കിതപ്പിന്റെ കുതിപ്പ്; കായിക ഭാരതം @75


സനില്‍ പി. തോമസ്

കെ.ഡി.ജാദവ്‌

ണ്‍പ്രതലത്തില്‍മാത്രം ഗുസ്തിപിടിച്ച പരിചയവുമായി 1948 ലെ ലണ്ടന്‍ ഒളിമ്പിക്‌സിനെത്തിയ കെ.ഡി. ജാദവിന് മാറ്റുവിരിച്ച ഗോദ പുതിയ അനുഭവമായിരുന്നു. നിയമങ്ങളിലെ വ്യത്യാസവും പ്രശ്‌നമായി. ആറാംസ്ഥാനവുമായി മടങ്ങിയ ഫയല്‍വാന്‍ 1952-ല്‍ ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ 52 കിലോ വിഭാഗം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വെങ്കലംനേടി. സ്വതന്ത്രഭാരതത്തിനു ലഭിച്ച പ്രഥമ വ്യക്തിഗത ഒളിമ്പിക് മെഡല്‍.

മടങ്ങിയെത്തിയ ജാദവിനെ സ്വീകരിക്കാന്‍ വൈ.ബി.ചവാന്റെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ എത്തി. 151 കാളവണ്ടികളുടെ അകമ്പടിയോടെ ജന്മനാടായ കാരാട്പാരത്തിലേക്ക് 40 കിലോമീറ്റര്‍ സ്വീകരണയാത്ര. ജാദവ് ഹെല്‍സിങ്കിയില്‍ എത്തിയ കഥയും കൂട്ടിവായിക്കണം. ടീമിലെടുക്കാന്‍ പട്യാല രാജാവിന് ഇടപെടേണ്ടിവന്നു. സ്‌പോര്‍ട്‌സ് കിറ്റ് നാട്ടുകാരുടെ വക. രാജാറാം കോളേജ് പ്രിന്‍സിപ്പല്‍ ഖര്‍ദേക്കര്‍ തന്റെ വീട് വിറ്റ് യാത്രയ്ക്കുള്ള പണംനല്‍കി.ലോക അമെച്ചര്‍ ബില്യാര്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ പന്ത്രണ്ടാം പതിപ്പ് 1958-ല്‍ കൊല്‍ക്കത്തയിലെ (കല്‍ക്കട്ട) ഗ്രേറ്റ് ഈസ്റ്റേണ്‍ ഹോട്ടലില്‍ തുടങ്ങുമ്പോള്‍ നിലവിലെ ചാമ്പ്യന്‍ ഓസ്‌ട്രേലിയയുടെ ടോം ക്ലിയറിയും മുന്‍ ലോകചാമ്പ്യന്‍ ഇംഗ്ലണ്ടിന്റെ ലെസ്സി രഡിഫീല്‍ഡും തമ്മിലൊരു ഫൈനലാണ് പ്രതീക്ഷിച്ചത്. ഇന്ത്യന്‍ താരങ്ങളില്‍ ചന്ദ്രഹിര്‍ജി ഒന്നാമനും വില്‍സന്‍ ജോണ്‍സ് രണ്ടാമനും. 1958 ഡിസംബര്‍ 10. പുണെയില്‍നിന്നുള്ള വില്‍സന്‍ ലയണല്‍ ഗാര്‍ട്ടന്‍ ജോണ്‍സ് ചരിത്രമെഴുതി. കലാശക്കളിയില്‍ ഡ്രിഫീല്‍ഡിനെ തോല്‍പ്പിച്ച് (4655-2887) വില്‍സന്‍ ജോണ്‍സ് വാക്കര്‍ കപ്പ് നേടി. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ലോക ചാമ്പ്യന്‍. 1964-ല്‍ ജോണ്‍സ് വീണ്ടും ലോക കിരീടം ഇന്ത്യയിലെത്തിച്ചു.

ഹോക്കിയില്‍ ആകട്ടെ, ഹാട്രിക് സ്വര്‍ണ നേട്ടവും ധ്യാന്‍ചന്ദ് യുഗവും ഭൂതകാലസ്മരണകളാക്കി സ്വതന്ത്ര ഇന്ത്യ ഒളിമ്പിക്‌സില്‍ ജൈത്രയാത്ര തുടര്‍ന്നു. ആധുനികകാലത്തെ ധ്യാന്‍ചന്ദായി വിശേഷിപ്പിക്കപ്പെട്ട ബല്‍ബീര്‍ സിങ് ദോസഞ്ജിന്റെയും ലെസ്സി വാള്‍ട്ടര്‍ ക്ലോഡിയസിന്റെയുമൊക്കെ മികവില്‍ 48, 52, 56 ഒളിമ്പിക്‌സില്‍ സുവര്‍ണനേട്ടം തുടര്‍ക്കഥയാക്കി. പക്ഷേ, പാകിസ്താന്റെ പിറവിയോടെ ലഹോറിലെ സൂപ്പര്‍ താരങ്ങളെ നഷ്ടപ്പെട്ടിരുന്നു. 56 ല്‍ മെല്‍ബണില്‍ ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ചത് മറുപടിയില്ലാത്ത ഒരു ഗോളിന്. റോമില്‍ ഫൈനലില്‍ പാകിസ്താനോട് തോറ്റ ഇന്ത്യ 64 ല്‍ ടോക്യോയില്‍ സ്വര്‍ണം വീണ്ടെടുത്തു. സുവര്‍ണയുഗം ഏതാണ്ട് അവസാനിച്ചു. 1968 ലും 72 ലും വെങ്കലം. മോസ്‌കോ ഒളിമ്പിക്‌സിലെ സ്വര്‍ണത്തിന് മാറ്റുകുറവുമായിരുന്നു. 1960 ല്‍ തന്റെ നാലാം ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ നായകനായ ലെസ്സി ക്ലോഡിയസ് എന്ന ആംഗ്ലോ ഇന്ത്യന്‍ താരം ഇന്ത്യക്കായി 100 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച ആദ്യ ഹോക്കിതാരമായി. പിന്നെ, നീണ്ട കാത്തിരിപ്പ്, ഒടുവില്‍ 2021 ല്‍ ടോക്യോയില്‍ വെങ്കലം. വൃക്തിഗത ഒളിമ്പിക് സ്വര്‍ണം 2008 ഓഗസ്റ്റ് 11. ബെയ്ജിങ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മെഡല്‍ ജേതാക്കള്‍ പോഡിയത്തില്‍. യൂറോപ്പിലെ, മനോഹരമായ കൊച്ചുരാജ്യത്തെ-ലീഷിന്‍സ്റ്റിന്‍-നോറ രാജകുമാരി അഭിനവ് ബിന്ദ്രയുടെ കഴുത്തില്‍ സ്വര്‍ണമെഡല്‍ അണിയിച്ചു. 28 വര്‍ഷത്തിനു ശേഷം ഒളിമ്പിക് വേദിയില്‍ ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങി. ഒളിമ്പിക് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വര്‍ണമെഡല്‍.

എട്ടുപേരുടെ ഫൈനലില്‍ ആകെ 700.5 പോയന്റുമായി അഭിനവ് ബിന്ദ്ര ഒന്നാമനായി. ആതന്‍സ് ഒളിമ്പിക്‌സിലെ ചാമ്പ്യന്‍, ആതിഥേയരുടെ ക്വിനാന്‍ ഷുഹെന്നിനെ രണ്ടാംസ്ഥാനത്തേക്ക് പിന്‍തള്ളിയാണ് അഭിനവ് സ്വര്‍ണംനേടിയത്.

2021 ഓഗസ്റ്റ് ഏഴ്. ടോക്യോ ഒളിമ്പിക്‌സ്. ഉദയസൂര്യന്റെ നാട്ടില്‍ ഇന്ത്യയുടെ അവിസ്മരണീയ ശനി. ജാവലിന്‍ ത്രോയില്‍, ഫൈനലിലെ രണ്ടാംശ്രമത്തില്‍ നീരജ് ചോപ്ര താണ്ടിയ 87.58 മീറ്റര്‍ സ്വര്‍ണമെഡല്‍ ഉറപ്പിച്ചു. ഒളിംപിക്‌സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍, സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ മെഡല്‍ അതും സ്വര്‍ണം; ഹരിയാനയുടെ കര്‍ഷകപുത്രന്‍. നീരജ് ആ വിജയം മില്‍ഖാ സിങ്ങിനു സമര്‍പ്പിച്ചു. സ്വതന്ത്രഭാരതത്തിന്റെ അത്ലറ്റിക്‌സ് കുതിപ്പുകള്‍ക്കു തുടക്കമിട്ട 'പറക്കും സിങ്' ഒരു ഇന്ത്യക്കാരന്‍ അത്ലറ്റിക്‌സില്‍ ഒളിമ്പിക് മെഡല്‍ നേടുന്നതു കാണുക എന്ന തന്റെ സ്വപ്നം ബാക്കിവെച്ച്, ജൂണില്‍ യാത്രയായിരുന്നു. ഒളിമ്പിക്‌സില്‍ അത്ലറ്റിക്‌സ് ഫൈനലില്‍ കടന്ന പന്ത്രണ്ടാമത്തെ ഇന്ത്യക്കാരന്‍ മാത്രമാണ് നീരജ്.

ലോകം ശ്രദ്ധിച്ച രണ്ടു ലോകകപ്പ് ജയങ്ങള്‍

വ്യക്തിഗത വിജയങ്ങളല്ല, ദേശീയ ടീമിന്റെ വിജയമാണ് ഒരു രാജ്യത്തെ ലോക കായിക രംഗത്ത് ഉയര്‍ത്തിക്കാട്ടുക. ഇത്തരം വിജയങ്ങള്‍ സ്വതന്ത്ര ഇന്ത്യക്ക് എത്രയോയുണ്ട്. പക്ഷേ, ലോകം ശ്രദ്ധിച്ചത് പ്രധാനമായും രണ്ടു വിജയങ്ങളാണ്. 1975-ലെ ലോകകപ്പ് ഹോക്കി വിജയവും 1983-ലെ ലോകകപ്പ് ക്രിക്കറ്റ് വിജയവും. ഇതിനുശേഷവും ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോക കപ്പ് ജയിച്ചു. ട്വന്റി 20 ലോക കപ്പും നേടി. പക്ഷേ, ക്രിക്കറ്റില്‍ ഇന്ത്യയുടെ ജാതകം മാറ്റിയെഴുതിയത് കപില്‍ദേവിന്റെ ടീം ലോര്‍ഡ്‌സില്‍ ലോകകപ്പ് നേടിയതാണ്.

1975 മാര്‍ച്ച് 15. ക്വലാലംപുരിലെ മെര്‍ദേക്കാ സ്റ്റേഡിയത്തില്‍ അരലക്ഷത്തോളം കാണികളെ സാക്ഷിനിര്‍ത്തി ഇന്ത്യ മൂന്നാമത് ലോകകപ്പ് ഹോക്കിയില്‍ ചാമ്പ്യന്‍മാരായി. ഫൈനലില്‍ പാകിസ്താനെ പരാജയപ്പെടുത്തി (21). ആദ്യപകുതിയില്‍ ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. രണ്ടാംപകുതിയില്‍ പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കി സുര്‍ജിത് സിങ് സമനില കണ്ടു (11). പിന്നെ ഇന്ത്യ ഇരച്ചുകയറി. ഫിലിപ്‌സിന്റെ ഷോട്ട് പാക് താരങ്ങള്‍ തട്ടിയകറ്റി. പന്ത് ലഭിച്ച അശോക് കുമാര്‍ (അതെ, ധ്യാന്‍ചന്ദിന്റെ പുത്രന്‍) ലക്ഷ്യം കണ്ടു (21). ഗുര്‍ചരന്‍ സിങ് ബോധിയുടെ ശിക്ഷണത്തില്‍, അജിത്പാല്‍ സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യയുടെ കിരീടജയം.

1983 ജൂണ്‍ 25. ഹാട്രിക് സ്വപ്നവുമായി ലോര്‍ഡ്‌സില്‍ ഫൈനലിനിറങ്ങിയ വെസ്റ്റിന്‍ഡീസ് നായകന്‍. ക്‌ളൈവ് ലോയിഡിന്റെ പ്രതീക്ഷികള്‍ തെറ്റി. കപില്‍ ദേവ് പ്രൂഡന്‍ഷ്യല്‍ ലോകകപ്പ് ഏറ്റുവാങ്ങി. 'ബുക്ക് മെയ്ക്കേഴ്സ്' 25-ല്‍ ഒന്നുമാത്രം സാധ്യതകല്പിച്ച ടീമായിരുന്നു ഇന്ത്യയുടേത്. വിന്‍ഡീസും ഓസ്‌ട്രേലിയയും സിംബാബ്വേയുമടങ്ങിയ ശക്തമായ ഗ്രൂപ്പില്‍ ഇന്ത്യക്കു സെമി സാധ്യതപോലും കല്പിച്ചിരുന്നില്ല. പക്ഷേ, തുടക്കം ശുഭോദര്‍ക്കമായി. ആദ്യമത്സരത്തില്‍ ഇന്ത്യ വിന്‍ഡീസിനെ തോല്‍പ്പിച്ചു.

പിന്നീട് 2007-ല്‍ ഇന്ത്യ പ്രഥമ ട്വന്റി 20 ലോക കപ്പ് ജയിച്ചു. 2011 ഏപ്രില്‍ രണ്ടിന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ ഇന്ത്യ വീണ്ടും ഏകദിന ലോകകപ്പ് ഉയര്‍ത്തി. മഹേന്ദ്രസിങ് ധോണിയുടെ ടീം ഫൈനലില്‍ ശ്രീലങ്കയെ ആറുവിക്കറ്റിനു പരാജയപ്പെടുത്തി. തന്റെ അവസാന ലോകകപ്പിന് ഇറങ്ങിയ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് നാട്ടുകാരുടെ മുന്നില്‍ ടീം ഇന്ത്യ നല്‍കിയ വിടവാങ്ങല്‍ സമ്മാനം.

പ്രകാശനാഥില്‍നിന്നു തുടങ്ങാം

സ്വതന്ത്രഭാരതത്തിന്റെ ആദ്യകാല നേട്ടങ്ങള്‍ ഓര്‍ക്കുമ്പോള്‍, മികവോടെ സ്വാതന്ത്ര്യത്തിലേക്കു ചുവടുവെച്ചൊരു ബാഡ്മിന്റന്‍ താരത്തെ മറക്കാനാവില്ല. 1947 മാര്‍ച്ചില്‍ നടന്ന ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്ന പ്രകാശ് നാഥിനെ, നിലവിലെ ചാമ്പ്യന്‍ ഡെന്മാര്‍ക്കിന്റെ താഗെ മാദ്‌സനെ അട്ടിമറിച്ച പ്രകാശ് നാഥ് സെമിയില്‍ ഇംഗ്ലണ്ടിന്റെ റെഡ്‌ഫോര്‍ട്ടിനെ പരാജയപ്പെടുത്തി. ഫൈനലില്‍ എതിരാളി ഡെന്മാര്‍ക്കിന്റ കോണി ജെപ്‌സന്‍.

ഫൈനല്‍ ദിനത്തില്‍ തികഞ്ഞ വിജയപ്രതീക്ഷയോടെ ഉറക്കമുണര്‍ന്ന പ്രകാശ് അന്നത്തെ പത്രങ്ങള്‍ മറിച്ചുനോക്കി. 'ലഹോര്‍ കത്തുന്നു' എന്ന വാര്‍ത്ത അദ്ദേഹത്തെ വല്ലാതെ സ്പര്‍ശിച്ചു. പ്രകാശ് നാഥിന്റെ ജന്മദേശമാണ് ലഹോര്‍. ഇന്ത്യാ-പാക് വിഭജന സമയത്ത് പൊട്ടിപ്പുറപ്പെട്ട വര്‍ഗീയലഹള ലഹോറിനെ കലാപഭൂമിയാക്കി. തന്റെ വീടിരിക്കുന്ന പ്രദേശത്തും തീവെപ്പും കൊലയും നടക്കുന്നു. വീട്ടുകാര്‍ക്കെന്തുപറ്റിയെന്ന ആശങ്കയില്‍ കോര്‍ട്ടിലിറങ്ങിയ പ്രകാശ് നാഥിന് കാലിടറി. അദ്ദേഹം പൊരുതാതെ കീഴടങ്ങി.

അദ്ദേഹത്തിന്റെ വീട്ടുകാര്‍ സുരക്ഷിതരായിരുന്നു. ലഹോര്‍ വിട്ട പ്രകാശ് സ്വതന്ത്ര ഇന്ത്യയില്‍, മുംബൈയില്‍ താമസമാക്കി. ഇലക്ട്രോണിക്‌സ് ഉപകരണവില്‍പ്പന തുടങ്ങി. 2009-ലായിരുന്നു അന്ത്യം. പക്ഷേ, അന്നത്തെ ഫൈനലിനു ശേഷം ബാഡ്മിന്റന്‍ കളിച്ചില്ല.

സ്വതന്ത്രഭാരതത്തിനുവേണ്ടി ഒളിമ്പിക്‌സില്‍ ഗോള്‍ നേടിയ ആദ്യതാരം വാട്ടര്‍പോളോ ടീമില്‍ കളിച്ച സച്ചിന്‍ നാഗ് ആണ്. 1948-ല്‍ ലണ്ടനില്‍ ഇന്ത്യ ചിലിയെ 7-4നു തോല്‍പ്പിച്ചപ്പോള്‍ നാലുഗോളും സ്‌കോര്‍ ചെയ്തത് സച്ചിനാണ്. ഹോക്കി മത്സരം തുടങ്ങും മുമ്പായിരുന്നു വാട്ടര്‍പോളോ. അതാണു സച്ചിനു ഭാഗ്യമായത്.

ഒളിമ്പിക് ഫുട്ബോളില്‍ ഒരു സെമി; ഒരു ഹാട്രിക്

ലണ്ടനില്‍ 1948-ല്‍ നടന്ന ഒളിമ്പിക്‌സില്‍ ഹോക്കി കഴിഞ്ഞാല്‍ ശ്രദ്ധിക്കപ്പെട്ടത് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ സാന്നിധ്യമാണ്. തുടര്‍ച്ചയായി നാല് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം മത്സരിച്ചു. അതില്‍ 1956-ല്‍ മെല്‍ബണില്‍ ഇന്ത്യ ആതിഥേയരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് സെമിയില്‍ കടന്നുവെന്നുമാത്രമല്ല, ഓസ്‌ട്രേലിയക്കെതിരേ (4-2) ഇന്ത്യയുടെ നെവില്‍ ഡിസൂസ ഹാട്രിക്കും നേടി. ('കോന്‍ ബനേഗ കരോര്‍പതി' ടി.വി. ഷോയില്‍ 50 ലക്ഷം നേടിയ കൊല്‍ക്കത്തയിലെ വ്യവസായി രമേശ് ദുബേയോട് അമിതാഭ് ബച്ചന്റെ അവസാന ചോദ്യം ഇതായിരുന്നു. ഒളിമ്പിക് ഫുട്ബോളില്‍ ഹാട്രിക് നേടിയ ഇന്ത്യക്കാരന്‍ ആരാണ്? ഉത്തരം തെറ്റിയാല്‍ അതുവരെ നേടിയ 50 ലക്ഷം നഷ്ടപ്പെടുമെന്നതിനാല്‍ ഒരു കോടിക്കു ശ്രമിക്കാതെ ദുബേ പിന്‍വാങ്ങി). സെമിയില്‍ ഇന്ത്യ യൂഗോസ്ലാവ്യയോടു തോറ്റു (1-4).

ഇന്ത്യന്‍ ഫുട്‌ബോളിന് അങ്ങനെയൊരു കാലമുണ്ടായിരുന്നു. 1951-ലെ പ്രഥമ ഏഷ്യന്‍ ഗെയിംസില്‍ ഫുടബോള്‍ സ്വര്‍ണം ഇന്ത്യക്കായിരുന്നു. ശൈലന്‍ മന്ന നയിച്ച ടീം ഫൈനലില്‍ ഇറാനെ തോല്‍പ്പിച്ചു സ്വര്‍ണം നേടി. തന്റെ മകള്‍ വസൂരിരോഗം പിടിപെട്ടു മരിച്ച വിവരം അറിയാതെ കളത്തിലിറങ്ങിയ മേവലാലാണ് നിര്‍ണായക ഗോള്‍ നേടിയത്.

1962-ല്‍ ജക്കാര്‍ത്തയില്‍ വീണ്ടും ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍ സ്വര്‍ണം കരസ്ഥമാക്കി. ഫൈനലില്‍ ദക്ഷിണ കൊറിയയെ ഒന്നിനെതിരേ രണ്ടു ഗോളിനു തോല്‍പ്പിച്ചു. പി.കെ. ബാനര്‍ജിയുടെയും ജര്‍നെയില്‍ സിങ്ങിന്റെയും ഗോളുകള്‍. മൂന്ന് ഒളിമ്പിക്‌സിലും സുവര്‍ണനേട്ടം സാധ്യമായ രണ്ട് ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചത് എസ്.എ. റഹിം ആയിരുന്നു. പിന്നീട് 1970-ല്‍ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനു വെങ്കലം ലഭിച്ചു. തീര്‍ന്നു സ്വതന്ത്ര ഇന്ത്യയുടെ ഫുട്‌ബോളിലെ മുന്നേറ്റം.

ചെസിലെ വിശ്വനാഥന്‍

വിശ്വനാഥന്‍ ആനന്ദിലൂടെ ഇന്ത്യയുടെ ആദ്യ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ പിറന്നത് 1988-ല്‍ തലേവര്‍ഷം ആനന്ദ് ലോക ജൂനിയര്‍ ചാമ്പ്യനുമായിരുന്നു. 2022 ജൂണില്‍ തെലങ്കാനയില്‍നിന്നുള്ള രാഹുല്‍ ശ്രീനിവാസനു ഗ്രാന്‍ഡ് മാസ്റ്റര്‍ പട്ടം ലഭിക്കുമ്പോള്‍, ഇന്ത്യയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍മാരുടെ എണ്ണം 74 ആയി.

രണ്ടായിരാമാണ്ടില്‍ 128 പേരുടെ നോക്കൗട്ട് വേദി കീഴടക്കിയാണ് വിശ്വനാഥന്‍ ആനന്ദ് ഫിഡെ ലോക ചെസ് ചാമ്പ്യനായത്. ടെഹ്‌റാനിലായിരുന്നു കിരീടപ്പോരാട്ടം. അലക്‌സി ഷിറോവിനെതിരേ ആറുഗെയിമില്‍ വിജയം. 2002-ല്‍ മോസ്‌കോയില്‍ വാസ്സി ഇവാന്‍ചുക്കിന് ആനന്ദ് കിരീടം അടിയറവെച്ചു.

ഗാരി കാസ്പറോവ് 1993-ല്‍ പ്രൊഫഷണല്‍ ചെസ് അസോസിയേഷന്‍ രൂപവത്കരിച്ചതോടെ ഫിഡെ ലോക ചാമ്പ്യന്‍ഷിപ്പിന്റെ തിളക്കംകുറഞ്ഞിരുന്നു. എന്നാല്‍ 2007-ല്‍ ലോകത്തിലെ ഒന്നാംനമ്പര്‍ ചെസ് കളിക്കാരനായ ആനന്ദ് ലോക ചെസിലെ അവിതര്‍ക്കിത ചാമ്പ്യനുമായി. മെക്‌സിക്കോ സിറ്റിയില്‍ എട്ടു ഗ്രാന്‍ഡ് മാസ്റ്റര്‍മാര്‍ അണിനിരന്ന, രണ്ടു പാദങ്ങളിലായി നടന്ന 14 റൗണ്ട് പോരാട്ടത്തിലായിരുന്നു വിജയം. ഗാരി കാസ്പറോവിനെ അട്ടിമറിച്ച് പ്രൊഫഷണല്‍ ചാമ്പ്യനായ വ്ളാഡിമിര്‍ ക്രാംനിക്കിനെയാണ് ആനന്ദ് സ്ഥാനഭ്രഷ്ടനാക്കിയത്. 2008-ല്‍ ആനന്ദ് കിരീടം നിലനിര്‍ത്തി. 2010-ല്‍ സോഫിയയില്‍ ആതിഥേയരായ ബള്‍ഗേറിയയുടെ വെസെലിന്‍ ടോപ്വിനെ തോല്‍പ്പിച്ചപ്പോള്‍ ആനന്ദിന്റെ ശിരസ്സില്‍ നാലാം ലോകകിരീടം. ബോറിസ് ജെല്‍ഫന്‍ഡിനെ തോല്‍പ്പിച്ച് 2012-ല്‍ അഞ്ചാമതും ലോകചാമ്പ്യന്‍. 2013-ല്‍ മാഗ്‌നസ് കാള്‍സന് കിരീടം അടിയറവെച്ച ആനന്ദ് 2014-ല്‍ വീണ്ടും കാള്‍സനോടു തോറ്റു. 21 മാസം ലോക ഒന്നാംനമ്പര്‍ ആയിരുന്ന ആനന്ദ് ഈലോ റേറ്റിങ്ങിലെ 2800 എന്ന മാസ്മരിക പോയന്റിലുമെത്തി. 2003-ലും 2017-ലും ഫിഡെ ലോക റാപ്പിഡ് ചെസും വിജയിച്ചു.

ആനന്ദിനെ പിന്‍തുടര്‍ന്ന് 2004-ല്‍ പി. ഹരികൃഷ്ണ ലോക ജൂനിയര്‍ ചാമ്പ്യനായി. പിന്നീട് ജൂനിയര്‍, യൂത്ത് തലങ്ങളില്‍ ഇന്ത്യന്‍ കൗമാരങ്ങളുടെ കുതിപ്പ് തുടര്‍ക്കഥയായി. വനിതാവിഭാഗത്തില്‍ 2001-ല്‍ ലോക ജൂനിയര്‍ കിരീടം ചൂടി കൊനേരു ഹമ്പി തുടങ്ങിവെച്ച ജൈത്രയാത്രയും തുടരുന്നു. 2002-ല്‍ പതിനഞ്ചാംവയസ്സില്‍ ഗ്രാന്‍ഡ് മാസ്റ്ററായ ചരിത്രം ഹമ്പിക്കുണ്ട്.

ബില്യാര്‍ഡ്‌സിലും സ്‌നൂക്കറിലും ജൈത്രയാത്ര

വില്‍സന്‍ ജോണ്‍സിന്റെ തുടര്‍ച്ചക്കാരായി ബില്യാര്‍ഡ്‌സിലും സ്‌നൂക്കറിലും ലോക ചാമ്പ്യന്‍മാരുടെ ഒരു നിരതന്നെ ഇന്ത്യയില്‍ ഉണ്ടായി. 1977-ലും 81-ലും 83-ലും ലോക അമെച്ചര്‍ ബില്യാര്‍ഡ്സ് ചാമ്പ്യന്‍ഷിപ്പ് നേടിക്കൊണ്ട് മൈക്കല്‍ ഫെരേരയാണ് വഴികാട്ടിയത്. 1985-ല്‍, 25-ാം ലോക അമെച്ചര്‍ ചാമ്പ്യന്‍ഷിപ്പില്‍ അതുവരെയുള്ള പ്രായംകുറഞ്ഞ ചാമ്പ്യനായി ഗീത് സേഥി. ആകെ എട്ടു ലോക കിരീടങ്ങളുമായാണ് സേഥി രംഗംവിട്ടത്. സ്‌നൂക്കറില്‍ പരമാവധി '147 ബ്രേക്ക്' നേടിയ ലോകത്തിലെ ആദ്യ അമെച്ചര്‍ താരവുമാണ് സേഥി.

ഇന്ത്യയുടെ ആദ്യത്തെ ലോക അമെച്ചര്‍ സ്‌നൂക്കര്‍ ചാമ്പ്യന്‍ ഓം അഗ്രവാള്‍ ആണ്. 1984-ല്‍ ആണ് അഗ്രവാള്‍ ലോകകിരീടം ചൂടിയത്. പിന്നീട്, അരവിന്ദ് സാവൂറിന്റെ ശിഷ്യന്‍ പങ്കജ് അദ്വാനി ലോകവിജയങ്ങള്‍ പരമ്പരയാക്കി. ബില്യാര്‍ഡ്‌സിലും സ്‌നൂക്കറിലും ഒരുപോലെ മികവുകാട്ടിയ പങ്കജ് ലോക കിരീടനേട്ടത്തില്‍ കാല്‍ സെഞ്ചുറിക്കു തൊട്ടടുത്ത് എത്തിനില്‍ക്കുന്നു. ബില്യാര്‍ഡ്സ് 1998-ല്‍ ഏഷ്യന്‍ ഗെയിംസ് ഇനമായതോടെ അവിടെയും ഇന്ത്യ മികവുകാട്ടി. '98-ല്‍ ഗീത് സേഥി ഇരട്ടസ്വര്‍ണം നേടി.

തോമസ് കപ്പും ലോക ചാമ്പ്യന്‍ഷിപ്പും

ബാഡ്മിന്റണിലെ ലോക ടീം ചാമ്പ്യന്‍ഷിപ്പ് ആയി കണക്കാക്കുന്ന തോമസ് കപ്പില്‍, 2022 മേയില്‍ ഇന്ത്യ മുത്തമിട്ടു. 14 തവണ ചാമ്പ്യന്മാരായ ഇന്‍ഡൊനീഷ്യയെ ഫൈനലില്‍ തകര്‍ത്ത് (3-0) ബാങ്കോക്കില്‍ കൈവരിച്ച നേട്ടം ഇന്ത്യയെ ലോക ബാഡ്മിന്റന്റെ നെറുകയില്‍ എത്തിച്ചു. തോമസ് കപ്പ് ജയിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ.

1980-ല്‍ ലെം സ്വീ കിങ്ങിനെ പരാജയപ്പെടുത്തി ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ പ്രകാശ് പദുക്കോണ്‍ തുടര്‍ന്ന് സ്വീഡിഷ്, ഡാനിഷ് ഓപ്പണുകളും ജയിച്ചപ്പോള്‍ ബാഡ്മിന്റണിലെ 'ഗ്രാന്‍ സ്ലാം' സ്വന്തമാക്കിയെന്ന് ബാഡ്മിന്റണ്‍ ലോകം വിലയിരുത്തി. '81-ല്‍ ഓള്‍ ഇംഗ്ലണ്ട് ഫൈനലില്‍ കിങ്ങിനോട് തോറ്റെങ്കിലും പ്രഥമ ആല്‍പാ ലോകകപ്പ് ബാഡ്മിന്റണ്‍ വിജയിച്ചു. 1983-ല്‍ പദുക്കോണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി.

പദുക്കോണ്‍ യുഗത്തിനുശേഷം ഒരു ശൂന്യതയായിരുന്നു. പുല്ലേല ഗോപീചന്ദ് 2001-ല്‍ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യനായതോടെയാണു വീണ്ടുമൊരു ഉണര്‍വ് ദൃശ്യമായത്. 2008-ല്‍ ചേതന്‍ ആനന്ദ് ജര്‍മനിയിലെ ബിറ്റ്ബര്‍ഗര്‍ ചാമ്പ്യന്‍ഷിപ്പ് ജയിച്ചുകൊണ്ട് ബാഡ്മിന്റണില്‍ ഗ്രാന്‍ പ്രീ വിജയം നേടിയ പ്രഥമ ഇന്ത്യക്കാരനായി. 2021-ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ കെ. ശ്രീകാന്ത് വെള്ളിയും ലക്ഷ്യസെന്‍ വെങ്കലവും സ്വന്തമാക്കി.

2008-ല്‍ ലോക ജൂനിയര്‍ ചാംപ്യനായ സൈന നേവാള്‍ 2012-ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടി. 2016-ല്‍ റിയോയില്‍ വെള്ളി നേടിയ പി.വി. സിന്ധു ടോക്യോയില്‍ വെങ്കലമണിഞ്ഞ് തുടരെ രണ്ട് ഒളിംപിക്‌സില്‍ വൃക്തിഗത മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി. പി.വി. സിന്ധു 2019-ല്‍ ലോക വനിതാ ചാംപ്യനുമായി. 2013-ലും '14-ലും വെങ്കലം നേടിയ സിന്ധു 2017-ലും '18-ലും വെള്ളി നേടിയിരുന്നു. തോമസ് കപ്പിന്റെ വനിതാ പതിപ്പായ യൂബര്‍ കപ്പില്‍ 2014-ലും '16-ലും ഇന്ത്യക്കു വെങ്കലം ലഭിച്ചിരുന്നു.

ഡേവിസ് കപ്പ് ചാലഞ്ച് റൗണ്ട്

ലോണ്‍ ടെന്നീസില്‍ ഇന്ത്യയുടെ ശ്രദ്ധേയമായ നേട്ടം 1996-ലെ അറ്റ്ലാന്റ ഒളിമ്പിക്‌സില്‍ ലിയാന്‍ഡര്‍ പേസ് നേടിയ വെങ്കലമാണ്. ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളില്‍ പേസും മഹേഷ് ഭൂപതിയും സാനിയ മിര്‍സയും നേടിയ ഡബിള്‍സ്, മിക്‌സ്ഡ് ഡബിള്‍സ് കിരീടങ്ങളും ഉയര്‍ത്തിക്കാട്ടാം. രാമനാഥന്‍ കൃഷ്ണന്‍ രണ്ടു തവണ വിംബിള്‍ഡന്‍ സിംഗിള്‍സ് സെമിയില്‍ (1960, '61)കടക്കുകയും ലോക മൂന്നാംനമ്പര്‍ താരമായി ഉയരുകയും ചെയ്തിരുന്നു. പക്ഷേ, ഡേവിസ് കപ്പിലെ കുതിപ്പുകളാണ് ലോക ടെന്നീസില്‍ ഇന്ത്യക്കു ശ്രദ്ധേയസ്ഥാനം നേടിത്തന്നത്. മൂന്നു തവണ ഇന്ത്യ ഡേവിസ് കപ്പ് ചാലഞ്ച് റൗണ്ടില്‍ (ഫൈനല്‍) കടന്നു. 1966-ല്‍, ഡേവിസ് കപ്പിന്റെ 55-ാം പതിപ്പില്‍ ആണ് ആദ്യം ചാലഞ്ച് റൗണ്ടില്‍ എത്തിയത്. പൂര്‍വമേഖലാ ഫൈനലില്‍ ജപ്പാനെ തോല്‍പ്പിച്ച ഇന്ത്യ സെമിയില്‍ (ഇന്റര്‍ സോണ്‍) പശ്ചിമ ജര്‍മനിയെ കീഴടക്കി. പക്ഷേ, ഫൈനലില്‍ ആതിഥേയരായ ഓസ്ട്രേലിയയോടു തോറ്റു. രാമനാഥന്‍ കൃഷ്ണനും ജയ്ദീപ് മുഖര്‍ജിയുമാണ് ഇന്ത്യക്കുവേണ്ടി കളിച്ചത്. അന്ന് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ ആയിരുന്ന ജോണ്‍ ന്യൂകോംബും ടോണി റോഷെയും ഉള്‍പ്പെട്ടതായിരുന്നു ഓസ്‌ട്രേലിയന്‍ ടീം.

1974-ല്‍ വിജയ് അമൃത് രാജ്-ആനന്ദ് അമൃത് രാജ് സഹോദരങ്ങളും ജസ്ജിത് സിങ്ങും അടങ്ങിയ ടീം ചാലഞ്ച് റൗണ്ടിലെത്തി. രാമനാഥന്‍ കൃഷ്ണന്‍ ആയിരുന്നു നോണ്‍ പ്ലെയിങ് ക്യാപ്റ്റന്‍. പൂര്‍വ മേഖലാ ഫൈനലില്‍ ഓസ്‌ട്രേലിയയെയും (അന്തര്‍ മേഖലാ) സെമിയില്‍ സോവിയറ്റ് യൂണിയനെയും അട്ടിമറിച്ചു. ഇതര സെമിയില്‍ ഇറ്റലിയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലില്‍ കടന്നു. വര്‍ണവിവേചനനയം പിന്തുടര്‍ന്നിരുന്ന ദക്ഷിണാഫ്രിക്കയിലേക്ക് ടീമിനെ അയയ്ക്കാന്‍ ഇന്ത്യ വിസമ്മതിച്ചു. ഫലം പൊരുതാതെ ദക്ഷിണാഫ്രിക്ക ചാമ്പ്യന്മാരായി.

1987-ല്‍, മുന്നാമതൊരിക്കല്‍ക്കൂടി ഇന്ത്യ ഫൈനല്‍ ബര്‍ത്ത് നേടി. വിജയ്-ആനന്ദ് സഹോദരങ്ങള്‍ക്കൊപ്പം രമേശ് കൃഷ്ണനും ഇറങ്ങി. സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ അട്ടിമറിച്ചു. പക്ഷേ, ഫൈനലില്‍ സ്വീഡനോട് പരാജയപ്പെട്ടു.

റിബേലോ തുടങ്ങി; മില്‍ഖാ തുടര്‍ന്നു

1948-ല്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ട്രിപ്പിള്‍ ജംപ് ഫൈനലില്‍ കടന്ന ഹെന്റി റിബേലോയിലൂടെ എത്തേണ്ടതായിരുന്നു ഒളിമ്പിക്‌സ് അത്ലറ്റിക്‌സില്‍ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ മെഡല്‍. പക്ഷേ, സമ്മാന വിതരണത്തിനായി ഫൈനല്‍ 39 മിനിറ്റ് നിര്‍ത്തിവെച്ചപ്പോള്‍ തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ ട്രാക്ക് സ്യൂട്ട് വീണ്ടുമണിയാന്‍ മറന്ന റിബേലോ ചാട്ടത്തിനായി ഓടിത്തുടങ്ങിയതും കാലിലെ പേശിവലിഞ്ഞ് വീണുപോയി.

ട്രാക്കില്‍ ഇന്ത്യ ഒരു ശക്തിയാണെന്നു ലോകമറിഞ്ഞത് 1960-ലെ റോം ഒളിമ്പിക്‌സോടെയാണ്. 'നൂറ്റാണ്ടിലെ ഒരു ലാപ് ഓട്ടം' റോമിലെ 400 മീറ്റര്‍ ഫൈനല്‍ വിശേഷിപ്പിക്കപ്പെട്ടത് അങ്ങനെയാണ്. ഒടുവില്‍ മില്‍ഖാ സിങ്ങിന് സെക്കന്‍ഡിന്റെ പത്തിലൊന്നിന് വെങ്കല മെഡല്‍ നഷ്ടപ്പെട്ടു. ഫൈനല്‍ ഓടിയ ആറില്‍ നാലുപേരും നിലവിലെ ഒളിമ്പിക് റെക്കോഡ് മറികടന്നു. മില്‍ഖായെ (45.6 സെക്കന്‍ഡ്) പിന്തള്ളി വെങ്കലം നേടിയ മാല്‍ക്കം സ്‌പെന്‍സിനെ തോല്‍പ്പിച്ചാണ് കാര്‍ഡിഫ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേരത്തേ മില്‍ഖാ സ്വര്‍ണം നേടിയത്.

നാനൂറു മീറ്ററില്‍ മെഡല്‍ നേടാന്‍ 200 മീറ്ററില്‍ നിന്നു തന്നെ പിന്‍വലിച്ച കോച്ച് മിര്‍ചന്ദ് ധവാന്‍ കാട്ടിയത് അബദ്ധമായെന്ന് മില്‍ഖാ പറഞ്ഞു. 200 മീറ്ററില്‍ മെഡല്‍ ഉറപ്പായിരുന്നത്രേ. മില്‍ഖായുടെ കുതിപ്പിന്റെ തുടര്‍ച്ചയെന്നോണം '64-ല്‍ ടോക്യോയില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഗുര്‍ചരണ്‍ സിങ് രണ്‍ധാവ അഞ്ചാം സ്ഥാനത്തെത്തി.

1951-ല്‍ ഡല്‍ഹി ഏഷ്യാഡില്‍ സ്പ്രിന്റ് ഡബിള്‍ നേടിയ ലാവിപിന്റോ, 800 മീറ്റര്‍ ജയിച്ച രഞ്ജിത് സിങ്, മാരത്തണ്‍ ജയിച്ച ഛോട്ടാ സിങ്, ഷോട്ട് പുട്ട് ജേതാവ് മദന്‍ലാല്‍, ഡിസ്‌കസ് ത്രോ ജേതാവ് മഖന്‍ സിങ്, നടത്തത്തില്‍ സ്വര്‍ണം നേടിയ മഹാബീര്‍ പ്രസാദ്, ദക്താവര്‍ സിങ്. ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്‌സില്‍ തുടക്കം മുതല്‍ ഇന്ത്യ തിളങ്ങി.

ഏഷ്യന്‍ ഗെയിംസില്‍ ഏറ്റവും മൂല്യമുള്ള താരത്തെ തിരത്തെടുത്തുതുടങ്ങിയത് 1998-ലാണ്. 1986-ല്‍ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ ഇങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ ഈ ബഹുമതി പി.ടി. ഉഷയ്ക്കു ലഭിക്കുമായിരുന്നു. നാലു സ്വര്‍ണവും ഒരു വെങ്കലവുമാണ് ഉഷ സോളില്‍ നേടിയത്. മോണ്‍ട്രിയോളില്‍ 800 മീറ്ററില്‍ ഏഴാമതെത്തിയ ശ്രീറാംസിങ്, ലോസ് ആഞ്ജലിസില്‍ സെക്കന്‍ഡിന്റെ നൂറിലൊന്നു വ്യത്യാസത്തില്‍ 400 മീ. ഹര്‍ഡില്‍സില്‍ വെങ്കലം നഷ്ടമായ പി.ടി. ഉഷ, ആതന്‍സില്‍ ലോങ് ജമ്പില്‍ അഞ്ചാമതായ അഞ്ജു ബോബി ജോര്‍ജ്, ലണ്ടനില്‍, ഡിസ്‌കസ് ത്രോയില്‍ ആറാമതെത്തിയ കൃഷ്ണപൂനിയ, എട്ടാമതായ വികാസ് ഗൗഡ, ടോക്യോയില്‍ ഡിസ്‌കസില്‍ ആറാംസ്ഥാനം നേടിയ കമല്‍പ്രീത് കൗര്‍... ഇങ്ങനെ ഒളിമ്പിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ ഇന്ത്യയുടെ നിര്‍ഭാഗ്യത്തിന്റെയും നഷ്ടത്തിന്റെയും കണക്കുകള്‍ ആണ് നീരജ് ചോപ്ര അവസാനിപ്പിച്ചത്.

ടോക്യോയില്‍ നീരജ് ചോപ്രയുടെ സുവര്‍ണ വിജയത്തിനുമുമ്പ് ലോക അത്ലറ്റിക് വേദിയില്‍ ഇന്ത്യക്കു സ്ഥാനം നേടിത്തന്നത് അഞ്ജു ബോബി ജോര്‍ജ് 2003-ല്‍ പാരീസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജമ്പില്‍ നേടിയ വെങ്കലമാണ് (6.70 മീറ്റര്‍). ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യമെഡല്‍. നേരത്തേ 2002-ല്‍ മാഞ്ചെസ്റ്റര്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയ അഞ്ജു 2005-ല്‍ മോണ്ടികാര്‍ലോയില്‍ ലോക അത്ലറ്റിക്‌സ് ഫൈനല്‍സില്‍ സ്വര്‍ണം കരസ്ഥമാക്കി.

ക്രിക്കറ്റിലെ കുതിപ്പ് ഏഴുപതുകളില്‍ തുടങ്ങി

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യവിജയം 1952 ഫെബ്രുവരിയില്‍ ചെന്നൈയില്‍ (മദ്രാസ്) ചേപ്പോക്ക് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു. ഇന്നിങ്‌സിനും എട്ടു റണ്‍സിനും വിജയ് ഹസാരെയുടെ ടീം വിജയിച്ചു. ഇന്ത്യയുടെ ഇരുപത്തഞ്ചാം ടെസ്റ്റ് ആയിരുന്നത്. പങ്കജ് റോയിയുടെയും (111) പോളി ഉമ്രിഗറിന്റെയും (130) സെഞ്ചുറികളും വിനുമങ്കാദിന്റെ സ്പിന്‍ ബൗളിങ്ങും (രണ്ട് ഇന്നിങ്‌സിലായി 12 വിക്കറ്റ്) ഇന്ത്യക്കു വിജയമൊരുക്കി.

പക്ഷേ, ഇന്ത്യ ഒരു ക്രിക്കറ്റ് ശക്തിയായിമാറിയത് 1970-'71 ല്‍ അജിത് വഡേക്കറുടെ ടീം വിന്‍ഡീസിനെയും ഇംഗ്ലണ്ടിനെയും അവരുടെ നാട്ടില്‍ തോല്‍പ്പിച്ചതോടെയാണ്. സുനില്‍ ഗാവസ്‌കറും ദിലീപ് സാര്‍ദേശായിയും ലോകോത്തര ബാറ്റര്‍മാരായി മാറിയ പരമ്പര. വിന്‍ഡീ സിനെതിരേ രണ്ടാം ടെസ്റ്റും ഇംഗ്ലണ്ടിനെതിരേ മൂന്നാംടെസ്റ്റും ജയിച്ച് ഇന്ത്യ പരമ്പര നേടി. വിന്‍ഡീസില്‍ ബേദിയും പ്രസന്നയും വെങ്കട്ടരാഘവനും സ്പിന്‍ മികവ് കാട്ടിയെങ്കില്‍ ഇംഗ്ലണ്ടില്‍ ലെഗ് സ്പിന്നര്‍ ചന്ദ്രശേഖറിന്റെ ഊഴമായിരുന്നു.

1974-ല്‍ ഇംഗ്ലണ്ടില്‍ പ്രുഡന്‍ഷ്യല്‍ ട്രോഫിയില്‍ മാറ്റുരച്ചുകൊണ്ടായിരുന്നു ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ അരങ്ങേറ്റം. 2022 ഫെബ്രുവരിയില്‍ വിന്‍ഡീസിനെതിരേ അഹമ്മദാബാദില്‍ നടന്ന ഏകദിനത്തോടെ 1000 ഏകദിനക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ച ആദ്യ രാജ്യമായി ഇന്ത്യ.

വനിതാ ക്രിക്കറ്റില്‍, മിതാലി രാജിന്റെ നേതൃത്വത്തില്‍ ഇന്ത്യ രണ്ടുതവണ ഏകദിന ലോകകപ്പിന്റെ ഫൈനല്‍ കളിച്ചു. 2005-ലും '17-ലും. അതിനു മുമ്പ് 2002-ല്‍, വിദേശത്ത് ആദ്യമായൊരു ടെസ്റ്റ് ജയിച്ചു. അഞ്ജു ചോപ്രയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കയില്‍.

മേരികോം എന്ന ഇതിഹാസം

ഇന്ത്യയില്‍ നിന്നൊരു വനിത 2002-ല്‍ നടാടെ ലോകബോക്‌സിങ് ചാമ്പ്യനായി. മണിപ്പുരില്‍നിന്നുള്ള എം.സി. മേരി കോം തുര്‍ക്കിയിലെ അന്റാല്യയില്‍ 48 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയപ്പോള്‍ പ്രായം-19. പിന്നീട് അഞ്ചുതവണ കൂടി മേരി കോം ലോകചാമ്പ്യനായി. ഒടുവില്‍ 2018-ല്‍. 2001-ല്‍ യു.എസില്‍ നടന്ന പ്രഥമ ലോക വനിതാ ബോക്‌സിങ്ങില്‍ വെള്ളി നേടിക്കൊണ്ടായിരുന്നുതുടക്കം.

2006-ല്‍ ന്യൂഡല്‍ഹിയില്‍ മേരിക്കൊപ്പം ജെന്നി ആര്‍. ലാലാറാന്‍ ലിയാനി (63 കിലോ), കെ.സി. ലേഖ (75 കിലോ), ലയ്ഷ്‌റാം സരിതാദേവി (52കിലോ) എന്നിവരും ഇന്ത്യക്കായി ലോക ബോക്‌സിങ്ങില്‍ സ്വര്‍ണം കരസ്ഥമാക്കി. പിന്നീട് 2022 മേയില്‍ ഈസ്താംബൂളില്‍ 52 കിലോ വിഭാഗത്തില്‍ നിഖാത് സരീന്‍ ലോക ചാമ്പ്യനായി.

2012-ല്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ മേരി വെങ്കലം നേടി; 2021-ല്‍ ടോക്യോയില്‍ ലൗലീനാ ബൊര്‍ഗോഹെയ്‌നിലൂടെ (69 കിലോ) മറ്റൊരു വെങ്കലം ലഭിച്ചു. 2008-ല്‍ ബെയ്ജിങ്ങില്‍ വെങ്കലം നേടിയ വിജേന്ദര്‍ കുമാര്‍ (മിഡില്‍ വെയ്റ്റ്) പിന്നീട് പ്രൊഫഷണല്‍ റിങ്ങിലേക്കുമാറി.

കര്‍ണം ചരിത്രമെഴുതി

1994-ല്‍ ഈസ്താംബൂളില്‍ ഒന്നാംസ്ഥാനക്കാരി ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടപ്പോള്‍ 54 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ലോകചാമ്പ്യന്‍ സ്ഥാനം കര്‍ണം മല്ലേശ്വരിക്കു സ്വന്തമായി. '95-ല്‍ ഗ്വാങ്ഷുവില്‍ കര്‍ണം മല്ലേശ്വരി രണ്ടാമതും ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം നേടിയത് ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 113.5 കിലോയുടെ ലോക റെക്കോഡുമായാണ്. 2000-ത്തില്‍ സിഡ്‌നി ഒളിമ്പിക്‌സില്‍ കര്‍ണം വെങ്കലം നേടിയപ്പോള്‍ ഒളിമ്പിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതയായി. 2021-ല്‍ ടോക്യോയില്‍ മീരാബായ് ചാനു ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ സ്വന്തമാക്കി. മീരാബായ് 2017-ല്‍ 48 കിലോയില്‍ ലോകചാമ്പ്യനായിരുന്നു.

ഷൂട്ടിങ് മികവ്; റാത്തോഡ് തുടക്കമിട്ടു

ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ 2004-ല്‍ ആതന്‍സ് ഒളിമ്പിക്‌സില്‍ ഡബിള്‍ ട്രാപ്പില്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് വെള്ളി നേടിയതോടെ ഷൂട്ടിങ്ങില്‍ ഇന്ത്യക്കു പുത്തന്‍ ഉണര്‍വു കൈവന്നു. 2008-ല്‍ വിജയകുമാര്‍ വെള്ളിയും (25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍) 2012-ല്‍ ഗഗന്‍ നരംഗ് വെങ്കലവും (10 മീ. എയര്‍ റൈഫിള്‍) കരസ്ഥമാക്കി.

ഒളിമ്പിക്‌സ് കഴിഞ്ഞാല്‍ ഷൂട്ടിങ്ങില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്നത് ഏഷ്യന്‍ ഗെയിംസിലാണ്. 1978-ല്‍ രാജാ രണ്‍ധീര്‍ സിങ് ട്രാപ് ഇനത്തില്‍ സ്വര്‍ണം നേടിയശേഷം നീണ്ട ഇടവേളയായിരുന്നു. 1994-ല്‍ ഹിരോഷിമയില്‍ 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റളില്‍ ജയിച്ച് ജസ്പാല്‍ റാണ വീണ്ടും ഇന്ത്യയുടെ സുവര്‍ണ സാന്നിധ്യം അറിയിച്ചു. ഏഷ്യന്‍ റെക്കോഡോടെയായിരുന്നു നേട്ടം. ലോക ഷൂട്ടിങ്ങില്‍ ജൂനിയര്‍ വിഭാഗത്തില്‍ സ്റ്റാന്‍ഡേഡ് പിസ്റ്റളില്‍ സ്വര്‍ണം നേടിയതിന്റെ തുടര്‍ച്ചയാണ് ജസ്പാല്‍ ഹിരോഷിമയില്‍ കാഴ്ചവെച്ചത്.

ലോക സീനിയര്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ആദ്യമായൊരു സ്വര്‍ണം ലഭിച്ചത് 2006-ലാണ്. സാഗ്രെബില്‍ എയര്‍ റൈഫിള്‍ ഇനത്തിലാണ് അഭിനവ് ബിന്ദ്രയെന്ന ഇരുപത്തിമൂന്നുകാരന്‍ ചരിത്രമെഴുതിയത്. 100 രാജ്യങ്ങളില്‍നിന്നുള്ള 122 ഷൂട്ടര്‍മാര്‍ മത്സരിച്ച വേദിയിലെ നേട്ടം വരാന്‍പോകുന്നതിന്റെ സൂചനയായിരുന്നു. സാക്ഷാല്‍ കാര്‍ണി സിങ്പോലും വെള്ളികൊണ്ടു തൃപ്തിപ്പെട്ട വേദിയിലാണ് അഭിനവ് ചാമ്പ്യനായത്.

ബിന്ദ്രയെ പിന്തുടര്‍ന്നു സാഗ്രെബില്‍ മാനവ്ജിത് സിങ് സന്ധുവും ലോക്ചാമ്പ്യന്‍ഷിപ്പില്‍ (ട്രാപ്) സ്വര്‍ണം കരസ്ഥമാക്കി. 2010-ല്‍ മ്യൂണിക്കില്‍ തേജസ്വിനി സാവന്ത് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണംനേടുന്ന പ്രഥമ ഇന്ത്യന്‍ വനിതയായി. 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തിലായിരുന്നു തേജസ്വിനിയുടെ വിജയം.

ലോകകപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യ സ്വര്‍ണക്കൊയ്ത്താണു നടത്തുന്നത്. തുടക്കം 2003-ലായിരുന്നു. യു.എസിലെ ഫോര്‍ട്ടബെന്നിങ്ങില്‍ അഞ്ജലി വേദ്പഥക് ഭാഗവത് എയര്‍ റൈഫിള്‍ വിഭാഗത്തില്‍ സ്വര്‍ണം കരസ്ഥമാക്കി. ലോകകപ്പ് ഷൂട്ടിങ് സീനിയര്‍ തലത്തില്‍ ഇന്ത്യക്കു കൈവന്ന ആദ്യ വ്യക്തിഗത സ്വര്‍ണം. തൊട്ടടുത്തവര്‍ഷം സിഡ്‌നി ലോകകപ്പില്‍ ഡബിള്‍ ട്രാപ്പില്‍ രാജ്യ വര്‍ധന്‍സിങ് റാത്തോഡ് സുവര്‍ണ നേട്ടം കൈവരിച്ചു. പിന്നെ, ഗഗന്‍ നരംഗ്, രൊഞ്ജന്‍ സോധി, സഞ്ജീവ് രജപുത്ത്, രാഹി സര്‍നോബ്ത് ഹീന സിദ്ധു..... ആ നിര നീളുന്നു.

2018-ലെ ജക്കാര്‍ത്തയില്‍ രാഹി സര്‍നോബത് 25 മീ. എയര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടിയപ്പോള്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ ആയി.

ഗോദയില്‍ വലിയൊരു പാരമ്പര്യത്തിന്റെ തുടര്‍ച്ച

ഇന്ത്യയുടെ ആദ്യത്തെ ലോകചാമ്പ്യന്‍ കരിം ബക്‌സ് ആണെന്നു ചരിത്രം പറയുന്നു. 1892-ല്‍ കരിം ബക്‌സ് ലോക ഗുസ്തി ചാമ്പ്യനായി. 1900-ല്‍ ഗുലാമും 1910-ല്‍ ഗാമയും 1921-ല്‍ ഗൊബോര്‍ ഗോഹോയും ബ്രിട്ടീഷ് ഇന്ത്യയുടെ പ്രതിനിധികളായി ലോകചാമ്പ്യന്മാരായി. പിന്നീട് നീണ്ട ഇളവേളയായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ലോകചാമ്പ്യന്‍പട്ടം എത്തിച്ച ആദ്യ ഫയല്‍വാന്‍ ധാരാസിങ്ങാണ്. 1966-ല്‍ പോളണ്ടിന്റെ ജോര്‍ത് സിബിസ്‌കോയെ തോല്‍പ്പിച്ച് ലോകചാമ്പ്യനായ ധാരാസിങ് 68-ല്‍ അമേരിക്കയുടെ ലൂതേസിനെ മലര്‍ത്തിയടിച്ച് രണ്ടാമതും ചാമ്പ്യനായി. രണ്ടു പതിറ്റാണ്ട് പരാജയമറിയാതെ ഗോദയില്‍ നിറഞ്ഞ ധാരാസിങ് ഒടുവില്‍ കിങ് കോങ്ങിനോട് അടിയറവുപറഞ്ഞു.

പപ്പു യാദവും (1992) പല്‍വിന്ദര്‍ ചീമയും (2001) ലോക ജൂനിയര്‍ ചാമ്പ്യന്മാരായതു മാത്രമായി ഇടക്കാലത്ത് ഈ രംഗത്തെ ഇന്ത്യയുടെ നേട്ടം. ഒടുവില്‍ 2010-ല്‍ മോസ്‌കോയില്‍ സുശീല്‍കുമാര്‍ ലോക ഗുസ്തി ചാമ്പ്യനായി. സുശീല്‍ നേരത്തേ, 2008-ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ 66 കിലോ ഫ്രീസ്‌റ്റൈലില്‍ വെങ്കലവും 2012-ല്‍ വെള്ളിയും നേടി. ലണ്ടനില്‍ യോഗേശ്വര്‍ ദത്തും (60 കിലോ) വെള്ളിനേടി.

2016-ല്‍ റിയോയില്‍ സാക്ഷി മാലിക് വെങ്കലം നേടിക്കൊണ്ട് വനിതാ ഗുസ്തിയില്‍ ഇന്ത്യയുടെ വരവറിയിച്ചു. ടോക്യോ ഒളിമ്പിക്‌സില്‍ രവികുമാര്‍ ദാഹിയ (57 കിലോ) വെള്ളിയും ബജ്‌റങ് പുനിയ (65 കിലോ) വെങ്കലവും സമ്പാദിച്ചു.

സുന്ദരപുരുഷന്മാര്‍

ശരീരസൗന്ദര്യമത്സരങ്ങളിലും ഇന്ത്യക്കാര്‍ മികവുകാട്ടി. 1950-കളില്‍തന്നെ മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം രണ്ടുതവണ ഇന്ത്യയിലെത്തി. 1951-ല്‍ മോണോടോഷ് റോയിലും തൊട്ടടുത്തവര്‍ഷം മനോഹര്‍ ഐച്ചും മിസ്റ്റര്‍ യൂണിവേഴ്സ് ആയി. പിന്നെ, 1988-ല്‍ പ്രോംചന്ദ്ര ദേഗ്രയിലൂടെ സൗന്ദര്യപട്ടം ഇന്ത്യക്കു സ്വന്തമായി. തുടര്‍ന്ന്, 2010-ലും 11-ലും 12-ലും ബോബി സിങ് ബോഡി ബില്‍ഡിങ്ങില്‍ ലോകചാമ്പ്യനായി. 2015-ല്‍ താക്കൂര്‍ അനൂപ് സിങ്ങും ലോകകിരീടം നേടി.

അക്വാറ്റിക്‌സ്

പ്രഥമ ഏഷ്യന്‍ ഗെയിംസിലെ വേഗമേറിയ നീന്തല്‍ താരമെന്ന ബഹുമതി സ്വന്തമായത് ഇന്ത്യയുടെ സച്ചിന്‍ നാഗിന്. സച്ചിന്‍ 100 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ വിജയിച്ചത് 1:04.7-ന്. 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ കാന്തി ഷാ വെള്ളിയും 200 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ ജഹാഗീര്‍ നയ്ഗംവാല വെങ്കലവും നേടി. 4ഃ100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയിലും ഇന്ത്യക്ക് മൂന്നാംസ്ഥാനമുണ്ടായിരുന്നു. സച്ചിന്ദ്ര നാഗ് എന്ന സച്ചിന്‍ നാഗ് 1948-ലും 52-ലും ഒളിമ്പിക്‌സ് നീന്തലില്‍ പങ്കെടുത്തു.

ഏഷ്യന്‍ ഗെയിംസ് നീന്തലില്‍ വീണ്ടുമൊരു മെഡല്‍നേട്ടം സാധ്യമായത് 1986-ല്‍ മാത്രം. കസാന്‍ സിങ് 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈയില്‍ വെള്ളിനേടി. പിന്നീട് 2010-ല്‍ വീര്‍ധവാല്‍ ഖാഡെയും (50 മീ. ബട്ടര്‍ഫ്ളൈ) 2014-ല്‍ സന്ദീപ് സേജവാലും (50 മീ. ബ്രസ്റ്റ് സ്‌ട്രോക്ക്) വെങ്കലം നേടി.

പ്രഥമ ഏഷ്യന്‍ ഗെയിംസ് അക്വാറ്റിക്‌സില്‍, സ്പ്രിങ് ബോര്‍ഡ്, പ്ലാറ്റ് ഫോം ഡൈവിങ്ങുകളില്‍ സ്വര്‍ണം ഇന്ത്യയുടെ കെ.പി. താക്കറിനായിരുന്നു. സ്പ്രിങ് ബോര്‍ഡില്‍ അഷ്ദത്ത് വെള്ളിയും പ്ലാറ്റ്ഫോമില്‍ ടി.ടി. ഡന്‍ഡ് വെങ്കലവും നേടി.

വാട്ടര്‍ പോളോയിലും ഇന്ത്യക്കായിരുന്നു സ്വര്‍ണം. 1948-ലും 52-ലും ഒളിമ്പിക് വാട്ടര്‍പോളോയില്‍ ഇന്ത്യ പങ്കെടുത്തിരുന്നു. സച്ചിന്‍ നാഗ്, ഖാംലിലാല്‍ ഷാ എന്നിവര്‍ നീന്തലിനൊപ്പം വാട്ടര്‍പോളോ ടീമിലുമുണ്ടായിരുന്നു.

പോളോ

സ്വാതന്ത്ര്യത്തിനുമുമ്പേ പോളോയില്‍ ഇന്ത്യക്ക് വലിയൊരു പാരമ്പര്യമുണ്ടായിരുന്നു. പക്ഷേ, ഇന്ത്യക്ക് ലോകകപ്പ് വിജയം സാധ്യമായത് 1957-ലാണ്. ഫ്രാന്‍സിലെ ദോവിലെയില്‍നടന്ന ലോകകപ്പ് പോളോയില്‍ ആണ് ഇന്ത്യ കിരീടജയം നേടിയത്. ലോകകപ്പിലെ ഇന്ത്യയുടെ അരങ്ങേറ്റംകൂടിയായിരുന്നു അത്. കരുത്തരായ അര്‍ജന്റീന, മെക്‌സിക്കോ, സ്‌പെയിന്‍, ഇംഗ്ലണ്ട് ടീമുകളെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് നേടിയത്. മേജര്‍ കിഷന്‍ സിങ്, കന്‍വാര്‍, ബിജെസിങ്, റാവു രാജാ ഹനുത് സിങ്, ജയ്പുരിലെ മഹാരാജാ സവായ്മാന്‍ സിങ് എന്നിവര്‍ അടങ്ങിയതായിരുന്നു ഇന്ത്യന്‍ ടീം.

മറ്റിനങ്ങള്‍

പ്രഥമ ലോക കാരം ചാമ്പ്യന്‍ഷിപ്പ് 1991-ല്‍ ന്യൂഡല്‍ഹിയില്‍ നടന്നപ്പോള്‍ പുരുഷ-വനിതാ കിരീടങ്ങള്‍ ഇന്ത്യക്കായിരുന്നു. പുരുഷവിഭാഗത്തില്‍ ആന്തണി മരിയ ഇരുദയവും വനിതകളില്‍ അനുരാജും ചാമ്പ്യന്മാരായി. മൂന്നാം പതിപ്പായപ്പോള്‍ പുരുഷ-വനിതാ ടീം ചാമ്പ്യന്‍ഷിപ്പുകളും ഇന്ത്യക്ക് സ്വന്തമായി. കാരം ലോകവിജയം പിന്നീട് പലതവണ ഇന്ത്യ കരസ്ഥമാക്കി.

റഗ്ബിയില്‍ സീനിയര്‍ തലത്തില്‍ ഇന്ത്യക്ക് നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല. എന്നാല്‍, 2007-ല്‍ ലണ്ടനില്‍ 14 വയസ്സില്‍ താഴെയുള്ളവരുടെ റഗ്ബി ലോകകപ്പ് ഇന്ത്യനേടി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയ പരാജയപ്പെടുത്തി (195), ഒഡിഷയില്‍നിന്നുള്ള ആദിവാസി ബാലന്മാരുടെ ടീമാണ് വിജയിച്ചത്. ഭുവനേശ്വര്‍ ആസ്ഥാനമായുള്ള കലിംഗ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിലെ വിദ്യാര്‍ഥികള്‍.

ലോകകിരീടം ചൂടിയ ആദ്യത്തെ ഇന്ത്യന്‍ പാരാ അത്ലറ്റ് എന്ന ബഹുമതി ദേവേന്ദ്ര ജജാരിയയ്ക്ക്. 2013-ല്‍ ലിയോണില്‍ ഐ.പി.സി. ലോക അത്ലറ്റിക്‌സില്‍ ജാവലിനില്‍ (ടി. 46 വിഭാഗം) ആണ് ദേവേന്ദ്ര വിജയിച്ചത്. 2004-ല്‍ ആഥന്‍സിലും 2016-ല്‍ റിയോയിലുംനടന്ന പാരാലിമ്പിക്‌സില്‍ ലോകറെക്കോഡോടെ ജാവലിനില്‍ സ്വര്‍ണം നേടിയ ജജാരിയ ടോക്യോയില്‍ വെള്ളിയും കരസ്ഥമാക്കി.

ടോക്യോ 2020 പാരാലിമ്പിക്‌സില്‍ അഞ്ചു സ്വര്‍ണം ഉള്‍പ്പെടെ 19 മെഡലുമായി ഇന്ത്യ മെഡല്‍പ്പട്ടികയില്‍ ഇരുപത്തിനാലാമതെത്തി. അവനി ലേഖ്‌റ (10 മീ. എയര്‍ റൈഫിള്‍) പാരാലിമ്പിക്‌സ് സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ വനിതയായി. ഇതിനുമുമ്പ് 11 പാരാലിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യയുടെ നേട്ടം നാലു സ്വര്‍ണം ഉള്‍പ്പെടെ 12 മെഡല്‍ മാത്രമായിരുന്നു.

വോളിബോളില്‍ മൂന്നുതവണ ഇന്ത്യന്‍ പുരുഷന്മാര്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍നേടി. 1958-ലും 1986-ലും വെങ്കലം; 1962-ല്‍ വെള്ളി.

എവറസ്റ്റിന്റെ നെറുകയില്‍

1965 മേയ് 20. ക്യാപ്റ്റന്‍ എ.എസ്. ചീമ എവറസ്റ്റ് കീഴടക്കി. ആദ്യമായൊരു ഇന്ത്യന്‍ പൗരന്‍ എവറസ്റ്റിന്റെ നെറുകയില്‍. (എവറസ്റ്റ് കീഴടക്കിയശേഷമാണ് ടെന്‍സിങ് ഡാര്‍ജിലിങ്ങിലേക്ക് താമസം മാറ്റിയത്. പ്രധാനമന്ത്രി നെഹ്രു ടെന്‍സിങ്ങിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അനുവദിച്ചു. 1959-ല്‍ പദ്മഭൂഷണും നല്‍കി). ബ്രിട്ടനും സ്വിറ്റ്‌സര്‍ലന്‍ഡിനും അമേരിക്കയ്ക്കും ശേഷം എവറസ്റ്റ് കീഴടക്കിയ ആദ്യ രാജ്യമായി ഇന്ത്യ. ക്യാപ്റ്റന്‍ എം.എസ്. കോലി നയിച്ച 1965-ലെ സംഘത്തില്‍ ഒമ്പതുപേര്‍ എവറസ്റ്റിന്റെ നെറുകയിലെത്തി.

1984 മേയ് 23. ഒരു ഇന്ത്യന്‍ വനിത എവറസ്റ്റ് കീഴടക്കി. ബചേന്ദ്രിപാല്‍ ആണ് ലക്ഷ്യംകണ്ടത്. ലക്ഷ്യം നേടിയ ലോകത്തിലെ അഞ്ചാമത്തെ വനിതയായി ബചേന്ദ്രി.

ശീതകാല ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് നേട്ടങ്ങളൊന്നുമില്ല. പക്ഷേ, ശൈത്യകാല വിനോദങ്ങളെക്കുറിച്ച് ഇന്ത്യക്കാര്‍ക്ക് ചിന്തിക്കാന്‍ അവസരമൊരുക്കിയൊരു താരത്തെ മറക്കരുത് -ശിവകേശവന്‍. ആറുതവണ ശീതകാല ഒളിമ്പിക്‌സില്‍ ലൂജ് എന്ന ഇനത്തില്‍ മത്സരിച്ച ശിവകേശവന്‍, 2022-ല്‍ ബെയ്ജിങ്ങില്‍ക്കൂടി മത്സരിച്ച്, ഏറ്റവും അധികം ഒളിമ്പിക്‌സില്‍ മത്സരിച്ച ഇന്ത്യന്‍ താരമെന്ന ലിയാന്‍ഡര്‍ പേസിന്റെ റെക്കോഡിന് (ഏഴ് ഒളിമ്പിക്‌സ്) ഒപ്പമെത്താന്‍ ശ്രമിക്കാതെ 2018-ല്‍ കൊറിയയിലെ പ്യാങ്ചാങ്ങിലെ 34-ാം സ്ഥാനവുമായി വിടവാങ്ങി.

സ്വാതന്ത്ര്യം മുക്കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഇന്ത്യ കായികരംഗത്ത് ഏറെ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നു. ഭാവിയിലേക്ക് വലിയ പ്രതീക്ഷയോടെ നോക്കാം. പ്രതീക്ഷയുള്ള ഭാവി

കായികരംഗത്ത് ഒരു രാജ്യത്തിന്റെ പുരോഗതിയുടെ അളവുകോല്‍ ഒളിമ്പിക്‌സിലെ പ്രകടനമാണ്. ലോക ടീം ചാമ്പ്യന്‍ഷിപ്പുകളും വ്യക്തിഗത ലോകവിജയങ്ങളും മികവിന്റെ പ്രകാശകിരണങ്ങള്‍ മാത്രം. 1996-ല്‍ അറ്റ്ലാന്റയില്‍മുതല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ മെഡല്‍പ്പട്ടികയില്‍ സ്ഥിരം സാന്നിധ്യമാണ്. ഏറ്റവുമൊടുവില്‍ ടോക്യോയില്‍ നേടിയത് ഏഴു മെഡല്‍. ഗുസ്തിയില്‍ 2008 മുതല്‍ ഇന്ത്യ തുടരെ മെഡല്‍ നേടുന്നു. ഈ മുന്നേറ്റം തുടരാനാണ് സാധ്യത.

അഭിനവ് ബിന്ദ്രയെ വിദേശപരിശീലനത്തിന് കോടീശ്വരനായ പിതാവ് തുണച്ചെങ്കില്‍ നീരജ് ചോപ്രയെ ജെ.എസ്.ഡബ്ല്യു. സ്‌പോര്‍ട്‌സ് സഹായിച്ചു. ബജ്‌റങ് പൂനിയ, സുശീലാ ദേവി തുടങ്ങി പല ഇന്ത്യന്‍ താരങ്ങളെയും ജെ.എസ്.ഡബ്ല്യു. പിന്തുണയ്ക്കുന്നു. ജെ.എസ്.ഡബ്‌ള്യു. സ്റ്റീല്‍ ലിമിറ്റഡ് ചെയര്‍മാന്‍ സജന്‍ ജിന്‍ഡാലിന്റെ പുത്രന്‍ പാര്‍ഥ് ജിന്‍ഡാലാണ് 'ഇന്‍സ്പയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ്' സ്ഥാപകനും ഡയറക്ടറും. കോര്‍പ്പറേറ്റുകള്‍ സ്‌പോര്‍ട്സ് വളര്‍ത്താന്‍ സജീവമായതാണ് ശുഭപ്രതീക്ഷ നല്‍കുന്നത്. ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ടീമിനുപിന്നില്‍ ജെ എസ്.ഡബ്ല്യു. ഇന്‍സ്പയറും അദാനിയും അമുലുമുണ്ട്. മിത്തലും പലതരത്തില്‍ സ്‌പോര്‍ട്‌സിനെ തുണയ്ക്കുന്നു.

'ഒളിമ്പിക് ഗോള്‍ഡ് ക്വസ്റ്റ്' എന്നപേരില്‍ പ്രകാശ് പദുക്കോണും ഗീത് സേഥിയും തുടക്കമിട്ട പ്രസ്ഥാനം എത്രയോ താരങ്ങള്‍ക്ക് പിന്‍ബലമേകുന്നു. കഴിഞ്ഞ മൂന്ന് ഒളിമ്പിക്‌സിലായി വ്യക്തിഗത മെഡല്‍നേടിയ 14 പേരില്‍ എട്ടുപേര്‍ക്കും ഒ.ജി.ക്യൂവിന്റെ പിന്തുണയുണ്ടായിരുന്നു. ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയിലുള്‍പ്പെടുന്നവരെ കേന്ദ്രസര്‍ക്കാരും സഹായിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ മിഷന്‍ ഒളിമ്പിക് സെല്ലും സജീവമാണ്. മണിപ്പുരിലെ നാഷണല്‍ സ്‌പോര്‍ടസ് യൂണിവേഴ്സിറ്റിക്ക് 700 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. നാഷണല്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സുതാര്യമാക്കി വെബ് പോര്‍ട്ടല്‍ ഒരുങ്ങി. ഗോ സ്‌പോര്‍ട്‌സ്, അഭിനവ് ബിന്ദ്ര ഫണ്ടേഷനുകള്‍ വേറെ. പുതിയൊരു കായികസംസ്‌കാരം രാജ്യത്ത് ഉടലെടുക്കുകയാണ്.

ഷൂട്ടിങ്, ആര്‍ച്ചറി എന്നിവയില്‍ കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സിലും നമ്മുടെ താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും ഏറെ പ്രതീക്ഷ ബാക്കിയുണ്ട്. ബാഡ്മിന്റനുപുറമേ ടേബിള്‍ ടെന്നീസിലും ഗോള്‍ഫിലും പ്രതീക്ഷയുയരുന്നു. ബോക്‌സിങ്, ഭാരോദ്വഹനം എന്നിവയിലും പുതിയ താരങ്ങള്‍ വരുന്നു.

റോവിങ്, നീന്തല്‍, ഫെന്‍സിങ് എന്നീ ഇനങ്ങളിലും നല്ല സൂചനകള്‍ പ്രകടമാണ്. ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തലത്തിലേക്കുവരുമ്പോള്‍ സ്‌ക്വാഷും മെഡല്‍സാധ്യതയുള്ള ഇനമാണ്. ഏഷ്യന്‍ ഗെയിംസില്‍, 1951-ലെ 15-16-21 എന്ന മെഡല്‍നേട്ടം 2018-ല്‍ ഇന്ത്യ മറികടന്നു (152430). കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 2010-ലെ 38-27-36 മെഡല്‍നിലയ്ക്കു കാരണം ന്യൂഡല്‍ഹി വേദിയായതുതന്നെ. പക്ഷേ, 2018-ലെ 26-20-20 മെച്ചമാണ്.

ചെസ്, ബില്യാര്‍ഡ്സ്, സ്‌നൂക്കര്‍, ടെന്നീസ് തുടങ്ങിയവയില്‍ വ്യക്തിഗതനേട്ടങ്ങള്‍ക്ക് വരുംവര്‍ഷങ്ങളിലും സാധ്യതയേറെ.

ഹോക്കിയില്‍ ഒളിമ്പിക്‌സിലെ മികവ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് സാധ്യമായിട്ടില്ല. 1966-ലും 1998-ലും 2014-ലും മാത്രമാണ് പുരുഷ ടീം സ്വര്‍ണം നേടിയത്. വനിതകള്‍ സ്വര്‍ണമണിഞ്ഞത് 1982-ല്‍ മാത്രം. പക്ഷേ, ഹോക്കി തിരിച്ചുവരവിന്റെ പാതയിലാണ്.

അടുത്ത ഐ.പി.എല്‍. സൈക്കിളില്‍ (202327; 410 മത്സരങ്ങള്‍) ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് ഉറപ്പായ വരുമാനം 43,050 കോടി രൂപ. അഥവാ 5.6 ബില്യന്‍ ഡോളര്‍. അമേരിക്കയിലെ നാഷണല്‍ ഫുട്‌ബോള്‍ ലീഗിനെയും പിന്തള്ളുന്ന സ്ഥിതി. എന്‍.എഫ്.എലിന് 2023-32 കാലത്ത് ഉറപ്പായത് 10.4 ബില്യന്‍ ഡോളര്‍ മാത്രം. യു.എസിന്റെ എന്‍.ബി.എ., ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ജര്‍മനിയുടെ ബുണ്ടസ് ലിഗ തുടങ്ങിയവയെല്ലാം പിന്തള്ളപ്പെടുന്നു.

രാജ്യാന്തര ടെസ്റ്റും ഏകദിനവും ട്വന്റി 20-യും അതിന്റെ വഴിക്കുനടക്കും. സ്വതന്ത്ര ഇന്ത്യയുടെ അടുത്ത കാല്‍നൂറ്റാണ്ടിലും കായികരംഗത്ത് ക്രിക്കറ്റ് അനിഷേധ്യ പ്രമാണിത്വം തുടരുമെന്നു ചുരുക്കം.

പക്ഷേ, ക്രിക്കറ്റില്‍ ഇന്ത്യ ലോകശക്തിയാണ്. യുവതാരങ്ങളുടെ ഒരു നിരതന്നെ ഊഴംകാത്തുനില്‍ക്കുന്നു. ഓസ്‌ട്രേലിയയ്ക്ക് പലപ്പോഴും സംഭവിച്ചിട്ടുള്ളതുപോലെ ഇതിഹാസതാരങ്ങള്‍ ഒരുമിച്ച് വിരമിക്കുന്ന അവസ്ഥ ഇന്ത്യക്കുണ്ടാകില്ല. ഐ.പി.എലിലൂടെ പ്രതിഭതെളിയിക്കാനും അവസരമുണ്ട്.

ഫുട്ബോളില്‍ സ്ഥിതി വ്യത്യസ്തമാണ്. ഐ.എസ്.എലില്‍ പണമൊഴുകുന്നെങ്കിലും ഇന്ത്യന്‍ ഫുട്ബോള്‍ രക്ഷപ്പെട്ടിട്ടില്ല. ഇപ്പോഴും ലോകറാങ്ക് 100-നുമുകളില്‍. ഫുട്ബോളില്‍ ജപ്പാന്‍ കൈവരിച്ച നേട്ടം കണക്കിലെടുത്ത് അവിടത്തെ ജെ ലീഗ് മാതൃകയില്‍ ദേശീയ ലീഗും പിന്നീട് ഐ ലീഗും അതിനുപുറമേ സൂപ്പര്‍ ലീഗും തുടങ്ങിയിട്ടും ടീമായി ഇന്ത്യ എവിടെയുമെത്തിയില്ല. ഐ.എസ്.എല്‍. സംഘാടകരായ ഫുട്ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് അടുത്തസീസണില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നു. 11 ടീമുകളാണ് നിലവിലുള്ളത്.

ഇനിയൊരു മെഗാ കായികമേള ഇന്ത്യയില്‍ എന്നു വിരുന്നെത്തും എന്ന ചോദ്യവും ഉയരുന്നു. രണ്ടുതവണ ഏഷ്യന്‍ ഗെയിംസും ഒരിക്കല്‍ വീതം കോമണ്‍വെല്‍ത്ത് ഗെയിംസും ആഫ്രോ-ഏഷ്യന്‍ ഗെയിംസും സംഘടിപ്പിച്ച ഇന്ത്യ പലതവണ ലോകകപ്പ് ക്രിക്കറ്റിനും ലോകകപ്പ് ഹോക്കിക്കും വേദിയായി. ലോക ടേബിള്‍ ടെന്നിസും പ്രീ-ഒളിമ്പിക് ഫുട്ബോളും നടത്തി. 2022-ല്‍ ചെസ് ഒളിമ്പ്യാഡിനും ആതിഥേയര്‍. ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പും ജൂനിയര്‍ ഏഷ്യന്‍ മീറ്റും വിജയകരമായി സംഘടിപ്പിച്ചു. ഫിഫ അണ്ടര്‍ 17 ലോകകപ്പ് വിജയിപ്പിച്ചു. വനിതകളുടെ അണ്ടര്‍ 17 ലോകകപ്പിനും ആതിഥേയര്‍. 2010-ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മാത്രമാണ് അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നത്.

ഒളിമ്പിക്‌സിനു വേദിയാകാന്‍ ഇന്ത്യ ശ്രമംതുടങ്ങിയിട്ടുണ്ട്. ഐ.ഒ.സി. സെഷന്‍ 2023-ല്‍ മുംബൈ ആതിഥേയത്വം വഹിക്കുകയാണ്. നിതാ അംബാനി ഐ.ഒ.സി. എക്‌സിക്യുട്ടീവ് സമിതി അംഗമായിരിക്കെ ഇന്ത്യയില്‍ ഒരു ഒളിമ്പിക്‌സ് എത്താതിരിക്കില്ലെന്നു കരുതാം. കാത്തിരിക്കാം.

Content Highlights: Indian sports at 75


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented