ആഘോഷിക്കാനേറെയുണ്ട്, തിരുത്താനും


വേണു രാജാമണി

വേണു രാജാമണി

ഴിഞ്ഞ 75 വര്‍ഷത്തില്‍ ലോകവുമായുള്ള ഇന്ത്യയുടെ ഇടപെടലുകള്‍ അസാധാരണമായൊരു വിജയഗാഥയാണ്. ഇതുവരെ ഇന്ത്യയെ നയിച്ച എല്ലാസര്‍ക്കാരുകളും നേതാക്കളും ഈ വിജയത്തില്‍ അവരുടേതായ സംഭാവന നല്‍കിയിട്ടുണ്ട്. തിരിഞ്ഞുനോക്കുമ്പോള്‍ ആഘോഷിക്കാന്‍ നമുക്ക് ഒട്ടേറെ കാരണങ്ങളുണ്ട്. വലിയ പ്രതിബന്ധങ്ങള്‍ക്കും അതിലേറെ വൈവിധ്യങ്ങള്‍ക്കുമിടയില്‍ ഇന്ത്യ നേടിയെടുത്ത ജനാധിപത്യത്തെയും രാഷ്ട്രനിര്‍മാണത്തെയും ലോകം ആദരവോടെ കാണുന്നു. ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്രവേദികളിലും ഇന്ത്യയുടെ നിലപാടുകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. ലോകത്തിലെ പ്രധാന സാമ്പത്തികശക്തികളുടെ സംഘടനയായ ജി-20-ല്‍ അംഗമാണ് ഇന്ത്യ. അടുത്തവര്‍ഷത്തെ ജി-20 രാജ്യങ്ങളുടെ സമ്മേളനത്തിനും ഇന്ത്യയാണ് ആതിഥ്യമരുളുന്നത്.

സജ്ജരായിരിക്കുക നാം

അതെന്തായാലും ലോകം ഇന്ന് വലിയൊരുപ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ഒരിടവേളയ്ക്കുശേഷം യൂറോപ്പില്‍ യുദ്ധവും സംഘര്‍ഷങ്ങളും തലപൊക്കിയിരിക്കുന്നു. അതിന്റെ അനുരണനങ്ങള്‍ ലോകമാകെ പ്രതിഫലിക്കുന്നു. ജനാധിപത്യവും മനുഷ്യാവകാശസംരക്ഷണവും നാള്‍ക്കുനാള്‍ തകരുകയും സ്വേച്ഛാധിപത്യവും ഉദാരീകരണവും അനുദിനം ശക്തിപ്രാപിക്കുകയും ചെയ്യുന്നു. പരസ്പരബന്ധിതമായ ഈ ലോകത്ത് ആഗോള സമ്പദ് വ്യവസ്ഥ, ഭക്ഷ്യയെണ്ണവില, കാലാവസ്ഥാവ്യതിയാനം, മഹാമാരികള്‍, അയല്‍രാജ്യങ്ങളിലെ രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരത, അവിടങ്ങളില്‍ വളര്‍ന്നുവരുന്ന ഭീകരവാദം തുടങ്ങിയ ബാഹ്യഘടകങ്ങള്‍ നമ്മുടെ രാജ്യത്തിന്റെയും ക്ഷേമത്തെ നേരിട്ടുബാധിക്കുന്നു. വരുംവര്‍ഷങ്ങളില്‍ ലോകം വലിയരീതിയിലുള്ള പ്രതിസന്ധികള്‍ക്കും പ്രക്ഷുബ്ധ സാഹചര്യങ്ങള്‍ക്കും സാക്ഷ്യംവഹിക്കാന്‍ സാധ്യതയുണ്ട്. അതിനെ നേരിടാന്‍ നാം ധൈര്യത്തോടെ സജ്ജരായിരിക്കണം. ഇതുവരെയുള്ള സുപ്രധാനനേട്ടങ്ങളെച്ചൊല്ലി നമ്മള്‍ അമിത ആത്മവിശ്വാസമരുത്.

