ഒന്നുമാത്രം മുന്നിൽ, ഒരേയൊരു ഇന്ത്യ
25 വർഷത്തിനുശേഷം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന സമയത്ത്‌ രാജ്യം എവിടെയെത്തിനിൽക്കുന്നു എന്നതായിരിക്കും വിജയത്തെ നിശ്ചയിക്കുക

.

1947 ഓഗസ്റ്റ് 15 അർധരാത്രി സ്വതന്ത്ര ഇന്ത്യ പിറവികൊണ്ടു. പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു പറഞ്ഞപോലെ, ‘വിധിയുമായുള്ള കൂടിക്കാഴ്ച... ചരിത്രത്തിലെ അപൂർവനിമിഷം. പഴയതിൽനിന്ന് പുതിയതിലേക്ക് കാൽവെക്കുമ്പോൾ, ഒരു യുഗം അവസാനിക്കുമ്പോൾ, ദീർഘകാലം അടിച്ചമർത്തപ്പെട്ട ദേശം അതിന്റെ ആത്മാവിനെ കണ്ടെത്തുന്നു.’ ഈ വിവരണത്തോടെ ഇന്ത്യയുടെ അസാമാന്യ പ്രയാണത്തിന് നെഹ്രു ആരംഭംകുറിച്ചു. രാഷ്ട്രമാകാൻ ഒരിക്കലും സാധിക്കില്ലെന്ന് പലരും വിധിയെഴുതിയ ദേശത്തിന് ദേശീയസ്വത്വം നൽകി. അടുത്ത മൂന്നുവർഷംകൊണ്ട് പുതുരാഷ്ട്രത്തിന് ഭരണഘടനയായി. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങി ദേശീയപ്രസ്ഥാനം ഉയർത്തിപ്പിടിച്ച സകല മൂല്യങ്ങളോടും പ്രതിജ്ഞാബദ്ധമായ ഭരണഘടന.

നമ്മെ കൂട്ടിയിണക്കുന്ന അദൃശ്യമായ ചരട്

ആ അർധരാത്രിയിൽനിന്ന്, പിന്നിട്ട 75 വർഷത്തോട് നാം എങ്ങനെയാണ് നീതിപുലർത്തിയത്?

ഒരിക്കൽ വിൻസ്റ്റൻ ചർച്ചിൽ പരിഹസിച്ചു, ‘‘ഇന്ത്യ കേവലം ഭൂമിശാസ്ത്രപരമായ പ്രയോഗം മാത്രമാണ്. ഭൂമധ്യരേഖ എന്നൊക്കെ പറയുംപോലെ. ഒരു രാജ്യമായി അതിനെ കണക്കാക്കാനാകില്ല’’എന്ന്. വിൻസ്റ്റൻ ചർച്ചിലിന് ഇന്ത്യയെക്കുറിച്ചുള്ള ധാരണകൾ പൊതുവേ തെറ്റായിരുന്നു. പക്ഷേ, ഒരുകാര്യം ശരിയാണ്, ഇത്രയധികം വംശീയവിഭാഗങ്ങൾ ഇടകലർന്ന, പരസ്പരം മനസ്സിലാകാത്ത ഭാഷകളുള്ള, വ്യത്യസ്ത ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള, മതങ്ങളുടെയും സാംസ്കാരിക ആചാരങ്ങളുടെയും വൈവിധ്യമുള്ള, സാമ്പത്തിക-വികസന അസമാനതകളുള്ള രാജ്യം ഇന്ത്യപോലെ മറ്റൊന്നുണ്ടാകില്ല.

ഞാൻ എപ്പോഴും പറയുന്ന കാര്യമുണ്ട്, വൈരുധ്യങ്ങളുടെ ആകത്തുക എന്നതിനെക്കാൾ അപ്പുറമാണ് ഇന്ത്യ എന്ന ആശയം. ബ്രിട്ടീഷുകാർ അവരുടെ ഭരണത്തെ ന്യായീകരിക്കാനായി വൈരുധ്യങ്ങളെമാത്രം എപ്പോഴും ഉയർത്തിക്കാട്ടി. ഇന്ത്യ രാഷ്ട്രമല്ലെന്ന് സമർഥിക്കാൻ ബെഞ്ചമിൻ ഡെേസ്രയ്‌ലി നിരത്തിയ വാദങ്ങൾ നോക്കൂ: ‘ഇന്ത്യക്ക് പൊതുഭാഷയില്ല. പൊതുമതമില്ല. എല്ലാവരുടെയുമെന്നു പറയാവുന്ന പാരമ്പര്യമോ ചരിത്രാനുഭവങ്ങളോ ഇല്ല. യോജിച്ച ഭൂരിപക്ഷമില്ല. കൃത്യമായ അതിർത്തിയും.’ രാഷ്ട്രത്തെ നിർവചിക്കാൻ ഇവയെല്ലാം ആവശ്യമാണെന്നായിരുന്നു ഡെേസ്രയ്‌ലിയുടെ കാഴ്ചപ്പാട്. പക്ഷേ, ഇന്ത്യയിലെ ദേശീയവാദികളുടെ യുക്തി മറ്റൊന്നായിരുന്നു. നെഹ്രുവിന്റെ വാക്കിൽ: ‘ഇന്ത്യ അദൃശ്യമായ ചരടുകളാൽ കോർത്തിണക്കപ്പെട്ടിരിക്കുന്നു. മിഥ്യയോ, സങ്കല്പമോ, സ്വപ്നമോ, ഭാവനയോ എന്തുമാകട്ടെ, ഇത് യഥാർഥവും കാലികവും ആഴമുള്ളതുമാണ്.’

അപാരമായ നിർമിതി

ഒരാൾ ഏതുരീതിയിൽ ചിന്തിച്ചാലും ഇന്ത്യയുടെ ‘നിർമാണം’ അപാരമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മൂന്നാംദശകം തുടങ്ങുമ്പോൾ, മനുഷ്യരാശിക്ക് പരിചിതമായ സകല വംശപരമ്പരകളിൽനിന്നുമായി 140 കോടി ജനങ്ങൾ അധിവസിക്കുന്ന ഭൂമികയായി അത് നിലകൊള്ളുന്നു. നാല് പ്രധാന മതങ്ങൾക്ക് ജന്മംനൽകി; കൂടുതലെണ്ണത്തിന് ഇടവും. ജാതിവ്യവസ്ഥയുടെ അതിപ്രസരത്തിലും സാർവദേശീയതയിലും ഉൾച്ചേർക്കലിലും അധിഷ്ഠിതമായ ആത്മീയതയെയും ജ്ഞാനത്തെയും അത് പ്രകീർത്തിക്കുന്നു. പ്രധാനപ്പെട്ട രണ്ട് സംഗീതശാഖകൾ ഇവിടെയുണ്ട്-കർണാടിക്, ഹിന്ദുസ്ഥാനി. അവയ്ക്കുപുറമേ എണ്ണമറ്റ ഗ്രാമ്യ ശാഖകളും. കഥകളി, കുച്ചിപ്പുഡി, ഭരതനാട്യം, കഥക്, മണിപ്പുരി, ഒഡിസി എന്നിങ്ങനെ സാംസ്കാരിക വൈവിധ്യത്തെ ആഘോഷമാക്കുന്ന പലവിധ നൃത്തരൂപങ്ങൾ. ലോകത്ത് ഏറ്റവുംകൂടുതൽ എൻജിനിയറിങ് ബിരുദധാരികളുള്ളത് ഇന്ത്യയിലാണ്. ഇവിടെത്തന്നെയാണ് ഏറ്റവും കൂടുതൽ സിനിമകൾ നിർമിക്കപ്പെടുന്നത്. അമേരിക്കൻ കവി വാൾട്ട് വിറ്റ്മാന്റെ വരികൾപോലെ ‘ഇത് ബൃഹത്താണ്, സമ്പന്നവും.’

പൗരത്വദേശീയത

ഇങ്ങനെയൊക്കെയാണെങ്കിലും എതിർവാദമില്ലാത്തവിധം ഇന്ത്യ എന്ന രാജ്യത്തെ നിർവചിക്കാനാകുമോ എന്ന് ആരെങ്കിലും ചോദിച്ചേക്കാം.

കഴിയും എന്നുതന്നെയാണ് ഉത്തരം. ഋഗ്വേദത്തിൽ വിവരിക്കുന്ന, ഹിമാലയംമുതൽ സമുദ്രംവരെ പരന്നുകിടന്ന ‘ഭാരതവർഷം’, ഭൂമിശാസ്ത്രപരമായി ഇന്നത്തെ ഇന്ത്യയെ ഉൾക്കൊള്ളുന്നുണ്ട്. ഇക്കാര്യം ഇരുളടഞ്ഞ കാലം (Era of Darkness) എന്ന കൃതിയിൽ ഞാൻതന്നെ വിശദീകരിച്ചിട്ടുള്ളതാണ്. പർവതങ്ങളും സമുദ്രങ്ങളും അതിരിട്ടപ്രദേശം പരസ്പരബന്ധങ്ങൾ സൃഷ്ടിച്ചു. നൂറ്റാണ്ടുകളുടെ ആന്തരിക വിഭജനങ്ങളെ മറികടന്ന ഇന്ത്യൻ ദേശസങ്കല്പങ്ങൾക്ക് ആഴത്തിലുള്ള തുടർച്ചകളുണ്ട്. അത് പുരാതനമാണ്.

മനുഷ്യാവകാശങ്ങളിലും പൗരത്വത്തിലും നിയമവാഴ്ചയിലും നിയമത്തിനുമുന്നിലെ തുല്യതയിലും അധിഷ്ഠിതമായ ആധുനിക രാഷ്ട്രം എന്ന നിലയ്ക്ക് ഇന്ത്യ താരതമ്യേന നവീനാശയമാണ്. ഇന്ത്യയെക്കുറിച്ചുള്ള ആദ്യസങ്കല്പങ്ങൾ പ്രചോദനം ഉൾക്കൊണ്ടത് പുരാണങ്ങളിൽനിന്നും ആധ്യാത്മികതയിൽ നിന്നുമാണ്.

ടാഗോറിന്റെ ദാർശനികതയും ഗാന്ധിജിയുടെ ധാർമിക സ്വാധീനവുമുള്ള നവ ഇന്ത്യ മതനിരപേക്ഷവും നിയമാധിഷ്ഠിതവുമാണ്. ആ നിയമങ്ങൾ നവഭാരതശില്പികളായ അംബേദ്കറുടെയും നെഹ്രുവിന്റെയും പട്ടേലിന്റെയും ബൗദ്ധികതയിൽനിന്നും ദീർഘവീക്ഷണത്തിൽനിന്നും രൂപപ്പെട്ടതാണ്. ഇന്ത്യൻ ദേശീയ പദ്ധതിയെക്കുറിച്ചുള്ള ഏറ്റവും സമഗ്രമായ വിവരണമാണ് ഭരണഘടനയുടെ ആമുഖം.

ദേശീയതയുടെ ഉത്കണ്ഠ (The Battle of Belonging) എന്ന പുസ്തകത്തിൽ ഞാൻ മുന്നോട്ടുവെക്കുന്ന വാദം ഇന്ത്യയുടേത് പൗരത്വ ദേശീയതയാണെന്നാണ്. രക്തവിശുദ്ധിക്കപ്പുറം ഭരണഘടനയും സ്വതന്ത്ര ജനാധിപത്യ സ്ഥാപനങ്ങളുമാണ് അതിനടിസ്ഥാനം. എന്റെ ദേശീയബോധം ഇന്ത്യാവിരുദ്ധമായ ഒന്നിനോടും വിധേയപ്പെടുന്നില്ല. എല്ലാദിവസവും അഭിമാനത്തോടെ ത്രിവർണ ലേപ്പൽ പിൻ കുത്തുന്നയാളാണ് ഞാൻ. എന്റേതെന്ന ചിന്തയിൽനിന്ന് എനിക്കുണ്ടാകുന്ന വികാരമാണ് രാജ്യസ്നേഹം. ഇന്ത്യൻ ദേശീയത രാഷ്ട്രീയ അസ്തിത്വം നേടുന്നത് വംശീയതയിൽനിന്നോ മതത്തിൽനിന്നോ ഭാഷയിൽനിന്നോ സംസ്കാരത്തിൽ നിന്നോ, ജന്മംകൊണ്ട്‌ മനുഷ്യനുമേൽ വന്നുചേരുന്ന മറ്റേതെങ്കിലും വിശേഷണത്തിൽനിന്നോ ആണെന്ന് ഞാൻ കരുതുന്നില്ല. മറിച്ച്, ജനാധിപത്യ വ്യവസ്ഥിതിയിലെ സ്വതന്ത്ര മനുഷ്യർ എന്ന നിലയ്ക്കുള്ള സഹകരണത്തിൽനിന്നും പങ്കാളിത്തത്തിൽനിന്നുമാണ്.

സ്വത്വം കാത്തുസൂക്ഷിക്കണം

ഇന്നത്തെ ഭരണകൂടം മുന്നോട്ടുവെക്കുന്ന ദേശീയത ഹിന്ദി, ഹിന്ദു, ഹിന്ദുത്വ എന്ന സങ്കുചിത തത്ത്വത്തിൽ ഊന്നിയുള്ളതാണ്. അതിനെ മറികടക്കണമെങ്കിൽ രാഷ്ട്രശില്പികൾ പടുത്തുയർത്തിയ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ യഥാർഥ സ്വത്വം സംരക്ഷിക്കേണ്ടതുണ്ട്. ഭരണകൂടത്തോട് വിയോജിപ്പുള്ളവർ ദേശദ്രോഹികളാണെന്നും ശരിയായ ഇന്ത്യക്കാരൻ ഹിന്ദി സംസാരിക്കുന്ന ഹിന്ദു ആണെന്നും പറയുന്നവരോട് ഭരണഘടനയെ മുൻനിർത്തി നമുക്ക് മറുപടി പറയാം. ഒരു യഥാർഥ ഇന്ത്യൻ ദേശസ്നേഹിയെ സംബന്ധിച്ച്, ഈ ജനാധിപത്യ വ്യവസ്ഥിതിയിൽ ആരും എല്ലാത്തിനോടും സമരസപ്പെടേണ്ടതില്ല, വിയോജിപ്പിന്റെ പൊതുമര്യാദകളോടൊഴിച്ച്.

മനുഷ്യരെ ഭൂരിപക്ഷം-ന്യൂനപക്ഷം, ഹിന്ദു-മുസ്‌ലിം, ഹിന്ദിക്കാർ-തമിഴർ, ദേശസ്നേഹി-ദേശദ്രോഹി എന്നൊക്കെ വേർതിരിക്കുന്നത് ഇന്ത്യൻമൂല്യങ്ങൾക്ക് എതിരാണ്. അത് നമ്മുടെ സമൂഹത്തിന്റെ യഥാർഥ പ്രകൃതത്തെ പ്രതിഫലിപ്പിക്കുന്നുമില്ല. ഹിന്ദു, അതും ചില പ്രത്യേകഹിന്ദുക്കൾ മാത്രമാണ് യഥാർഥ രാജ്യസ്നേഹികൾ എന്ന കാഴ്ചപ്പാട് ഇന്ത്യൻ ദേശീയതയോടുള്ള അനാദരമാണ്. ഏകത്വമുണ്ടാക്കാൻ ഐക്യം ബലികൊടുക്കേണ്ടിവരും. ആജ്ഞാനുവർത്തികളെ സൃഷ്ടിക്കുമ്പോൾ യോജിപ്പ് നഷ്ടപ്പെടും. നമ്മളിൽ കുറച്ചുപേർക്ക് നിഷേധിക്കപ്പെടുന്ന ഇന്ത്യ നാളെ നമ്മൾ എല്ലാവർക്കും നഷ്ടമാകും.

എവിടെയെത്തി നാം നിൽക്കുന്നു

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ ഇന്ത്യയെ സംബന്ധിച്ച രണ്ട് വിരുദ്ധാശയങ്ങൾക്കിടയിൽ പോരുനടക്കുകയാണ്. ഒന്ന് സങ്കുചിതമായ കാഴ്ചപ്പാടുകളിൽ അധിഷ്ഠിതമാണ്. അത് വിയോജിപ്പുകളോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നു, വൈവിധ്യങ്ങളെ സംശയിക്കുന്നു. ഇന്നത്തെ തെറ്റുകൾകൊണ്ട് ഇന്നലത്തെ ചരിത്രത്തോട് പ്രതികാരംചെയ്യാൻ ശ്രമിക്കുന്നു. രണ്ടാമത്തെ ആശയം വിസ്താരമാണ്. അത് എല്ലാത്തിനെയും ഉൾക്കൊള്ളാൻ പ്രേരിപ്പിക്കുന്നു.

വിയോജിപ്പുകളെ സ്വീകരിക്കുകയും വൈവിധ്യങ്ങളെ പുൽകുകയും ചെയ്യുന്നു. അതിൽ ജനാധിപത്യ സ്ഥാപനങ്ങളും ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യങ്ങളും സുരക്ഷിതമാണ്. ഏതു സങ്കല്പമാണ് മേൽക്കൈ നേടുക എന്ന് ഇപ്പോൾ പറയാനാകില്ല. സ്വാതന്ത്ര്യത്തിന്റെ 25 വർഷത്തിനുശേഷം ശതാബ്ദി ആഘോഷിക്കുമ്പോൾ രാജ്യം എവിടെയെത്തിനിൽക്കുന്നു എന്നതായിരിക്കും വിജയത്തെ നിശ്ചയിക്കുക.

വര: വിജേഷ്‌ വിശ്വം

Content Highlights: india@75, shashi tharoor,Indian Independence Day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented