ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ @75, യാത്രയിലെ നാഴികക്കല്ലുകള്‍


ഡോ. വി.കെ. വിജയകുമാര്‍ (ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്)

Photo: AP

രു രാജ്യത്തിന്റെ നയങ്ങള്‍, പ്രത്യേകിച്ച് സാമ്പത്തികനയങ്ങള്‍, പ്രധാനമായും അവ രൂപവത്കരിക്കുന്ന കാലഘട്ടത്തിന്റെ സന്തതികളാണ്. ചരിത്രപശ്ചാത്തലം, സാമ്പത്തികസാഹചര്യങ്ങള്‍, സുപ്രധാന തീരുമാനങ്ങളെടുക്കുന്നവരുടെ കാഴ്ചപ്പാട് എന്നിവ സാമ്പത്തികനയങ്ങളെയും സ്വാധീനിക്കും. 1940-കള്‍ കൊളോണിയല്‍-സാമ്രാജ്യത്വ വിരുദ്ധതയുടേതായിരുന്നു. സോവിയറ്റ് യൂണിയന്റെ ഉയര്‍ച്ചയുടെ കാലംകൂടിയായിരുന്നു അത്. ഗ്രേറ്റ് ഡിപ്രഷനില്‍നിന്ന് യു.എസ്. സമ്പദ്വ്യവസ്ഥയെ രക്ഷിക്കാനുള്ള 'ന്യൂ ഡീല്‍' പദ്ധതി, രണ്ടാംലോകയുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ രാജ്യങ്ങളെ പുനരുദ്ധരിക്കാനുള്ള മാര്‍ഷല്‍പ്ലാന്‍ തുടങ്ങിയ സര്‍ക്കാര്‍ നേതൃത്വംനല്‍കിയ പദ്ധതികള്‍ വിജയകരമായിരുന്നു. ഈ ചരിത്രപശ്ചാത്തലം ഇന്ത്യയുള്‍പ്പെടെ പുതുതായി സ്വാതന്ത്ര്യം ലഭിച്ച പലരാജ്യങ്ങളുടെയും സാമ്പത്തികനയങ്ങളുടെ രൂപവത്കരണത്തില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

നെഹ്‌റു യുഗം

നെഹ്രുവിന്റെ ഫാബിയന്‍ സോഷ്യലിസ്റ്റ് ചിന്തയും റഷ്യന്‍ സാമ്പത്തികമാതൃകയോടുള്ള അദ്ദേഹത്തിന്റെ മതിപ്പും ഇന്ത്യന്‍ സമ്പദ്‌നയങ്ങള്‍ക്ക് ഇടതുപക്ഷ ചായ്വുണ്ടാകുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ഇന്ത്യയുടെ പുതിയ സാമ്പത്തികനയത്തിന്റെ ആധാരശിലകള്‍ പൊതുമേഖലയ്ക്ക് നല്‍കിയ പ്രാമുഖ്യവും കേന്ദ്രീകൃത ആസൂത്രണവുമായിരുന്നു. മിശ്രസമ്പദ്വ്യവസ്ഥ എന്ന ആശയം ഇന്ത്യ സ്വീകരിക്കുകയും സോവിയറ്റ് മാതൃക അടിസ്ഥാനമാക്കി പഞ്ചവത്സരപദ്ധതികള്‍ നടപ്പാക്കുകയുംചെയ്തു. നെഹ്രു അക്കാലത്തെ ഏറ്റവും തലപ്പൊക്കമുള്ള നേതാവായിരുന്നതിനാല്‍ രാജാജിയെപ്പോലുള്ള നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് ഭൂരിപക്ഷത്തിന്റെ പിന്തുണലഭിച്ചില്ല. ''താജ്മഹല്‍ മരിച്ചവര്‍ക്കുവേണ്ടിയാണ്; ഭക്രാനംഗല്‍ ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടിയും'' എന്ന നെഹ്രുവിന്റെ പ്രസിദ്ധമായ വാചകം അദ്ദേഹത്തിന്റെ യുക്തിചിന്തയുടെയും വന്‍കിടപദ്ധതികളോടുള്ള ആഭിമുഖ്യത്തിന്റെയും പ്രതിഫലനമാണ്. മികവിനോടുള്ള നെഹ്രുവിന്റെ താത്പര്യമാണ് മികവിന്റെ കേന്ദ്രങ്ങളായ ഐ.ഐ.ടി.കളും മറ്റും രൂപവത്കരിക്കപ്പെട്ടതിനുപിന്നില്‍. ഐ.ഐ.ടി.കള്‍ പിന്നീട് ഐ.ടി. തുടങ്ങിയ വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ പ്രധാനപങ്കുവഹിച്ചിട്ടുണ്ട്.

സര്‍ക്കാരിന് നല്‍കിയ മേല്‍ക്കോയ്മ, സമഗ്രമായ ആസൂത്രണം, ലൈസന്‍സിങ്, സ്വകാര്യ സംരംഭങ്ങള്‍ക്കുമേലുള്ള വലിയ നിയന്ത്രണങ്ങള്‍ എന്നിവ, രാജാജിയുടെ ഭാഷ കടമെടുത്തുപറഞ്ഞാല്‍ ''ലൈസന്‍സ്-പെര്‍മിറ്റ്-ക്വാട്ട രാജ്'' സൃഷ്ടിച്ചു. ലൈസന്‍സ് രാജ് സ്വകാര്യസംരംഭകത്വത്തെയും സംരംഭങ്ങളെയും ശ്വാസംമുട്ടിക്കുന്ന സംവിധാനമായി മാറിയെന്നാണ് പ്രമുഖ നിയമജ്ഞനായ നാനി പാല്‍ക്കിവാല വിലയിരുത്തിയത്. പ്രമുഖ സമ്പദ്ശാസ്ത്രജ്ഞനായ ജഗദിഷ് ഭഗവതി ഉള്‍പ്പെടെ പല ചിന്തകരും ഉദാരീകരണത്തിനായി നേരത്തേ വാദിച്ചിരുന്നെങ്കിലും അവയ്‌ക്കൊന്നും അക്കാലത്ത് മേല്‍ക്കൈയുണ്ടായിരുന്ന രാഷ്ട്രീയചിന്തയെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല.

ഇന്ദിരാഗാന്ധിയുടെ കാലഘട്ടം

-74 കാലഘട്ടം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം കഠിനമായിരുന്നു. ഈ പന്ത്രണ്ടുവര്‍ഷത്തിനിടയില്‍ രാജ്യത്തിന് മൂന്നു യുദ്ധങ്ങളില്‍ ഏര്‍പ്പെടേണ്ടിവന്നു; രണ്ടു ഗുരുതരമായ വരള്‍ച്ചകളും അഭിമുഖീകരിക്കേണ്ടിവന്നു. 1966-ല്‍ ഡോളറിനെയപേക്ഷിച്ച് രൂപയുടെ മൂല്യം 36 ശതമാനം വെട്ടിക്കുറയ്‌ക്കേണ്ടിവന്നു. 1973-ല്‍ ക്രൂഡോയിലിന്റെ വില കുത്തനെ ഉയര്‍ന്നതും സമ്പദ്വ്യവസ്ഥയെ കഠിനമായി ബാധിച്ചു. ഏറ്റവുംഉയര്‍ന്ന വ്യക്തിഗത ആദായനികുതി നീതീകരണമില്ലാത്ത 97.50 ശതമാനമായി ഉയര്‍ത്തി ഈ കാലഘട്ടം രാഷ്ട്രീയരംഗത്തും ഭൂകമ്പങ്ങളുടെ കാലമായിരുന്നു. കോണ്‍ഗ്രസിലെ പിളര്‍പ്പും മാസ്മരികപ്രഭാവമുള്ള നേതാവായി ഇന്ദിരാഗാന്ധിയുടെ വളര്‍ച്ചയും ഇന്ത്യന്‍ സാമ്പത്തികനയങ്ങളെ ഏറെ സ്വാധീനിക്കുകയും കൂടുതല്‍ ഇടതുപക്ഷത്തേക്കു നയിക്കുകയുംചെയ്തു. 1969-ല്‍ ബാങ്ക് ദേശസാത്കരണവും പിന്നീട് എം.ആര്‍.ടി.പി., ഫെറ നിയമങ്ങളും നിലവില്‍വന്നു. കോര്‍പ്പറേറ്റ് നികുതി കുത്തനെ ഉയര്‍ത്തി. വ്യക്തിഗത ആദായനികുതി യാതൊരു നീതീകരണവുമില്ലാത്ത 97.5 ശതമാനമാക്കി ഉയര്‍ത്തി. 1970-കള്‍ ഇന്ത്യയില്‍ സാമ്പത്തികമരവിപ്പിന്റെ കാലമായിരുന്നു. എന്നാല്‍, രാജ്യത്തെ ഭക്ഷ്യസ്വയംപര്യാപ്തതയിലേക്കു നയിച്ച ഹരിതവിപ്‌ളവം ഒരു വന്‍വിജയമായി.

രാജീവ് ഗാന്ധിയുടെ പുതിയതുടക്കം

സ്വാതന്ത്ര്യാനന്തരമുള്ള മൂന്നുപതിറ്റാണ്ടില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ശരാശരി വാര്‍ഷികവളര്‍ച്ച 3.5 ശതമാനം മാത്രമായിരുന്നു. ഇതേക്കുറിച്ച് മന്‍മോഹന്‍ സിങ് പിന്നീട് അഭിപ്രായപ്പെട്ടത് സ്വകാര്യസംരംഭങ്ങളിലും കയറ്റുമതിയിലും ഊന്നിയുള്ള സാമ്പത്തികതന്ത്രം പ്രയോഗിച്ച കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചയുമായി താരതമ്യംചെയ്യുമ്പോള്‍ ഇന്ത്യയുടെ ഈ കാലഘട്ടത്തിലെ വളര്‍ച്ച തീരെ തൃപ്തികരമായിരുന്നില്ല എന്നായിരുന്നു. രാജീവ് ഗാന്ധിയുടെ കാലത്താണ് ഇന്ത്യയില്‍ ചെറിയതോതില്‍ ഉദാരീകരണം ആരംഭിച്ചത്. കോര്‍പ്പറേറ്റ് നികുതിയും വ്യക്തിഗത ആദായനികുതിയും കുറച്ചു. എം.ആര്‍.ടി.പി.യില്‍ ഭേദഗതികൊണ്ടുവരികയും വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഉദാരീകരണത്തിന്റെ ഈ ആദ്യഘട്ടം കൂടുതല്‍ ആശ്രയിച്ചത് വിദേശവായ്പയെയായിരുന്നു. വിദേശവായ്പയിലൂന്നിയ ഈ ഉദാരീകരണവും 1991-ലെ ക്രൂഡോയില്‍ ഷോക്കുംകൂടിയായപ്പോള്‍ ഇന്ത്യ വലിയ സാമ്പത്തികപ്രതിസന്ധിയിലായി. അടിസ്ഥാനപരമായി ഇതൊരു വിദേശവിനിമയപ്രതിസന്ധിയായിരുന്നു. ഇന്ത്യ ബാങ്ക് ഓഫ് ഇംഗ്‌ളണ്ടില്‍ സ്വര്‍ണം പണയംവെക്കുകയും വായ്പയ്ക്കായി ഐ.എം.എഫിനെ സമീപിക്കുകയുംചെയ്തു.

റാവുവിന്റെ ധീരമായ പരിഷ്‌കാരം

ഈ പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഘടനാപരമായി വലിയ മാറ്റത്തിന് തിരികൊളുത്തി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കിഴക്കന്‍ യൂറോപ്പില്‍നിന്ന് കമ്യൂണിസത്തിന്റെ പടിയിറക്കവും ചൈനയില്‍ ഡെങ്സിയാവോ പിങ്ങിന്റെ നേതൃത്വത്തില്‍ സാമ്പത്തികനയത്തില്‍ വരുത്തിയ മാറ്റവും ഇന്ത്യയില്‍ മാറ്റത്തിനനുകൂലമായ സാഹചര്യം സൃഷ്ടിച്ചു. ലിബറലൈസേഷന്‍, പ്രൈവറ്റൈസേഷന്‍, ഗ്‌ളോബലൈസേഷന്‍ എന്നതിന്റെ ചുരുക്കപ്പേരായ എല്‍.പി.ജി. പുതിയ ആപ്തവാക്യമായിത്തീര്‍ന്നു. പ്രധാനമന്ത്രി നരസിംഹറാവു അദ്ദേഹത്തിന്റെ പ്രാപ്തനായ ധനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പിന്തുണയോടെ ധീരമായി നടപ്പാക്കിയ ഈ പരിഷ്‌കാരങ്ങള്‍ രാജ്യത്ത് ഉയര്‍ന്ന സാമ്പത്തികവളര്‍ച്ചയുടെ ഒരു യുഗത്തിന് അടിത്തറയിടുകയായിരുന്നു. അടുത്ത 30 വര്‍ഷക്കാലം ഇന്ത്യ ജി.ഡി.പി. വളര്‍ച്ചയില്‍ ലോകത്ത് രണ്ടാംസ്ഥാനത്ത് കുതിച്ചെത്തി; ചൈനമാത്രമാണ് മുമ്പിലുണ്ടായിരുന്നത്. റാവു സര്‍ക്കാരിനുശേഷം വന്ന എല്ലാസര്‍ക്കാരുകളും ഉദാരീകരണത്തിന്റെ ഈ പാത തന്നെ പിന്തുടര്‍ന്നു.

മോദിയുഗം

വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ സാമ്പത്തികപരിഷ്‌കരണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോയി. ഇന്ത്യയില്‍ രാഷ്ട്രീയമായി ഏറെ എതിര്‍പ്പുനേരിടുന്ന സ്വകാര്യവത്കരണം എതിര്‍പ്പ് വകവെക്കാതെ മുന്നോട്ടുവെച്ചു. മന്‍മോഹന്‍സിങ് നയിച്ച യു.പി.എ. 1, 2 സര്‍ക്കാരുകള്‍ക്ക് പരിഷ്‌കരണങ്ങളുടെ കാര്യത്തില്‍ ഏറെയൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്ന ഉദാരീകരണനയങ്ങളുടെ വക്താവായ മോദി പരിഷ്‌കരണനടപടികളുമായി മുന്നോട്ടുപോകുന്നുണ്ട്. എങ്കിലും പരിഷ്‌കാരങ്ങളുടെ അടിയൊഴുക്കുകളില്‍ ചില മാറ്റങ്ങളുണ്ട്. ഉദ്ദേശശുദ്ധിയോടെയാണെങ്കിലും വേണ്ടത്ര തയ്യാറെടുപ്പില്ലാതെ നടപ്പാക്കിയ നോട്ടുനിരോധനം പ്രതീക്ഷിച്ച ഫലം നല്‍കിയില്ല. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നടപ്പാക്കിയ പാപ്പര്‍ നിയമഭേദഗതി, റിയല്‍ എസ്റ്റേറ്റ് രംഗം ശുദ്ധീകരിക്കാനായി കൊണ്ടുവന്ന റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആക്ട്, ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ എന്നിവ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും ശുദ്ധീകരിക്കാനും ലക്ഷ്യമിട്ടുള്ളവയാണ്. ജന്‍ധന്‍, ആധാര്‍, മൊബൈല്‍ (ജാം) എന്നിവയിലൂന്നിയ ജാംപദ്ധതി സാമൂഹികക്ഷേമപരിപാടികളുടെ മുഖച്ഛായതന്നെ മാറ്റി. ആഭ്യന്തരവ്യവസായത്തിന് ശക്തമായ പ്രോത്സാഹനം നല്‍കുന്ന പി.എല്‍.ഐ. പദ്ധതി നല്ലരീതിയില്‍ നടപ്പാക്കിവരുന്നു. ഉപഭോക്തൃ ഇലക്ട്രോണിക്‌സ് മേഖലയില്‍ വന്‍ശക്തിയായി ഇന്ത്യ ഉയരുകയാണ്. ഇതോടൊപ്പം ഐ.ടി. കയറ്റുമതിയിലും അടിസ്ഥാനവികസന സൗകര്യമേഖല, നിര്‍മാണ, വാഹന, ഫാര്‍മസ്യൂട്ടിക്കല്‍ രംഗങ്ങളിലുണ്ടായ വളര്‍ച്ച എന്നിവ കോവിഡ്കാലത്തുപോലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കു കരുത്തുപകര്‍ന്നു. സൗദി അറേബ്യ 2021-22 കാലത്ത് ക്രൂഡോയില്‍ കയറ്റുമതിയിലൂടെ നേടിയതിനെക്കാള്‍ ഉയര്‍ന്നവരുമാനമാണ് ഇതേകാലയളവില്‍ ഇന്ത്യ ഐ.ടി. രംഗത്തെ സേവനകയറ്റുമതിയിലൂടെ നേടിയത്. വികസിതരാഷ്ട്രങ്ങള്‍ ഇപ്പോള്‍ പിന്തുടരുന്ന ചൈന പ്‌ളസ് വണ്‍ നയം ഇന്ത്യക്കനുകൂലമായിത്തീര്‍ന്നിട്ടുണ്ട്. നമ്മുടെ അയല്‍രാജ്യങ്ങളായ ശ്രീലങ്കയും പാകിസ്താനും അടുത്തദിവസം ബംഗ്‌ളാദേശും ഐ.എം.എഫില്‍നിന്ന് വിദേശനാണയവായ്പയ്ക്കു ശ്രമിക്കുന്ന ഈ പ്രയാസകരമായ കാലത്ത്, ഇന്ത്യയ്ക്ക് 570 ബില്യണ്‍ ഡോളറിനു മുകളില്‍ വിദേശനാണയ കരുതല്‍ശേഖരമുണ്ട്. സാമ്പത്തികമായി നാം ഭദ്രമായ നിലയിലാണ്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവുംവലിയ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ് നമ്മുടേത്. ഒരു ബില്യണ്‍ ഡോളറിനു മുകളില്‍ വിപണിമൂല്യമുള്ള യൂനീകോണുകളുടെ സ്‌ഫോടനാത്മകമായ വളര്‍ച്ച ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ശക്തിയേകുന്നു.

1947-ല്‍ 103 ബില്യണ്‍ ഡോളര്‍ ആയിരുന്ന ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ഇപ്പോള്‍ മൂന്ന് ട്രില്യണ്‍ ഡോളറാണ്. ലോകത്തിലെ ആറാമത്തെ ഏറ്റവുംവലിയ സമ്പദ്വ്യവസ്ഥയാണ് നമ്മുടേത്; വാങ്ങല്‍ശേഷിയില്‍ മൂന്നാമത്തേത്. നമ്മുടെ ഭക്ഷ്യധാന്യ ഉത്പാദനം 1947-ലെ 54.92 മില്യണ്‍ ടണ്ണില്‍നിന്ന് ആറുമടങ്ങ് വര്‍ധിച്ച് 2021-22-ല്‍ 305.44 മില്യണ്‍ ടണ്ണായി ഉയര്‍ന്നിട്ടുണ്ട്. 2021-22-ല്‍ 1.5 ലക്ഷം രൂപയില്‍ നില്‍ക്കുന്ന നമ്മുടെ പ്രതിശീര്‍ഷവരുമാനവും 131-ാം റാങ്കിലുള്ള മനുഷ്യവികസനസൂചികയും ആഗോളനിലവാരമനുസരിച്ച് വളരെ താഴെ തന്നെയാണ്. പരിഷ്‌കരണനടപടികളെത്തുടര്‍ന്ന് ദാരിദ്ര്യം വലിയൊരളവോളം കുറയ്ക്കാനായിട്ടുണ്ടെങ്കിലും നമുക്കിനിയും ദീര്‍ഘദൂരം സഞ്ചരിക്കാനുണ്ട്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഉയര്‍ന്ന സാമ്പത്തികവളര്‍ച്ചയും ഫലപ്രദമായ സാമൂഹികക്ഷേമപരിപാടികളും സമ്മേളിപ്പിച്ചുമാത്രമേ, കൂടുതല്‍ മെച്ചപ്പെട്ട ഒരു സമൂഹമായി മാറാന്‍ നമുക്കുകഴിയൂ. ഇന്ത്യ 2027-ഓടെ അഞ്ച് ട്രില്യണ്‍ ഡോളറിന്റെയും 2030-ഓടെ ഏഴ്-എട്ട് ട്രില്യണ്‍ ഡോളറിന്റെയും 2040-ഓടെ 20 ട്രില്യണ്‍ ഡോളറിന്റെയും സമ്പദ്വ്യവസ്ഥയായി മാറുന്നതോടെ സര്‍വാശ്ലേഷിയായ വളര്‍ച്ചയുള്ള ഒരു വന്‍ സാമ്പത്തികശക്തിയായിത്തീരുമെന്ന് നമുക്കു പ്രതീക്ഷിക്കാം.


Content Highlights: independence day 2022, 75 years of independence


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാ തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented