കേസിലുൾപ്പെട്ട നാരായണന്റെ മൃതദേഹം വിട്ടുകൊടുത്തില്ല: ചരിത്രത്തില്‍ ഇടംപിടിച്ച കീഴരിയൂര്‍ ബോംബ് കേസ്


പി. ഗിരീഷ് കുമാർ

കീഴരിയൂർ ബോംബ് കേസ് സ്മാരകം. ഇൻസെറ്റിൽ കീഴരിയൂർ ബോംബ് കേസിൽ ഉൾപ്പെട്ട അച്ഛനും മകനും-കുറുമയിൽ കേളുക്കുട്ടിയും മകൻ കുറുമയിൽ നാരായണനും

കൊയിലാണ്ടി: സ്വാതന്ത്ര്യസമരചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തിയ സംഭവമാണ് കീഴരിയൂർ ബോംബ് കേസ്. ബ്രിട്ടീഷുകാരെ ഇന്ത്യയിൽനിന്ന്‌ തുരത്താൻ അതിശക്തമായ പോരാട്ടം വേണമെന്ന നിലപാടുമായി ഇറങ്ങിത്തിരിച്ച ഒരുകൂട്ടം രാജ്യസ്നേഹികളായിരുന്നു ഇതിനുപിന്നിൽ.

അഖിലേന്ത്യാ പൗരസ്വാതന്ത്ര്യസംഘം സെക്രട്ടറിയും സോഷ്യലിസ്റ്റുമായ ഡോ. കെ.ബി. മേനോനായിരുന്നു ബോംബ് നിർമാണത്തിന്റെ മുഖ്യആസൂത്രകൻ. കോഴിക്കോട്ടെത്തിയ കെ.ബി. മേനോൻ സഹപ്രവർത്തകരുമായി ചാലപ്പുറത്തെ വേർക്കോട്ട് രാഘവൻ നായരുടെ വീട്ടിൽ ഒത്തുകൂടി. 1942 നവംബർ ഒമ്പത് വിധ്വംസക ദിനമായി ആചരിക്കാൻ യോഗം തീരുമാനിച്ചു. ബ്രിട്ടീഷുകാർക്കെതിരേ സമരം ശക്തമാക്കാനും വിവിധയിടങ്ങളിൽ ആളപായമില്ലാത്ത തരത്തിൽ ബോംബ് സ്ഫോടനം നടത്താനും അവർ തീരുമാനിച്ചു. ബോംബ് നിർമാണത്തിനുള്ള സാമഗ്രികൾ ബോംബെയിൽനിന്ന് തീവണ്ടിമാർഗം രഹസ്യമായി കോഴിക്കോട്ട് എത്തിച്ചു.

കുന്നുംമലകളുംനിറഞ്ഞ കീഴരിയൂർഗ്രാമം ബോംബ് നിർമാണത്തിനുള്ള ഇടമായി കണ്ടെത്തി. പിന്നീടുള്ള നീക്കങ്ങളെല്ലാം അതിരഹസ്യം. നാട്ടുകാർക്കുപോലും പിടികൊടുക്കാതെ ബോംബ് നിർമാണം തുടങ്ങി. ബോംബ് നിർമാണത്തിനാവശ്യമായ ചില പച്ചിലക്കൂട്ടുകൾ ഉരലിലിട്ട് ഇടിച്ചും അമ്മിയിലിട്ട് അരച്ചും പാകപ്പെടുത്തി. പ്രദേശവാസികളായ ചില സ്ത്രീകളുടെ സഹായം ഇതിനുണ്ടായിരുന്നു. കുന്തങ്കല്ലിലുള്ള വീടായിരുന്നു പണിപ്പുര.

പുറത്തുനിന്നുള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയാത്ത മാവട്ട് മലയിലെ പാറക്കെട്ടിനുമുകളിൽ താന്നിമരത്തിനടുത്താണ് ബോംബ് പരീക്ഷിച്ചത്. അത്യുഗ്രശബ്ദത്തോടെ പാറക്കെട്ട് ചിതറിത്തെറിച്ചു. താന്നിമരം കത്തിപ്പോയി. രാത്രിയിൽ അതിഭയങ്കര ശബ്ദത്തോടെ സ്ഫോടനം നടന്നത് നാട്ടുകാരെയും അമ്പരപ്പിച്ചു. വിവരമറിഞ്ഞ് സർവസന്നാഹങ്ങളുമായി പോലീസ് മാവട്ട് മലമുകളിലെത്തുമ്പോഴേക്കും സമരസേനാനികൾ ബോംബും നിർമാണ സാമഗ്രികളുമെല്ലാം അവിടെനിന്ന് കടത്തിയിരുന്നു. പിന്നീട് കീഴരിയൂർ ഗ്രാമത്തിൽ നടന്നത് പോലീസിന്റെ നരനായാട്ടായിരുന്നു.

കീഴരിയൂരിൽ പോലീസ് ക്യാമ്പ് തുറന്നു. കണ്ണിൽക്കണ്ടവരെയെല്ലാം പിടിച്ചുകൊണ്ടു പോയി മർദിച്ചു. മിക്കവരും ഒളിവിൽപ്പോയി. സർക്കാർ കെട്ടിടങ്ങളും റെയിൽപ്പാളങ്ങളും ബോംബുവെച്ച് തകർക്കുകയെന്ന ലക്ഷ്യത്തോടെ കീഴരിയൂരിലെ കുന്നുകൾ ഒളിത്താവളമാക്കി ബോംബുണ്ടാക്കിയെന്ന കേസിൽ ഡോ. കെ.ബി. മേനോൻ, എൻ.എ. കൃഷ്ണൻ നായർ, വി.എ. കേശവൻ നായർ, സി.പി. ശങ്കരൻ നായർ, ഡി. ജയദേവ റാവു, ഒ. രാഘവൻ നായർ, കാരിയാൽ അച്യുതൻ, ഇ. വാസുദേവൻ നായർ, എൻ.പി. അബു, കൊയപ്പള്ളി നാരായണൻ നായർ എന്ന കരുണാകരൻ നായർ, തൈക്കണ്ടി പാച്ചർ, കുറുമയിൽ കേളുക്കുട്ടി, കെ. നാരായണൻ, കുനിയിൽ കുഞ്ഞിരാമൻ, മുള്ളൻകണ്ടി മീത്തൽ കുഞ്ഞിരാമൻ, മീത്തലെ അരയങ്ങോട്ട് ഉണ്ണിക്കുട്ടി, എ.കെ. മുഹമ്മദ് നഹ, വള്ളിയിൽ ശങ്കരൻകുട്ടി, അബ്ദുള്ളക്കോയതങ്ങൾ, പി. മമ്മൂട്ടി, കെ.വി. ചാമു, എ.കെ. പ്രഭാകരൻ, സി. ചോയുണ്ണി, കെ.ടി. അലവി, വി. അച്യുതൻ വൈദ്യർ, കെ. ഗോപാലൻ നായർ, പി.കെ. ദാമോദരൻ നായർ തുടങ്ങിയവർ പ്രതികളായിരുന്നു.

പ്രതികളിൽ 32 പേർക്ക് തടവുശിക്ഷ വിധിച്ചു. ഇതിൽ 12 പേർക്ക് ഏഴുകൊല്ലവും ഒരാൾക്ക് 10 കൊല്ലവും കഠിനതടവ് ലഭിച്ചു. കേസിലുൾപ്പെട്ട മുള്ളൻകണ്ടി മീത്തൽ നാരായണൻ ഭീകരമായ പോലീസ് മർദനത്തെത്തുടർന്ന് ആലിപ്പുർ സെൻട്രൽ ജയിലിൽവെച്ചാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹംപോലും ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നില്ല. കീഴരിയൂർ ബോംബു കേസിന്റെ സ്മരണയ്ക്കായി കീഴരിയൂരിൽ സ്മാരകം നിർമിച്ചിട്ടുണ്ട്.

Content Highlights: keezhariyoor bomb case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented