ഭേദമാക്കാന്‍ സാധിക്കുന്നതാണ് കുട്ടികളിലെ കാന്‍സര്‍; ഇക്കാര്യങ്ങള്‍ അറിയൂ


ഡോ. കെ.ജി. ഗോപകുമാര്‍

കുട്ടികളിലെ പല കാന്‍സറുകള്‍ക്കും പ്രധാന കാരണം ജനിതകഘടനയിലെ വ്യത്യാസമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് കണ്ടെത്തേണ്ടതുണ്ട്

Representative Image| Photo: Gettyimages

നുഷ്യന്‍ ആധുനിക ചികിത്സയില്‍ ഏറെ പുരോഗതി കൈവരിച്ചെങ്കിലും കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാവുന്ന ഭീതി ചെറുതല്ല. ഒരാള്‍ക്ക് കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചാല്‍, പലപ്പോഴും 'ഇനിയിപ്പോ രക്ഷയില്ലെല്ലോ' എന്നാകും ചിന്ത. കുട്ടികള്‍ക്കാണ് കാന്‍സറെങ്കില്‍ ആ പ്രയാസം ആലോചിക്കാവുന്നതേയുള്ളു. ചികിത്സയ്ക്കായി എങ്ങോട്ടുപോകണം, ആരെ കാണിക്കണം, എവിടെയാണ് നല്ല ചികിത്സ എന്നൊക്കെയാവും പൊതുവെയുള്ള ചിന്തകള്‍. ഏത് ചികിത്സയെടുക്കണം എന്നുള്ള ആശയക്കുഴപ്പം വേറെയും. വീട്ടിലും നാട്ടിലുമായി അസുഖത്തെ കുറിച്ചും ചികിത്സയെക്കുറിച്ചും വിഭിന്നാഭിപ്രായം ആയിരിക്കും. കുട്ടിയുടെ രക്ഷിതാക്കള്‍ ധര്‍മസങ്കടത്തിലാവാന്‍ വേറെയൊന്നും വേണ്ട.

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഓരോ വര്‍ഷവും ഏകദേശം മൂന്നുലക്ഷം കുട്ടികളാണ് കാന്‍സര്‍ബാധിതരാകുന്നത്. കുട്ടികളില്‍ കാന്‍സര്‍ സാധാരണ കണ്ടുവരുന്ന രോഗമല്ലെങ്കിലും കുട്ടികളിലെ മരണകാരണങ്ങളെടുത്താല്‍ കാന്‍സര്‍ മുന്‍പന്തിയിലാണ്. ബ്ലഡ് കാന്‍സര്‍, തലച്ചോറിലെ കാന്‍സറുകള്‍, ലിംഫോമ എന്നിവയാണ് കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന കാന്‍സറുകള്‍. ഇതിനു പുറമെ പ്രായാനുസൃതമായി ശരീരത്തിന്റെ പല അവയവങ്ങളിലും/ഭാഗത്തും കാന്‍സര്‍ ബാധിക്കാം. എല്ലുകളിലും കണ്ണുകളിലും വൃക്കകളിലും, കരളിലും പുറമെ, പേശികളിലും കുട്ടികളില്‍ കാന്‍സര്‍ കണ്ടു വരുന്നു.

മനുഷ്യന്റെ മാറിവരുന്ന ജീവിതശൈലി പല കാന്‍സറുകള്‍ക്കും കാരണമായി കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും കുട്ടികളില്‍ എന്തുകൊണ്ട് കാന്‍സര്‍ കണ്ടുവരുന്നു എന്നതിന്റെ കാരണം വ്യക്തമല്ല. കുട്ടിയുടെ ജനിതക ഘടകത്തിലുണ്ടാവുന്ന വ്യത്യാസങ്ങള്‍ പല കാന്‍സറുകള്‍ക്കും കാരണമായി കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് ഇവ ഉണ്ടാവുന്നത് എന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.

കുട്ടികളില്‍ കണ്ടുവരുന്ന കാന്‍സറുകള്‍ മുതിര്‍ന്നവരില്‍ കണ്ടുവരുന്നവയെ അപേക്ഷിച്ച് ശാസ്ത്രീയമായി ചികിത്സനല്‍കിയാല്‍ മാറിക്കിട്ടാനുള്ള സാധ്യത കൂടുതലാണ്. കാന്‍സറിന്റെ സ്വഭാവവും തീവ്രതയുമനുസരിച്ചാണ് പലപ്പോഴും ചികിത്സാരീതി നിശ്ചയിക്കുന്നത്. കീമോതെറാപ്പി, മജ്ജ മാറ്റിവെക്കല്‍ ചികിത്സ, റേഡിയേഷന്‍ ചികിത്സ, സര്‍ജറി, ഇമ്മ്യൂണോതെറാപ്പി എന്നിവയാണ് പ്രധാന കാന്‍സര്‍ ചികിത്സാരീതികള്‍. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (ALL) യുടെ അതിജീവനം പല പാശ്ചാത്യരാജ്യങ്ങളില്‍ 80-90 ശതമാനത്തില്‍വരെ എത്തിനില്‍ക്കുന്നു. ഇന്ത്യയിലും കേരളത്തിലും അതിജീവനം ഒട്ടും പിറകിലല്ല, പ്രത്യേകിച്ച് കേരളത്തില്‍. അസുഖലക്ഷണങ്ങളെ ഗൗരവമായി കണ്ട്, വൈകാതെ തന്നെ ചികിത്സ തേടണം എന്നുള്ള നമ്മുടെ ചിന്താഗതിതന്നെയാണ് അസുഖം പെട്ടെന്നുതന്നെ കണ്ടുപിടിക്കാന്‍ സഹായകരമാകുന്നത്. ദിനംപ്രതി പുരോഗമിച്ചുകൊണ്ടിരിക്കുന്ന രോഗനിര്‍ണയ ടെസ്റ്റുകളും, കാന്‍സറുകളെ കുറിച്ചുള്ള അവബോധവും ഇതില്‍ വലിയപങ്കുവഹിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ചികിത്സയ്ക്ക് പുറമെ, ചികിത്സിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉണ്ടാവുന്ന അണുബാധയെ ചെറുക്കാനുള്ള മരുന്നുകളിലും യന്ത്രസംവിധാനങ്ങളിലും കൈവരിച്ചിട്ടുള്ള നൈപുണ്യവും പുരോഗതിയും അതിജീവനം മെച്ചപ്പെടുത്താന്‍ വളരെയധികം സഹായകരമായിട്ടുണ്ട്.

സോഷ്യല്‍ മീഡിയയുടെ അതിപ്രസരം കാന്‍സര്‍ ബോധവത്കരണത്തില്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ട്. രക്തദാന ഗ്രൂപ്പുകളിലൂടെ രക്തലഭ്യത മെച്ചപ്പെട്ടിരിക്കുന്നു. ഇതിനുപുറമെ ചികിത്സയിലുള്ളവര്‍ പല വാട്‌സാപ്പ് ഗ്രൂപ്പിലൂടെയും മനോധൈര്യവും ഒത്തൊരുമയും കൈവരിക്കുന്നു. പല കാന്‍സര്‍ ആശുപത്രികളിലും നടന്നുവരുന്ന, കാന്‍സറിനെ അതിജീവിച്ചവരുടെ ഒത്തുചേരല്‍ ചികിത്സയെടുക്കുന്നവരില്‍ ഉണര്‍വും പുതുജീവനും നല്‍കുന്നു. 'എനിക്കുമാകാമെങ്കില്‍ നിങ്ങള്‍ക്കുമാകാം' എന്നുള്ള സന്ദേശം ചികിത്സതുടരുന്നവരില്‍ ഉണ്ടാക്കുന്ന ആത്മവിശ്വാസം ചെറുതല്ല. എല്ലാവര്‍ക്കും ഒത്തുചേര്‍ന്ന് ശാസ്ത്രീയമായ ചികിത്സയിലൂടെ കാന്‍സറിനെ തോല്‍പ്പിക്കാം എന്ന മുദ്രാവാക്യമാണ് നാമെല്ലാവരും ഉള്‍ക്കൊള്ളേണ്ടതും പ്രചരിപ്പിക്കേണ്ടതും.

(തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ പീഡിയാട്രിക് ഓങ്കോളജിസ്റ്റാണ് ലേഖകന്‍)

Content Highlights: International Childhood Cancer Day 2022, How to prevent Childhood Cancer

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented