അവള്‍ എത്ര പ്രകാശവര്‍ഷമകലെ...


മീനാ പിള്ള

പ്രതീകാത്മകചിത്രം | Photo: PTI

സ്വാതന്ത്ര്യപ്രാപ്തി എന്ന ആ യുഗസംഭവം വഴിതെളിച്ചത് അതുല്യമായ ഒരു ഭരണഘടനയുടെ പിറവിയിലേക്കു കൂടിയാണ്. നാനാത്വത്തില്‍ ഏകത്വം സാധ്യമാക്കുന്ന ശ്രേഷ്ഠമായ ഭരണഘടന നമുക്കുണ്ടായി. സ്വേച്ഛാധിപത്യ സ്വഭാവമുള്ള ഒരു ഭരണകൂടത്തിനും കവര്‍ന്നെടുക്കാന്‍ കഴിയാത്ത തരത്തില്‍ കെട്ടുറപ്പുള്ള, പൗരാവകാശങ്ങള്‍ക്ക് അടിത്തറ പാകിയ ഒന്ന്. വൈവിധ്യപൂര്‍ണമായ ഈ രാജ്യത്തിലെ എല്ലാ പൗരര്‍ക്കും തുല്യസ്വാതന്ത്ര്യവും തുല്യനീതിയും തുല്യ അവസരങ്ങളും തുല്യവേതനവും ഒക്കെ ഉറപ്പുവരുത്തിയ ഒന്ന്.

രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇവിടത്തെ 675 ദശലക്ഷത്തോളം വരുന്ന സ്ത്രീകള്‍ക്കും ജനസംഖ്യയുടെ പത്തു ശതമാനത്തോളം വരുന്ന ഇതരലിംഗ വിഭാഗക്കാര്‍ക്കും സ്വാതന്ത്ര്യം എന്ന വാക്ക് എന്തര്‍ഥമാണ് സൂചിപ്പിക്കുന്നത്? അവരില്‍ ആരുടെയൊക്കെ മോഹങ്ങളും മോഹഭംഗങ്ങളുമാണ് ആ വചനത്തിന്റെ മരീചികയില്‍ തെളിഞ്ഞതും മാഞ്ഞുപോയതും?

എന്തുമാറി

75 വര്‍ഷത്തെ ഇന്ത്യന്‍ സ്ത്രീജീവിതത്തില്‍ തീര്‍ച്ചയായും ധാരാളം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും സഞ്ചാരസ്വാതന്ത്ര്യവും വസ്ത്രസ്വാതന്ത്ര്യവും തൊഴില്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഒക്കെത്തന്നെ ലഭ്യമായി. മെച്ചപ്പെട്ട കുടുംബാസൂത്രണം, ആരോഗ്യസംരക്ഷണം, സ്ത്രീകള്‍ക്ക് ഉപജീവനത്തിനായി തൊഴിലുറപ്പു പദ്ധതികള്‍, പെന്‍ഷന്‍ പദ്ധതികള്‍, സ്വത്തവകാശം, ഗൃഹനാഥയുടെ പേരിലുള്ള റേഷന്‍ കാര്‍ഡുകള്‍ ഇവയിലൊക്കെത്തന്നെയും ലിംഗനീതിക്കു വേണ്ടിയുള്ള നിതാന്തപരിശ്രമം തീര്‍ച്ചയായും കാണാന്‍ സാധിക്കും. സ്ത്രീധന നിരോധനനിയമം ഉള്‍പ്പെടെയുള്ള സ്ത്രീസൗഹൃദ നിയമങ്ങള്‍ വന്നപ്പോള്‍ മധ്യവര്‍ഗസ്ത്രീകള്‍ക്ക് കോടതിവഴി ഭേദപ്പെട്ട രീതിയില്‍ നീതി ലഭിച്ചു തുടങ്ങി.

എന്നാല്‍, ആണ്‍കോയ്മ ഇന്ത്യന്‍ സിരകളില്‍ എത്രമാത്രം ആഴത്തിലും പരപ്പിലും വേരൂന്നിയിട്ടുണ്ടെന്നു കാണാന്‍ നമ്മുടെ സൗന്ദര്യസങ്കല്‍പങ്ങള്‍, ഭാഷാകല്‍പനകള്‍, ചൊല്ലുകള്‍, വാസ്തു മാതൃകകള്‍, കഥകള്‍, പുരാണങ്ങള്‍, ക്യാമറക്കാഴ്ചകള്‍, ജനപ്രിയസംസ്‌കാരങ്ങള്‍, സിനിമാപ്പാട്ടുകള്‍ എന്നിവയൊക്കെ ഒന്നു പരിശോധിച്ചാല്‍ മാത്രം മതി. ബുദ്ധിയുടേതും വൈകാരികതയുടേതുമായ തലങ്ങളില്‍, അവ ചെറുതാകട്ടെ, വലുതാകട്ടെ, മധ്യവര്‍ഗപുരുഷ അഭിരുചികള്‍ ശക്തമായും സൂക്ഷ്മമായും സന്നിഹിതമാണ്. അതുകൊണ്ടുതന്നെ ലിംഗഭേദത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പൊതുഅവബോധം രൂപവത്കരിച്ചു തുടങ്ങിയ നാള്‍ മുതല്‍ത്തന്നെ ഒരു പുരുഷാധികാര യുക്തിക്കുള്ളില്‍ അതിനെ പ്രതിഷ്ഠിച്ച് രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കുള്ള ഉപാധിയാക്കാനുള്ള പ്രവണതയും ആരംഭിച്ചു എന്ന് വേണമെങ്കില്‍ പറയാം.

വെളിച്ചം കാണാത്ത ബില്ല്

കാല്‍ നൂറ്റാണ്ടുമുമ്പ് പാര്‍ലമെന്റില്‍ 33 ശതമാനം സ്ത്രീസംവരണം ആവശ്യപ്പെട്ടുകൊണ്ട് ലോക്സഭയില്‍ അവതരിപ്പിക്കുകയും രാജ്യസഭ അംഗീകരിക്കുകയും ചെയ്ത ബില്ല് ഇന്നും വെളിച്ചംകാണാതെ കിടക്കുന്നു. ഭരണസംവിധാനങ്ങളില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ കേരളം മുന്നിലാണെന്നുതന്നെ പറയാം. കേരളം 2009-ല്‍ത്തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സ്ത്രീസംവരണം കൊണ്ടുവരുകയുണ്ടായി. അതിനുശേഷം നടന്ന 2010, 2015 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ യഥാക്രമം 52.96 ശതമാനം, 54.3 ശതമാനം എന്നിങ്ങനെയായിരുന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീപ്രാതിനിധ്യം. ഇങ്ങനെ ആശാവഹമായ മാറ്റങ്ങള്‍ ഒരുവശത്ത് കാണാന്‍ കഴിയുമ്പോള്‍പ്പോലും ഇത്തരത്തില്‍ കഴിവുതെളിയിച്ച സ്ത്രീപ്രതിനിധികള്‍ പിന്നെങ്ങോട്ടു പോകുന്നു എന്ന ചോദ്യം പ്രധാനമാണ്. നിയമസഭയിലോ പാര്‍ലമെന്റിലോ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന സംവിധാനങ്ങള്‍ കുറവായതു കൊണ്ടു തന്നെ സംസ്ഥാന, ദേശീയതലങ്ങളില്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ പ്രതിഭാശാലികളായ ഈ സ്ത്രീപ്രതിനിധികള്‍ക്ക് കഴിയാതെ പോകുന്നു.

ലിംഗസമത്വം എത്ര കാതമകലെ

ഈ വിഷയത്തോടനുബന്ധിച്ച് ഇന്ത്യ ഈയിടെ സാക്ഷ്യംവഹിച്ച ഏറെ പ്രധാനപ്പെട്ട ചരിത്രസന്ദര്‍ഭങ്ങളിലൊന്നായിരുന്നു പാര്‍ശ്വവത്കരിക്കപ്പെട്ട ആദിവാസി സമുദായത്തിലെ, ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ദ്രൗപദി മുര്‍മു ഇന്ത്യയുടെ രാഷ്ട്രപതിയായി സ്ഥാനമേറ്റു എന്നത്. ഏറെ വിലമതിക്കേണ്ട ഒരു ചരിത്രനിമിഷം തന്നെയാണ് എന്നതില്‍ സംശയമില്ല, എന്നാല്‍, ഉയര്‍ന്ന പദവികളിലെത്തുന്ന വിരലിലെണ്ണാവുന്ന സ്ത്രീകള്‍ എന്ന അവസ്ഥയ്ക്കു പുറത്തേക്ക് ഏറെ വ്യാപിക്കേണ്ട ഒന്നാണ് ഭരണസംവിധാനങ്ങളിലെ സ്ത്രീപങ്കാളിത്തം എന്ന യാഥാര്‍ഥ്യം അതോടൊപ്പംതന്നെ ഒരു ചോദ്യമായി ഉയര്‍ന്നുവരുന്നു. ഇന്ത്യയില്‍ മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ സൗകര്യാര്‍ഥം ലിംഗനീതി എന്ന ആശയത്തെ തിരഞ്ഞെടുപ്പുകളിലെ തുറുപ്പുചീട്ടാക്കുകയും ലിംഗസമത്വം പ്രസംഗിക്കുകയും ചെയ്യുന്നു. അതേസമയം, നൈതികത തൊട്ടുതീണ്ടാത്ത, ലിംഗവിവേചനപരമായ വ്യവഹാരങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഘടനകളില്‍ത്തന്നെ വെളിവാകുകയും ചെയ്യുന്നു. ഇങ്ങനെ വരുമ്പോള്‍ പരാജയപ്പെട്ടുപോകുന്നത് ഇന്ത്യയിലെ ഓരോ പെണ്ണുമാണ്.

സ്വാതന്ത്ര്യം എന്ന പദം വലിയൊരു വാഗ്ദാനമാണ്. ഉപരി-മധ്യവര്‍ഗങ്ങളിലെ സ്ത്രീകള്‍ക്ക് ഒരുപക്ഷേ, വിദ്യാഭ്യാസവും സാമൂഹികസുരക്ഷയും ഒരു പരിധിവരെ ലഭിച്ചുതുടങ്ങിയപ്പോഴും അരികുവത്കരിക്കപ്പെട്ട ലക്ഷോപലക്ഷം പെണ്‍കുട്ടികള്‍ക്ക്, പിറക്കാതെ പോയ അനേകം പെണ്‍ഭ്രൂണങ്ങള്‍ക്ക്, ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാവുന്ന ജനസംഖ്യയുടെ മുപ്പതുശതമാനത്തോളം വരുന്ന വനിതകള്‍ക്ക് എന്തായിത്തീര്‍ന്നു ഈ സ്വാതന്ത്ര്യം? മൂന്നില്‍ ഒരു സ്ത്രീ ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങള്‍ നിത്യജീവിതത്തില്‍ നേരിടുന്നു എന്ന് കണക്കുകള്‍ വിളിച്ചുപറയുമ്പോള്‍ അവരില്‍ ഒരുവള്‍ക്ക് സ്വയാധികാരം എന്ന ആശയം ആര്‍ഷഭാരത സംസ്‌കാരത്തിന്റെയും ദേശീയതയുടെയും പെരുമയില്‍ നമ്മള്‍ മെനഞ്ഞെടുത്ത മറ്റൊരു ഐതിഹ്യം മാത്രമല്ലേ?

ലിംഗസമത്വത്തിന്റെ പട്ടികയില്‍ 190 രാജ്യങ്ങളില്‍ 124-ാം റാങ്ക് ആണ് ഇന്ത്യക്ക്. ലോക സാമ്പത്തികഫോറം കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ ഇന്ത്യ ആകെയുള്ള 156 രാജ്യങ്ങളില്‍ 28 സ്ഥാനം പിന്നോട്ടുപോയി 140-ാം റാങ്കിലെത്തി. ഇതാകട്ടെ ദക്ഷിണേഷ്യയിലെത്തന്നെ മോശം പ്രകടനങ്ങളില്‍ മൂന്നാമത്തേതുമായിമാറി. അതായത് ഇനിയും നൂറ്റാണ്ടുകള്‍വേണ്ടി വരും ഇന്ത്യന്‍സ്ത്രീക്ക് പുരുഷനൊപ്പം തൊഴിലവസരമോ വേതനമോ കിട്ടാന്‍. അതുകൊണ്ടുതന്നെ മധ്യവര്‍ഗാഭിലാഷങ്ങളുടെ സാക്ഷാത്കാരത്തിന്റെ ഭൂപടത്തിലൂന്നിക്കൊണ്ടുമാത്രം ഈ രാജ്യത്ത് സ്ത്രീക്കും പുരുഷനും തുല്യസ്വാതന്ത്ര്യം എന്ന് പറഞ്ഞാല്‍ അത് കപടോക്തി മാത്രം.

തീരുമാനമെടുക്കാന്‍ എത്ര സ്വാതന്ത്ര്യം

സ്വന്തം ജീവിതപാത തിരഞ്ഞെടുക്കാനും അതിലെ സുപ്രധാന തീരുമാനങ്ങള്‍ സ്വയമെടുക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യയിലെ എത്ര സ്ത്രീകള്‍ക്ക് അവകാശപ്പെടാം എന്ന ചോദ്യം ജനാധിപത്യകാംക്ഷികളായ നാം ഇനിയെങ്കിലും ചോദിക്കേണ്ടിയിരിക്കുന്നു. ചൊട്ടമുതല്‍ ചുടലവരെ അവള്‍ എന്ത് ധരിക്കണം, എന്ത് പഠിക്കണം, എങ്ങനെ നടക്കണം, എന്ത് ചെയ്യണം എന്നൊക്കെ തീര്‍പ്പുകല്‍പിക്കുന്ന അനേകം സാമൂഹിക നിയമങ്ങളുടെയും അദൃശ്യമായ സാംസ്‌കാരിക കൂച്ചുവിലങ്ങുകളുടെയും തടവറയില്‍പ്പെട്ടുപോകുന്നവളോട് ഇപ്പോഴും ''നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി'' എന്ന് ആക്രോശിക്കുന്ന ഒരു വന്‍ പുരുഷാരം (ഇതില്‍ ഒരു വലിയ പങ്ക് നമ്മള്‍ അത്തരത്തില്‍ പരുവപ്പെടുത്തിയെടുത്ത സ്ത്രീകള്‍ തന്നെ) നമുക്കു ചുറ്റുമുണ്ട്. അവളെ രൂപപ്പെടുത്തേണ്ടത് ഭരണഘടനാമൂല്യങ്ങളല്ല മറിച്ച് മനുസ്മൃതിയാണ് എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നവര്‍.

അവളുടെ ജീവിതം നിര്‍ണയിക്കുന്നതാര്

2020-ല്‍ ഇന്ത്യയില്‍ ഒരു ദിവസം ശരാശരി 19 സ്ത്രീകളാണ് സ്ത്രീധനക്കൊലപാതകങ്ങള്‍ക്കിരയായത്. കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഏകദേശം 7,000 പെണ്‍ജീവനുകള്‍ സ്ത്രീധനത്തിന്റെ പേരില്‍ ഒരുവര്‍ഷം പൊലിഞ്ഞുപോകുന്നു എന്നാണ്. വിവാഹമാണ് ഒരു സ്ത്രീയുടെ ജീവിതത്തെ നിര്‍ണയിക്കുന്നതെന്നും എല്ലാ സ്വാതന്ത്ര്യങ്ങളും അടിയറവെച്ചും എന്തു വിലകൊടുത്തും എത്ര തന്നെ ഹീനമായ വൈവാഹിക ബന്ധങ്ങളിലും ക്ഷമിച്ചും സഹിച്ചും തുടരണമെന്നു പറഞ്ഞുകൊണ്ടേയിരിക്കുന്ന ഒരു യാഥാസ്ഥിതിക സാമൂഹിക മനസ്സിന്റെ ഇരകള്‍ കൂടിയാണ് നമ്മുടെ പെണ്മക്കള്‍. അവരുടെ സ്‌കൂള്‍ സഞ്ചികളില്‍ പുസ്തകത്തോടൊപ്പം അടക്കവും ഒതുക്കവും അനുസരണയും കുത്തിനിറച്ചുവിടുന്ന നമ്മള്‍ പിന്നീട് തൊഴിലിടങ്ങളിലും വിവാഹത്തിലും നേരിടുന്ന പീഡനങ്ങള്‍ക്കുനേരെ എന്തുകൊണ്ടവര്‍ പ്രതികരിക്കുന്നില്ല എന്നു ചോദിക്കും. അന്തസ്സോടെ സ്വന്തം കാലില്‍നിന്ന് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഒരിക്കലും സാര്‍ഥകമാകാതെ പോകുന്ന ഓരോ പെണ്ണിന്റെയും പരാജയത്തിനു പിറകില്‍ ഈ സമൂഹത്തിന്റെ കരാളഹസ്തങ്ങളുണ്ട്.

മഹാമാരിക്കാലത്ത് ഗാര്‍ഹിക ഇടങ്ങളില്‍ സ്ത്രീപീഡനങ്ങള്‍ പെരുകുകയാണു ചെയ്തത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്ത്രീവിരുദ്ധത ഒരുപക്ഷേ, കോവിഡ്-19 എന്ന വൈറസിനെക്കാളും മാരകവും സാംക്രമികവുമാണ് എന്ന് ഈ മഹാമാരിക്കാലം തെളിയിച്ചു. എന്നാല്‍, ഡിജിറ്റലിലേക്കുള്ള ചുവടുമാറ്റം ഒരര്‍ഥത്തില്‍ സ്ത്രീവിമോചന പോരാട്ടങ്ങള്‍ക്ക് ഒരു പുതിയ മാനം തുറന്നിട്ടു. വലിയ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെയോ സമരങ്ങളുടെയോ കീഴില്‍ അണിനിരക്കാതെ അനേകം സ്ത്രീകള്‍ അവരുടെ ജീവിതങ്ങളെയും അവര്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളെയും കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ എഴുതിത്തുടങ്ങി. ഒരുപക്ഷേ, മുഖ്യധാരാ മാധ്യമങ്ങളില്‍ ഒരിക്കലും ശബ്ദം കണ്ടെത്താന്‍ കഴിയാത്തവര്‍ ശബ്ദിച്ചു തുടങ്ങി. ഈ ചിതറിയ ചിലമ്പിച്ച ശബ്ദങ്ങളുടെ, വിയോജിപ്പുകളുടെ, ചെറു പ്രതിരോധങ്ങളുടെ കൂട്ടായ്മകള്‍ ഈ കാലഘട്ടത്തിന്റെ പെണ്‍ അടയാളങ്ങള്‍ ആണ്.

ഇത്തരത്തില്‍ ശബ്ദമുയര്‍ത്തിയവരില്‍ ഏറെയും മധ്യവര്‍ഗസ്ത്രീകള്‍ ആണെങ്കില്‍ത്തന്നെയും പുതുതായി രൂപംകൊള്ളുന്ന ഡിജിറ്റല്‍ പൊതുമണ്ഡലത്തില്‍ ആണ്‍യുക്തികളുടെ പൊതുബോധത്തെ കലക്കിമറിക്കുന്ന അനേകായിരം ചെറുസ്വരങ്ങള്‍ ഉണ്ടായി എന്നത് സ്ത്രീകളും ലൈംഗികന്യൂനപക്ഷങ്ങളും സംസാരസ്വാതന്ത്ര്യത്തിന്റെ പുതിയ സാധ്യതകള്‍, പുതിയ തുറകള്‍ കണ്ടെത്തി എന്നുള്ളതിന്റെ തെളിവാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പുതുസാമൂഹിക സങ്കല്‍പങ്ങളുടെ ആണിക്കല്ലായി നവസാക്ഷരസമൂഹം ഏറ്റെടുത്ത കുടുംബം എന്ന സ്ഥാപനത്തിന്റെ അടിത്തറ തന്നെ ആണ്‍കോയ്മയായിരുന്നു. പിന്നീടുവന്ന എല്ലാ രാഷ്ട്രനിര്‍മാണ പദ്ധതികളും നയങ്ങളും സ്ത്രീയെ ക്ഷേമം നല്‍കേണ്ടതോ ശാക്തീകരിക്കേണ്ടതോ ആയ വസ്തുവായി കാണുമ്പോഴും ആണ്‍കോയ്മയെ സമാന്തരമായി നിലനിര്‍ത്തുകയും ബലപ്പെടുത്തുകയുമാണ് ചെയ്തത്. അതുകൊണ്ടു തന്നെ ഇന്നും സ്ത്രീകളുടെ ഗാര്‍ഹികാധ്വാനം സ്ത്രീകളുടേതു മാത്രമായ, മൂല്യരഹിതമായ ഒരു ചുമതലയായിത്തുടരുന്നു. ഗാര്‍ഹികാധ്വാനത്തിനു സ്വയംവഴങ്ങുന്നവരായി സ്ത്രീകളെ പരുവപ്പെടുത്തുന്ന കുടുംബവ്യവസ്ഥയും ഭരണകൂടവും മതവും പലനിലയ്ക്ക് ഈ ആണ്‍കോയ്മയെ ഊട്ടിയുറപ്പിച്ചുവരുന്നു.

സ്ത്രീപക്ഷം പുനര്‍വായനപോലെ ഒരര്‍ഥത്തില്‍ നാം കൊട്ടിഘോഷിക്കുന്ന മഹത്തായ ഇന്ത്യന്‍ പാരമ്പര്യത്തെയും ഭരണസംവിധാനത്തെയും സ്ത്രീപക്ഷത്തുനിന്ന് പുനര്‍വായിച്ചുകൊണ്ടുമാത്രമേ സ്ത്രീയുടെ സ്വാതന്ത്ര്യം പൂര്‍ണമായ അര്‍ഥത്തില്‍ സാധ്യമാകൂ. ഇത് കാലത്തിന്റെ അനിവാര്യത കൂടിയാണ്. ചില്ലറ അവസരങ്ങളും ചില അധികാരങ്ങളും നല്‍കുക എന്ന രീതികൊണ്ടുമാത്രം സാക്ഷാത്കരിക്കാവുന്ന ഒന്നല്ല സ്ത്രീ സ്വാതന്ത്ര്യം. പൊതുമണ്ഡലവും എല്ലാത്തരം 'പൊതു'വും ആണ്‍ബോധംകൊണ്ടു നിര്‍മിതമായിരിക്കേ സ്വാശ്രയത്വത്തിന്റെയും ആര്‍ദ്രതയുടെയും പെണ്‍മണ്ഡലം ഇവിടെ രൂപപ്പെടേണ്ടിയിരിക്കുന്നു. ഈ പെണ്‍മണ്ഡലം ആണിനും പെണ്ണിനും മറ്റെല്ലാ ലൈംഗികവിഭാഗങ്ങള്‍ക്കും സഹവസിക്കാവുന്ന ജനാധിപത്യ ഇടമായി മാറുകയും വേണം.

ഇന്ത്യന്‍ സ്ത്രീകള്‍ക്ക് സാമ്പത്തികസ്വാതന്ത്ര്യം ഉണ്ടോ? മതത്തിനും കുടുംബത്തിനുമകത്തെ സ്ത്രീജീവിതം ജനാധിപത്യവത്കരിക്കപ്പെട്ടോ? എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ക്കു മുമ്പില്‍ പതറാതെ നില്‍ക്കാനാകുന്ന ഒരു കാലം നമുക്കുണ്ടാവട്ടെ. ഈ എഴുപത്തിയഞ്ചിന്റെ നിറവ് രാജ്യത്തെ നിയമ നിര്‍മാണസഭകള്‍ പാതിസ്ത്രീകളാല്‍ നിറയുന്ന നിറക്കാഴ്ചയ്ക്ക് വഴിതെളിക്കട്ടെ. പെണ്ണിന്റെ തലയ്ക്കുമീതേ നാം കെട്ടിയ അദൃശ്യമായ ചില്ലുമച്ചിന്‍പുറങ്ങള്‍ തകര്‍ന്നുവീഴട്ടെ, അവള്‍ക്കുചുറ്റും വരച്ച ലക്ഷ്മണരേഖകളൊക്കെയും മാഞ്ഞുപോകട്ടെ. 1947-ലെന്നപോലെ ഇക്കുറി ഓഗസ്റ്റ് 14-ലെ അര്‍ധരാത്രിയുടെ മണിമുഴങ്ങുമ്പോള്‍ നാനാതുറകളിലുള്ള ഇന്ത്യന്‍ സ്ത്രീകളും ഉണരട്ടെ അവരവരുടെ സ്വാതന്ത്ര്യങ്ങളിലേക്ക്.

Content Highlights: independence day 2022 how far indian women from empowerment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented