ഫോട്ടോ:അരുൺ പയ്യാടിമീത്തൽ | മാതൃഭൂമി
കോഴിക്കോട്: കേരളത്തില്‍ ആദ്യത്തെ ഉപ്പുകുറുക്കല്‍ സമരം നടന്നത് പയ്യന്നൂരിലാണെങ്കിലും കോഴിക്കോട്ടും വടകരയിലുമൊക്കെ ഉപ്പുകുറുക്കല്‍ നടന്നിരുന്നു. കോഴിക്കോട്ടുനിന്നാണ് പയ്യന്നൂരിലേക്ക് കേളപ്പജിയുടെ നേതൃത്വത്തിലുള്ള സംഘം ഉപ്പുകുറുക്കല്‍ സമരത്തിന് പുറപ്പെട്ടത്. കോഴിക്കോട്ടെ സത്യാഗ്രഹികള്‍ക്ക് ക്രൂരമായ പോലീസ് മര്‍ദനമാണ് നേരിടേണ്ടിവന്നത്. 1930 മേയ് 12-നായിരുന്നു കോഴിക്കോട് കടപ്പുറത്ത് കെ. കേളപ്പന്, മുഹമ്മദ് അബ്ദുറഹ്മാന്, മാധവനാര്, ശര്‍മ, പി. കൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തില്‍ ഉപ്പുകുറുക്കല്‍ നടന്നത്. രാവിലെ അഞ്ചുമണിക്കാണ് നാല്പതോളം വൊളന്റിയര്‍മാര്‍ വന്ദേഭാരതം മുഴക്കി ഉപ്പുകുറുക്കലിനായി കോഴിക്കോട് കടപ്പുറത്തേക്ക് തിരിച്ചത്. പഴയ കമ്പിയാപ്പീസിന്റെ മുന്നിലായിരുന്നു സമരവേദി.
കെ. കേളപ്പന്റെയും കൃഷ്ണസ്വാമി അയ്യരുടെയും പ്രസംഗം കഴിഞ്ഞതോടെ വലിയൊരുസംഘം പോലീസുകാര്‍ സത്യാഗ്രഹ സമരസേനാനികളെ വളഞ്ഞു. പക്ഷേ, ഒരു അണുപോലും ചഞ്ചലപ്പെടാതെ സത്യാഗ്രഹ വൊളന്റിയര്‍മാര്‍ തങ്ങളുടെ ജോലിതുടര്ന്നുകൊണ്ടിരുന്നുവെന്നാണ് മാതൃഭൂമിയുടെ താളുകള്‍ പറയുന്നത്. മുഹമ്മദ് അബ്ദുറഹ്മാന്, കൃഷ്ണസ്വാമി അയ്യര്‍, ബാലകൃഷ്ണക്കുറുപ്പ്, ഗണപതി മൂസത്, പാലത്തില്‍ ഗോപാലന്, എം. ശങ്കരന് നമ്പ്യാര്‍ എന്നിവരാണ് കടലില്‍ച്ചെന്ന് വെള്ളം മുക്കിക്കൊണ്ടുവന്നത്.
ഉപ്പുവെള്ളം അടുപ്പത്ത് കയറ്റിവെച്ചപ്പോഴേക്കും വെള്ളക്കാരനായ ഉദ്യോഗസ്ഥനും ഡിസ്ട്രിക്ട് സൂപ്രണ്ടും ശരംപോലെ വന്നിറങ്ങി. മര്ദനവീരനായി അറിയപ്പെട്ടിരുന്ന അസി. സൂപ്രണ്ട് ആമുവും വന്നു. ഇത് നിയമവിരുദ്ധയോഗമാണ് പിരിഞ്ഞുപോവണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടെങ്കിലും വൊളന്റിയര്‍മാര്‍ തയ്യാറായില്ല. ഇതോടെ പോലീസ് മര്‍ദ്ദനമഴിച്ചുവിടുകയായിരുന്നു.
അടികൊള്ളാത്തവരോ, കുത്തുകൊള്ളാത്തവരോ ആയ വൊളന്റിയര്‍ ചുരുക്കമായിരുന്നുവെന്ന് മേയ് 13-ലെ മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നു. സൂപ്രണ്ട് ആമുവും സബ് ഇന്‍സ്പെക്ടര്‍ കുഞ്ഞിരാമന് നായരും സമരക്കാരെ ബൂട്സ്കൊണ്ട് ചവിട്ടുകയും ലാത്തിയുപയോഗിച്ച് അടിക്കുകയും ചെയ്തു. കെ. കേളപ്പന്, മുഹമ്മദ് അബ്ദുറഹ്മാന് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു.
കൃഷ്ണസ്വാമി അയ്യരെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്. കൃഷ്ണപിള്ളയും ശര്‍മയും ദേശീയപതാക പോലീസില്‍നിന്ന് തിരികെ പിടിക്കാനുള്ള പോരാട്ടത്തിലായിരുന്നു. ഒടുവില്‍ പതാക കൃഷ്ണപിള്ളയും പതാകയുടെ വടി ശര്‍മയും കൈവശപ്പെടുത്തി. പോലീസ് പരമാവധി ശ്രമിച്ചിട്ടും അവര്‍ വിട്ടുകൊടുത്തില്ല. ഒടുവില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയാണുണ്ടായത്.
ഉപ്പുകുറുക്കലില് പങ്കെടുത്തതിന് അതിന്റെ നായകരെ ഒമ്പതുമാസത്തെ തടവിന് ശിക്ഷിച്ചു. 1931 ഫെബ്രുവരി രണ്ടിനും കോഴിക്കോട് കടപ്പുറത്ത് ഉപ്പുകുറുക്കല്‍ സമരം നടന്നു. ടി.ആര്. കൃഷ്ണസ്വാമി അയ്യരുടെ ഭാര്യ ഈശ്വരിയമ്മാളിന്റെ നേതൃത്വത്തില്‍ ആറുപേരാണ് അന്ന് സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചത്. മൂന്നുവയസ്സുള്ള ഒരുകുട്ടിയും ഈശ്വരി അമ്മാളിനൊപ്പം ഉണ്ടായിരുന്നു. കൃഷ്ണസ്വാമി അയ്യരുടെ പതിന്നാലുവയസ്സുകാരനായ മകന് രാമചന്ദ്രനും അറസ്റ്റിലായി. എം. ജാനകിയമ്മ, ചൂരിയ രാഘവന്, ചെല്ലത്ത് ഗോവിന്ദന്, ടി.എന്‍. കുമാരന് എന്നിവരാണ് അന്ന് അറസ്റ്റിലായ മറ്റ് സത്യാഗ്രഹികള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..