നെഹ്രുവില്‍ തുടങ്ങിയ വിദേശനയം

വിഭജനത്തിനും വര്‍ഗീയകലാപങ്ങള്‍ക്കുമിടയിലാണ് ഇന്ത്യ പിറന്നുവീണത്. ആദ്യവര്‍ഷങ്ങളില്‍ ഇന്ത്യയുടെ ജനാധിപത്യം പരീക്ഷണങ്ങള്‍ക്ക് വിധേയമാകാത്ത ശൈശവാവസ്ഥയിലായിരുന്നു. ജനങ്ങളില്‍ ഭൂരിഭാഗവും ദരിദ്രരും നിരക്ഷരരും. ഭക്ഷ്യവസ്തുക്കള്‍ക്കായി കൂടുതലും ഇറക്കുമതിയെ ആശ്രയിക്കേണ്ടിവന്നു. ചെറിയതോതില്‍മാത്രം വ്യാവസായിക അടിത്തറയുമുണ്ടായിരുന്ന ജനത. വിഭജനത്തെത്തുടര്‍ന്ന് പാകിസ്താന്‍സര്‍ക്കാരും സൈന്യവുമായുണ്ടായ പ്രശ്‌നങ്ങള്‍ മാത്രമല്ല, സ്വാതന്ത്ര്യംനേടി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കശ്മീരിനെച്ചൊല്ലി യുദ്ധംചെയ്യേണ്ടിയും വന്നു. വിഭജനംകാരണം ലക്ഷക്കണക്കിന് അഭയാര്‍ഥികളാണ് ഇന്ത്യയില്‍നിന്ന് പുറത്തേക്കും പുറത്തുനിന്ന് ഇന്ത്യയിലേക്കും ഒഴുകിയത്.

പിന്നീട്, ഇന്ത്യയോ പാകിസ്താനോ അതോ സ്വതന്ത്രമായി നില്‍ക്കണോ എന്നുതീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം 565 നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് വിട്ടുനല്‍കി ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടു. അസാധാരണ അരാജകത്വങ്ങള്‍ക്കും വലിയ നിയന്ത്രണങ്ങള്‍ക്കുമിടയിലും ലോകത്തോടുള്ള ഇന്ത്യയുടെ സമീപനം ആദ്യ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ജവാഹര്‍ലാല്‍ നെഹ്രു ആവിഷ്‌കരിച്ച് നടപ്പാക്കി.

ചുറ്റുമുള്ള സാഹചര്യങ്ങളെക്കുറിച്ചോര്‍ത്ത് ഭയപ്പെടാതെ സ്വാതന്ത്ര്യം, അന്താരാഷ്ട്രവാദം, സമാധാനം, തര്‍ക്കങ്ങളുടെ സമാധാനപരമായ പരിഹരിക്കല്‍ തുടങ്ങിയവ നെഹ്രു ഇന്ത്യന്‍ വിദേശനയത്തിന്റെ കാതലാക്കി. ഇന്ത്യക്ക് മറ്റുസമൂഹങ്ങളും സംസ്‌കാരങ്ങളും മതങ്ങളുമായുള്ള തുറന്ന വിനിമയത്തിന്റെയും സ്വതന്ത്രമായ കൈമാറ്റങ്ങളുടെയും നീണ്ട ചരിത്രത്തില്‍നിന്നും, ശ്രീബുദ്ധന്‍, അശോകന്‍, മഹാത്മാഗാന്ധി തുടങ്ങിയവരുടെ അഹിംസാസന്ദേശങ്ങളില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരുന്നു ഇത്. നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് അപകോളനീകരണം, മനുഷ്യാവകാശത്തോടുള്ള പ്രതിബദ്ധത, വംശീയതയ്ക്കുനേരെയുള്ള പോരാട്ടം, വികസ്വരരാജ്യങ്ങളോടുള്ള ഐക്യദാര്‍ഢ്യം തുടങ്ങിയവയും നെഹ്രു നമ്മുടെ വിദേശനയത്തിന്റെ ഭാഗമാക്കി. യു.എന്നില്‍ ഇന്ത്യ സജീവാംഗമാകണമെന്നും ആഗോളവെല്ലുവിളികളെ അഭിസംബോധന ചെയ്യാനുള്ള അതിന്റെ കൂട്ടായശ്രമങ്ങളില്‍ പങ്കാളിയാകണമെന്നും നെഹ്രു വിശ്വസിച്ചു. യു.എന്‍., ലോകബാങ്ക്, ഐ.എം.എഫ്. തുടങ്ങി എല്ലാ അന്താരാഷ്ട്രവേദികളിലും ഇന്ത്യ സ്ഥാപകാംഗവും ആഗോളതലത്തില്‍ മൂന്നാംലോകരാജ്യങ്ങളുടെ നേതാവുമായി. ഡല്‍ഹി 1947-ലും 1949-ലും ആഫ്രോ-ഏഷ്യന്‍ സമ്മേളനങ്ങളുടെ വേദിയായി. 1955-ല്‍ ബാന്‍ദുങ് ഉച്ചകോടി സംഘടിപ്പിച്ചത് ഇന്ത്യയും ഇന്‍ഡൊനീഷ്യയും ഒന്നിച്ചായിരുന്നു. അവസാനമായി, ചേരിചേരാനയം പിറന്നത് 1961-ല്‍ ബെല്‍ഗ്രേഡിലാണ്. ഇന്ത്യയുടെ നിലവിലെ വിദേശനയം ചേരിചേരാനയത്തില്‍നിന്ന് വ്യത്യസ്തമായി തന്ത്രപരമായ സ്വയംഭരണത്തിന്റെയും ബഹുതല സഹകരണത്തിന്റെയും അടിസ്ഥാനത്തിലുള്ളതെന്ന് പ്രസിദ്ധമാണ്. ഈ നിര്‍വചനം പുതിയതായിരിക്കാം. എന്നാല്‍, ഈ തന്ത്രപരമായ സ്വയംഭരണമെന്ന നയത്തിന്റെ ഉറവിടം നെഹ്രുവിന്റെ നേതൃത്വത്തില്‍നിന്നാണെന്ന സത്യം നിഷേധിക്കാനാവില്ല.

യാദൃച്ഛികമെന്നോണം, ശീതയുദ്ധത്തിന്റെ തുടക്കത്തില്‍ ലോകം പടിഞ്ഞാറും കിഴക്കുമായി വിഭജിച്ചുനില്‍ക്കുന്ന കാലത്തായിരുന്നു ഇന്ത്യയുടെ ജനനം. സോവിയറ്റ് യൂണിയനെ നേരിടാന്‍ യു.എസിന്റെ നേതൃത്വത്തിലുള്ള സൈനികസഖ്യത്തില്‍ പാകിസ്താനും തെക്കുകിഴക്കന്‍ ഏഷ്യയും പങ്കാളികളായി. 1947-ലും 1965-ലും പാകിസ്താനോടും 1962-ല്‍ ചൈനയുമായും യുദ്ധംചെയ്യാന്‍ ഇന്ത്യ നിര്‍ബന്ധിതമായി. ഇന്ത്യയുടെ ചേരിചേരാനയത്തെ അധാര്‍മികമെന്നുവിശേഷിപ്പിച്ച യു.എസ്., ഇന്ത്യയെ അപലപിക്കുകയാണുണ്ടായത്. എന്നാല്‍, ഒരുതരത്തിലുള്ള സമ്മര്‍ദത്തിനും വഴിപ്പെടാതെ സ്വതന്ത്രനിലപാടില്‍ ഇന്ത്യ ഉറച്ചുനിന്നു. ശീതയുദ്ധമുണ്ടാക്കിയ രണ്ടുചേരികള്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമാകാനില്ലെന്ന് നെഹ്രു ആവര്‍ത്തിച്ചു. സൈനിക-സാമ്പത്തിക ബലം ലോകരാജ്യങ്ങളുടെ പദവി നിശ്ചയിച്ചിരുന്ന കാലത്ത് പരിമിത സൈനിക-സാമ്പത്തികശക്തി മാത്രമുണ്ടായിരുന്ന ഇന്ത്യക്ക് ലോകത്തിനുമുന്നില്‍ വലിയ അന്തസ്സും സ്വാധീനവും നെഹ്രു നേടിക്കൊടുത്തു.

പിന്‍ഗാമികളുടെ സംഭാവനകള്‍

ചേരിചേരാനയത്തിന്റെ നേതാവായിരിക്കുമ്പോള്‍പോലും യു.എസുമായോ സോവിയറ്റ് യൂണിയനുമായോ നല്ലബന്ധമുണ്ടാക്കുന്നതിന് ഇന്ത്യക്ക് കഴിഞ്ഞു. ഈ രണ്ടുരാജ്യങ്ങളില്‍നിന്നും ഇന്ത്യയുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനുവേണ്ട സഹായങ്ങളും ലഭിച്ചു. ബ്രിട്ടനുമായും അതിന്റെ മുന്‍കോളനികളുമായും പ്രത്യേകബന്ധം സ്ഥാപിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തികവികസനത്തിന് ഗുണംചെയ്യുമെന്ന് ബോധ്യപ്പെട്ടതിനാല്‍ ബ്രിട്ടീഷ് കോമണ്‍വെല്‍ത്തില്‍ ചേരാനും ഇന്ത്യ മടിച്ചുനിന്നില്ല. ആദര്‍ശത്തിലൂന്നിയതും പ്രായോഗികവുമായിരുന്നു ഇന്ത്യയുടെ ആദ്യകാല വിദേശനയം. ഇന്ത്യയുടെ ആദ്യകാലത്തുതന്നെയുണ്ടായ കാര്‍ഷികവളര്‍ച്ച, വ്യാവസായിക അടിത്തറ, ഉന്നതവിദ്യാഭ്യാസത്തിനും ശാസ്ത്രീയഗവേഷണത്തിനുമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയോട് നമ്മുടെ ഇന്നത്തെ സാമ്പത്തികശക്തി കടപ്പെട്ടിരിക്കുന്നുവെന്നത് മറക്കരുത്. ഇന്ത്യക്ക് ആണവോര്‍ജം, അണ്വായുധങ്ങള്‍, ബഹിരാകാശപദ്ധതികള്‍, ശത്രുക്കളെ നേരിടാനുള്ള സായുധമിസൈലുകള്‍ എന്നിവ നല്‍കിയ അറ്റോമിക് എനര്‍ജി ഏജന്‍സിയും ഐ.എസ്.ആര്‍.ഒ.യും സ്ഥാപിച്ചതും നെഹ്രുവാണ്.

ലോകവേദിയില്‍ ഇന്ത്യക്ക് പ്രധാനസ്ഥാനം നെഹ്രു ഉണ്ടാക്കിയെടുത്തെങ്കില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികളായെത്തിയ പ്രധാനമന്ത്രിമാരും സര്‍ക്കാരുകളും ഇന്ത്യക്കുള്ള ആ സ്ഥാനത്തെയും സ്വാധീനത്തെയും കൂടുതല്‍ ശക്തിപ്പെടുത്തി. നെഹ്രുവിന്റെ പിന്‍ഗാമിയായ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ കാലത്താണ് പാകിസ്താനുമായി രണ്ടാമത്തെ യുദ്ധമുണ്ടാകുന്നത്. സോവിയറ്റ് യൂണിയന്റെ മധ്യസ്ഥത സ്വീകരിച്ച് പാകിസ്താനുമായി താഷ്‌കന്റ് സമാധാന ഉടമ്പടി ഒപ്പുവെച്ചത് അദ്ദേഹത്തിന്റെ തീരുമാനമാണ്.

ശാസ്ത്രിക്കുശേഷമെത്തിയ ഇന്ദിരാഗാന്ധിയുടെ വിദേശനയത്തിലെ സുവര്‍ണനിമിഷമാണ് 1971-ല്‍ പാകിസ്താനുമായുണ്ടായ യുദ്ധത്തിലെ ഇന്ത്യയുടെ വിജയവും ബംഗ്ലാദേശ് വിമോചനവും. യുദ്ധത്തില്‍നിന്ന് പിന്മാറാന്‍ ഇന്ത്യക്കുമേല്‍ സമ്മര്‍ദംചെലുത്താന്‍ റിച്ചാര്‍ഡ് നിക്‌സന്റെയും കിസ്സിന്‍ജറിന്റെയും നിര്‍ദേശപ്രകാരം യു.എസ്. ഏഴാം കപ്പല്‍പ്പടയെ ബംഗാള്‍ ഉള്‍ക്കടലില്‍ വിന്യസിക്കുമ്പോഴേക്കും സോവിയറ്റ് യൂണിയനുമായി സൗഹൃദക്കരാര്‍ ഒപ്പുവെച്ചത് ഇന്ദിരാഗാന്ധിയിലെ പ്രായോഗികതയും വൈഭവവും കാണിക്കുന്നു. ഇന്ദിരാഗാന്ധിയും തന്റെ പിതാവിന്റെ അന്താരാഷ്ട്രനയങ്ങള്‍ പിന്തുടര്‍ന്നു. അതിന്റെ ഭാഗമായി ഇന്ത്യ ചേരിചേരാപ്രസ്ഥാനം (എന്‍.എ.എം.), കോമണ്‍വെല്‍ത്ത് ഉച്ചകോടികള്‍ക്ക് ആതിഥ്യം വഹിച്ചു. ആഗോളതലത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ചചെയ്യാന്‍ ലോകനേതാക്കളെ ഒന്നിച്ചുകൊണ്ടുവന്നു. നമ്മുടെ അണ്വായുധശക്തിയെ സമ്പുഷ്ടമാക്കിയ പൊഖ്റാന്‍ ആണവപരീക്ഷണവും ഇന്ദിരയുടെ കാലത്താണ് നടന്നത്.

ഇന്ത്യയെ ആധുനികീകരിക്കാനും സാങ്കേതികവിദ്യയില്‍ മുന്‍പന്തിയിലെത്തിക്കാനുമുള്ള അടങ്ങാത്ത ചോദനയാണ് രാജീവ് ഗാന്ധി മുന്നോട്ടുവെച്ച വിദേശനയത്തില്‍ പ്രതിഫലിച്ചത്. യു.എസുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ അദ്ദേഹം മുന്‍കൈയെടുത്തു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ആഗോള സമ്പദ് വ്യവസ്ഥയുമായി സമന്വയിപ്പിച്ച് സാമ്പത്തികപരിഷ്‌കരണപരിപാടികള്‍ക്ക് തുടക്കംകുറിച്ചത് പി.വി. നരസിംഹറാവുവാണ്. ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനമെടുത്ത അടല്‍ ബിഹാരി വാജ്പേയിയും ഇന്ത്യക്ക് ഏറ്റവുമുയര്‍ന്ന സാമ്പത്തികവളര്‍ച്ചാനിരക്ക് സാധ്യമാക്കിയ ഡോ. മന്‍മോഹന്‍ സിങ്ങും ആഗോളതലത്തില്‍ കൂടുതല്‍ ആദരവ് നേടിക്കൊടുത്തു.

ഇവരെല്ലാമൊരുക്കിയ ശക്തമായ അടിത്തറയിലാണ് 2014 മുതല്‍ നരേന്ദ്രമോദി തന്റെ വിദേശനയം പ്രാവര്‍ത്തികമാക്കുന്നത്. എല്ലാ വിദേശരാജ്യങ്ങളുമായും ശക്തമായ ബന്ധമുണ്ടാക്കലും അവിടങ്ങളിലെ നേതാക്കളെ തന്റെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കല്‍, പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പേരക്കുട്ടിയുടെ വിവാഹത്തില്‍ അപ്രതീക്ഷിതമായി പങ്കെടുക്കല്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ അഹമ്മദാബാദ്, മഹാബലിപുരം തുടങ്ങിയ നഗരങ്ങളിലേക്ക് ക്ഷണിക്കല്‍, ട്രംപിനെപ്പോലുള്ള നേതാക്കള്‍ക്കൊപ്പം അയല്‍രാജ്യങ്ങളിലെ ഇന്ത്യന്‍സമൂഹംനിറഞ്ഞ സദസ്സുകളെ അഭിസംബോധന ചെയ്യല്‍ തുടങ്ങിയ നീക്കങ്ങളും അടങ്ങിയതാണ് മോദിയുടെ ലോകത്തോടുള്ള സമീപനം.

കടക്കാനുണ്ട് കടമ്പകളേറെ

കഴിഞ്ഞ എഴുപത്തിയഞ്ചുകൊല്ലം ലോകവുമായുള്ള ഇന്ത്യയുടെ ബന്ധം അവലോകനംചെയ്യുകയും അതിന്റെ ഭാവി പരിശോധിക്കുകയും ചെയ്യുമ്പോള്‍, പാകിസ്താനും ചൈനയുമായി നല്ലബന്ധം പുലര്‍ത്തുന്നതടക്കമുള്ള പലപ്രശ്‌നങ്ങളും ഇപ്പോഴും പരിഹരിക്കാനാകാതെ തുടരുന്നുവെന്നത് മനസ്സില്‍വെക്കണം. പാകിസ്താനുമായുള്ള ബന്ധം ഫലത്തില്‍ മരവിച്ച സ്ഥിതിയിലാണ്. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളിലെ ഏറ്റവുംമോശം സ്ഥിതിയിലാണ് ചൈനയുമായുള്ള ബന്ധം. കശ്മീരുമായി ബന്ധപ്പെട്ട് പാകിസ്താനുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കോ ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കങ്ങള്‍ക്കോ പരിഹാരംകാണല്‍ സമീപഭാവിയിലെങ്ങും ഉണ്ടാകാനുമിടയില്ല. അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണത്തിലേക്ക് തിരിച്ചെത്തിയതും ശ്രീലങ്കയിലെ പ്രതിസന്ധിയും അയല്‍പക്കങ്ങളില്‍ നിലനില്‍ക്കുന്ന അസ്ഥിരത വ്യക്തമാക്കുന്നു. മാലദ്വീപിനും നേപ്പാളിനും ബംഗ്ലാദേശിനുമെല്ലാം ശ്രീലങ്കയുടെ ഗതിയുണ്ടായേക്കാമെന്ന് പലരും ഭയക്കുന്നുണ്ട്. അയല്‍രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന അസ്ഥിരതയുടെ ഫലമായുണ്ടാകാവുന്ന വലിയതോതിലുള്ള അഭയാര്‍ഥികളുടെ ഒഴുക്കിനെയും ഭീകരവാദത്തെയും നമ്മള്‍ കരുതിയിരിക്കണം. റഷ്യ യുക്രൈനുനേരെ യുദ്ധം തുടങ്ങിയതോടെ ലോകവ്യാപകമായി എണ്ണവില ഉയര്‍ന്നതും ഭക്ഷ്യദൗര്‍ലഭ്യമുണ്ടായതും വിദൂരദേശങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍പോലും നമ്മെ കാര്യമായി ബാധിക്കുമെന്ന പാഠംപഠിപ്പിച്ചിട്ടുണ്ട്.

കാലംതെറ്റിയുള്ള മഴ, ചുഴലിക്കാറ്റ്, പ്രളയം, സമുദ്രനിരപ്പുയരുന്നത്, ഉഷ്ണതരംഗം തുടങ്ങിയവ കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ തീക്ഷ്ണമാകുന്നതിനെ സൂചിപ്പിക്കുന്നു. നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാന്‍പോലുമാകാത്ത ഒരു വൈറസിന് ലോകത്തിന്റെ ആരോഗ്യത്തെയും സമ്പദ് വ്യവസ്ഥയെയും മാറ്റിമറിക്കാനാകുമെന്ന് കോവിഡ് മഹാമാരി തെളിയിച്ചുകഴിഞ്ഞു. ലോകത്തും നമ്മുടെ രാജ്യത്തിനകത്തും ഉദാരീകരണത്തോടുള്ള ചായ്വ് വര്‍ധിക്കുന്നതിനെക്കുറിച്ചും ആശങ്കപ്പെടേണ്ടതുണ്ട്. തീവ്ര വലതുപക്ഷസംഘടനകളും വിദേശവിരുദ്ധസംഘടനകളും പ്രവാസികളായ ഇന്ത്യക്കാരെ ലക്ഷ്യംവെച്ചേക്കാം. രാജ്യത്തിനകത്താണെങ്കില്‍ അത് നമ്മളെ ഭിന്നിപ്പിക്കുകയും ദുര്‍ബലരാക്കുകയും ചെയ്യുന്നതോടെ മതനിരപേക്ഷ, ബഹുസ്വര ജനാധിപത്യമെന്ന ഇന്ത്യയുടെ പേരിന് ലോകത്തിനുമുന്നില്‍ കോട്ടംതട്ടും. സമത്വം, മതവിശ്വാസത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം എന്നീ തത്ത്വങ്ങളില്‍ പുലരുന്നിടത്തോളം ഇന്ത്യക്ക് യു.എസിന്റെയും പാശ്ചാത്യരാജ്യങ്ങളുടെയും പൂര്‍ണപിന്തുണയുണ്ടാകുമെന്ന് ഇന്ത്യാ സന്ദര്‍ശനവേളയില്‍ മുന്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചിരുന്നു.

വലിയൊരു ചാഞ്ചാട്ടത്തിന് ലോകം ഭാവിയില്‍ സാക്ഷിയായേക്കും. എങ്കിലും രാജ്യത്തിനകത്ത് ഐക്യം പുലരുന്നുണ്ടെന്നും പ്രതിസന്ധിഘട്ടത്തില്‍ രാജ്യം ശരിയായ ദിശയിലേക്കാണ് പോകുന്നതെന്നും നാം ഉറപ്പാക്കേണ്ടതുണ്ട്. ഭൂതകാലത്തെ വിജയങ്ങളെ ആഘോഷിക്കുമ്പോള്‍ത്തന്നെ ഭൂതകാലത്ത് നമുക്കുപറ്റിയ തെറ്റുകളെയും ഇപ്പോള്‍ എവിടെയാണ് തെറ്റുപറ്റിക്കൊണ്ടിരിക്കുന്നതെന്നതും ആത്മപരിശോധന നടത്തേണ്ടതും അനിവാര്യമാണ്. കൂട്ടായ ശക്തിയിലും നമ്മുടെ ജനാധിപത്യത്തിലും ലോകത്തിനുമുന്നില്‍ ഇന്ത്യക്ക് ആദരവും പരിഗണനയും നേടിത്തന്ന ഭരണഘടനാമൂല്യങ്ങളിലുമുള്ള വിശ്വാസം വീണ്ടും ഉറപ്പിച്ചുകൊണ്ടും അനിശ്ചിതമായ ഭാവിക്കുവേണ്ടി നമുക്ക് തയ്യാറെടുക്കാം.


Content Highlights: independence day 22


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented