ശാസ്ത്രം സ്വതന്ത്ര ഇന്ത്യയില്‍: 75 വര്‍ഷത്തെ കുതിപ്പും കിതപ്പും!


ജോസഫ് ആന്റണിനൂറ്റാണ്ടുകളോളം ബ്രിട്ടീഷ് ചൂഷണത്തിനിരയായ ഒരു രാജ്യം, ലോകത്തിന് മുന്നില്‍ നടുവ് നിവര്‍ത്തി നില്‍ക്കാന്‍ നടത്തിയ കഠിനപ്രയത്നത്തിന്റെ ഫലമാണ് ഇന്ന് രാജ്യത്ത് കാണുന്ന ശാസ്ത്രപുരോഗതി

അസ്ട്രോസാറ്റ്, ചിത്രകാരന്റെ ഭാവന | ചിത്രം കടപ്പാട്: ISRO

ടുത്തയിടെ വന്ന രണ്ട് വാര്‍ത്തകളില്‍ നിന്ന് തുടങ്ങാം. 'കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചി' (സി.എസ്.ഐ.ആര്‍) ന്റെ മേധാവിയായി ഒരു സ്ത്രീ ആദ്യമായി നിയമിക്കപ്പെട്ടതാണ് ഒരു വാര്‍ത്ത. ഡോ.എന്‍.കലൈസെല്‍വി ആണ് പുതിയ സാരഥി. ഇന്ത്യയാകെയുള്ള 38 ദേശീയ ലബോറട്ടറികളും 39 ഫീല്‍ഡ് സ്റ്റേഷനുകളും ഉള്‍പ്പെട്ട ശൃംഖലയാണ് സി.എസ്.ഐ.ആര്‍. ഇവയിലെല്ലാംകൂടി ഏതാണ്ട് 3500 ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്കുന്നു, 4500 ഓളം ടെക്നീഷ്യന്‍മാരും. ഇത്ര ബൃഹത്തായ ശൃംഖലയുടെ നേതൃത്വമാണ് ഡയറക്ടര്‍ ജനറല്‍ എന്ന നിലയ്ക്ക് ഡോ.കലൈസെല്‍വി ഇനി വഹിക്കുക.

ലിഥിയം-അയേണ്‍ ബാറ്ററിയുമായി ബന്ധപ്പെട്ട ഗവേഷണ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച ശാസ്ത്രകാരിയാണ്, തമിഴ്നാട്ടില്‍ അംബാസമുദ്രം സ്വദേശിയായ കലൈസെല്‍വി. ഇതിനകം 125 ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു, ആറ് പേറ്റന്റുകള്‍ക്ക് ഉടമയാണ്. എട്ട് വിദ്യാര്‍ഥികള്‍ കലൈസെല്‍വിയുടെ മേല്‍നോട്ടത്തില്‍ ഗവേഷണം നടത്തി പി.എച്ച്.ഡി.നേടി.

വാര്‍ത്തകളില്‍ രണ്ടാമത്തേത്, ഇന്ത്യയുടെ ബഹിരാകാശ ടെലിസ്‌കോപ്പായ 'അസ്ട്രോസാറ്റു'മായി ബന്ധപ്പെട്ടതാണ്. നാസയുടെ 'ജയിംസ് വെബ്ബ് സ്പേസ് ടെലിസ്‌കോപ്പി'ല്‍ നിന്നുള്ള ആദ്യദൃശ്യങ്ങള്‍ ലോകമെങ്ങും സൃഷ്ടിച്ച ആവേശത്തിനിടെ, അസ്ട്രോസാറ്റില്‍ നിന്നുള്ള ഒരു പ്രധാന കണ്ടെത്തല്‍ അധികമാരും ശ്രദ്ധിച്ചില്ല. നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തിന് വെളിയില്‍ ഒരു 'കുള്ളന്‍ ഗാലക്സി' (ഡ്വാര്‍ഫ് ഗാലക്സി) രൂപപ്പെടുന്നത് ആദ്യമായി നിരീക്ഷിക്കുകയാണ് അസ്ട്രോസാറ്റിന്റെ സഹായത്തോടെ ഗവേഷകര്‍ ചെയ്തത്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് 'നേച്ചര്‍' (ജൂലൈ 20, 2022) ജേര്‍ണലിലാണെന്ന കാര്യം, ഈ കണ്ടെത്തത്തിന്റെ പ്രാധ്യാന്യം അടിവരയിട്ടുറപ്പിക്കുന്നു.

ഡോ.എന്‍. കലൈസെല്‍വി | ചിത്രം കടപ്പാട്: cecri.res.in/

2015 ല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ) വിക്ഷേപിച്ച അസ്ട്രോസാറ്റ്, വ്യത്യസ്ത തരംഗപരിധികളില്‍ പ്രപഞ്ചത്തെ നിരീക്ഷിക്കാന്‍ ശേഷിയുള്ള സ്പേസ് ടെലിസ്‌കോപ്പാണ്. 48 രാജ്യങ്ങളില്‍ നിന്നായി 1483 രജിസ്റ്റര്‍ ചെയ്ത യൂസര്‍മാര്‍ അസ്ട്രോസാറ്റിനുണ്ട്. അതില്‍ പകുതിയോളം ഇന്ത്യാക്കാരാണ്. പിയര്‍-റിവ്യൂ ചെയ്ത 150 ഓളം പഠനറിപ്പോര്‍ട്ടുകളും 1500 ലേറെ പ്രസിദ്ധീകരണങ്ങളും അഞ്ചുവര്‍ഷത്തെ അസ്ട്രോസാറ്റിന്റെ നിരീക്ഷണം വഴി സാധ്യമായി. 15 പി.എച്ച്.ഡി. പ്രബന്ധങ്ങള്‍ക്കും അസ്ട്രോസാറ്റ് വഴിതെളിച്ചു. ഇപ്പോള്‍ നേച്ചറില്‍ വന്ന പഠനം നടത്തിയ അന്താരാഷ്ട്രസംഘത്തിന് നേതൃത്വം നല്‍കുന്നത്, അസമില്‍ തേസ്പൂര്‍ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി.വിദ്യാര്‍ഥി അന്‍ഷുമാന്‍ ബൊര്‍ഗോഹെയ്ന്‍ ആണ്.

ശാസ്ത്രം സ്വതന്ത്ര ഇന്ത്യയില്‍

മുകളില്‍ പറഞ്ഞ സി.എസ്.ഐ.ആറും, അസ്ട്രോസാറ്റുമൊന്നും ഇന്ത്യയില്‍ യാദൃച്ഛികമായി സംഭവിച്ചതല്ല. നൂറ്റാണ്ടുകളോളം ബ്രിട്ടീഷ് ചൂഷണത്തിനിരയായി നടുവൊടിഞ്ഞ ഒരു രാജ്യം, ലോകത്തിന് മുന്നില്‍ നടുവ് നിവര്‍ത്തി നില്‍ക്കാന്‍ നടത്തിയ കഠിനപ്രയത്നത്തിന്റെ ഫലമാണത്. 1947 ല്‍ സ്വതന്ത്രമാകുമ്പോള്‍, ഇന്ത്യന്‍ ശാസ്ത്രസാങ്കേതികരംഗത്ത് ഇല്ലായ്മകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു തെര്‍മോമീറ്റര്‍ പോലും യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്യണമായിരുന്നു. ആ അരിഷ്ടതയില്‍ നിന്നാണ് ആണവ യുഗത്തിലേക്കും, ബഹിരാകാശ യുഗത്തിലേക്കും രാജ്യമെത്തിയത്.

ജവഹർലാല്‍ നെഹ്റു, ഹോമി ഭാഭ

സ്വതന്ത്ര ഇന്ത്യയില്‍ ആണവപ്രോഗ്രാം ഉള്‍പ്പടെയുള്ള ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച ഹോമി ഭാഭയ്ക്കും, സി.എസ്.ഐ.ആര്‍.ശൃംഖല സൃഷ്ടിച്ച് ചരിത്രം കുറിച്ച ശാന്തി സ്വരൂപ് ഭട്നാഗറിനും, വിജയകരമായ ബഹിരാകാശ പരിപാടിക്ക് തേതൃത്വം നല്‍കിയ വിക്രം സാരാഭായിക്കും, രാജ്യത്തെ സസ്യസമ്പത്ത് സംരക്ഷിക്കാന്‍ പാകത്തില്‍ 'ബൊട്ടാണിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ' (ബി.എസ്.ഐ) പുനസംഘടിപ്പിക്കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ മലയാളിയായ ഡോ.ഇ.കെ.ജാനകി അമ്മാളിനും ഒക്കെ പ്രോത്സാഹനം നല്‍കാന്‍ ജവഹര്‍ലാല്‍ നെഹ്റു എന്ന ശാസ്ത്രതത്പരനും ക്രാന്തദര്‍ശിയുമായ പ്രധാനമന്ത്രി ഉണ്ടായിരുന്നു. അതിന്റെ കൂടി ഫലമാണ്, ഇന്നു നമ്മള്‍ കാണുന്ന മുന്നേറ്റം.

ഇ.കെ.ജാനകി അമ്മാള്‍ |
കടപ്പാട്: University of Michigan, USA

എം.എസ്.സ്വാമിനാഥന്‍ (ഹരിതവിപ്ലവം), സി.എന്‍.ആര്‍.റാവു (കെമിസ്ട്രി), ജി.എന്‍.രാമചന്ദ്രന്‍ (ജീവതന്മാത്രാശാസ്ത്രം), ഗോവിന്ദ് സ്വരൂപ് (റേഡിയോ അസ്ട്രോണമി), യു.ആര്‍.റാവു (ഉപഗ്രഹ നിര്‍മാണം), അന്ന മാണി (കാലാവസ്ഥാ പഠനം), എം.എം.ശര്‍മ (കെമിക്കല്‍ എഞ്ചിനിയറിങ്), എ.വി. രാമ റാവു (ഔഷധ നിര്‍മാണം), ശംഭുനാഥ് ഡേ (കോളറ ഗവേഷണം), എം.വിജയന്‍ (സ്ട്രക്ച്ചറല്‍ ബയോളജി), സത്യഭാമ ദാസ് ബിജു (ഉഭയജീവി ഗവേഷണം), താണു പത്മനാഭന്‍ (ക്വാണ്ടം ഗ്രാവിറ്റി), സമീര്‍ ബ്രഹ്‌മചാരി (ജീനോം പഠനം) തുടങ്ങിയവരൊക്കെ, ഇന്ത്യയിലെ പരിമിതികളുടെ കഠിനപ്രഹരമേറ്റിട്ടും തളരാതെ സ്വതന്ത്ര്യാനന്തര ഇന്ത്യയിലെ ശാസ്ത്രഗവേഷണം മുന്നോട്ടു കൊണ്ടുപോയ ശാസ്ത്രജ്ഞരാണ്. (ഇതില്‍ ജി.എന്‍.രാമചന്ദ്രന്‍, അന്ന മാണി, എം.വിജയന്‍, സത്യഭാമ ദാസ് ബിജു, താണു പത്മനാഭന്‍ എന്നിവര്‍ മലയാളികളാണ്).

ജി.എന്‍. രാമചന്ദ്രന്‍ 1960-കളില്‍ | കടപ്പാട്: Nature Biology

മുതല്‍മുടക്കിയില്ലെങ്കില്‍

പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അഭിമാനാര്‍ഹമായ മുന്നേറ്റം നടത്തിയെങ്കിലും, നമ്മുടെ ശാസ്ത്രഗവേഷണ രംഗത്തെ അലോസരപ്പെടുത്തുന്ന ചില സംഗതികളുണ്ട്. ആ ഘടകങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍, ഇതുവരെ സാധ്യമായ മുന്നേറ്റം ഭാവിയില്‍ തുടരാന്‍ പറ്റാതെ വന്നേക്കാം.

സ്വാതന്ത്ര്യം നേടുന്ന വേളയില്‍ രാജ്യത്തെ ജനസംഖ്യ 34 കോടി ആയിരുന്നു. ഇന്നത് 140 കോടിയിലേറെയാണ്. 1947 ല്‍ മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി) ത്തിന്റെ വെറും 0.1 ശതമാനം ശാസ്ത്രഗവേഷണത്തിന് ചെലവിടാനുള്ള ത്രാണിയേ രാജ്യത്തിനുണ്ടായിരുന്നുള്ളൂ. എന്നാല്‍, മുക്കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ ജനസംഖ്യാവര്‍ധനവിന് അനുപാതമായ രീതിയില്‍ ശാസ്ത്രസാങ്കേതിക രംഗത്ത് മുതല്‍ മുടക്ക് വര്‍ധിച്ചിട്ടില്ല. ജി.ഡി.പി.യുടെ വെറും ഒരു ശതമാനം മാത്രമാണ് ഇപ്പോള്‍ ഇന്ത്യയുടെ മുതല്‍മുടക്ക്!

എം.എസ്. സ്വാമിനാഥന്‍, സി.എന്‍.ആര്‍. റാവു | ചിത്രം കടപ്പാട്: amacad.org/

ആ വിഹിതത്തില്‍ തന്നെ, മൗലികഗവേഷണത്തിനുള്ള പങ്ക് തീരെ പരിമിതമാണ്. ഫണ്ടില്‍ 50 ശതമാനം പോകുന്നത് ബഹിരാകാശ ഗവേഷണത്തിനാണ്. അതേസമയം, മൗലിക ഗവേഷണത്തിന് വെറും അഞ്ചു ശതമാനം മാത്രവും. മൗലിക ഗവേഷണം മുടന്തിനീങ്ങുന്നത്, ഭാവിയെ അപകടത്തിലാക്കും.

ശംഭുനാഥ് ഡേ, ഗോവിന്ദ് സ്വരൂപ് | ചിത്രം കടപ്പാട്: IIA

ശാസ്ത്രരംഗത്ത് വലിയ നേട്ടങ്ങള്‍ കൊയ്യുന്ന രാജ്യങ്ങളിലെല്ലാം, ശാസ്ത്രഗവേഷണം യൂണിവേഴ്സിറ്റികളിലാണ് നടക്കുന്നത്. ഇന്ത്യയില്‍ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ യൂണിവേഴ്സിറ്റികളില്‍ നിന്ന് ശാസ്ത്രഗവേഷണത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും അതുവഴി ചുവപ്പ്നാടയുടെ പിടിയിലേക്കും മാറ്റിയത് തിരിച്ചടിയായി പലരും വിലയിരുത്തുന്നു. യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിിന്റെ നിലവാരം ഇടിഞ്ഞു എന്നത് മാത്രമല്ല, ഇതുമൂലം വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രഗവേഷണത്തിനുള്ള സാധ്യത വലിയ തോതില്‍ പരിമിതപ്പെടുകയും ചെയ്തു.

കപടശാസ്ത്രം കരകവിയുമ്പോള്‍

ഇന്ത്യ നേരിടുന്ന മറ്റൊരു കാതലായ പ്രശ്നം, കപടശാസ്ത്രത്തിനും ശാസ്ത്രവിരുദ്ധതയ്ക്കും സ്വീകാര്യത നല്‍കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും ഭരണാധികാരികളും ശ്രമിക്കുന്നു എന്നതാണ്. അന്തവിശ്വാസത്തിലും അനാചാരങ്ങളിലും ആണ്ടുകിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ആധുനിക ശാസ്ത്രവ്യവഹാരത്തിനുള്ള ബുദ്ധിയോ ശേഷിയോ ഇല്ലെന്ന് ബ്രിട്ടീഷ് അധികാരികള്‍ വിശ്വസിച്ച കാലമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ തികഞ്ഞ അവജ്ഞയാണ് അവര്‍ വെച്ചുപുലര്‍ത്തിയത്. പാശ്ചാത്യ അവജ്ഞ മറികടക്കുക എന്ന ശ്രമകരമായ വെല്ലുവിളി ഏറ്റെടുത്തവരാണ് ജെ.സി.ബോസും പി.സി.റേയും മേഘനാദ് സാഹയും എസ്.എന്‍.ബോസും സി.വി.രാമനും അടങ്ങുന്ന ആദ്യകാല ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. വെള്ളക്കാരെക്കാളും പിന്നിലല്ല നമ്മളും എന്നവര്‍ തെളിയിച്ചു. ഇന്ത്യയുടെ അഭിമാനം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അവര്‍ക്ക് ശാസ്ത്രഗവേഷണം.

നാടിന്റെ അന്തസ്സ് വര്‍ധിപ്പിക്കാനുള്ള ഉപാധി എന്നതില്‍ നിന്ന്, തറവാടിത്വഘോഷണങ്ങളിലേക്കും ശാസ്ത്രവിരുദ്ധതയിലേക്കും കാര്യങ്ങള്‍ നീങ്ങുമ്പോള്‍, ശാസ്ത്രഗവേഷണത്തെ ഇടുങ്ങിയ മത-രാഷ്ട്രീയ നേട്ടങ്ങള്‍ക്കുള്ള ഉപാധിയായി അധപ്പതിപ്പിക്കുമ്പോള്‍, പാശ്ചാത്യര്‍ ചിലപ്പോള്‍ വീണ്ടും പറഞ്ഞെന്നിരിക്കും: 'ഞങ്ങള്‍ അന്നേ പറഞ്ഞില്ലേ, ഇവര്‍ക്കിത് പറ്റില്ല എന്ന്'! അങ്ങനെ സംഭവിക്കാതിരിക്കാന്‍ നമ്മള്‍ എല്ലാവരും ജാഗ്രത പാലിച്ചേ മതിയാകൂ.

(അവലംബം, കടപ്പാട്: 1.Science and the Raj (1995), by Deepak Kumar; 2. Space Life Matter (2021), by Hari Pulakkat; 3.Indian Science, its Competitive Strength and its Relevance to National Needs (2018), by NASI Study Group).

Content Highlights: Science in independent India: 75 years of leaps and bounds!


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented