'നിര്‍ഭാഗ്യത്തിന്റെ നാളുകളില്‍  തായ്‌മൊഴിയെ ആശ്രയിക്കുന്നവര്‍..'- വീരാന്‍കുട്ടി


By വീരാന്‍കുട്ടി

3 min read
Read later
Print
Share

അന്താരാഷ്ട്ര മാതൃഭാഷാദിനത്തില്‍ വീരാന്‍കുട്ടി എഴുതുന്നു

വീരാൻകുട്ടി (Photo: Sasi gayathri)

എന്റെ ഭാഷയുമൊത്ത്
ഈ മൂകലോകത്തോടൊപ്പം
ഞാന്‍ കഴിയുന്നു,
അഗ്‌നിക്കും മഹാവ്യാധിക്കുമിടയില്‍ ...

-അഡോണിസ്

നിച്ചു വീഴുമ്പോള്‍ ഒരാള്‍ കൂടെക്കൊണ്ടുവരുന്നതാണ് മാതൃഭാഷ എന്നു പറയാം. നവജാതശിശുവിന്റെ കരച്ചിലായി അത് ഉരുവംകൊള്ളുന്നു. ആ ഭാഷയില്‍, അക്ഷരമായോ ഉച്ചാരണമായോ വ്യവസ്ഥപ്പെടാത്ത ഒരൊറ്റ ശബ്ദമേയുള്ളു. അതിന്റെ മൊഴിയലില്‍, സങ്കടമോ സന്തോഷമോ ചേര്‍ത്ത് കൈകാലിട്ടടിക്കുന്നതിന്റെ ആംഗ്യം സഹിതം അവരതുപയോഗിക്കുന്നു. ലോകത്തെ എല്ലാജീവികളും ഈയൊരളവില്‍ മാതൃഭാഷ ഉപയോഗിക്കുന്നുണ്ട് എന്നു പറയാം.

ഇഷ്ടങ്ങള്‍ /അനിഷ്ടങ്ങള്‍ പറയാന്‍ വാക്കുകള്‍ കൈവരുന്ന മുറയ്ക്ക് കരച്ചിലിനോടുള്ള കുട്ടിയുടെ വിധേയത്വം കുറയും. ആദ്യമാദ്യം കുറഞ്ഞ വാക്കുകളുള്ള ഒന്നായി അത് രൂപാന്തരപ്പെടും. കാക്ക എന്ന വിളിക്കുമ്പോള്‍ എല്ലാ കിളികളും വിളികേള്‍ക്കുന്ന, ചൂച്ച എന്ന വാക്ക് തന്നെപ്പറ്റിയാണെന്ന് പൂച്ചയ്ക്ക് മനസ്സിലാകുന്ന ഘട്ടമാണത്. പിന്നെപ്പിന്നെ ഭാഷ ഒരു ബലമായി, സ്വസ്ഥതയും സുരക്ഷാവസ്ത്രവുമായി ഒപ്പം സഞ്ചരിക്കാന്‍ തുടങ്ങുന്നു.

മാതൃഭാഷ എന്ന പദസമുച്ചയം പോലെ അര്‍ത്ഥവത്തായ ഒരു സമസ്തപദം വേറെയില്ല. പിറന്നശേഷം കുട്ടിയെ രണ്ട് അമ്മമാര്‍ ചേര്‍ന്നാണ് വളര്‍ത്തുന്നത് എന്നതുകൊണ്ടാണത്. ആശയാവിഷ്‌കാരത്തിനും വൈകാരിക വിനിമയത്തിനും ഭാഷ സഹായിക്കുന്നു. അവ യഥാര്‍ത്ഥ്യമാക്കാന്‍ പെറ്റമ്മയും കൂടെനില്ക്കുന്നു. മുതിരുമ്പോള്‍ വിചാരലോകവും ഭാവനയും കൈവരുന്നതോടെ ഭാഷയുടെ 'മാതൃശേഷി' ശക്തിയാര്‍ജ്ജിക്കുകയും പെറ്റമ്മയുടെ കാന്തികപ്രഭാവം ദുര്‍ബലമാവുകയും ചെയ്യും. ഭാഷ പകര്‍ന്ന കരുത്താണു ഞാന്‍ എന്ന് മരിക്കുവോളം ഒരാള്‍ മാതൃഭാഷയോട് കടപ്പെട്ടിരിക്കുന്നതിന്റെ പൊരുളതാണ്.

മാതൃഭാഷയുടെ പ്രഭാവം എത്രയെന്നറിയാന്‍ ബ്രെയിന്‍ സ്‌ട്രോക്ക് വന്ന ഒരാളുടെ കേസ് ഡയറി നോക്കിയാല്‍ മതി. തലച്ചോറില്‍, ഭാഷയെ നിയന്ത്രിക്കുന്ന ഭാഗത്താണ് രക്തം കട്ടപിടിച്ചതെങ്കില്‍ ഭാഷതന്നെ പോയ്‌പ്പോയെന്നു വരാം. അക്ഷരമാലയും അക്കങ്ങളും ഒന്നും തിരിച്ചറിയാത്ത അവസ്ഥയുണ്ടാകാം. ഭാഷയിലാണ് തലച്ചോറിലെ സിഗ്‌നല്‍ സിസ്റ്റം പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ഭാഷ നഷ്ടമാകുന്ന ഒരാളുടെ ശാരീരികചലനംവരെ നിയന്ത്രിക്കപ്പെടാനിടവരും. സ്ഥലകാലബന്ധവും താളംതെറ്റാം. അള്‍ഷിമേഴ്‌സ് ബാധിച്ചവര്‍, ആദ്യം പഠിച്ച മാതൃഭാഷയെ ഏറ്റവും ഒടുവിലേ മറക്കുകയുള്ളു എന്നു പഠനം തെളിയിക്കുന്നു. ഇറ്റലോ കാല്‍വിനോ വാര്‍ദ്ധക്യത്തില്‍ ഓര്‍മ്മ നഷ്ടമാകാതിരിക്കാനായി മാതൃഭാഷയിലെ കവിതകള്‍ മന:പാഠമാക്കി ചൊല്ലുമായിരുന്നു.

വ്യക്തിയെപോലെ സമൂഹത്തെയും ഒരു ഓര്‍ഗാനിസമായി സങ്കല്പിച്ചാല്‍ അതിനുമുണ്ട് മനസ്സും ആര്‍ജിത സ്മൃതികളും എന്നു കാണാനാകും. സമൂഹമനസ്സിന്റെ ഓര്‍മ്മയെയാണ് നാം ചരിത്രമെന്നു വിളിക്കുന്നത്. ഭാഷകൊണ്ടാണ് ആ ഓര്‍മ്മയും മെടഞ്ഞിരിക്കുന്നത്. ഭാഷയില്ലാതാകുന്നതോടെ സമൂഹത്തിനും കൂട്ട അംനേഷ്യ സംഭവിച്ചേക്കാം.പ്രസിദ്ധ ഡച്ച് കവിയായ ഷെല്‍ എസ്പമാര്‍ക്കിന്റെ 'ഭാഷ മരിക്കുമ്പോള്‍' എന്ന കവിതയില്‍
(ഉറങ്ങുന്നവര്‍ക്കുള്ള കത്തുകള്‍ |മൊഴിമാറ്റം: സച്ചിദാനന്ദന്‍)
ഇങ്ങനെ ഒരു വരിയുണ്ട്:
'ഭാഷ മരിക്കുമ്പോള്‍ മരിച്ചവര്‍ ഒരു കുറികൂടി മരിക്കുന്നു'
ഏതാണീ രണ്ടാമത്തെ മരണം?
മരിച്ചവര്‍ മറ്റുള്ളവരുടെ ഓര്‍മ്മയില്‍ ജീവിക്കുന്നു. രക്തസാക്ഷികള്‍ സമൂഹത്തിന്റെ സഞ്ചിതമായ ഓര്‍മ്മയില്‍ അനശ്വരത തേടുന്നു. ഭാഷ മരിച്ചാല്‍ ഓര്‍മ്മകള്‍ ഇല്ലാതാകും. ഓര്‍മ്മയില്‍ ജീവനോടെ ഇരിക്കാനുള്ള മനുഷ്യന്റെ സാധ്യത അതോടെ അവസാനിക്കുന്നു. ഭാഷയുടെ നഷ്ടംമൂലം സംഭവിക്കുന്ന ആ ദ്വിതീയമരണം എന്നെന്നേക്കുമായുള്ളതാണ് എന്നതാണ് ശ്രദ്ധിക്കേണ്ടത്. അതുവരെ കേട്ട കിളികളുടെ പാട്ട് വെറും ഒച്ചയായി മാറുന്ന സന്ദര്‍ഭമെന്ന് എസ്പമാര്‍ക്ക് അതിനെക്കുറിച്ചെഴുതുന്നു.

ലോകപ്രസിദ്ധ കെനിയന്‍ എഴുത്തുകാരന്‍ Ngugi Wa Thiong'o' തുടങ്ങിവച്ച, ആഫ്രിക്കന്‍ എഴുത്തുകാരുടെ ഇംഗ്ലീഷ് ബഹിഷ്‌കരണം എന്ന ആശയം മാതൃഭാഷയെ കോളണി വിരുദ്ധസമരത്തിന്റെ ചിഹ്നമായി ഉപയോഗിക്കുന്നതില്‍ വിജയിച്ചു. 'Decolonizing The Mind ' എന്ന് പേരിട്ട ആ യജ്ഞം തിയോംഗോ ആരംഭിക്കുന്നത് ജയിലില്‍ വച്ചാണ്. അധിനിവേശ മനസ്സുള്ള കെനിയന്‍ ഭരണകൂടം അദ്ദേഹത്തെ തുറുങ്കിലടച്ചു. പുസ്തകമോ എഴുതാന്‍ കടലാസോ ഇല്ലാത്ത കഠിന തടവ്. രഹസ്യമായി അധികൃതരുടെ കണ്ണുവെട്ടിച്ച്, മാപ്പെഴുതാനെന്ന വ്യാജേന കൈവശപ്പെടുത്തിയ പേന കൊണ്ട് ടോയ്‌ലറ്റ് പേപ്പറില്‍ അദ്ദേഹം തന്റെ മാതൃഭാഷയായ 'ഗികുയു'വില്‍ നോവല്‍ എഴുതി ചരിത്രത്തിലിടം നേടി. ഗികുയു ഭാഷയിലെ ആദ്യത്തെ മോഡേണ്‍ 'ആഖ്യായികയായിരുന്നു അത്. ഇംഗ്ലീഷ് ഭാഷയെ ഉപേക്ഷിക്കുക വഴി, തങ്ങളുടെ മാതൃഭാഷയെ രണ്ടാംകിടയായി കാണാനുള്ള അധിനിവേശമനസ്ഥിതിയില്‍ നിന്നും മുക്തി നേടാന്‍ എഴുത്തുകാര്‍ പ്രതിജ്ഞാബദ്ധരായി. ആഫ്രിക്കന്‍ അനുഭവങ്ങള്‍ സത്യസന്ധമായി എഴുതാന്‍ തങ്ങളുടെ മാതൃഭാഷ കൊണ്ടേ സാധിക്കൂ എന്ന തിരിച്ചറിവ് ഈ മുന്നേറ്റത്തിന്റെ മറ്റൊരു കാരണമാണ്.

'എന്റെ വിശ്വസ്തയായ മാതൃഭാഷ' എന്ന കവിതയില്‍ ഷെസ് വാ മിവാഷ് എന്ന പോളിഷ് കവി ഇങ്ങനെ എഴുതുന്നു:
'...എന്നാല്‍ നിന്നെ കൂടാതെ ഞാനാര്?
വിദൂര പ്രവിശ്യയിലെ ഒരു വെറും പണ്ഡിതന്‍,
ഭയമോ അപമാനമോ തോന്നാത്ത ഒരു വിജയി,
അതേ നീയില്ലാതെ ഞാനാര്?
വെറുമൊരു തത്വവിചാരകന്‍, സര്‍വ്വരേയും പോലെ.'

ലോകത്തെ മഹാന്മാരായ എല്ലാ കവികളും മിവാഷിനെപ്പോലെ നിര്‍ഭാഗ്യത്തിന്റെ നാളുകളില്‍ ഇത്തിരി ക്രമവും സൗന്ദര്യവും തിരികെ കൊണ്ടുവരാന്‍, സ്വന്തം തായ് മൊഴി മുമ്പാകെ ചായക്കോപ്പകളില്‍ തെളിഞ്ഞതും കലര്‍പ്പില്ലാത്തതുമായ നിറങ്ങള്‍ നിറച്ചുവെക്കുന്നു. അമ്മമൊഴിയുടെ അളവറ്റ നിറങ്ങളില്‍ വീണ്ടും വീണ്ടും പിറവി കൊള്ളുന്നതിന്റെ ധന്യത അറിയുകയും ചെയ്യുന്നു.

Content Highlights: international mother language day 2023, poet veerenkutty, mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented