ആഡംബരം ശരിയല്ലെന്ന് പുതുപ്പണക്കാർ മനസ്സിലാക്കണം


എൻ.ആർ. നാരായണമൂർത്തി/ആനന്ദ്‌ നീലകണ്ഠൻ.

രാജ്യത്തിന്റെ യശസ്സുയർത്തിയ ഇൻഫോസിസ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകരിലൊരാളും അതിനെ ഉയരങ്ങളിലേക്കെത്തിച്ച പ്രതിഭയുമായ എൻ.ആർ. നാരായണമൂർത്തി നമ്മുടെ കാലത്തെ മൂല്യാധിഷ്ഠിതമായ വ്യക്തിജീവിതത്തിന്റെയും കാഴ്ചപ്പാടിന്റെയും ശ്രദ്ധേയനായ പ്രതിനിധിയാണ്. ഇന്ത്യയുടെ സമഗ്രമായ വളർച്ചയെക്കുറിച്ച് വലിയ സ്വപ്നങ്ങൾ ഇപ്പോഴും അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി മാതൃഭൂമി വാരാന്തപ്പതിപ്പിനുവേണ്ടി നാരായണമൂർത്തിയുമായി അഭിമുഖം നടത്തിയത് പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനായ ആനന്ദ് നീലകണ്ഠനാണ്. ഈ സംഭാഷണത്തിൽ സ്വതന്ത്ര ഇന്ത്യയുടെ വളർച്ചയെയും ഭാവിയെയും മൂർത്തി ചർച്ചാവിഷയമാക്കുന്നു


ഇന്ത്യ സ്വതന്ത്രമാകുന്നതിന് ഒരുവർഷം മുമ്പാണ് താങ്കളുടെ ജനനം. 75 വർഷത്തെ പ്രയാണത്തിൽ രാജ്യത്തിന്റെ പുരോഗതിയെ എങ്ങനെ കാണുന്നു

പുരോഗതിയെ വിലയിരുത്താൻ മൂന്ന് അളവുകോലുകളാണുള്ളത്. ആദ്യത്തേത് കേവലം സമയരേഖയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിൽ വിലയിരുത്തുന്നത്, വിവിധ വികസനസൂചികകളിൽ സ്വാതന്ത്ര്യം നേടുമ്പോഴുള്ള അവസ്ഥയും ഇപ്പോഴത്തെ അവസ്ഥയുമാണ്. രണ്ടാമത്തെ അളവുകോൽ ആപേക്ഷികമാണ്. നമ്മുടെ 75 വർഷവും സമാനമായ മറ്റു രാജ്യങ്ങളുടെ 75 വർഷവും താരതമ്യം ചെയ്യുന്നു. മൂന്നാമത്തെ അളവുകോൽ, വികസനത്തിനായി ചെയ്തുകൂട്ടിയകാര്യങ്ങൾ കൊടുത്ത കാശിന് മൂല്യമുള്ളതാണോ, അതിന്റെ കാര്യക്ഷമത, ഗുണമേന്മ, ഉത്പാദനക്ഷമത, വേഗം, മികവ് എന്നിവ പരിശോധിക്കുന്നു. ആദ്യം കേവലമാനദണ്ഡത്തെക്കുറിച്ച് പറയാം. അടിസ്ഥാന വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ദാരിദ്ര്യനിർമാർജനം, അണക്കെട്ടുനിർമാണം, പാലങ്ങൾ, ബഹിരാകാശ ഗവേഷണം, വിവരവിനിമയം, വിദേശനാണ്യശേഖരം തുടങ്ങി ഒട്ടേറെ മേഖലകളിൽ 75 വർഷംകൊണ്ട് അതിശയകരമായ പുരോഗതി നേടാൻ നമുക്ക്‌ സാധിച്ചു എന്നതിൽ സംശയമില്ല. ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി കായികരംഗത്ത് ശോഭിച്ചു. ആഗോളവിപണിയിൽ മത്സരിക്കുന്ന ഐ.ടി. വ്യവസായം ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.

ഇന്ത്യയിൽത്തന്നെ ഉത്പാദിപ്പിക്കുന്ന ഒട്ടേറെ വസ്തുക്കളുണ്ട്. കയറ്റുമതി ആദ്യകാലത്തെ അപേക്ഷിച്ച് പലമടങ്ങ് വർധിച്ചു. ദാരിദ്ര്യം നന്നേ കുറഞ്ഞു. ഒട്ടേറെ കോളേജുകളും ആശുപത്രികളും നിലവിൽവന്നു. എൻജിനിയർമാർ, ഡോക്ടർമാർ, അഭിഭാഷകർ എന്നുതുടങ്ങി ഒട്ടേറെ പ്രൊഫഷണലുകളെ വാർത്തെടുക്കുന്ന ലോകത്തെത്തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ സംവിധാനമായി നമ്മുടേത് മാറി. ഇന്ത്യ ഇന്ന് ജി- 20 രാഷ്ട്രങ്ങളിൽ ഒന്നാണ്. ഏറക്കുറെ എല്ലാ മേഖലകളിലും നേതൃനിരയിൽ വനിതാ പ്രാതിനിധ്യമുണ്ട്. വികസനകാര്യത്തിൽ വളർച്ചയ്ക്കായി മോദിസർക്കാർ ആത്മാർഥമായി ശ്രമിക്കുന്നുണ്ട്. രണ്ടാമത്തെ മാനദണ്ഡമനുസരിച്ച്്് ചൈന, ബ്രസീൽ, മെക്സിക്കോ, തായ്‌ലാൻഡ്, ദക്ഷിണകൊറിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യംചെയ്യുമ്പോൾ ഇന്ത്യയുടെ വളർച്ച അത്ര മികച്ചതല്ല. ആഗോളവിലയിരുത്തലുകൾ എല്ലാംതന്നെ ആപേക്ഷിക പുരോഗതിയെ അടിസ്ഥാനമാക്കിയാണ്.

2021-ലെ ആഗോള വിശപ്പുസൂചികയിൽ 116 രാജ്യങ്ങളിൽ 101-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2021-ലെ ആഗോള ആരോഗ്യ സുരക്ഷാ സൂചികയിൽ 195 രാജ്യങ്ങളുള്ളതിൽ 66-ാം സ്ഥാനം. 2021-ലെ മാനവ വികസന സൂചികയിൽ 189 രാജ്യങ്ങളിൽ 131-ാം സ്ഥാനം. പ്രാഥമിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള 2009-ലെ പ്രോഗ്രാം ഫോർ ഇന്റർനാഷണൽ സ്റ്റുഡന്റ് അസസ്‌മെന്റ് റിപ്പോർട്ടിൽ 74 രാജ്യങ്ങളിൽ 72-ാമതാണ് ഇന്ത്യ ഇടംപിടിച്ചത്. അതോടെ റാങ്കിങ്ങിൽനിന്ന് മൻമോഹൻ സിങ് സർക്കാർ പിൻവാങ്ങി. ആഗോള സർവകലാശാലാ റാങ്കിങ്ങിൽ ലോകത്തെ മികച്ച 150 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നുപോലും ഇന്ത്യയിൽനിന്നില്ല. വളരെക്കുറച്ച് ജനസംഖ്യയുള്ള ചെക്ക് റിപ്പബ്ലിക്, ദക്ഷിണകൊറിയ, തയ്‌വാൻ എന്നിവപോലും മുന്തിയ ഇനം കാറുകളുടെയും ചിപ്പുകളുടെയും ഉത്പാദനത്തിൽ ഇന്ത്യയെക്കാൾ ബഹുദൂരം മുന്നിലാണ്. റോഡ്, മെട്രോ, അതിവേഗ റെയിൽപ്പാതകൾ എന്നിവയുടെ നിർമാണത്തിൽ ചൈന, തായ്‌ലാൻഡ്, സിങ്കപ്പൂർ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെക്കാൾ ഏറെപ്പിന്നിലാണ് നാം. മൂന്നാമത്തെ മാനദണ്ഡമെടുത്താൽ, ആശ്വാസകരം എന്നുപോലും പറയാൻ പറ്റാത്ത സ്ഥിതിയിലാണ് കാര്യങ്ങൾ. ബിസിനസുകാർക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ഇടയിലെ എത്രയെത്ര അഴിമതി വാർത്തകളാണ് പത്രങ്ങളും ദൃശ്യമാധ്യമങ്ങളും റിപ്പോർട്ടുചെയ്യുന്നത്. അവ കൂടുതലും സംസ്ഥാനതലത്തിലാണ്. 75 വർഷത്തിനിടെ അഴിമതിക്കെതിരേ ഏറ്റവും സജീവമായി നിലകൊണ്ടത് മോദിസർക്കാരാണെന്ന് പറയാതെ വയ്യ. സാമൂഹിക ഉന്നമനം എന്ന നീതീകരിക്കാവുന്ന കാരണം ഉള്ളതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലും ഭരണനിർവഹണത്തിലും ഉദ്യോഗസ്ഥ നിയമനത്തിലും യോഗ്യത ഇളവുചെയ്യേണ്ടി വരാറുണ്ട്. അങ്ങനെവരുമ്പോൾ പ്രവർത്തനമികവ് കുറയുമെന്ന് ആഗോള തലത്തിൽ ശ്രദ്ധേയരായ ഒട്ടേറെ വിദഗ്ധർ എന്നോട് പറഞ്ഞിട്ടുണ്ട്. ഈ വാദത്തെ സാധൂകരിക്കുന്ന വിവരങ്ങളും അവർ കാണിച്ചുതന്നു.

ചില സംസ്ഥാനങ്ങളിൽ പൊതുപ്രവൃത്തികളുമായി ബന്ധപ്പെട്ട കരാറുകളുടെ കാര്യത്തിൽ അഴിമതി സാമാന്യവത്കരിക്കപ്പെട്ടുകഴിഞ്ഞു. റോഡ് നിർമിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ അതിൽ കുഴികൾ രൂപപ്പെടുന്നു. പാലങ്ങളിലും അണക്കെട്ടുകളിലും വിള്ളൽ വീഴുന്നു. ലോകത്തുതന്നെ ഏറ്റവും മെല്ലപ്പോകുന്ന നീതിനിർവഹണ സംവിധാനമാണ് ഇന്ത്യയിലേത്. ഒരു പ്രത്യേക സംസ്ഥാനത്ത് ദിവസവും സ്കൂളിൽ ഹാജരാകുന്ന അധ്യാപകരുടെ നിരക്ക് 33 ശതമാനം മാത്രമാണെന്നാണ് ഒരു ആഗോള ബിസിനസ് സ്കൂളിന്റെ പഠനത്തിൽ കണ്ടെത്തിയത്. ഗുണഭോക്താക്കളായ ജനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ നമ്മുടെ പുരോഗതി ചെറുതല്ലെന്ന് പറയാം. 75 വർഷത്തിനിടെ നഗരവാസികളായ മധ്യവർഗ കുടുംബങ്ങൾ ഭേദപ്പെട്ട വളർച്ച നേടിയിട്ടുണ്ട്. എന്നാൽ, ഗ്രാമങ്ങളിലെ പാവപ്പെട്ടവർക്ക് പ്രതീക്ഷിച്ച നേട്ടങ്ങൾ ഉണ്ടായിട്ടില്ല. അഴിമതി നിർമാർജനം, രാഷ്ട്രീയക്കാരുടെയും പൊതുജന സേവകരുടെയും മത്സരക്ഷമത വർധിപ്പിക്കൽ, സുതാര്യത, വേഗം, ഗുണമേന്മ, ഉത്പാദനക്ഷമത, കാര്യക്ഷമത എന്നിവ ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ ഇനിയും ഒരുപാട് ശ്രമം ആവശ്യമാണ്. അഴിമതി കുറയ്ക്കാനും വികസനം വേഗത്തിലാക്കാനും മോദി സർക്കാർ പരിശ്രമിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്.

ഥാർ മരുഭൂമിയിൽ ബിക്കാനേറിലെ ഇടയ ഗോത്രത്തിലെ
കുട്ടികളെ പഠിപ്പിക്കുന്ന ഒരു തുറന്ന സ്കൂൾ

വലിയ ധാർമികമൂല്യങ്ങളിൽ അധിഷ്ഠിതമായിരുന്നു ഇന്ത്യയുടെ ദേശീയപ്രസ്ഥാനം. താങ്കളും ജീവിതത്തിൽ മൂല്യങ്ങൾ സൂക്ഷിക്കുന്ന ആളാണ്. സ്വാതന്ത്ര്യാനന്തരം സമൂഹത്തിന് ഏതെങ്കിലും തരത്തിൽ മൂല്യശോഷണം സംഭവിച്ചതായി തോന്നുന്നുണ്ടോ

താങ്കളുടെ നിരീക്ഷണം ശരിയായിരിക്കാം. സ്വാതന്ത്ര്യാനന്തരം ജവാഹർ ലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ അധികാരമേറ്റ പ്രഥമ മന്ത്രിസഭ പ്രതിഭകളെക്കൊണ്ട് സമ്പന്നമായിരുന്നു. ഉയർന്ന യോഗ്യതയുള്ളവരും കഴിവ് തെളിയിച്ചവരും ഉന്നതമൂല്യങ്ങൾ സൂക്ഷിക്കുന്നവരും. അവർ സ്വാതന്ത്ര്യത്തിന് വിലകല്പിച്ചു, കാരണം അവർ അതിനായി ഒരുപാട് ത്യാഗം ചെയ്തവരാണ്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തെ മൂല്യവത്തായ പ്രവൃത്തികളിലൂടെ പരിപാലിക്കാൻ ശ്രമിച്ചു. എന്നാൽ, നെഹ്രുവിനുശേഷം വന്ന സർക്കാരുകൾക്ക് പതിയെപ്പതിയെ യോഗ്യതയും മത്സരക്ഷമതയും ധാർമികതയും കൈമോശം വരാൻ തുടങ്ങി. പല സംസ്ഥാനങ്ങളിലും പൊതുകാര്യാലയങ്ങളുടെ തലപ്പത്തേക്ക് എത്താനുള്ള മാനദണ്ഡം എം.എൽ.എ.മാരുടെ ജാതിയും വോട്ടു ബാങ്കിന്റെ വലുപ്പവും മാത്രമായി ചുരുങ്ങി. ഐ.എ.എസിൽനിന്ന് വിരമിച്ച ചില സുഹൃത്തുക്കൾ പറയും പല സംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥ സംവിധാനത്തിന്റെ മധ്യതലത്തിലും താഴേത്തട്ടിലും അഴിമതിക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന്.

സ്വതന്ത്ര ഇന്ത്യ ഇനിയും പരിഹരിച്ചിട്ടില്ലാത്ത ഏറ്റവും ഗുരുതര പ്രശ്നമായി താങ്കൾക്ക് തോന്നുന്നത് എന്താണ്

വളരെവേഗം പരിഹരിക്കേണ്ട രണ്ട് പ്രശ്നങ്ങൾ മുന്നിലുണ്ട്: അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധി കൊണ്ടുവന്ന കഠിനവും യുക്തിരഹിതവുമായ വന്ധ്യംകരണ ശ്രമങ്ങൾക്കുശേഷം ഇന്ത്യയിൽ കുടുംബാസൂത്രണ പദ്ധതികൾ മന്ദഗതിയിലാണ്. രാജ്യം ജനസംഖ്യയിൽ ചൈനയെ മറികടക്കാൻ പോകുന്നു. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളെപ്പോലെ മധ്യവർഗ സമൂഹമാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ലഭ്യമായ ഭൂമിക്കും വിഭവങ്ങൾക്കും ഇത്രയും ജനങ്ങളെ പോറ്റാൻ സാധിക്കാതെ വരും. രണ്ടാമത്തെ കാര്യം ഊർജോപഭോഗമാണ്. സുസ്ഥിര, സമാന്തര ഊർജ പദ്ധതികൾക്ക് ജാഗ്രതയോടെയും നിശ്ചയദാർഢ്യത്തോടെയും മോദിസർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനതലത്തിൽ താഴേക്കിടയിൽ അവ നടപ്പാക്കാൻ വേണ്ടത്ര ഉത്സാഹമുള്ളതായി കാണുന്നില്ല. ബിൽ മക് ഗ്വയറിന്റെ ‘ഹോത്ത്ഹൗസ് എർത്ത്: ആൻ ഇൻഹാബിറ്റന്റ്‌സ് ഗൈഡ് (Bill McGuire's book – Hothouse Earth: An inhabitant's Guide) എല്ലാവരും വായിക്കണം. അത് നമ്മളെ ഭയപ്പെടുത്തും. താങ്ങാനാവാത്ത ചൂടുകാരണം അടുത്ത 20 വർഷംകൊണ്ട് ഇന്ത്യയുടെ പലഭാഗങ്ങളും വാസയോഗ്യമല്ലാതാകുമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പുനൽകുന്നു. അത്തരം സ്ഥലങ്ങൾ ഉപേക്ഷിച്ച് വാസയോഗ്യമായ പ്രദേശങ്ങളിലേക്ക് ആളുകൾ കുടിയേറും. അതോടെ ഭക്ഷണത്തിനും വെള്ളത്തിനും പാർപ്പിടത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യസേവനങ്ങൾക്കുമൊക്കെ ദൗർലഭ്യമുണ്ടാകും. ഈ പ്രശ്നം ഇതുവരെ പൊതുവേദികളിൽ ചർച്ചയായിട്ടില്ല. ആരും പരിഹാരമാർഗങ്ങളും തയ്യാറാക്കിയിട്ടില്ല.

രാജ്യത്തിന്റെയും സമൂഹത്തിന്റെയും സമൃദ്ധിക്ക് സാമ്പത്തിക പുരോഗതിയും സ്ഥിരതയും സമാധാനവും സഹവർത്തിത്വവും ആവശ്യമാണെന്ന് താങ്കൾ ഒരിക്കൽ പ്രസംഗിച്ചിട്ടുണ്ട്. ഇന്നത്തെ ഇന്ത്യയിൽ ഇവ എത്രത്തോളം സാധ്യമായിട്ടുണ്ട്? എല്ലാവരെയും ഉൾക്കൊണ്ടുള്ള വികസനത്തിനായി ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്ന് തോന്നുന്നുണ്ടോ

1991-ലെ പരിഷ്കരണത്തിനുശേഷം മെച്ചപ്പെട്ട സാമ്പത്തികപുരോഗതി നേടാൻ നമുക്ക് കഴിഞ്ഞു. സാങ്കേതികവിദ്യയുടെ സഹായത്തോടെ സാമ്പത്തികമായ ഉൾച്ചേർക്കൽ ഒരുപരിധിവരെ സാധ്യമായി. എന്നാൽ, പാവപ്പെട്ടവർക്ക് ജോലിയും മാന്യമായ വേതനവും ഉറപ്പുവരുത്താൻ കഴിഞ്ഞില്ലെങ്കിൽ ഫലമില്ല. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, പാർപ്പിടം, പോഷകാഹാരം തുടങ്ങി നഗരവാസിയായ മധ്യവർഗകുടുംബത്തിലെ കുട്ടിക്ക് കിട്ടുന്ന അവസരങ്ങൾ, ഏറ്റവും ഉൾഗ്രാമത്തിലെ പാവപ്പെട്ട കുട്ടിക്കും ലഭ്യമാകണം. അപ്പോൾ മാത്രമേ ഉൾച്ചേർക്കൽ അർഥവത്താകുന്നുള്ളൂ. അത്തരത്തിലൊരു സമഗ്ര വികസനത്തിനായി പ്രധാനമന്ത്രി കഠിനാധ്വാനം ചെയ്യുന്നുണ്ട്. പക്ഷേ, ദരിദ്രരുടെയും പോഷകാഹാരക്കുറവുള്ളവരുടെയും എണ്ണം ദിനംപ്രതി കൂടുകയാണ്. ഇനി സ്ഥിരത, സമാധാനം, സഹവർത്തിത്വം എന്നിവയെക്കുറിച്ച് പറയാം. പ്രസിഡന്റ് റൂസെ്‌വെൽറ്റ് വിശദീകരിച്ച നാല് സ്വാതന്ത്ര്യങ്ങളുണ്ടല്ലോ, അഭിപ്രായസ്വാതന്ത്ര്യം, വിശ്വാസസ്വാതന്ത്ര്യം, ഭയത്തിൽനിന്നുള്ള സ്വാതന്ത്ര്യം, ആഗ്രഹങ്ങളിൽനിന്നുള്ള സ്വാതന്ത്ര്യം എന്നിവ. ഇവയ്ക്കായി പ്രയത്നിച്ചാൽ മാത്രമേ സമൂഹത്തിന് സ്ഥിരതയും സമാധാനവും സഹവർത്തിത്വവും സാമ്പത്തിക പുരോഗതിയും കൈവരുകയുള്ളൂ.

ഇൻഫോസിസ് ടീം: (ഇടത്തുനിന്നും) നന്ദൻ നിലെഖാനി, കെ. ദിനേശ്, എസ്.ഡി. ഷിബുലാൽ,
എൻ.എസ്. രാഘവൻ, എൻ.ആർ. നാരായണമൂർത്തി, ക്രിസ് ഗോപാലകൃഷ്ണൻ

മുംബൈയിലെ അപ്പാർട്ട്‌മെന്റിൽ പത്തടി നീളവും വീതിയും മാത്രമുള്ള കൊച്ചുമുറിയിൽ താങ്കളടക്കമുള്ള ഏഴ് സുഹൃത്തുക്കൾ ചേർന്നാണ് ഇൻഫോസിസ് ആരംഭിച്ചത്. ഇന്നത്തെ ഇന്ത്യയിൽ ഇത്തരം സ്വപ്നങ്ങൾക്കും കഠിനാധ്വാനത്തിനും ഇടമുണ്ടോ

ഞാനും ആറ് സഹപ്രവർത്തകരും ചേർന്നാണ് ഇൻഫോസിസ് ആരംഭിച്ചത്. അതൊരു പരീക്ഷണമായിരുന്നു, ഇന്ത്യപോലൊരു ദരിദ്രരാജ്യത്ത് തൊഴിൽ സൃഷ്ടിക്കാനും പാവപ്പെട്ടവർക്ക് മാന്യമായ വരുമാനം ഉറപ്പാക്കാനും ഒരേയൊരു വഴി സംരംഭകത്വമാണെന്ന് തെളിയിക്കാനുള്ള ശ്രമം. ഇൻഫോസിസിനെക്കാളും മികച്ച കമ്പനികൾ വളർത്തിയെടുക്കാനാകുംവിധം കഠിനാധ്വാനം ചെയ്യുന്ന ഒട്ടേറെ മിടുക്കരായ ചെറുപ്പക്കാരുണ്ട് ഇന്ന്. അവരുടെ ആശയങ്ങൾ കൃത്യമായ ധാരണകളിൽനിന്ന് രൂപംകൊണ്ടതും അവരുടെ പ്രവർത്തനങ്ങൾ ധാർമികതയിൽ ഊന്നിയുള്ളതുമാണെങ്കിൽ തീർച്ചയായും വിജയിക്കാനാകും. പക്ഷേ, എന്നെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. ഉയർന്ന വിപണിമൂല്യവും വരുമാനവും സ്വന്തമാക്കിയ ആധുനിക കമ്പനികളും സ്റ്റാർട്ടപ്പുകളും യൂണിക്കോൺ കമ്പനികളും ഒന്നും ഇൻഫോസിസ് ചെയ്തിട്ടുള്ളതുപോലെ തൊഴിലാളികളുമായി സമ്പത്ത് പങ്കുെവക്കുന്നില്ല. ഇന്ത്യപോലൊരു രാജ്യത്ത് സഹാനുഭൂതിയോടെയുള്ള മൂലധനനിക്ഷേപത്തിന് മാത്രമേ ഭാവിയുള്ളൂ. നിശ്ചയദാർഢ്യം, സത്യസന്ധത, ലാളിത്യം തുടങ്ങിയ മൂല്യങ്ങളിലൂടെ നേതൃത്വത്തിന്റെ മഹിമ മഹാത്മാഗാന്ധി നമ്മെ പഠിപ്പിച്ചു. ദാരിദ്ര്യത്തിനും അനാരോഗ്യത്തിനും ക്ലേശങ്ങൾക്കും നടുവിൽ ആഡംബരം ശരിയായ ഒന്നല്ലെന്ന് പുതുപ്പണക്കാർ മനസ്സിലാക്കണം. ചുറ്റുപാടിലെ സാഹചര്യങ്ങൾ കഴിയുംവിധം മെച്ചപ്പെടുത്താൻ അവർ ശ്രമിക്കണം.

ഇപ്പോഴത്തെ സ്റ്റാർട്ടപ്പ് വിപ്ലവത്തിന് ദീർഘകാലം തുടരാനാകുമോ? കൂടുതൽ ജോലിയും അവസരങ്ങളും സൃഷ്ടിക്കാനും അതിലൂടെ ഇന്ത്യക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാനും സാധിക്കുമോ

ഇന്ത്യയുടെ ആളോഹരി ആഭ്യന്തരോത്പാദനം (ജി.ഡി.പി.) 1900 യു.എസ്. ഡോളറിന് അടുത്താണ്. നമ്മുടെ ജനസംഖ്യ വളരെ കൂടുതലാണ്. ഇതുവരെ ശ്രദ്ധപതിയാത്ത ഒരുപാട് ആവശ്യങ്ങൾ രാജ്യത്തുണ്ട്. തൊഴിലില്ലായ്മയും കൂടുതലാണ്. ആഭ്യന്തര വ്യവസായത്തിൽനിന്നുള്ള വരുമാനംകൊണ്ടുമാത്രം ഇവിടെ വാങ്ങൽശേഷി ഉയർത്താനാകില്ല. കുറഞ്ഞ സാങ്കേതികവിദ്യ ആവശ്യമായ ഉത്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുക എന്നതാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള പോംവഴി. ചൈന എങ്ങനെയാണ് ലോകത്തിന്റെ ഫാക്ടറിയായത് എന്ന് പഠിക്കണം. അവർക്കത് സാധിച്ചത് കയറ്റുമതി, വിദേശനിക്ഷേപം സ്വീകരിക്കാനുള്ള തുറന്ന മനസ്സ്, ദ്രുതഗതിയിൽ തീരുമാനങ്ങൾ എടുക്കാനുള്ള ഉദ്യോഗസ്ഥശേഷി, വികസിതരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് ആകർഷകമായ അന്തരീക്ഷം, കഠിനാധ്വാനം, ദേശീയബോധം, അച്ചടക്കം, തൊഴിൽകാര്യക്ഷമത തുടങ്ങിയ ഘടകങ്ങൾ കാരണമാണ്. ആ ഗുണങ്ങൾ ഉൾക്കൊള്ളാനായാൽ വിയറ്റ്‌നാം, ഫിലിപ്പീൻസ്, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളെക്കാൾ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ നമുക്കും കഴിയും. അടുത്ത 25 വർഷത്തേക്ക് സ്റ്റാർട്ടപ്പുകളുടെ നിയന്ത്രണം പൂർണമായും ഉപേക്ഷിച്ചുകൊണ്ട് സർക്കാരിന് ഒരു പരീക്ഷണം നടത്താവുന്നതാണ്. അവ എങ്ങനെ വളരുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കാണാം. സോഫ്റ്റ്‌വേറിന്റെയും സൗന്ദര്യവർധക ഉത്പന്നങ്ങളുടെയും വ്യവസായം പച്ചപിടിച്ചത്, ആരംഭഘട്ടത്തിൽ അവയ്ക്ക് മേൽ സർക്കാരിന്റെ ശ്രദ്ധ പതിയാതിരുന്നതുകൊണ്ടാണെന്ന് ചിലർ തമാശരൂപേണ പറഞ്ഞുകേട്ടിട്ടുണ്ട്.

ഇന്ത്യയിലെ കുതിച്ചുയരുന്ന ജനസംഖ്യ ഇരുതല മൂർച്ചയുള്ള വാളാണെന്നും യുവാക്കൾക്ക് വൈദഗ്ധ്യവും വിദ്യാഭ്യാസവും ഇല്ലെങ്കിൽ, ജനസംഖ്യാപരമായ മെച്ചം അധികംവൈകാതെ പേടിസ്വപ്നമായി മാറിയേക്കാമെന്നും പലരും ഭയപ്പെടുന്നു. ഭാവിയെ അഭിമുഖീകരിക്കാൻ നമ്മുടെ യുവാക്കളെ സജ്ജരാക്കുന്നതിന് എന്തുചെയ്യണം

വർധിക്കുന്ന ജനസംഖ്യയും വേണ്ടത്ര നൈപുണ്യം സിദ്ധിക്കാത്ത യുവത്വവും പുരോഗതിയെ പിന്നോട്ടുവലിക്കുമെന്ന് ഞാൻ വിശദീകരിച്ചുകഴിഞ്ഞു. നമ്മുടെ കുട്ടികൾക്ക് നല്ല പോഷകാഹാരം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ നൽകിയാൽ മാത്രമേ ജനസംഖ്യാപരമായ ഗുണഫലം ലഭിക്കൂ. അതുകൊണ്ടാണ് അക്ഷയപാത്ര പദ്ധതിയെ ഞാൻ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നത്. മതം, ജാതി, ദേശം, സ്വജനപക്ഷപാതം, അഴിമതി എന്നിവയൊന്നുമില്ലാതെ എല്ലാ ജോലികളും മികച്ച ആളുകളെ ഏൽപ്പിച്ചാൽ നമ്മുടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് സാമ്പത്തിക, വികസന വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വലിയ സ്വപ്നങ്ങളും യോഗ്യതയ്ക്ക് മുൻഗണനയും ആത്മാർഥതയും സുതാര്യതയും തൊഴിൽ ധാർമികതയും കഠിനാധ്വാനവും ഉത്പാദനക്ഷമതയും തീരുമാനമെടുക്കാനുള്ള ശേഷിയും അച്ചടക്കവും ഇല്ലാത്ത ഒരു രാജ്യവും അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചതായി അറിയില്ല.

സ്വാതന്ത്ര്യം എന്നാൽ, അവകാശങ്ങൾ മാത്രമല്ല, കടമകളും ഉത്തരവാദിത്വങ്ങളും കൂടിയാണ്. നമ്മുടെ യുവജനങ്ങൾക്കും രാഷ്ട്രീയക്കാർക്കും ഇത് എത്രത്തോളം മനസ്സിലായിട്ടുണ്ട്

ഏതൊരു പരിഷ്കൃത സമൂഹത്തിലും സ്വാതന്ത്ര്യത്തിനുള്ള വില കടമകളും ഉത്തരവാദിത്വങ്ങളുമാണ്. തിരിച്ച് സ്വാതന്ത്ര്യം അവകാശങ്ങൾ തരുന്നു. മുൻ പ്രസിഡന്റ് അബ്ദുൽ കലാമിന്റെ വാക്കുകൾ ഓർക്കാം: ‘‘അവർ ആഗ്രഹിച്ച സ്വാതന്ത്ര്യം ഉത്തരവാദിത്വങ്ങളിൽ നിന്നുള്ള മോചനമായപ്പോൾ, ഏതൻസിന് തീപ്പിടിച്ചു.’’ ഇന്ന് ടി.വി.യിൽ കാണുന്നതും പത്രങ്ങളിൽ വായിക്കുന്നതുമായ കാര്യങ്ങൾ ഒട്ടും ആശാവഹമല്ല. അവകാശങ്ങൾക്കുമുമ്പ് കടമകളും ഉത്തരവാദിത്വങ്ങളുമുണ്ടെന്ന കാര്യം ഇന്ത്യക്കാർക്ക് ഇനിയും മനസ്സിലായിട്ടുണ്ടോ എന്ന് സംശയമാണ്. ‘ഭാരത് മഹാൻ’ ആകാനുള്ള ഏക വഴി പൗരർ മാതൃകാപരമായി പ്രവൃത്തിക്കുക എന്നതുമാത്രമാണ്. പ്രവൃത്തിയിലൂടെ പ്രശസ്തിയും അതിലൂടെ ആദരവും കൈവരുന്നു. ആദരവ് അധികാരത്തിലേക്ക് നയിക്കുന്നു. ആഗോളവേദിയിൽ ഇന്ത്യക്ക് സാമ്പത്തികശക്തിയാകണമെങ്കിൽ നാം ഓരോരുത്തരും പ്രവർത്തിക്കണം. വ്യക്തിതാത്പര്യങ്ങളെക്കാൾ ദേശതാത്പര്യമാകണം പ്രധാനം. സത്യസന്ധതയുള്ളവരായിരിക്കുക, കഠിനാധ്വാനം ചെയ്യുക, അച്ചടക്കം പാലിക്കുക. കയറ്റുമതി വർധിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്. ആഭ്യന്തരവിപണിയിൽമാത്രം വർഷാവർഷം അത്രയേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവില്ല. നമ്മൾ കൂടുതൽ ക്രിയാത്മകമാകണം. ചെയ്യുന്ന ഓരോ കാര്യത്തിലും വേഗവും കൃത്യതയും ഉണ്ടാകണം. ലോകോത്തര മികവിലേക്ക് എളുപ്പവഴികളില്ല.

സ്വാതന്ത്ര്യസമരകാലത്തെ മൂല്യങ്ങൾ തിരികെക്കൊണ്ടുവരാൻ എന്തുചെയ്യണം

മഹാത്മാഗാന്ധിയുടെ മാതൃകാനേതൃത്വത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ആളാണ് ഞാൻ. നമ്മുടെ രോഗത്തിനുള്ള ഒരേയൊരു മരുന്ന് അതുമാത്രമാണ്. ബിസിനസ്, രാഷ്ട്രീയം, ഭരണനിർവഹണം, നിയമം, വിദ്യാഭ്യാസം, പൊതുസമൂഹം, സൈന്യം തുടങ്ങി സമസ്ത മേഖലകളിലും നേതൃനിരയിലുള്ളവർ മാതൃകാപരമായി പെരുമാറണം. ധീരതയും സത്യസന്ധതയും സുതാര്യതയും ന്യായവും മുറുകെപ്പിടിക്കണം. സാധാരണക്കാർക്ക് നേതാക്കളിൽ വിശ്വാസമുണ്ടാകണം. സ്വാതന്ത്ര്യത്തിനായി പോരാടിയവർ അതാണ് ചെയ്തത്. എല്ലാ തുറകളിലെയും നേതാക്കളിൽ അങ്ങനെയൊരു സാംസ്കാരികമാറ്റമാണ് എന്റെ വിനീതമായ ആഗ്രഹം.

താങ്കളുടെ സ്വപ്നത്തിലെ ഇന്ത്യ എന്താണ്? അടുത്ത 75 കൊല്ലത്തേക്ക് എങ്ങനെയാണ് ഇന്ത്യയെ വിഭാവനം ചെയ്യുന്നത്? ഏതുരീതിയിലാണ് രാജ്യം മുന്നോട്ടുപോകേണ്ടത്

അടുത്ത 75 വർഷം കൊണ്ട് ഇന്ത്യ എന്താകും എന്നത് ലക്ഷ്യപ്രാപ്തിക്കായി നാം നൽകുന്ന സംഭാവനകൾ അനുസരിച്ചിരിക്കും. വിതയ്ക്കുന്നതേ കൊയ്യൂ എന്ന് ബൈബിളിൽ പറയുന്നു. ആഗോള നിലവാരത്തിലുള്ള സാമ്പത്തികസ്ഥിതിയും സാമൂഹികനീതിയും സാധ്യമാക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ പറഞ്ഞു. ഇനി ഞാൻ ആഗ്രഹിക്കുന്ന ഇന്ത്യ എന്താണ്? ഏറ്റവും ഉൾഗ്രാമത്തിലുള്ള പാവപ്പെട്ട കുട്ടിക്കും മാന്യമായ രീതിയിൽ പോഷകാഹാരവും ആരോഗ്യപരിചരണവും വിദ്യാഭ്യാസവും പാർപ്പിടവും ലഭിക്കണം. ആ കുട്ടിക്കും അതിന്റെ സന്തതിപരമ്പരകൾക്കും ഈ രാജ്യത്ത് മെച്ചപ്പെട്ട ജീവിതം സാധ്യമാണെന്ന ആത്മവിശ്വാസമുണ്ടാകണം. എനിക്കുവേണം, സാമ്പത്തിക മുന്നേറ്റത്തിലും സാമൂഹിക നീതിയിലും സഹവർത്തിത്വത്തിലും വിശ്വാസങ്ങളിലെ ബഹുസ്വരതയിലും സഹിഷ്ണുതയിലും ആത്മാഭിമാനത്തിലും ധാർമികതയിലും പ്രഭാവത്തിലും ലാളിത്യത്തിലും ആത്മാർഥതയിലും ലോകം വണങ്ങുന്ന ഒരിന്ത്യയെ. എനിക്കുവേണം, വിസയില്ലാതെത്തന്നെ ഏതുരാജ്യവും പാസ്പോർട്ട് സ്വീകരിക്കാൻ തയ്യാറാകുന്ന ഒരിന്ത്യയെ. എനിക്കുവേണം, ആധുനിക വിഷയങ്ങൾ പഠിക്കാൻ വിദേശത്തുനിന്ന് വിദ്യാർഥികൾ എത്തുന്നൊരു ഇന്ത്യയെ. എനിക്കുവേണം, വിനോദസഞ്ചാരികൾ കാണാൻ കൊതിക്കുന്നൊരു ഇന്ത്യയെ.

പരിഭാഷ: എസ്‌. രാംകുമാർ

Content Highlights: Narayana Murthy interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


07:35

ജലം തേടി ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്ന ഒരാൾ

Apr 13, 2022


pinarayi

2 min

'ഇന്നലെനടന്നത് ആസൂത്രിത ആക്രമണം, ആരും രക്ഷപ്പെടില്ല, പോലീസ് തുടർന്നും കരുത്തുറ്റ നടപടി സ്വീകരിക്കും'

Sep 24, 2022

Most Commented