ഇന്ത്യയിലെ ഭരണഘടനാ ജനാധിപത്യം: വെല്ലുവിളികള്‍, സാധ്യതകള്‍


അഡ്വ. കാളീശ്വരം രാജ്പ്രതീകാത്മകചിത്രം | Photo : AFP

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ നിയമസംവിധാനവും നീതിന്യായരംഗവും കടന്നുപോയ വഴിത്താരകളെക്കുറിച്ച് അന്വേഷിക്കുന്നവര്‍ക്ക് അഭിമാനിക്കാമെന്നപോലെ ആകുലപ്പെടാനും ഒട്ടേറെയുണ്ട്. ഒരര്‍ഥത്തില്‍ ഈ അന്വേഷണം നമ്മുടെ ഭരണഘടനയുടെ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും ഭാവികാലത്തെയും കുറിച്ചുള്ള ചിന്തകള്‍കൂടിയായിത്തീരും.

നിയമത്തിലൂടെയും കോടതികളിലൂടെയും മാത്രം സൃഷ്ടിക്കാവുന്ന നീതിയെക്കുറിച്ചല്ല, ഭരണഘടന പറയുന്നത്. 'സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും' ആയ നീതിയെക്കുറിച്ചാണ് ഭരണഘടനയുടെ ആമുഖം വിളംബരംചെയ്യുന്നത്. അതിനാലാണ് ഇന്ത്യന്‍ ഭരണഘടന അടിസ്ഥാനപരമായി ഒരു രാഷ്ട്രീയരേഖയാണെന്നു പറയുന്നത്.എന്നാല്‍, സ്വാതന്ത്ര്യസമരം സൃഷ്ടിച്ച മൂല്യബോധവും സഹിഷ്ണുതയില്‍ അധിഷ്ഠിതമായ സംവാദോന്മുഖതയും ഭരണഘടനാ നിര്‍മാണസഭയിലെ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു. 1950 ജനുവരി 26-ന് നാം ഒരു സ്വതന്ത്രപരമാധികാര റിപ്പബ്‌ളിക്കായിമാറിയപ്പോള്‍ വിജയകരമായ ഒരു ജനാധിപത്യ പരീക്ഷണത്തിനുകൂടി നാന്ദികുറിക്കപ്പെട്ടു. നമുക്കൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും ഏകാധിപത്യത്തിലേക്കോ പട്ടാളഭരണത്തിലേക്കോ കൂപ്പുകുത്തിയപ്പോഴും ഇന്ത്യയിലെ ജനാധിപത്യസംവിധാനം ഏറക്കുറെ വലിയ പോറലുകളേല്‍ക്കാതെ നിലനിന്നു. ഇത് സാധ്യമായത് നാം ഇതിനുതകുന്നവിധത്തിലുള്ള ഒരു ഭരണഘടന സൃഷ്ടിച്ചതുകൊണ്ടുമാത്രമല്ല, അതിന്റെ മൂല്യസംഹിതയും സംവിധാനരൂപങ്ങളും നിലനിര്‍ത്താന്‍ ശ്രമിച്ചതുകൊണ്ടുകൂടിയാണ്.
വെല്ലുവിളിക്കപ്പെട്ട ഭരണഘടനാമൂല്യങ്ങള്‍

എന്നാല്‍, സ്വാതന്ത്ര്യത്തിനുശേഷം, പലഘട്ടങ്ങളിലും ഭരണഘടനാമൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെട്ടു. 1951-ല്‍ ഭരണഘടനയില്‍ ആദ്യമായിവരുത്തിയ ഭേദഗതിതന്നെ അഭിപ്രായസ്വാതന്ത്ര്യത്തിന് പരിധികള്‍ നിശ്ചയിക്കാനുദ്ദേശിച്ചായിരുന്നെന്ന വിമര്‍ശനമുയര്‍ന്നു. മാധ്യമസ്വാതന്ത്ര്യത്തെ നിഹനിക്കുന്നരീതിയില്‍ പ്രസിദ്ധീകരണങ്ങള്‍ കണ്ടുകെട്ടുന്നതിനെതിരേ രണ്ട് സുപ്രധാന വിധികള്‍ സുപ്രീംകോടതി 1959-ല്‍ത്തന്നെ പുറപ്പെടുവിക്കുകയുണ്ടായി. വിചിത്രമെന്നു പറയട്ടെ, അതിലൊരു ഹര്‍ജി നല്‍കിയത് 'ക്രോസ് റോഡ്‌സ്' എന്ന ഇടതുപക്ഷ പ്രസിദ്ധീകരണത്തിനുവേണ്ടി റൊമേഷ് ഥാപ്പറും മറ്റേത് ഹൈന്ദവരാഷ്ട്രീയത്തിനോട് ആഭിമുഖ്യം പുലര്‍ത്തിയ 'ഓര്‍ഗനൈസര്‍' എന്ന പ്രസിദ്ധീകരണത്തിന്റെ പ്രസാധകരുമായിരുന്നു. ഈ കേസുകളിലെ വിധികള്‍ ഭരണാധികാരികള്‍ക്കെതിരായി ശക്തമായ നിലപാടെടുത്തു. ഒപ്പം, ഭരണപരമായ പാളിച്ചകളുടെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ വലിയ വിമര്‍ശനങ്ങളുമുയര്‍ന്നു. ഇതാണ് മൗലികാവകാശങ്ങള്‍ വെട്ടിച്ചുരുക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രഥമ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

അവകാശങ്ങളുടെ വ്യാപ്തി

പിന്നീടും ഭൂരിപക്ഷവാദം പലതരത്തിലും ഇന്ത്യയുടെ ഭരണഘടനാസങ്കല്പങ്ങളെ വെല്ലുവിളിക്കുകയുണ്ടായി. പാര്‍ലമെന്റിന് എങ്ങനെവേണമെങ്കിലും ഭരണഘടനയില്‍ ഭേദഗതിവരുത്താനുള്ള അധികാരമുണ്ടോ എന്ന മൗലികമായ ചോദ്യമാണ് കേശവാനന്ദഭാരതി കേസില്‍ (1973) ഉന്നയിക്കപ്പെട്ടത്. പാര്‍ലമെന്റിലെ അംഗബലംകൊണ്ടുമാത്രം ഭരണഘടനയുടെ അടിസ്ഥാനഘടനയില്‍ മാറ്റംവരുത്താന്‍ കഴിയില്ലെന്ന് ഭൂരിപക്ഷവിധിയിലൂടെ സുപ്രീകോടതിയുടെ ഭരണഘടനാബഞ്ച് വ്യക്തമാക്കി. മതേതരത്വം, സ്വതന്ത്രജുഡീഷ്യറി, ഫെഡറലിസം, സ്വതന്ത്രമായ തിരഞ്ഞെടുപ്പുകള്‍, അധികാരവിഭജനം എന്നിങ്ങനെ പലതും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനസവിശേഷതകളാണെന്ന് പിന്നീട് വിവിധ കേസുകളിലൂടെ സുപ്രീകോടതി വ്യക്തമാക്കുകയുണ്ടായി. മൗലികാവകാശങ്ങള്‍ക്ക് പരിമിതികള്‍ കല്പിച്ച എ.കെ. ഗോപാലന്‍ കേസില്‍നിന്ന് ബഹദൂരം മുന്നോട്ടുപോയിക്കൊണ്ടാണ് മേനകാഗാന്ധി കേസില്‍ (1978) സുപ്രീകോടതി വ്യക്തിസ്വാതന്ത്ര്യം അടക്കമുള്ള അവകാശങ്ങളുടെ വലുപ്പവും വ്യാപ്തിയും പാരമ്പര്യവും എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കിയത്.

അടിയന്തരാവസ്ഥ തുറന്നുവിട്ട ഭൂതം

അടിയന്തരാവസ്ഥക്കാലത്ത് (19751977) ഇന്ത്യയിലുണ്ടായ പൗരസ്വാതന്ത്ര്യനിഷേധം പക്ഷേ, ഇന്ത്യന്‍ ഭരണഘടനാമൂല്യങ്ങള്‍ക്കും സ്വാതന്ത്ര്യസങ്കല്പങ്ങള്‍ക്കും വലിയ ആഘാതങ്ങളാണ് ഏല്‍പ്പിച്ചത്. ഭരണഘടനയുടെ 352-ാം വകുപ്പ് പ്രയോഗിച്ചുകൊണ്ട് ഇതേ ഭരണഘടനയുടെതന്നെ അടിസ്ഥാനവാഗ്ദാനങ്ങളുടെ ലംഘനം നടത്തുകയായിരുന്നു, അന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്. ഇങ്ങനെ ഭരണഘടനാവ്യവസ്ഥകളെത്തന്നെ ഭരണഘടനാവാഴ്ചയ്‌ക്കെതിരേ പ്രയോഗിക്കുന്ന സ്ഥിതിവിശേഷത്തെക്കുറിച്ച് ഇറ്റാലിയന്‍ ചിന്തകനായ ജോര്‍ജിയോ അംഗംബന്‍ വിശദമായിത്തന്നെ വിലയിരുത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥ മാത്രമല്ല ഈനിലയില്‍ വിലയിരുത്തപ്പെടേണ്ടത്. ഭരണഘടനയുടെ 356-ാം വകുപ്പനുസരിച്ച് സിദ്ധിച്ച അധികാരം ദുര്‍വിനിയോഗം ചെയ്തുകൊണ്ട് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട (കേരളത്തിലേതടക്കം) സംസ്ഥാനസര്‍ക്കാരുകളെ കേന്ദ്രം പിരിച്ചുവിട്ടു. കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടക്കംകുറിച്ച ഈ അമിതാധികാരപ്രവണത പില്‍ക്കാലത്ത് ഇതരരാഷ്ട്രീയമുന്നണികളുടെ സര്‍ക്കാരുകളും പിന്തുടര്‍ന്നുവെന്നത് മറ്റൊരു ചരിത്രവൈരുധ്യം.

അടിയന്തരാവസ്ഥയ്ക്കുശേഷംനടന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണുണ്ടായത്. ജനവികാരം അത്രമേല്‍ ശക്തവും പ്രകടവുമായിരുന്നു. കേരളം അടക്കമുള്ള വളരെ കുറുച്ചു സംസ്ഥാനങ്ങളും പ്രദേശങ്ങളും ഒഴികെ, ഇന്ത്യ ഒന്നാകെത്തന്നെ വിധിയെഴുതിയത് കോണ്‍ഗ്രസിനെതിരേ മാത്രമായിരുന്നില്ല. അടിയന്തരാവസ്ഥയ്ക്കുകൂടി എതിരായിട്ടായിരുന്നു. ഒരര്‍ഥത്തില്‍ അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെനടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ഇന്ത്യന്‍ ഭരണഘടനതന്നെയായിരുന്നു. പിന്‍ക്കാലത്ത് ജനതാസര്‍ക്കാര്‍ പരസ്പരം തമ്മിലടിച്ച് തകര്‍ന്നപ്പോള്‍ ജനം അതിനെതിരേ വിധിയെഴുതി. ഭരണഘടന വാഗ്ദാനംചെയ്യുന്നത് സദ്ഭരണംകൂടിയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നില്‍ രണ്ടുഭാഗവും ഭരണനടപടികളെ സംബന്ധിച്ചുള്ളതാണെന്ന് രാഷ്ട്രീയചിന്തകനായ ചഞ്ചല്‍ കുമാര്‍ സിങ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു പഠനത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ഇങ്ങനെ നോക്കുമ്പോള്‍ ജനതാസര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ക്കെതിരായ തിരഞ്ഞെടുപ്പുഫലവും ഭരണഘടനയുടെ വിജയമാണെന്നു പറയാം. കാലഹരണപ്പെട്ട നിയമങ്ങള്‍

എന്നാല്‍, ഇക്കാലങ്ങളിലെല്ലാം ഒട്ടേറെ കാലഹരണപ്പെട്ട നിയമങ്ങള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലും മറ്റു ചില പ്രത്യേക നിയമങ്ങളിലും നിലനിന്നു. രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച ശിക്ഷാനിയമത്തിലെ 124 എ വകുപ്പിനെ വിമര്‍ശനങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കും ജനാധിപത്യപരമായ പ്രക്ഷോഭങ്ങള്‍ക്കുമെതിരേ പ്രയോഗിക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെപ്പോലെ ഇപ്പോഴത്തെ സര്‍ക്കാരും വലിയ ആവേശമാണ് കാണിക്കുന്നത്. ഏറ്റവുമൊടുവില്‍, ഇക്കഴിഞ്ഞ മേയ് 11-ാം തീയതി, ഈ വ്യവസ്ഥയുടെ പ്രയോഗത്തിനെതിരേ സുപ്രീംകോടതിക്ക് ശക്തമായ ഒരു ഇടക്കാല ഉത്തരവിറക്കേണ്ടിവന്നു. ശിക്ഷാനിയമത്തിലെ പലവ്യവസ്ഥകളും കാലഹരണപ്പെട്ടവയാണെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിതന്നെ വിമര്‍ശനമുന്നയിച്ചതോര്‍ക്കുക.

എന്നാല്‍, സ്വാതന്ത്ര്യവിരുദ്ധമായ നിയമവ്യവസ്ഥകള്‍ ശിക്ഷാനിയമത്തില്‍ ഒതുങ്ങിനിന്നില്ല. ദേശീയസുരക്ഷാനിയമം (1980), നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ.), കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരായ നിയമം (2002) തുടങ്ങിയവയെ ഭരണകൂടം രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ യഥേഷ്ടം പ്രയോഗിച്ചുപോന്നു. ഇവയ്ക്കുപുറമേ, ജമ്മുകശ്മീരിലെ പൊതുരക്ഷാ നിയമം (1978), വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലപ്രദേശങ്ങളിലും ഇപ്പോഴും നിലനില്‍ക്കുന്ന സായുധസേനകള്‍ക്ക് സവിശേഷാധികാരം നല്‍കുന്ന നിയമം (1958) എന്നിവയും ഇപ്പോഴും സാധാരണ മനുഷ്യര്‍ക്കും ഭരണകൂടത്തിന്റെ വിമര്‍ശകര്‍ക്കുമെതിരെ പ്രയോഗിക്കപ്പെടുന്ന അവസ്ഥയുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിയമം നല്‍കുന്ന അമിതാധികാരത്തിന്റെ തണലില്‍ സാധാരണ പൗരന്മാര്‍ക്കെതിരേ സൈന്യം നിറയൊഴിച്ച ഒട്ടേറെ സംഭവങ്ങളാണുണ്ടായത്. 1958-ലെ സായുധസേനാ നിയമം പൂര്‍ണമായും പിന്‍വലിക്കണമെന്ന് ജസ്റ്റിസ് ജീവന്‍ റെഡ്ഡി കമ്മിഷന്‍ ശുപാര്‍ശ ഇപ്പോഴും പൂര്‍ണമായി നടപ്പാക്കപ്പെട്ടിട്ടില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ടാഡ, പോട്ട പോലുള്ള കരിനിയമങ്ങളുടെ ഇരയായ ആയിരങ്ങള്‍ വിചാരണപോലുമില്ലാതെ തടവറയില്‍ കഴിഞ്ഞു. സുപ്രീംകോടതിപോലും ഇത്തരം ജനവിരുദ്ധനിയമങ്ങളുടെ ഭരണഘടനാസാധുത ശരിവെക്കുകയാണ് ചെയ്തതെന്നത് മറ്റൊരു ദുഃഖസത്യം. പിന്നീടുവന്ന സര്‍ക്കാരുകള്‍ക്ക് പക്ഷേ, ഈ നിയമം പിന്‍വലിക്കേണ്ടിവന്നത് അവര്‍ക്കെതിരായുയര്‍ന്നുവന്ന ജനകീയ പ്രതിഷേധങ്ങളെത്തുടര്‍ന്നായിരുന്നു.

ഉയരുന്ന ചോദ്യങ്ങള്‍

ചുരുക്കിപ്പറഞ്ഞാല്‍ ജനകീയാഭിപ്രായങ്ങള്‍ക്കും തിരഞ്ഞെടുപ്പു ഫലങ്ങള്‍ക്കും ഇന്ത്യന്‍ ജനാധിപത്യത്തെയും നിയമവാഴ്ചയെയും അതുവഴി ഭരണഘടനയെയും നിലനിര്‍ത്തുന്നതില്‍ വലിയൊരു പങ്കുവഹിക്കാനായി. എന്നാല്‍, ഇന്നത്തെ സാഹചര്യം എന്താണ്? ഇന്ത്യയിലെ നിയമവാഴ്ചയും ഭരണഘടനാസംസ്‌കാരവും ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ എങ്ങനെയുള്ളതാണ്? ഒരു രാഷ്ട്രമെന്നനിലയില്‍ നമ്മുടെ ഭാവി എങ്ങനെയായിരിക്കും? -ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാനും അവര്‍ക്ക് സ്വതന്ത്രവും സത്യസന്ധവുമായ ഉത്തരം കാണാനുമാണ് ഇന്ത്യയുടെ നിയമചരിത്രവും ഭരണഘടനാചരിത്രവും രാഷ്ട്രീയചരിത്രവും നമ്മെ സഹായിക്കേണ്ടത്.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യസംവിധാനത്തിന് ഒട്ടേറെ അസുഖകരമായ സന്ദേശങ്ങളാണ് നല്‍കിയത്. മതേതരത്വവും ഫെഡറലിസവും ഇത്രമേല്‍ വെല്ലുവിളിക്കപ്പെട്ട മറ്റൊരു കാലഘട്ടം രാജ്യചരിത്രത്തില്‍ ഉണ്ടായിട്ടില്ല. മതത്തിന്റെപേരിലുള്ള വിഭജനം ഭരണകൂടത്തി ന്റെ രാഷ്ട്രീയായുധവും തിരഞ്ഞെടുപ്പു തന്ത്രവുമായിത്തീര്‍ന്നിരിക്കുന്നു. വെറുപ്പിന്റെ പ്രത്യയശാസ്ത്രം തിരഞ്ഞെടുപ്പുകളെപ്പോലും ആഴത്തില്‍ സ്വാധീനിക്കാന്‍ തുടങ്ങിയിരിക്കുന്നു. എണ്‍പതുകളില്‍ ഭരണകൂടവും സുപ്രീംകോടതിതന്നെയും കാണിച്ച സോഷ്യലിസ്റ്റ് മൂല്യങ്ങള്‍, കറകളഞ്ഞ മുതലാളിത്തചിന്തകള്‍ക്ക് വഴിമാറിക്കഴിഞ്ഞിരിക്കുന്നു. പൊതുമുതലുകള്‍ അതിസന്പന്നര്‍ക്ക് തീറെഴുതിക്കൊടുക്കുന്നതില്‍ സര്‍വകാല േെറക്കാഡാണ് സ്ഥാപിച്ചിരിക്കുന്നത്. ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസമെന്ന പില്‍ക്കാലത്ത് ചേര്‍ക്കപ്പെട്ട വാക്ക് ഇന്ന് ഏറക്കുറെ അര്‍ഥരഹിതമായിത്തീര്‍ന്നിരിക്കുന്നു. സമൂഹത്തിന്റെ പൊതുവിഭവങ്ങള്‍ പൊതുനന്മയ്ക്കായി പ്രയോഗിക്കണമെന്നും വിഭവങ്ങളും ഉത്പാദനോപാധികളും ചിലരില്‍ മാത്രം കേന്ദ്രീകരിക്കുന്നത് തടയണമെന്നും അസമത്വം അവസാനിപ്പിക്കുക എന്നത് ഭരണകൂടത്തിന്റെ കടമയാണെന്നും മറ്റുമുള്ള ഭരണഘടനയിലെ 4-ാം ഭാഗത്തിലെ നിര്‍ദേശകതത്ത്വങ്ങളെ ഭരണകൂടംതന്നെ നിഷേധിക്കുന്ന അവസ്ഥയുണ്ടായി.

മുന്നില്‍ ഭീഷണികള്‍

നിയമനിര്‍മാണസഭകള്‍ക്കകത്തും പുറത്തും സംവാദങ്ങള്‍ കുറയുന്നു. ഭീതിയുടെ അന്തരീക്ഷം ഇന്ന് രാജ്യത്തെ ഗ്രസിച്ചിരിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നിവതൊട്ട് ഡല്‍ഹി പോലീസ്വരെ കേന്ദ്രത്തിന്റെ കൈയിലെ രാഷ്ട്രീയ ഉപകരണങ്ങള്‍ മാത്രമായി മാറിയിരിക്കുന്നു. ചില സംസ്ഥാനങ്ങളിലും പോലീസ്, ഭരിക്കുന്ന രാഷ്ട്രീയമുന്നണിയുടെ കൈയിലെ ചട്ടുകങ്ങള്‍ മാത്രമായിത്തീര്‍ന്നിരിക്കുന്നു. കെട്ടിടം പൊളിക്കലും വ്യാജ ഏറ്റുമുട്ടലുകളും ഭരണകൂടഭീകരതയുടെ പുതിയ രൂപങ്ങളായിത്തീര്‍ന്നിരിക്കുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന്‍, മന്ത്രിസഭ, നിയമനിര്‍മാണ സഭകള്‍ എന്നിവതൊട്ട് സര്‍വകലാശാലകളും മനുഷ്യാവകാശ കമ്മിഷനുകളും വരെയുള്ള ഭരണഘടനയിലൂടെയും നിയമങ്ങളിലൂടെയും രൂപകല്പനചെയ്യപ്പെട്ട സ്ഥാനങ്ങള്‍ ഏകപക്ഷീയമായ രാഷ്ട്രീയാധികാരത്തിന് കീഴ്‌പ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇലക്ടറല്‍ ബോണ്ടു സംവിധാനത്തിലൂടെ, അതിസന്പന്നരാല്‍ നിയന്ത്രിക്കപ്പെടുന്ന വാണിജ്യോത്സവം മാത്രമായി തിരഞ്ഞെടുപ്പുകള്‍ മാറിത്തുടങ്ങിയിരിക്കുന്നു. ജനങ്ങള്‍ തിരഞ്ഞെടുപ്പുകളിലൂടെ സ്വന്തം അധികാരം പ്രയോഗിക്കുന്നതിനു പകരം, മാര്‍ക്കറ്റ് ശക്തികളുടെയും വിധേയമാധ്യമങ്ങളുടെയും സ്വാധീനത്തില്‍പ്പെട്ട് തിരഞ്ഞെടുപ്പുകളുടെ ഇരകളാകുന്ന സാഹചര്യമുണ്ടായിരിക്കുന്നു. അടിയന്തരാവസ്ഥ എത്രമേല്‍ ബീഭത്സമായിരുന്നെങ്കിലും അതിനുശേഷംനടന്ന തിരഞ്ഞെടുപ്പ് നീതിപൂര്‍വകമായിരുന്നെന്നതോര്‍മിക്കുക. അടിയന്തരാവസ്ഥയ്ക്കുശേഷവും നമ്മുടെ ഭരണഘടനാസ്ഥാപനങ്ങള്‍ തകര്‍ന്നുപോയിരുന്നില്ല എന്നകാര്യം ഓര്‍മിക്കുക. അക്കാലത്തുപോലും ഇലക്ടറല്‍ ബോണ്ടുകളിലൂടെ, കക്ഷിരാഷ്ട്രീയവും അധികാരരാഷ്ട്രീയവും ഇന്നത്തേതുപോലെ ജീര്‍ണിച്ചിരുന്നില്ലെന്നതും മറക്കാതിരിക്കുക. ഇക്കാരണത്താലാണ് തിരഞ്ഞെടുപ്പുകളെക്കുറിച്ചുപോലും ശുഭാപ്തിവിശ്വാസം വെച്ചുപുലര്‍ത്താന്‍ പലര്‍ക്കും കഴിയാതെപോകുന്നത്.

ഭരണഘടന ശാശ്വതമോ

ഭരണഘടനകള്‍പോലും ശാശ്വതമല്ലെന്നതാണ് ചരിത്രംനല്‍കുന്ന ഭയാനകമായ പാഠം. 1789-നുശേഷമുണ്ടായ ഭരണഘടനകളുടെ ശരാശരി ആയുസ്സ് കേവലം 17 വര്‍ഷം മാത്രമായിരുന്നെന്ന് ചിക്കാഗോ സര്‍വകലാശാല 2009-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ഇന്ത്യന്‍ ഭരണഘടനയുടെമേല്‍ ആയിരം മുറിവുകളാണ് വര്‍ത്തമാനകാല ഭരണകൂടം സൃഷ്ടിച്ചതെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ അധ്യാപകനായ തരുണദ് ഖയ്ത്താന്‍ വിലയിരുത്തുന്നു. ഉപരിപ്‌ളവമായ ഭക്തിയിലും വ്യക്ത്യാരാധനയിലും അഭിരമിക്കുന്ന ഒരു ജനതയ്ക്ക് ഭരണഘടനാ ജാധിപത്യവും നിയമവാഴ്ചയും ഊട്ടിയുറപ്പിക്കണമെങ്കില്‍ സമീപനങ്ങളില്‍ മാറ്റംവരുത്താന്‍ കഴിയണം. കക്ഷിരാഷ്ട്രീയത്തിനതീതമായി നിയമവാഴ്ചയെ അംഗീകരിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ഭരണഘടനാ സംസ്‌കാരം ഉണ്ടാകണം. വിയോജിപ്പുകളും പ്രതിവാദങ്ങളും ജനാധിപത്യത്തിന് തുടര്‍ച്ചയായി ഇന്ധനംനല്‍കിക്കൊണ്ടിരിക്കണം. ശക്തമായ പ്രതിപക്ഷം സുധീരമായി വിയോജിപ്പുകള്‍ പ്രകടിപ്പിക്കുകയും സമാധാനപരമായി ജനങ്ങള്‍ക്കുവേണ്ടി പ്രക്ഷോഭത്തിലേര്‍പ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകണം. ധാര്‍ഷ്ട്യത്തിന്റെയും ഹിംസയുടെയും ഭാഷ സംസാരിക്കുന്ന അധികാരരാഷ്ട്രീയം ഭരണഘടന നിര്‍ദേശിക്കുന്ന സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും സമത്വത്തിന്റെയും രാഷ്ട്രീയത്തിന് വഴിമാറണം. നിശ്ചയദാര്‍ഢ്യമുള്ള ഒരു ചെറിയകൂട്ടം ആളുകള്‍ക്ക് അവരുടെ ദൗത്യത്തിലുള്ള അചഞ്ചലമായ വിശ്വാസം കാരണം ചരിത്രത്തിന്റെ ഗതിയെത്തന്നെ മാറ്റിമാറിക്കാന്‍ കഴിയുമെന്ന് പറഞ്ഞത് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയാണ്. അദ്ദേഹം അത് പറയുക മാത്രമല്ല, പ്രയോഗത്തിലൂടെ ലോകത്തെ ബോധ്യപ്പെടുത്തുകകൂടി ചെയ്തു. ഇന്ത്യയിലെ നിയമവാഴ്ചയുടെയും ജനാധിപത്യവ്യവസ്ഥയുടെയും ഭാവിയെക്കുറിച്ച് നാം ആശങ്കപ്പെടുമ്പോഴും ഗാന്ധിജിനല്‍കുന്ന ശുഭാപ്തിവിശ്വാസം തന്നെയായിരിക്കും ഇക്കൊല്ലത്തെയും സ്വാതന്ത്ര്യദിനത്തെ പ്രതീക്ഷാനിര്‍ഭരവും ആവേശകരവുമാക്കിത്തീര്‍ക്കുന്നത്.

(ലേഖകന്‍ സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്)

Content Highlights: Independence day 22


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented