്മുടെ സമൂഹംനൽകുന്ന ആദരത്തിന്റെയും അംഗീകാരത്തിന്റെയും നൂറിലൊന്നെങ്കിലും നമ്മൾ നഴ്‌സുമാർക്ക് നൽകുന്നുണ്ടോ എന്നു ചിന്തിക്കുക. ഐ.സി.യു.വിലോ, സി.സി.യു.വിലോ കിടക്കുന്ന ഒരു രോഗിക്ക് അച്ഛനോ, അമ്മയോ, മകനോ, മകളോ, ഭാര്യയോ, ഭർത്താവോ നൽകേണ്ട പല പരിചരണങ്ങളും നൽകുന്നതുവഴി ഇവർ നമ്മുടെ കുടുംബത്തിന്റെയും ജീവിതത്തിന്റെയും ഭാഗമാകുകയാണ്. അതുകൊണ്ടായിരിക്കും പഴയകാലത്ത് ഇവരെ നഴ്‌സമ്മ എന്നു വിളിച്ചിരുന്നത്.
വിദേശനാണ്യം ഇനിയുണ്ടാവില്ല
ഇതിൽ ആദ്യത്തെ പ്രതിസന്ധി, അതായത് ഉയർന്നവേതനം എന്നത് സമീപഭാവിയിലെങ്ങും നമുക്കു പരിഹരിക്കാൻ പറ്റുകയില്ല. ഇവിടെ മാസം വെറും 20,000 രൂപയ്ക്കുവേണ്ടി തെരുവിൽ സമരം ചെയ്യുന്ന ഒരു നഴ്‌സിന് അയർലൻഡ് പോലെയുള്ള ഒരു രാജ്യത്ത് ഒരാഴ്ചത്തെ ജോലിക്കുലഭിക്കുന്ന വേതനം ഒരുലക്ഷം രൂപയ്ക്കടുത്താണ്. അതും നിയമപ്രകാരമുള്ള ജോലിസമയത്തിന്. കൂടുതൽ ജോലിസമയത്തിന് അധികവേതനം വേറെയും. ഏറ്റവും പ്രധാനം കുടുംബത്തെ ഒപ്പംകൂട്ടാനുള്ള റെസിഡൻസി സൗകര്യവും. ഇത് വരുന്നതുകൊണ്ട് രണ്ടുകാര്യം ഉറപ്പാക്കാം. അവരുടെയും അടുത്ത തലമുറകളുടെയും ഒരു തിരിച്ചുവരവ് ഇനിയുണ്ടാകില്ല. രണ്ടാമതായി, വിദേശ നാണ്യത്തിന്റെ ഒഴുക്കും ഉണ്ടാവില്ല. ഇന്ത്യൻ ജി.ഡി.പി.യുടെ ഏകദേശം 3.1 ശതമാനം വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന നഴ്‌സുമാരുടെ സംഭാവനയാണെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ ഭൂരിഭാഗവും എത്തുന്നത് കേരളത്തിലുമാണ്.
ആദരം നൽകുക, പ്രതിഫലവും
ഇനി നമ്മൾക്ക് ഇവരെ നിലനിർത്താനുള്ള ഏക പോംവഴിയെന്നത് ഒരു സമൂഹമെന്ന നിലയിൽ അവരർഹിക്കുന്ന ബഹുമാനവും അംഗീകാരവും നൽകുക എന്നതു മാത്രമാണ്. 1950-കളിൽ ഇന്ത്യൻ സൈന്യത്തിലേക്ക് നഴ്‌സുമാരെ നിയമിക്കാൻ തുടങ്ങിയപ്പോൾ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോൻ ഒരു സുപ്രധാന തീരുമാനം നടപ്പാക്കി. തിരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാർക്ക് ഓഫീസർ റാങ്ക് നൽകുക എന്നത്. മറ്റു വിഭാഗങ്ങളിലെ സൈനിക ഉദ്യോഗസ്ഥർക്ക് തുല്യമായ റാങ്കും പദവിയും അവർക്കു നൽകി. ആ നടപടി നൽകിയ അഭിമാനബോധവും ആത്മവിശ്വാസവും കാരണം ഇന്ന് ലോകത്തെത്തന്നെ ഏറ്റവുംമികച്ച നഴ്‌സിങ് വിഭാഗമായി അവർ നിലനിൽക്കുന്നു.
ഇക്കഴിഞ്ഞ മാർച്ചിൽ വിഖ്യാത ഫോട്ടോ ജേണലിസ്റ്റായ ടോം വിൽസ്റ്റൺ ഗാർഡിയൻ പത്രത്തിൽ നൽകിയ ഒരു ഫോട്ടോഫീച്ചറിലെ ഒരു പ്രധാന വ്യക്തി ആലപ്പുഴ പുന്നപ്രക്കാരനായ ബിജോയ് സെബാസ്റ്റ്യൻ ആയിരുന്നു. ലണ്ടനിൽ ആൾക്കാർ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്ന, ഏറ്റവും സമർപ്പണബോധമുള്ള, ഉത്സാഹിയായ, അനുകമ്പയുള്ള ഒരു വ്യക്തി എന്നതായിരുന്നു വിശേഷണം. 2011 മുതൽ ലണ്ടനിൽ നഴ്‌സ് ആയി ജോലിചെയ്യുകയാണ് ബിജോയ് സെബാസ്റ്റ്യൻ. ഇതാണ് അവരുടെ സമീപനവും കാഴ്ചപ്പാടും.
ഇന്ത്യയിലെ നിർദിഷ്ട യോഗ്യതയുള്ള നഴ്‌സുമാരിൽ ഏകദേശം 70 ശതമാനം മലയാളികളാണ്. പതിനായിരം പേർക്ക് 3.6 നഴ്‌സുമാർ എന്നതാണ് ദേശീയ അനുപാതമെങ്കിൽ കേരളത്തിൽ അത് 18.5 ആയിരുന്നു. ഏകദേശം 8500 നഴ്‌സുമാർ പ്രതിവർഷം കേരളത്തിൽ യോഗ്യതനേടുന്നു. പക്ഷേ, അതിൽ വലിയശതമാനവും വിദേശത്തേക്ക് പോകുന്നു. ഓർക്കുക, കേരളം വിദൂരഭാവിയിൽ വയോജനങ്ങളുടെ ഒരു നാടായി മാറിയിരിക്കും. അന്നായിരിക്കും ഈ മാലാഖമാരെ നമുക്ക് ഏറ്റവും വേണ്ടിവരുന്നതും.
(ഇൻവിസ് മൾട്ടിമീഡിയസ്ഥാപക ഡയറക്ടറാണ് ലേഖകൻ)
Content Highlights: nurses day thoughts on what indian nurses actually need to survive


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..