സ്വപ്നവില്‍പ്പനയുടെ 75 വര്‍ഷം


ഡോ. എന്‍.പി. സജീഷ്

ആവാരാ, സ്വയംവരം സിനിമകളുടെ പോസ്റ്ററുകൾ

സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ രാഷ്ട്രത്തിന്റെ സാമൂഹികചരിത്രംകൂടി ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏഴരപ്പതിറ്റാണ്ട് രാജ്യം കടന്നുപോയ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പരിവര്‍ത്തനങ്ങളിലൂടെ സിനിമയും സഞ്ചരിച്ചു. ആദ്യകാല ഇന്ത്യന്‍ സിനിമ മുന്നോട്ടുവെച്ച പുരോഗമനപരമായ മാനവികതയെ നിര്‍ദയം കൈയൊഴിഞ്ഞ് സമകാലിക ബോളിവുഡ് സിനിമ സങ്കുചിത ദേശീയവാദത്തിലേക്കും യുദ്ധോത്സുകമായ രാജ്യസ്‌നേഹത്തിലേക്കും തിരിഞ്ഞു, ചലച്ചിത്രകലയുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള നെഹ്രുവിയന്‍ സാംസ്‌കാരിക ദര്‍ശനത്തെ കാറ്റില്‍പ്പറത്തി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചലച്ചിത്രസ്ഥാപനങ്ങളും ദേശീയപുരസ്‌കാരങ്ങളും അടിമുടി വാണിജ്യവത്കരിപ്പെട്ടു. അതോടെ സമ്പന്നമായ ചലച്ചിത്രപൈതൃകത്തെ നിര്‍വീര്യമാക്കുന്ന നയപരിപാടികളിലേക്കുള്ള ലജ്ജാകരമായ ചുവടുമാറ്റം പൂര്‍ണമായി.

ഇന്ത്യന്‍സിനിമയുടെ ശൈശവദശയിലെ ഉള്ളടക്കം പുരാണകഥകളെ ഉപജീവിച്ചുകൊണ്ടുള്ള മതപരമായ പ്രമേയങ്ങളായിരുന്നു. സ്വാതന്ത്ര്യപൂര്‍വകാലത്ത് അയിത്തംപോലുള്ള സാമൂഹികപ്രശ്‌നങ്ങളെ ചര്‍ച്ചയ്‌ക്കെടുക്കുന്ന അച്യുത് കന്യ(1936)പോലുള്ള അപൂര്‍വം ചിത്രങ്ങളേ നിര്‍മിക്കപ്പെട്ടുള്ളൂ. സ്വാതന്ത്ര്യാനന്തര കാലത്ത് ഇന്ത്യന്‍ സിനിമയുടെ പുരോഗമനപരമായ ഗതി നിര്‍ണയിച്ചത് നെഹ്രുവിയന്‍ രാഷ്ട്രപുനര്‍നിര്‍മാണ പദ്ധതികളും ഇപ്റ്റ എന്ന ഇടതുപക്ഷ തിയേറ്റര്‍ കൂട്ടായ്മയുടെ ഉപലബ്ധികളായ കലാകാരന്മാരുമാണ്.

ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ ദേശീയപ്രക്ഷോഭം, രണ്ടാം ലോകയുദ്ധം, ബംഗാള്‍ ക്ഷാമം എന്നിവയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ജനതയെ സാമൂഹികപ്രശ്‌നങ്ങളിലേക്ക് ഉണര്‍ത്താന്‍ കലയെ ഒരുപാധിയാക്കുകയായിരുന്നു ഇപ്റ്റ (ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍). പൃഥ്വിരാജ് കപൂര്‍, ഗുരുദത്ത്, ബിമല്‍ റോയ്, കെ.എ. അബ്ബാസ്, ഗുല്‍സാര്‍, എസ്.ഡി. ബര്‍മന്‍, ഋത്വിക് ഘട്ടക്, ചേതന്‍ ആനന്ദ്, ബല്‍രാജ് സാഹ്നി, മജ്റൂഹ് സുല്‍ത്താന്‍പുരി, സാഹിര്‍ ലുധിയാന്‍വി, ഉത്പല്‍ ദത്ത്, സലില്‍ ചൗധരി, മൃണാള്‍സെന്‍ തുടങ്ങിയ പ്രതിഭാശാലികള്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാംസ്‌കാരിക വിഭാഗമായ ഇപ്റ്റയുടെ സജീവപ്രവര്‍ത്തകരായിരുന്നു. 1940-കള്‍ മുതല്‍ 1960-കള്‍ വരെ ഇന്ത്യന്‍ സിനിമയ്ക്ക് പുരോഗമനപരമായ സാംസ്‌കാരിക ഉള്ളടക്കം പകരുന്നതില്‍ ഇവരുടെ കൂട്ടായ്മ നിര്‍ണായകപങ്കുവഹിച്ചു. 'മദര്‍ ഇന്ത്യ'(1957)യുടെ സംവിധായകന്‍ മെഹബൂബ് ഖാന്റെ നിര്‍മാണക്കമ്പനിയുടെ ചിഹ്നം അരിവാളും ചുറ്റികയുമായിരുന്നു. ഇപ്റ്റ അംഗങ്ങളായ കെ.എ. അബ്ബാസ് എഴുതി ചേതന്‍ ആനന്ദ് സംവിധാനംചെയ്ത നീചാനഗര്‍(1946) ഇന്ത്യന്‍ സിനിമയില്‍ സോഷ്യല്‍ റിയലിസത്തിന് തുടക്കമിട്ടു. മാക്‌സിം ഗോര്‍ക്കിയുടെ ദ ലോവര്‍ ഡെപ്ത്സ് എന്ന നാടകത്തെ ഇന്ത്യയിലെ സാമൂഹിക അസമത്വത്തിന്റെ സാഹചര്യത്തിലേക്ക് പറിച്ചുനട്ട ഈ ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ ലഭിച്ച ആദ്യ ഇന്ത്യന്‍ സിനിമയുമാണ്.

കെ.എ. അബ്ബാസിന്റെ ആദ്യസംവിധാന സംരംഭമായ 'ധര്‍ത്തി കെ ലാല്‍' (1946) ലക്ഷക്കണക്കിന് ജനങ്ങള്‍ മരിക്കാനിടയായ 1943-ലെ ബംഗാള്‍ ക്ഷാമത്തിന്റെ പശ്ചാത്തലത്തിലുള്ള സോഷ്യല്‍ റിയലിസ്റ്റ് ചിത്രമായിരുന്നു. സോവിയറ്റ് യൂണിയനില്‍ വ്യാപകമായി റിലീസ് ചെയ്ത ആദ്യ സിനിമ എന്ന ഖ്യാതിയും ഈ ചിത്രത്തിനുള്ളതാണ്. വിഭജനത്തെക്കുറിച്ചുള്ള ആദ്യ ഇന്ത്യന്‍ സിനിമയായ 'ചിന്നമൂല്‍'(വേരറ്റവര്‍, 1950) ഇപ്റ്റയുടെ സംഭാവനയായിരുന്നു. സംഘടനാംഗങ്ങളായ നെമയ് ഘോഷും (സംവിധാനം) ഋത്വിക് ഘട്ടക്കും (അഭിനയം) ഒരുക്കിയ ഈ ബംഗാളിചിത്രം കൊല്‍ക്കത്തയില്‍വെച്ച് കാണാനിടയായ വിഖ്യാത റഷ്യന്‍ സംവിധായകന്‍ പുഡോവ്കിന്‍ അതിന്റെ പ്രിന്റ് വാങ്ങി കൊണ്ടുപോയി റഷ്യയിലെ 188 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നെഹ്രുയുഗം തുടങ്ങിവെച്ച ഇന്തോ-സോവിയറ്റ് സൗഹൃദത്തിന്റെ ചലച്ചിത്ര സ്മാരകങ്ങളിലൊന്നാണ് പര്‍ദേശി(1957). ഇരുരാജ്യങ്ങളുടെയും സംയുക്തസംരംഭമായ ഈ ചിത്രത്തിന്റെ അണിയറശില്പികളില്‍ ഇപ്റ്റയുടെ നേതൃനിരയിലെ കെ.എ. അബ്ബാസും പൃഥ്വിരാജ് കപൂറും ഉണ്ടായിരുന്നു.

നവ ഇന്ത്യയുടെ ബാലാരിഷ്ടതകള്‍, പ്രത്യാശകള്‍, പ്രതീക്ഷകള്‍, ആദര്‍ശങ്ങള്‍ എന്നിവയെ പ്രതിഫലിപ്പിക്കുകയായിരുന്നു ബിമല്‍റോയ്, ഗുരുദത്ത്, മെഹബൂബ് ഖാന്‍ എന്നിവരുടെ ചിത്രങ്ങള്‍. രാഷ്ട്രത്തിന്റെ സാമൂഹിക മനഃസാക്ഷിയെ അവരുടെ സിനിമകള്‍ കാട്ടിത്തന്നു. ക്ഷേമരാഷ്ട്രത്തെക്കുറിച്ചുള്ള നെഹ്രുവിയന്‍ സങ്കല്പങ്ങള്‍, അടിസ്ഥാനവര്‍ഗത്തോടുള്ള അനുതാപം, ഗ്രാമവികസനം, മതേതരത്വത്തിലൂന്നിയ സമാധാനപരമായ സഹവര്‍ത്തിത്വം എന്നിവയിലൂന്നിയ മൂല്യബോധം ചലച്ചിത്രഗാത്രത്തില്‍ അങ്ങിങ്ങായി പടര്‍ന്നുകിടന്നു.

നെഹ്രുവിന്റെ സാംസ്‌കാരിക വീക്ഷണം ഇന്ത്യന്‍ സിനിമയെ ഔന്നത്യങ്ങളിലെത്തിക്കുന്നതിനാണ് അന്‍പതുകളും അറുപതുകളും സാക്ഷ്യംവഹിച്ചത്. രാഷ്ട്രപുനര്‍നിര്‍മാണത്തിന്റെയും അപകോളനീകരണത്തിന്റെയും ദൃശ്യങ്ങള്‍ ജനങ്ങളിലത്തെിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് 1948-ല്‍ രൂപംനല്‍കിയ സ്ഥാപനമാണ് ഫിലിംസ് ഡിവിഷന്‍. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ആരോഗ്യപരമായ വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും അഭിവൃദ്ധിക്കുള്ള ഉപാധിയായി സിനിമയെ പരിപോഷിപ്പിക്കുന്നതിനും ചലച്ചിത്രവ്യവസായത്തിന്റെ വികസനത്തിനുംവേണ്ട നടപടിനിര്‍ദേശങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനായി നെഹ്രു സര്‍ക്കാര്‍ 1949-ല്‍ നിയോഗിച്ച എസ്.കെ. പാട്ടീല്‍ സമിതി 1951-ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മികച്ചസിനിമകളുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ സഹായധനം നല്‍കുന്നതിനായി ഫിലിം ഫൈനാന്‍സ് കോര്‍പ്പറേഷന്‍ രൂപവത്കരിക്കുക, ചലച്ചിത്രവിദ്യാഭ്യാസത്തിനായി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക, കലാപരമായും സാങ്കേതികപരമായും മികവുപുലര്‍ത്തുന്ന സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയായിരുന്നു പ്രധാന ശുപാര്‍ശകള്‍. അതനുസരിച്ച് 1953-ല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ഏര്‍പ്പെടുത്തി. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ സ്വന്തം ആശയമായ ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ 1955-ല്‍ യാഥാര്‍ഥ്യമായി. 1960-ല്‍ പുണെയില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. 1961 മുതല്‍ ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം തുടങ്ങി. 1964-ല്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ആരംഭിച്ചു. ഈ സ്ഥാപനങ്ങളെല്ലാം ഇന്ത്യന്‍ സിനിമയുടെ കലാപരമായ വളര്‍ച്ചയെ ത്വരപ്പെടുത്തി.

ലോക സിനിമയുടെ മികവിലേക്ക്

1952-ല്‍ ഫിലിംസ് ഡിവിഷന്റെ നേതൃത്വത്തില്‍ നടന്ന ആദ്യ അന്താരാഷ്ട്ര ചലച്ചിത്രമേള രാജ്യത്തെ ചലച്ചിത്രകാരന്മാരെ ലോകസിനിമയുടെ മികവിലേക്ക് കണ്‍തുറപ്പിച്ചു. മേളയില്‍ കണ്ട ഇറ്റാലിയന്‍ നിയോ റിയലിസ്റ്റിക് സിനിമ 'ബൈസിക്കിള്‍ തീവ്സ്' ആണ് തന്റെ 'ദോ ഭിഗാ സമീന്‍'(1953) എന്ന ചിത്രത്തിന് പ്രചോദനമായതെന്ന് ബിമല്‍ റോയി വെളിപ്പെടുത്തിയിരുന്നു. 1954-ല്‍ ഏഴാമത് കാന്‍മേളയില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് സത്യജിത് റായിയുടെ പഥേര്‍ പാഞ്ജലി 1956-ല്‍ കാന്‍മേളയില്‍ പുരസ്‌കാരം നേടി. അപരാജിതോ വെനീസ് മേളയില്‍ ഗോള്‍ഡന്‍ ലയണ്‍ നേടി. ഋത്വിക് ഘട്ടക്കിന്റെ അജാന്ത്രിക് 1959-ല്‍ വെനീസ് മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1960-ല്‍ കാന്‍മേളയില്‍ പ്രദര്‍ശിപ്പിച്ച ബിമല്‍ റോയിയുടെ സുജാത ജാതിവ്യവസ്ഥയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സിനിമയായിരുന്നു. ദളിത് വനിതയായ സുജാത മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കുകീഴില്‍ അഭയം തേടുന്ന ദൃശ്യത്തിലൂടെ ബിമല്‍ റോയ് തന്റെ രാഷ്ട്രീയം പ്രഖ്യാപിച്ചു. മുഖ്യധാരാ സിനിമ വിദേശവിപണിയില്‍ വിജയം നേടുന്നതിന് തുടക്കമിട്ടത് രാജ്കപൂറിന്റെ ആവാര(1951) ആയിരുന്നു. ദക്ഷിണേഷ്യയിലും കിഴക്കന്‍ യൂറോപ്പിലും തരംഗങ്ങള്‍ സൃഷ്ടിച്ച ഈ ചിത്രത്തോടെ രാജ്കപൂര്‍ സോവിയറ്റ് യൂണിയനിലെ ജനപ്രിയ താരമായി.

കാഴ്ചയുടെ നവതരംഗങ്ങള്‍

ഫിലിം ഫൈനാന്‍സ് കോര്‍പ്പറേഷന്റെ സഹായധനത്തോടെ നിര്‍മിച്ച മൃണാള്‍ സെന്നിന്റെ ഭുവന്‍ഷോം (1969), മണി കൗളിന്റെ ഉസ്‌കി റൊട്ടി (1969) എന്നീ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ ഭാവുകത്വത്തെത്തന്നെ മാറ്റിമറിച്ചു. പുതിയ ദൃശ്യഭാഷയും വ്യാകരണവുമായി സാമ്പ്രദായിക കാഴ്ചാശീലങ്ങളെ തിരുത്തുന്ന ഒരു നവതരംഗത്തിന് തുടക്കമിടുകയായിരുന്നു ഈ സിനിമകള്‍. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ചലച്ചിത്രവിദ്യാഭ്യാസം നേടിയ അടൂര്‍ ഗോപാലകൃഷ്ണന്‍, മണികൗള്‍, കുമാര്‍ ഷഹാനി തുടങ്ങിയവരും ഫിലിം ഫൈനാന്‍സ് കോര്‍പ്പറേഷന്റെ സഹായധനത്തോടെ നല്ല സിനിമകള്‍ നിര്‍മിക്കാന്‍ അവസരം ലഭിച്ച ചലച്ചിത്രകാരന്മാരും ഈ നവതരംഗത്തിന്റെ പ്രോദ്ഘാടകരായി. അടൂരിന്റെ സ്വയംവരം (1972), എം.എസ്. സത്യുവിന്റെ ഗരംഹവ (1973), ശ്യാംബെനഗലിന്റെ അങ്കുര്‍ (1974) തുടങ്ങി ഒട്ടേറെ സിനിമകള്‍ പുതുതരംഗത്തിന്റെ പതാകാവാഹകരായി. ജി. അരവിന്ദന്‍, എം.ടി., ബുദ്ധദേവ ദാസ്ഗുപ്ത, ബാലു മഹേന്ദ്ര, ഗിരീഷ് കര്‍ണാട്, ഗിരീഷ് കാസറവള്ളി, ബസു ചാറ്റര്‍ജി, സയ്യിദ് മിര്‍സ, ഗോവിന്ദ് നിഹലാനി, കേതന്‍ മത്തേ തുടങ്ങിയ ചലച്ചിത്രകാരന്മാര്‍ യഥാര്‍ഥ ഇന്ത്യയെ അതിന്റെ എല്ലാ വൈവിധ്യങ്ങളോടെയും സിനിമയില്‍ പ്രതിഫലിപ്പിച്ചു.

ദൗത്യനിര്‍വഹണം തടസ്സപ്പെടുമ്പോള്‍

ഇങ്ങനെ ചലച്ചിത്രകലയുടെ ഉന്നമനത്തിന് വഴിതെളിച്ച നെഹ്രു യുഗത്തിന്റെ സംഭാവനയായ ഈ സ്ഥാപനങ്ങളെല്ലാം നിര്‍വീര്യമാക്കപ്പെടുന്നതിന് ഈവര്‍ഷം നാം സാക്ഷ്യംവഹിച്ചു. 2022 മാര്‍ച്ചിലാണ് ഫിലിംസ് ഡിവിഷന്‍, നാഷണല്‍ ആര്‍ക്കൈവ്സ്, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി, ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ് എന്നീ സ്വതന്ത്രസ്ഥാപനങ്ങളെല്ലാം എന്‍.എഫ്.ഡി.സി.യില്‍ ലയിപ്പിച്ചത്. പൊതുഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്വതന്ത്രസ്ഥാപനങ്ങള്‍ കമ്പനി ആക്ടുപ്രകാരം രജിസ്റ്റര്‍ചെയ്ത ഒരു കോര്‍പ്പറേഷനില്‍ ലയിപ്പിക്കുന്നതിനെതിരേ എണ്ണൂറില്‍പ്പരം ചലച്ചിത്രപ്രവര്‍ത്തകര്‍ പ്രതികരിച്ചിരുന്നു. നടത്തിപ്പിനും നിലനില്‍പ്പിനുമായി വരുമാനവും ലാഭവും ഉണ്ടാക്കേണ്ട ഒരു കമ്പനി എങ്ങനെയാണ് ലാഭേച്ഛയില്ലാതെ ചലച്ചിത്രപൈതൃകസംരക്ഷണം നടത്തുക എന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍, നസിറുദ്ദീന്‍ഷാ, നന്ദിതാദാസ്, ആനന്ദ് പട്വര്‍ധന്‍ തുടങ്ങിയര്‍ ചോദിച്ചു. വ്യത്യസ്തമായ ചുമതലകളും ഉത്തരവാദിത്വങ്ങളുമുള്ള സ്വതന്ത്രസ്ഥാപനങ്ങളെ സവിശേഷവൈദഗ്ധ്യമില്ലാത്ത കമ്പനിയുടെ നയതീരുമാനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നതിലൂടെ അവയുടെ ദൗത്യനിര്‍വഹണം തടസ്സപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.

മണ്ണിലുറച്ച് മലയാളം

സ്വാതന്ത്ര്യാനന്തരം ഒരു പ്രബുദ്ധകേരളം പടുത്തുയര്‍ത്തുന്നതില്‍ സിനിമയ്ക്ക് നിര്‍ണായകമായ പങ്കുവഹിക്കാനുണ്ടായിരുന്നു. വിവിധ നാട്ടുരാജ്യങ്ങളായി ഭിന്നിച്ചുനിന്നിരുന്ന മലയാളികള്‍ ഒരൊറ്റ ദേശീയതയായി ഐക്യപ്പെടുന്നത് അമ്പതുകളിലാണ്. കോളനിവാഴ്ചയ്‌ക്കെതിരേ പൊരുതിയ ദേശീയപ്രസ്ഥാനവും ജന്മിത്ത വ്യവസ്ഥിതിക്കും തൊഴിലാളിവര്‍ഗചൂഷണത്തിനുമെതിരേ നിലകൊണ്ട കമ്യൂണിസ്റ്റ് പ്രസ്ഥാനവും ജാതീയമായ ചൂഷണത്തിനെതിരേ നിലകൊണ്ട നവോത്ഥാനപ്രസ്ഥാനങ്ങളുമാണ് മലയാളസിനിമയുടെ ആദ്യകാല ആശയമണ്ഡലത്തെ സ്വാധീനിച്ചത്. അവശവിഭാഗങ്ങളോടുള്ള അനുകമ്പയും സാമൂഹിക അസമത്വങ്ങള്‍ക്കെതിരായ വര്‍ഗബോധവും സ്വാതന്ത്ര്യാനന്തര മലയാളസിനിമ പ്രതിഫലിപ്പിച്ചുപോന്നു.

ഇന്ത്യന്‍ സിനിമ അതിന്റെ ശൈശവദശയില്‍ പുരാണകഥകള്‍ പറഞ്ഞപ്പോള്‍ മലയാളസിനിമ ആദ്യചിത്രമായ 'വിഗതകുമാരനി'ലും ആദ്യശബ്ദചിത്രമായ 'ബാലനി'ലും സാമൂഹികപ്രസക്തമായ പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. കാണിയെ സ്വപ്നസ്വര്‍ഗങ്ങളിലേക്ക് നയിക്കാനുതകുന്ന മാധ്യമമായിരുന്നിട്ടും മലയാളസിനിമ തുടക്കംമുതല്‍ മണ്ണിലുറച്ചുനിന്നു.

മലയാള സിനിമയ്ക്ക് ദേശീയതലത്തില്‍ ആദ്യ ബഹുമതി നേടിക്കൊടുത്തത് 1954-ല്‍ പി. ഭാസ്‌കരനും രാമുകാര്യാട്ടും ചേര്‍ന്ന് സംവിധാനംചെയ്ത നീലക്കുയില്‍ ആണ്. ചിത്രത്തിലെ ആദര്‍ശകഥാപാത്രമായ പോസ്റ്റ്മാനെ അവതരിപ്പിച്ചത് പി. ഭാസ്‌കരനായിരുന്നു. കമ്യൂണിസ്റ്റ് സഹയാത്രികനായ കവി അവതരിപ്പിക്കുന്ന കഥാപാത്രം ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരേ നിലകൊള്ളുന്നതാണ് നാം സിനിമയില്‍ കാണുന്നത്. നീലിയുടെയും ശ്രീധരന്‍ നായരുടെയും മകന്‍ ഒരു പുതിയപൗരനായി, പുതിയ മനുഷ്യനായി വളരട്ടെ എന്നാണ് ആ കഥാപാത്രം പറയുന്നത്. സ്വാതന്ത്ര്യാനന്തര കേരളത്തിലെ പുതിയ മലയാളിപൗരനെ രൂപപ്പെടുത്തുന്നതില്‍ സിനിമയ്ക്ക് കാര്യമായ പങ്കുവഹിക്കാനുണ്ടെന്നുകൂടി ആ ചിത്രത്തിലൂടെ ഭാസ്‌കരന്‍മാസ്റ്റര്‍ പറഞ്ഞുവെച്ചു.

തുടര്‍ന്നുവന്ന ന്യൂസ്പേപ്പര്‍ ബോയ്, രാരിച്ചന്‍ എന്ന പൗരന്‍, രണ്ടിടങ്ങഴി, ഓടയില്‍നിന്ന് തുടങ്ങിയ സിനിമകളെല്ലാം വിശാലമായ മാനവികതയില്‍ ഊന്നിയ മൂല്യബോധമാണ് പ്രസരിപ്പിച്ചത്. 1965-ല്‍ 'ചെമ്മീന്‍' രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ നേടിയ ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമായി. തകഴി, കേശവദേവ്, ഉറൂബ്, എം.ടി. വാസുദേവന്‍ നായര്‍ തുടങ്ങിയ മുന്‍നിര എഴുത്തുകാരുടെ സാഹിത്യകൃതികളെ ആസ്പദമാക്കി നിര്‍മിക്കപ്പെട്ട സിനിമകള്‍ മലയാളസിനിമയ്ക്ക് ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങളെയും ഉള്‍ക്കാമ്പുള്ള പ്രമേയങ്ങളെയും നല്‍കി.

എഴുപതുകളുടെ തുടക്കംമുതല്‍ കേരളത്തില്‍ ഫിലിംസൊസൈറ്റിപ്രസ്ഥാനം ശക്തിപ്പെട്ടു. സംസ്ഥാനത്തുടനീളം സാക്ഷരതയും രാഷ്ട്രീയപ്രബുദ്ധതയും വ്യാപിപ്പിച്ച ഗ്രാമീണവായനശാലകള്‍ക്കു സമാനമായിരുന്നു ഈ ചലച്ചിത്രപ്രദര്‍ശന കൂട്ടായ്മകള്‍. ലോകക്‌ളാസിക്കുകള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ കുറസോവയും ഫെല്ലിനിയും ബര്‍ഗ്മാനും ഗൊദാര്‍ദും നമ്മുടെ നാട്ടിടവഴികളിലൂടെ നിര്‍ബാധം നടന്നു. അവരുടെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് അടൂരും അരവിന്ദനും കെ.ജി. ജോര്‍ജും ജോണ്‍ എബ്രഹാമും ടി.വി. ചന്ദ്രനും ഷാജിയുമെല്ലാം സമാന്തരസിനിമയെ ബഹുദൂരം മുന്നോട്ടുകൊണ്ടുപോയി. അതോടെ എല്ലാവര്‍ഷവും ദേശീയതലത്തില്‍ മികവുകൊണ്ട് തിളങ്ങുന്ന പ്രാദേശിക ഭാഷാസിനിമയായി മലയാളം മാറി. മലയാളം കഴിഞ്ഞാല്‍ ഇന്ത്യന്‍ സമാന്തരസിനിമയ്ക്ക് കനപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രാദേശികഭാഷ ബംഗാളിയാണ്.

എന്നാല്‍, മലയാളസിനിമയുടെ പുരോഗമനമുഖത്തിന് മങ്ങലേല്‍ക്കുന്നതാണ് എണ്‍പതുകള്‍മുതല്‍ നാം കാണുന്നത്. രാമക്ഷേത്രത്തിനായുള്ള രഥയാത്രയും ബാബറി മസ്ജിദിന്റെ തകര്‍ച്ചയും ദേശീയതലത്തില്‍ ഹിന്ദുത്വവാദത്തിന് ശക്തിപകര്‍ന്നപ്പോള്‍ നവോത്ഥാന കേരളവും അതിന്റെ കൈപിടിച്ച മലയാള സിനിമയും പിന്തിരിഞ്ഞു നടക്കാന്‍ തുടങ്ങി. യാഥാസ്ഥിതികമായ കെട്ടുകാഴ്ചകളുടെ കുത്തൊഴുക്ക് മലയാളസിനിമയുടെ ദൃശ്യസംസ്‌കാരത്തെ കീഴ്പ്പെടുത്തി. നവോത്ഥാനം നാടുകടത്തിയ ഫ്യൂഡല്‍ ഭൂതകാലത്തിന്റെ ജീര്‍ണതകളെ നഷ്ടമൂല്യങ്ങളായി സിനിമ ഉയര്‍ത്തിക്കാട്ടി. ദളിത്, മുസ്ലിം, സ്ത്രീവിരുദ്ധ ഉള്ളടക്കത്തിന് ചലച്ചിത്രാഖ്യാനങ്ങളില്‍ കാര്യമായ ഇടംകിട്ടി. ദേശീയപ്രസ്ഥാനം ഊട്ടിയുറപ്പിച്ച മതേതരമൂല്യങ്ങള്‍ക്ക് അവ ആഴത്തിലുള്ള പോറലേല്‍പ്പിച്ചു.

എന്നാല്‍, 2011-ല്‍ ആരംഭിച്ച ന്യൂജനറേഷന്‍ തരംഗത്തോടെ പുതിയ പ്രമേയങ്ങളും ആവിഷ്‌കരണരീതികളുമായി മലയാളസിനിമ നഷ്ടപ്രതാപം തിരിച്ചുപിടിച്ചു. മുഖ്യധാരാ സിനിമയുടെ രൂപവും ഉള്ളടക്കവും മാറി. പുതിയ സമാന്തരധാര ശക്തമായി. കോവിഡ് കാലത്ത് തിയേറ്ററുകള്‍ അടഞ്ഞുകിടന്നപ്പോള്‍ ഒ.ടി.ടി. പ്‌ളാറ്റ്ഫോം എന്ന പുതിയ തിരശ്ശീലയുടെ സാധ്യതകള്‍ മലയാളസിനിമ ഫലപ്രദമായി ഉപയോഗിച്ചു. മഹാമാരിയുടെ കാലത്ത് മലയാള സിനിമ ഇന്ത്യന്‍സിനിമയ്ക്ക് വഴികാട്ടുകയാണെന്നുവരെ ദേശീയതലത്തിലുള്ള മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നു. കോവിഡ് കാലത്തെ ഇന്ത്യന്‍ സിനിമയുടെ ദ്രുതകര്‍മസേന ബോളിവുഡ് അല്ല, മലയാള സിനിമയാണെന്ന് ഔട്ട്ലുക്ക് വാരിക എഴുതി. കോവിഡ് കാലത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ത്യയിലെ ചലച്ചിത്രവ്യവസായം മലയാളസിനിമയാണെന്ന് ദ ഗാര്‍ഡിയന്‍ പത്രത്തില്‍ നമ്രത ജോഷി എഴുതി. മലയാളസിനിമയുടെ പ്രേക്ഷകസമൂഹത്തെ ഭാഷദേശാതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വിപുലപ്പെടുത്തുന്നതില്‍ ഒ.ടി.ടി. പ്‌ളാറ്റ്ഫോമുകള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

പറഞ്ഞതുപോലെ സ്വാതന്ത്ര്യാനന്തരം നാം കണ്ട ഏറ്റവും ബൗദ്ധികവിരുദ്ധ ഭരണകൂടം ആണല്ലോ നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്.

(കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാംസ്) ആണ് ലേഖകന്‍)


Content Highlights: Independence Day 22


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented