പൊരുതിനിന്ന വാക്ക്


എം.പി. സുരേന്ദ്രന്‍

ക്വിറ്റിന്ത്യാ പ്രസ്ഥാനത്തെപ്പറ്റി വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്ന നിബന്ധന വന്നതോടെ മാതൃഭൂമി പ്രസിദ്ധീകരണം നിര്‍ത്തിവെച്ചു

മാതൃഭൂമി

സ്വാതന്ത്ര്യാഭിനിവേശത്തിന്റെ നവചലനങ്ങള്‍ കെ.പി. കേശവമേനോനെയും കെ. മാധവന്‍ നായരെയും കെ. കേളപ്പനെയും ഗ്രസിച്ചത് ഏതാണ്ട് ഒരേകാലത്തായിരുന്നു.1920-നുമുമ്പുള്ള അഞ്ചുവര്‍ഷം അവരുടെ ജീവിതം തിരക്കുപിടിച്ച ഒരു പരീക്ഷണശാല പോലെയായിരുന്നു. നിയതി, നിയോഗം എന്നീ വാക്കുകളിലാണ് അവരുടെ ജീവിതം നിര്‍ണയിക്കപ്പെട്ടത്.

ആ വാക്ക്ഔട്ട്

മലപ്പുറത്ത് ജനിച്ച കാരുഞ്ഞാടി മാധവന്‍ നായര്‍ മഞ്ചേരിയില്‍ പ്രാക്ടീസ് ചെയ്തതിനുശേഷമാണ് കോഴിക്കോട്ട് താമസമാക്കുന്നത്. അതേകാലത്താണ് ബാരിസ്റ്റര്‍ പരീക്ഷ പാസായശേഷം കേശവമേനോന്‍ കോഴിക്കോട്ട് എത്തുന്നത്. ഈസമയത്ത് കേളപ്പന്‍ നിയമപഠനത്തിനായി മുംബൈയിലായിരുന്നു. 1915 മുതല്‍ ഹോംറൂള്‍ പ്രസ്ഥാനത്തില്‍ കേശവമേനോനും മാധവന്‍ നായരുമുണ്ടായിരുന്നു. മഞ്ചേരി രാമയ്യര്‍, ടി.എം. നെടുങ്ങാടി, മിതവാദി സി. കൃഷ്ണന്‍, വി. അച്യുതന്‍, ടി.വി. സുന്ദരയ്യര്‍, മാധവന്‍ നായരുടെ സഹോദരന്‍ കേശവന്‍ നായര്‍, അമ്പലക്കാട്ട് കരുണാകരമേനോന്‍, യു. ഗോപാലമേനോന്‍ എന്നിവര്‍ ഉള്‍പ്പെട്ട കോഴിക്കോട്ടെ ദേശീയവാദികളുടെ സംഘത്തിലേക്ക് പിന്നീട് പൊന്മാടത്ത് മൊയ്തീന്‍കോയയും കേളപ്പനും കടന്നുവന്നു. 1917 അവരുടെ ജീവിതത്തിലെ നിര്‍ണായക വര്‍ഷമായിരുന്നു. മിതവാദി സി. കൃഷ്ണന്‍ ബ്രിട്ടീഷ് ഭരണത്തെ ശക്തമായി അനുകൂലിച്ചിരുന്നെങ്കിലും അയിത്തം, അനാചാരം എന്നീ വിഷയങ്ങളില്‍ സംഘത്തോടൊപ്പം നിന്നു.

1917-ല്‍ മദിരാശി ഗവര്‍ണര്‍ കോഴിക്കോട് സന്ദര്‍ശിക്കുമ്പോള്‍ യുദ്ധാവശ്യത്തിനായി പണക്കിഴി നല്‍കുന്നതിനുവേണ്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടായിരുന്നു കേശവമേനോന്റെ തുടക്കം. കളക്ടര്‍ ഇവാന്‍സ് അധ്യക്ഷത വഹിച്ച യോഗത്തില്‍, രണ്ടുവാക്ക് സംസാരിക്കാന്‍ അനുവാദം നല്‍കണമെന്ന് ഇംഗ്ലീഷില്‍ അപേക്ഷിച്ച കേശവമേനോന്‍ പിന്നീട് മലയാളത്തില്‍ പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ കളക്ടര്‍ വിലക്കുകയാണുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് കേശവമേനോനും മാധവന്‍ നായരും ഭൂരിഭാഗം പേരും യോഗം വിട്ടിറങ്ങി. ഈ ധീരതയാണ് മാധവന്‍ നായര്‍ക്ക് അഭിനന്ദനീയമായി തോന്നിയത്.

തട്ടിയെറിഞ്ഞ തീണ്ടല്‍പ്പലക

അതേവര്‍ഷം നവംബര്‍ ഒന്നിന് തളിക്ഷേത്രത്തിലെ റോഡിനുമുമ്പില്‍ സ്ഥാപിച്ച തീണ്ടല്‍പ്പലക രാമയ്യരും മിതവാദി കൃഷ്ണനും കേശവമേനോനും മാധവന്‍ നായരും ചേര്‍ന്ന് കുളത്തിലേക്ക് ഊരിയെറിഞ്ഞതാണ് പിന്നീട് കോഴിക്കോടിനെ പിടിച്ചുകുലുക്കിയത്. ഈ സംഭവത്തെ ഗാന്ധിജി ഹൃദയപൂര്‍വം പ്രശംസിച്ചു. പിന്നീട് മാധവന്‍ നായരെ കാണുന്നത് കോണ്‍ഗ്രസില്‍ മഞ്ചേരി ജില്ലാ സമ്മേളനത്തിന്റെ നായകനായാണ്. കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായി കെ.പി. രാമന്‍മേനോനും സെക്രട്ടറിയായി കേശവമേനോനും ഉണ്ടായിരുന്നെങ്കിലും മലബാറിലെ മുസ്ലിം പ്രതിനിധികളെ സമ്മേളനത്തിനു കൊണ്ടുവന്നത് മാധവന്‍ നായരുടെ സവിശേഷമായ നേതൃപാടവം കൊണ്ടായിരുന്നു.

1920-ല്‍ നിസ്സഹരണപ്രസ്ഥാനത്തിന്റെ പ്രചാരണത്തിനായി മഹാത്മജി കോഴിക്കോട് കടപ്പുത്ത് പ്രസംഗിക്കാനെത്തിയപ്പോള്‍ പരിഭാഷകന്‍ മാധവന്‍ നായരായിരുന്നു. അന്ന് ഗാന്ധിജിയെ തീവണ്ടിയാപ്പീസില്‍ സ്വീകരിച്ചത് മാധവന്‍ നായരും നിയമപഠനം ഉപേക്ഷിച്ചുവന്ന കേളപ്പനും ഖാന്‍സാഹബ് മുത്തുക്കോയ തങ്ങളുമായിരുന്നു.

അതിനുപിന്നാലെ മാധവന്‍ നായരും കെ.പി. കേശവമേനോനും യു. ഗോപാലമേനോനും മൊയ്തുമൗലവിയും എ.കെ. പിള്ളയും ടി.ആര്‍. കൃഷ്ണസ്വാമി അയ്യരും നാഗ്പുരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു. ഭാഷാടിസ്ഥാനത്തില്‍ കൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ എന്നിവ ചേര്‍ത്ത് കേരളത്തെ ഒരൊറ്റ സംസ്ഥാനമായി അംഗീകരിച്ചത് അതിന്റെ ഭാഗമായിരുന്നു. കെ. മാധവന്‍ നായരെ ആദ്യത്തെ കോണ്‍ഗ്രസ് സെക്രട്ടറിയായും യു. ഗോപാലമേനോനെ ജോയന്റ് സെക്രട്ടറിയായും നിയോഗിച്ചത് ഈ സമ്മേളനത്തിനുശേഷമാണ്.

ഉടന്‍ പുറപ്പെടുക

അപ്പോഴേക്കും മലബാര്‍ കലാപം തന്റെ ജന്മനാടിനെ കശക്കിയെറിഞ്ഞത് മാധവന്‍ നായരെ വേദനിപ്പിച്ചു. ഖിലാഫത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയ മാധവന്‍ നായരെയും യാക്കൂബ് ഹസ്സനെയും പൊന്മാടത്ത് മൊയ്തീന്‍ കോയയെയും ഗോപാലമേനോനെയും പോലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. കണ്ണൂര്‍ ജയിലിലേക്ക് പോകുംമുമ്പേ, മാധവന്‍ നായരുടെ നിര്‍ദേശപ്രകാരം മദിരാശിയില്‍ പ്രാക്ടീസുചെയ്യുകയായിരുന്ന കേശവമേനോന് കമ്പിയടിച്ചു-''നേതാക്കള്‍ അറസ്റ്റില്‍, സ്ഥിതി ആശങ്കാജനകം, ഉടനെ പുറപ്പെടുക.'' ബി. രാജഗോപാലാചാരിയോടൊപ്പം കോഴിക്കോട്ട് എത്തിയ കേശവമേനോന്‍ കോണ്‍ഗ്രസിന്റെ സെക്രട്ടറിസ്ഥാനം ഏറ്റെടുത്തു. ആ നിമിഷമാണ് ജീവിതത്തിന്റെ നിയോഗത്തെക്കുറിച്ച് കേശവമേനോന്‍ ബോധവാനായത്.

ജയിലില്‍നിന്ന് മടങ്ങിയെത്തിയ മാധവന്‍ നായര്‍ ആദ്യം പോയത് ഏറനാട്ടേക്കാണ്. അതിനുമുമ്പേ, ബ്രിട്ടീഷ് പട്ടാളത്തിന്റെ തോക്കിന്‍മുനയുടെ നടുവിലൂടെ കെ.പി. കേശവമേനോനും മുഹമ്മദ് അബ്ദുള്‍റഹ്‌മാനും പട്ടാളക്കാര്‍ വലിച്ചെറിഞ്ഞ മാലിന്യവും തുപ്പലും ഏറ്റുവാങ്ങി ഏറനാട്ട് എത്തിയിരുന്നു. അവരുടെ വരവോടെ ലഹളയ്ക്ക് അല്പം ശമനമായെങ്കിലും പിന്നീടത് ആളിപ്പടര്‍ന്നു.

മാധവന്‍ നായര്‍ക്ക് തന്റെ വിധിയെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നു. അദ്ദേഹം പിന്‍വാങ്ങിയില്ല. 1921 ജനുവരി 15-ന് കോഴിക്കോട് കടപ്പുറത്ത് യോഗം ചേര്‍ന്ന് താന്‍ മുഴുവന്‍സമയ കോണ്‍ഗ്രസ് പ്രവര്‍ത്തകനാവുകയാണെന്ന് പ്രഖ്യാപിച്ചു. പിന്നീട് കലാപബാധിതര്‍ക്കുവേണ്ടി ക്യാമ്പുകള്‍ ആരംഭിച്ചപ്പോള്‍ കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടും അച്യുതന്‍ വക്കീലും അവരോടൊപ്പം ചേര്‍ന്നു.

വാര്‍ത്തകള്‍ പരന്നപ്പോള്‍

അതേവര്‍ഷം ഒറ്റപ്പാലത്ത് ആദ്യത്തെ കോണ്‍ഗ്രസ് സമ്മേളനം നടന്നപ്പോള്‍ നേതാക്കള്‍ ഒത്തുകൂടി. ആ സമ്മേളനത്തില്‍വെച്ചാണ് സമ്മേളനത്തിന്റെ സെക്രട്ടറിയായിരുന്ന പി. രാമുണ്ണിമേനോന് കഠിനമായ പോലീസ് മര്‍ദനമേറ്റത്. മര്‍ദനമേറ്റ മേനോനെയും സഹപ്രവര്‍ത്തകന്‍ മൊഹമ്മദിനെയും പോലീസ് റോഡിലൂടെ ഒരു കിലോമീറ്റര്‍ വലിച്ചിഴച്ചു. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രസിദ്ധീകരണം നടത്തിയ ആറുപത്രങ്ങളും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. ജലിയന്‍വാലാബാഗ് കൂട്ടക്കൊല, ചൗരിചൗര, ഒറ്റപ്പാലം സമ്മേളനവാര്‍ത്ത, തിരൂരിലെ വാഗണ്‍ കൂട്ടക്കൊല എന്നിവയുടെ യഥാര്‍ഥ വസ്തുതകള്‍ ജനങ്ങള്‍ അറിഞ്ഞിരുന്നില്ല.

ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന് ഒരു പത്രം കൂടിയേതീരൂ എന്ന് ബോധ്യപ്പെട്ടത്. ഒറ്റപ്പാലത്തെ മര്‍ദനത്തെക്കുറിച്ച് കേശവമേനോന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അച്ചടിക്കാന്‍ മലബാറിലെ ഒരു പ്രസ്പോലും തയ്യാറായിരുന്നില്ല. ഒടുവില്‍ തൃശ്ശൂരിലെ വിദ്യാവിനോദിനി പ്രസാണ് അത് അച്ചടിച്ചത്. ഇതിനിടയ്ക്ക് 'നവീനകേരളം' എന്നപേരില്‍ ഒരു പത്രം തുടങ്ങാന്‍ അവര്‍ ആലോചിക്കാതിരുന്നില്ല. എന്നാല്‍, കലാപകാലത്ത് മദിരാശിയിലേക്കുപോയ യു. ഗോപാലമേനോനും കെ.വി. കുഞ്ഞിക്കണ്ണമേനോനും അതേപേരില്‍ ഒരു വാരിക തുടങ്ങി.

വേണം, നമുക്കൊരു പത്രം

സാബര്‍മതിയില്‍ മഹാത്മജിയെ കാണാന്‍പോയ കേശവമേനോനും മാധവന്‍ നായരും കേരളത്തിലെ സംഭവവികാസങ്ങള്‍ ധരിപ്പിച്ചു. ഒരു പ്രസിദ്ധീകരണം തുടങ്ങേണ്ടതിന്റെ ആവശ്യകത പറഞ്ഞപ്പോള്‍ ഗാന്ധിജി പറഞ്ഞു: ''ജനങ്ങള്‍ക്ക് എല്ലാം അറിയേണ്ടതുണ്ട്. അതു നിറവേറ്റപ്പെടണം.''
മാധവന്‍ നായരുടെ ചാലപ്പുറത്തെ വീടിന്റെ മുകള്‍നിലയിലാണ് കേശവമേനോനും കുടുംബവും കഴിഞ്ഞിരുന്നത്. മാധവന്‍ നായരും കുടുംബവും താഴെയും. ആ വീടുതന്നെയായിരുന്നു പാര്‍ട്ടി ഓഫീസും. കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന് ആരും പണം നല്‍കിയിരുന്നില്ല. മലബാറിലേക്ക് തിരിച്ചുവരുമ്പോള്‍ പ്രതിമാസം 100 രൂപ കേശവമേനോന്റെ ചെലവിനായി ഗാന്ധിജി അയച്ചിരുന്നു.

പിന്നീട് പത്രം തുടങ്ങുന്നതിനെക്കുറിച്ച് ആലോചനയായി. ഈ ചര്‍ച്ചകളില്‍ പി. അച്യുതന്‍ വക്കീലും ടി.വി. സുന്ദരയ്യരും കുറൂരും കരുണാകരമേനോനുമൊക്കെ സജീവമായി പങ്കെടുത്തിരുന്നു. ഡോ. എ.ആര്‍. മേനോന്‍ ഇടയ്ക്കിടെ വന്നുപോയി. യു. ഗോപാലമേനോനും കെ. കേശവന്‍ നായരും ടി.ആര്‍. കൃഷ്ണസ്വാമി അയ്യരും ആ ചര്‍ച്ചകളില്‍ പങ്കുകൊണ്ടു. 1922 മാര്‍ച്ച് 15-ന് മാതൃഭൂമി എന്നപേരില്‍ കമ്പനി രജിസ്റ്റര്‍ചെയ്തു. ഓഹരി പിരിക്കാനിറങ്ങിയപ്പോഴാണ് കടുത്ത പ്രതിബന്ധങ്ങള്‍ ബോധ്യമായത്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരേ നില്‍ക്കുന്ന ഒരു പത്രത്തിനുവേണ്ടി ഓഹരിയെടുക്കാന്‍ ഭൂരിഭാഗം ജന്മികളും ധനാഢ്യരും തയ്യാറായില്ല.

21,500 രൂപയ്ക്ക് കുറുപ്പത്ത് കൃഷ്ണമേനോന്റെ വിക്ടോറിയ എംപ്രസ് പ്രസ് വാങ്ങുമ്പോള്‍ 7500 രൂപ നല്‍കാനേ കഴിഞ്ഞുള്ളൂ. ബാക്കി കടം നിര്‍ത്തി. പിന്നീട് അത് അടച്ചുതീര്‍ക്കാന്‍ മാധവന്‍ നായരുടെ മുഴുവന്‍ സമ്പാദ്യവും പണയപ്പെടുത്തേണ്ടിവന്നു. 1923 മാര്‍ച്ച് 18-ന് 'മാതൃഭൂമി'യുടെ ആദ്യലക്കം ഇറങ്ങുമ്പോള്‍ അതിന്റെ വിധാതാക്കള്‍ക്ക് ഭാവിയെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നെങ്കിലും കേശവമേനോന്റെ ആത്മവിശ്വാസം അവരെ ആകര്‍ഷിച്ചു. പലദിവസവും കടലാസിനും മഷിക്കും മണ്ണെണ്ണയ്ക്കും സ്റ്റാമ്പിനുംവേണ്ടി ബുദ്ധിമുട്ടിയെങ്കിലും 1930 വരെ 900 രൂപയ്ക്ക് വാങ്ങിയ ഒരു സിലിന്‍ഡര്‍പ്രസിന്റെ കാരുണ്യത്തില്‍ അത് കിതച്ചുകൊണ്ടുതന്നെ മുന്നോട്ടുനീങ്ങി.

ബലത്തോടെ പോരാടുക

മാതൃഭൂമിയുടെ ആദ്യ ലക്കത്തിലെ ആദ്യ പത്രത്തിന്റെ മുഖ പ്രസംഗത്തില്‍ത്തന്നെ കേശവമേനോന്‍ നയം വ്യക്തമാക്കിയിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍, പ്രത്യേകിച്ചും ബ്രിട്ടീഷ് മലബാറിലെ നേതാക്കള്‍ 'മാതൃഭൂമി'വഴി സംഘടനാപ്രവര്‍ത്തനത്തെ ശക്തമാക്കുമെന്ന് ഭരണകൂടത്തിന് അറിയാമായിരുന്നു. അക്കാലത്ത്, മലബാര്‍ കലാപത്തിനും ഖിലാഫത്തിന്റെ തകര്‍ച്ചയ്ക്കുംശേഷം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുന്നേറ്റങ്ങള്‍ തളര്‍ന്നുപോയിരുന്നു. അതിന് പുതുജീവന്‍ നല്‍കാന്‍, ദേശീയബോധം ജ്വലിപ്പിക്കാന്‍ കഴിയുന്ന ഒരു പ്രസിദ്ധീകരണത്തിനു സാധിക്കും എന്നകാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.

ഗയ കോണ്‍ഗ്രസില്‍ പങ്കെടുത്തശേഷമാണ് കേശവമേനോനും മാധവന്‍ നായരും മാതൃഭൂമിയുടെ ജനനത്തിന് തുടക്കംകുറിച്ചത്. ഗയ സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് നൂറോളംപേര്‍ പങ്കെടുത്തിരുന്നു. 25 പേരാണ് ഡെലിഗേറ്റുകളായുണ്ടായിരുന്നത്. ദേശബന്ധു സി.ആര്‍. ദാസിന്റെ വികാരംമുറ്റിനിന്ന പ്രസംഗം നാലുമണിക്കൂര്‍ നീണ്ടുനിന്നു. അത് ശരിക്കും ഊര്‍ജംപകരുന്നതായി. സ്വാതന്ത്ര്യം നേടുക എന്നതുമാത്രമായി പോരാട്ടം പരിമിതപ്പെടുത്തരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ഥന. ജനങ്ങളെ വിശ്വാസത്തിലെടുക്കണം. അവരെ സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കാന്‍ സഹായിക്കണം.

ആദ്യത്തെ മുഖപ്രസംഗം ഈയൊരര്‍ഥത്തില്‍ ഒരു സമരപ്രഖ്യാപനംതന്നെയായിരുന്നു. ഗാന്ധിജി വിഭാവനംചെയ്ത 'പോരാടുമ്പോള്‍ ബലത്തോടെ പോരാടുക. സത്യം എന്നത് ആത്മശക്തിയായിരിക്കെ ആ അഗ്‌നികൊണ്ട് അസത്യത്തെയും തിന്മയെയും കത്തിച്ചുകളയുക' എന്ന ദര്‍ശനം തന്നെയായിരുന്നു മാതൃഭൂമിയുടെ യഥാര്‍ഥ മൂലധനം. ഗാന്ധിജി എന്ന അദൃശ്യനായ മുഖ്യപത്രാധിപര്‍, 'മാതൃഭൂമി' ഓരോ വാക്ക് എഴുതുമ്പോഴും പ്രചോദിപ്പിച്ചുകൊണ്ടിരുന്നു.

'അധ്വാനത്തിനനുസരിച്ചുള്ള ഫലം മനുഷ്യന് ലഭിക്കണം. അവന്റെ സ്വാഭിമാനത്തെ ഒരു കാരണത്താലും ക്ഷയിപ്പിക്കരുത്. സൗഖ്യം, സ്വാതന്ത്ര്യം, സമാധാനം എന്നിവ പൂര്‍ണമായി ഉണ്ടാകണം എന്നതിന്റെ അടിസ്ഥാനത്തിലാണ് വിഷയങ്ങള്‍ പരിശോധിക്കുക. കാരണം, മനുഷ്യജീവിതം മഹത്തായൊരു ബാധ്യതയാണ്'. ഈ ആശയത്തിലൂടെ തുടങ്ങിയ ആ 'പാവനപ്രതിജ്ഞ' സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടും എന്നു പ്രഖ്യാപിച്ചതിലൂടെ ബ്രിട്ടീഷ് ഭരണത്തോട് യുദ്ധപ്രഖ്യാപനം നടത്തുകയായിരുന്നു. 'രാജ്യം ഒരു മതക്കാരുടെയോ ജാതിക്കാരുടെയോ അല്ല' എന്ന പ്രഖ്യാപനത്തിലൂടെ എല്ലാ മതങ്ങളും പരസ്പരം ബഹുമാനിക്കണമെന്ന് ഗാന്ധിവചനത്തെ ആധാരമാക്കി മുഖപ്രസംഗം പറഞ്ഞുവെച്ചു. അധഃകൃതവര്‍ഗങ്ങളുെട ഉന്നമനം, ഐക്യകേരളം, കലയും സാഹിത്യവും ശക്തിപ്പെടുത്തുന്ന സാംസ്‌കാരികവളര്‍ച്ച, വിജ്ഞാനത്തിന്റെ വ്യാപനം, കൈത്തൊഴില്‍, കച്ചവടം, ഭരണസമ്പ്രദായം, യന്ത്രനിര്‍മാണം എന്നിവയുടെ ആധുനികീകരണം. എന്നിവയൊക്കെ തങ്ങളുടെ ലക്ഷ്യമാണെന്ന് ആ മുഖപ്രസംഗം വിശദീകരിച്ചു. 'എല്ലാ മനുഷ്യരും സമന്മാരാണെന്നുള്ള വിശ്വാസത്തോടുകൂടി സ്വാതന്ത്ര്യവര്‍ധനയ്ക്കായി നിര്‍ഭയം പൊരുതുന്നതില്‍ ഞങ്ങള്‍ ഒരിക്കലും പിന്മാറുന്നതല്ലെന്ന്' ഒടുവില്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു ഈ മുഖപ്രസംഗം.

മാധവന്‍നായരുടെ പ്രശംസ

എന്നിട്ട് ആ പത്രാധിപര്‍ ആദ്യം പൊരുതിയത് ആരോട്? മാതൃഭൂമിയുടെ ജനയിതാവായ കെ. മാധവന്‍ നായര്‍, യു. ഗോപാലമേനോന്‍ എന്നിവര്‍ സന്നദ് പുതുക്കാന്‍ അപേക്ഷനല്‍കിയ നടപടിയുടെ കാര്യകാരണങ്ങളോടുതന്നെ! ഒരു പൊതുപ്രവര്‍ത്തകന്‍ എന്നനിലയില്‍ മാധവന്‍നായര്‍ നല്‍കിയ അപേക്ഷ സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് യോജിച്ചതല്ലെന്ന് ഓഗസ്റ്റ് ഏഴിന് പ്രസിദ്ധീകരിച്ച മുഖപ്രസംഗം വ്യക്തമാക്കുന്നു. എന്നാല്‍, മാധവന്‍നായര്‍ അതിന് മറുപടിനല്‍കിയത് കേരളത്തിന്റെ പത്രപ്രവര്‍ത്തനചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള മറുപടിയാണ്.

''എന്റെ സന്നദ്ദിനെപറ്റി, ഞാന്‍ ബോധിപ്പിച്ച സ്റ്റേറ്റ്മെന്റിനെപ്പറ്റി, മാതൃഭൂമിചെയ്ത ഗൗരവതരമായ ആക്ഷേപങ്ങള്‍ എനിക്ക് എത്രതന്നെ ദോഷകരമായാലും മാതൃഭൂമിയുടെ നിഷ്പക്ഷപാതിത്വത്തിനും അതിന്റെ പത്രാധിപരുടെ കൃത്യനിഷ്ഠയ്ക്കും ഉത്തമമായ തെളിവായിത്തീര്‍ന്നിട്ടുണ്ടെന്നുള്ളതിന് യാതൊരു സംശയവുമില്ല'. മാതൃഭൂമിയുടെ ആദ്യ മാനേജിങ് ഡയറക്ടറും നിലവില്‍ മാനേജരുമായിരുന്ന മാധവന്‍നായരുടെ ആ പ്രശംസ 'മാതൃഭൂമി'ക്ക് ലഭിച്ച ഒരു കിരീടമായിത്തീര്‍ന്നു.

വെറുപ്പും വിദ്വേഷവുമില്ലാതെവേണം വസ്തുനിഷ്ഠമായ വിമര്‍ശനമെന്ന് ശരിവെക്കുന്നതായിരുന്നു ഉപ്പുനികുതി വര്‍ധിപ്പിച്ചുകൊണ്ട് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ തീരുമാനം. ഈ പ്രമേയം വോട്ടിനിടുമ്പോള്‍ മെമ്പറായ കവളപ്പാറ മൂപ്പില്‍ നായര്‍ സഭയില്‍ ഹാജരായിരുന്നില്ല. വോട്ടര്‍മാരുടെ വിശ്വാസം മൂപ്പില്‍ നായര്‍ അര്‍ഹിക്കുന്നില്ലെന്നായിരുന്നു മാതൃഭൂമിയുടെ അഭിപ്രായം. വോട്ടര്‍മാരെ വഞ്ചിക്കുന്നതാണ് ഈ നടപടിയെന്നും മാതൃഭൂമി വിലയിരുത്തി. ഇതിനെതിരേ മൂപ്പില്‍ നായര്‍ വക്കീല്‍ നോട്ടീസ് അയച്ചപ്പോള്‍ മാതൃഭൂമി ആ നോട്ടീസിലെ ആക്ഷേപവും അതിനുള്ള മറുപടിയും ഒരുമിച്ച് പ്രസിദ്ധീകരിക്കുകയാണുണ്ടായത്

സി.പി.ക്കെതിരേ മാതൃഭൂമിയുടെ കടുത്ത വിമര്‍ശനം പിന്നീട് നേരിടേണ്ടിവന്നത് സാക്ഷാല്‍ സി.പി. രാമസ്വാമി അയ്യര്‍ക്കാണ്. സാമൂതിരി രാജാവിന് 'മഹാരാജ' എന്ന പട്ടം ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ അതുസമ്മാനിക്കാന്‍വന്നത് സര്‍ സി.പി.യാണ്. അതിനെതിരേ കെ.പി. കേശവമേനോനും കെ. കേളപ്പനും രണ്ടുലേഖനമെഴുതി. കേളപ്പന്‍ എഴുതിയത്, ഈ ബഹുമതി സാമൂതിരിക്ക് ബഹുമാനമോ അപമാനമോ എന്ന ചോദ്യമുയര്‍ത്തിയായിരുന്നു. സി.പി. കോണ്‍ഗ്രസുകാരനായിരുന്ന കാലത്തും ബ്രിട്ടീഷ് ഏജന്റായ കാലത്തും പുലര്‍ത്തിയ നയമായിരുന്നു കേശവമേനോന്റെ നിശിതവിമര്‍ശനത്തിന്റെ കാതല്‍. അന്ന് അടിമത്തത്തിന്റെ ചങ്ങലമുറിക്കാന്‍ ശ്രമിച്ച ആളാണ് ഇന്ന് ചങ്ങലമുറുക്കാന്‍ ശ്രമിക്കുന്നതെന്ന് പത്രാധിപര്‍ കുറ്റപ്പെടുത്തി. അതൊരു മര്‍മംപിളര്‍ക്കുന്ന വിമര്‍ശനമായിരുന്നു. ഈ ജാഗ്രതയെ വായനക്കാര്‍ ഹൃദയപൂര്‍വം സ്വീകരിക്കുകയാണു ചെയ്തത്.

തോളോടുതോള്‍ചേര്‍ന്ന് പത്രവും സമരവും
1923-ല്‍ കാക്കിനഡ നടന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ടി.കെ. മാധവന്‍ അവതരിപ്പിക്കുകയും കോണ്‍ഗ്രസ് സ്വീകരിക്കുകയുംചെയ്ത അയിത്തം, അനാചാരം, തീണ്ടല്‍, സഞ്ചാരസ്വാതന്ത്ര്യം, ക്ഷേത്രപ്രവേശം എന്നിവയെച്ചൊല്ലിയുള്ള പ്രമേയം, 'മാതൃഭൂമി' തന്റെ ജന്മദൗത്യമായി സ്വീകരിക്കുകയാണ് ചെയ്തത്. കേശവമേനോനും കേളപ്പനും ഏറ്റവും മതിപ്പുതോന്നിയ സവിശേഷ വ്യക്തിത്വമായിരുന്നു ടി.കെ. മാധവന്‍. വൈക്കം സത്യാഗ്രഹത്തിന് ആദ്യത്തെ തീപൂട്ടുമ്പോള്‍ 'മാതൃഭൂമി' നേതൃത്വം ഏറ്റവും സത്യസന്ധമായി കടപ്പെട്ടത് മാധവനോടും മന്നത്ത് പത്മനാഭനോടുമാണ്. അതേസമയം, അവശസമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന 'മിതവാദി' കൃഷ്ണനെപ്പോലുള്ളവര്‍ സത്യാഗ്രഹത്തെ എതിര്‍ക്കുകയാണ് ചെയ്തത്. 1924 ജനുവരിയില്‍ എറണാകുളത്ത് ചേര്‍ന്ന കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി അയിത്തോച്ചാടനത്തിനായി ടി.കെ. മാധവന്‍, കെ. കേളപ്പന്‍, വിച്ചൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍, കണ്ണന്തോടത്ത് വേലായുധമേനോന്‍ എന്നിവരെ ചുമതലപ്പെടുത്തുകയും പൊതുജനാഭിപ്രായം സംഘടിപ്പിക്കുന്നതിന് കെ.പി. കേശവമേനോന്‍, എ.കെ. പിള്ള, കെ. കേളപ്പന്‍, കുറൂര്‍ നമ്പൂതിരിപ്പാട് എന്നിവരെ ഡെപ്യൂട്ടേഷനായി നിയോഗിക്കുകയുംചെയ്തു. അക്കാലത്ത് കേശവമേനോന്‍ പത്രാധിപരും കേളപ്പന്‍ മാനേജരും കുറൂര്‍ പ്രിന്ററും പബ്ലിഷറുമാണ്. ഇത് എടുത്തുപറയുന്നത് മാതൃഭൂമിയെ നയിച്ചവര്‍തന്നെയാണ് ഒരേസമയത്ത് സ്വാതന്ത്ര്യപ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് എന്ന് സൂചിപ്പിക്കാനാണ്. വൈക്കം സത്യാഗ്രഹകാലത്ത് അവര്‍ മൂന്നുപേരും അറസ്റ്റിലാവുന്നുണ്ട്. ആ ഘട്ടത്തിലാണ് പി. രാമുണ്ണിമേനോന്‍ മാതൃഭൂമി പത്രാധിപരായി ചുമതലയേല്‍ക്കുന്നത്. അദ്ദേഹം കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റിയുടെ സെക്രട്ടറിയുമായിരുന്നു. അവരൊക്കെ പത്രവും സമരവും ഒന്നിച്ചുകൊണ്ടുപോയി. കേശവമേനോന്റെ നേതൃത്വത്തിലുള്ള സംഘം വൈക്കത്ത് പ്രചാരണത്തിനെത്തിയശേഷമാണ് ക്ഷേത്രനിരത്തിലൂടെ എല്ലാവര്‍ക്കും സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി പ്രക്ഷോഭത്തിന്റെ വിത്തുകള്‍ പാകുന്നത്. വൈക്കം സത്യാഗ്രഹത്തില്‍ മാതൃഭൂമിയായിരുന്നു ആശയപരമായി അഗ്രഗാമി. വാര്‍ത്തകളുടെ കേവലനിവേദനങ്ങള്‍ക്കപ്പുറം സ്വാതന്ത്ര്യലബ്ധിയോടൊപ്പം അതിന്റെ അനന്തരഫലങ്ങളെ വിനിയോഗിക്കാന്‍ കഴിയുംവിധം ജനതയെയും കേരളത്തെയും വിചാരപരമായി സ്വതന്ത്രരാക്കുക എന്ന ധര്‍മമാണ് മാതൃഭൂമി ഏറ്റെടുത്തുനടത്തിയത്.

ബാധ്യത വസ്തുതകളോടുമാത്രം
വൈക്കം സത്യാഗ്രഹത്തിനുമുമ്പ് നൂതനമായൊരു പത്രധര്‍മം മാതൃഭൂമി പരീക്ഷിച്ചുനോക്കി. സ്വാതന്ത്ര്യസമരത്തിലെ വിവിധ സംഭവങ്ങള്‍ മറ്റുപത്രങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്ന രീതി മാതൃഭൂമി വായനക്കാര്‍ക്ക് നല്‍കി. ഒരേസമയം മാതൃഭൂമി എങ്ങനെ റിപ്പോര്‍ട്ടുചെയ്തു, മറ്റു പത്രങ്ങള്‍ അതെങ്ങനെ അവതരിപ്പിച്ചു എന്നതായിരുന്നു മാതൃഭൂമിയുടെ രീതി. പ്രക്ഷോഭവാര്‍ത്തകള്‍ വസ്തുതാപരമായി മാതൃഭൂമി അവതരിപ്പിക്കുന്നതിന് വലിയ അംഗീകാരം ഇതോടെ ലഭിച്ചു. അതേകാലത്തുതന്നെ നിയമസഭയില്‍ കോണ്‍ഗ്രസ് പ്രവേശിക്കണോ വേണ്ടയോ എന്ന പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് രണ്ടു ചേരിയായിത്തിരിഞ്ഞിരുന്നു. ഡല്‍ഹിയില്‍ച്ചേര്‍ന്ന സ്‌പെഷല്‍ സമ്മേളനമാണ് ഇതുസംബന്ധിച്ച് അന്തിമമായി തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ഗാന്ധിജിയുടെ നിലപാട് സ്വീകരിച്ചുകൊണ്ട് 'ഐക്യമത്യം മഹാബലം' എന്ന തലക്കെട്ടില്‍ മാതൃഭൂമി എഴുതിയ എഡിറ്റോറിയല്‍ നേതൃത്വത്തിലെ ചേരിതിരിവിനെ നിശിതമായി വിമര്‍ശിച്ചു. മദിരാശി നിയമസഭയിലേക്കും കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിലേക്കും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കുടിയാന്മാരോടൊപ്പം മാതൃഭൂമി നിലകൊണ്ടു. ജന്മികളെ ജയിപ്പിക്കാന്‍ ബ്രിട്ടീഷ് ഭരണം ശ്രമിക്കുന്നതിനിടയിലാണ്, കുടിയാന്മാരുടെ ജീവല്‍പ്രശ്‌നമാണ് ഈ തിരഞ്ഞെടുപ്പ് എന്ന് മാതൃഭൂമി വിശേഷിപ്പിച്ചത്.

കോഴിക്കോട് ജില്ലാ ജഡ്ജിയായിരുന്ന ജി.എച്ച്.ബി. സാക്‌സണെ ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തിയ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന് മഞ്ചേരി രാമയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ വിരുന്നും സത്കാരവും മാതൃഭൂമിയെ ചൊടിപ്പിച്ചു. വിദേശാധിപത്യംകൊണ്ട് ഒരു രാജ്യക്കാരുടെ സ്വാഭിമാനം എത്രകണ്ട് നശിക്കാമെന്നുള്ളതിന്റെ ഉദാഹരണമായാണ് മാതൃഭൂമി ഇതുകണ്ടത്. 'ജനങ്ങള്‍ക്ക് അഭിമാനകരമായ വിധത്തില്‍ നിയമസഹായം ചെയ്യേണ്ട വക്കീല്‍മാര്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ പൂജിക്കുന്നതില്‍ വിദ്യാശൂന്യരായ ഭീരുക്കളെപ്പോലും കവച്ചുവെച്ചുകാണുന്നതില്‍ പരിതപിക്കുന്നു' എന്നാണ് മാതൃഭൂമി എഴുതിയത്. വൈക്കം സത്യാഗ്രഹത്തിനുമുമ്പ് മഹാത്മജിയെ ജയിലില്‍നിന്ന് മോചിപ്പിച്ചപ്പോള്‍ മാതൃഭൂമിക്ക് അത് പ്രധാന വാര്‍ത്തയായിരുന്നു. ഗാന്ധിജിയിലൂടെ വിമോചനത്തിന്റെ സ്വപ്നം സാധ്യമാവുമെന്ന ദൃഢവിശ്വാസം പത്രാധിപസമിതിക്കുണ്ടായിരുന്നു.

ത്യാഗധനരായ പത്രാധിപന്മാര്‍
മാതൃഭൂമി ബ്രിട്ടീഷ് ഭരണത്തോട് പോരാട്ടം തുടരുമ്പോഴും കേശവമേനോനും മാധവന്‍ നായരും വ്യക്തിപരമായി അനേകം ദുരിതങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. വേണ്ടസമയത്ത് ചികിത്സിക്കാന്‍ പണമില്ലാതെ ക്ഷയരോഗബാധിതയായ പത്‌നി ലക്ഷ്മിയമ്മയും പിന്നാലെ മകള്‍ ചെല്ലമ്മയും ഈ ലോകംതന്നെ വിട്ടുപിരിഞ്ഞു. കടുത്തരോഗങ്ങള്‍ക്ക് വിധേയനായ മാധവന്‍നായരാകട്ടെ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ റഫറണ്ടം നടത്തുന്നതിനായി ക്ലേശിച്ചു.

രണ്ടുകൊല്ലത്തിനുശേഷം അദ്ദേഹം മരണമടഞ്ഞപ്പോള്‍ മാതൃഭൂമി നിസ്സഹായതയോടെ അവരുടെ ജനയിതാവിന് വിടനല്‍കി.
മാതൃഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ഭയനായ പത്രാധിപരായിരുന്നു പി. രാമുണ്ണിമേനോന്‍. 1925-ല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു മേനോന്‍. പകല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനവും രാത്രി പത്രപ്രവര്‍ത്തനവും ചേര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യവും ക്ഷയിച്ചു. ഒറ്റപ്പാലത്തെ സംസ്ഥാനസമ്മേളനകാലത്ത് ബ്രിട്ടീഷുകാരുടെ ക്രൂരമര്‍ദനമേറ്റ രാമുണ്ണിമേനോന്റെ അന്ത്യവും വളരെ അപ്രതീക്ഷിതമായിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നാടുകടത്തിയതിനെതിരേയും പത്ര റെഗുലേഷനെതിരേയും ഈ പത്രാധിപര്‍ യുദ്ധംതന്നെ നടത്തി. ഈ ഘട്ടത്തില്‍ ബ്രിട്ടീഷ് കളക്ടര്‍ മാതൃഭൂമിയെ നിരോധിക്കാനുള്ള ശ്രമവും നടത്താതിരുന്നില്ല. മലബാര്‍ കുടിയാന്‍ ബില്ലിനുവേണ്ടി മാതൃഭൂമി നടത്തിയ കാമ്പയിന്‍ രചനാത്മകമായ പത്രപ്രവര്‍ത്തനത്തിന് ഉദാഹരണമാണെങ്കില്‍ പൊതുജനങ്ങളുടെ പണംപിരിച്ച് ഹിച്ച് കോക്ക് എന്ന മുന്‍ പോലീസ് സൂപ്രണ്ടിന് സ്മാരകംപണിയാനുള്ള നീക്കത്തിലുള്ള വിമര്‍ശനം വാള്‍ത്തലപോലെ തിളങ്ങി.
ഹര്‍ത്താലിന് പ്രത്യേക പതിപ്പ്, ഉപ്പുകുറുക്കാന്‍ പത്രാധിപര്‍ സൈമണ്‍ കമ്മിഷന്റെ വരവും അതിനോടുള്ള ജനങ്ങളുടെ എതിര്‍പ്പുമായിരുന്നു മാതൃഭൂമിയുടെ അടുത്ത യുദ്ധരംഗം. കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതിന് മാതൃഭൂമി നിര്‍ലോഭം പിന്തുണനല്‍കി. ഹര്‍ത്താലിന് പ്രത്യേക പതിപ്പുതന്നെ ഇറക്കി. 'ഹര്‍ത്താല്‍ ആചരിക്കുവിന്‍ കമ്മിഷണര്‍മാര്‍ നടുങ്ങട്ടെ' എന്നായിരുന്നു ഒന്നാംപേജിലെ തലക്കെട്ട്.

ബര്‍ദോളിയിലെ നികുതി നിഷേധസത്യാഗ്രഹം, ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന പൊതുരക്ഷാബില്‍ എന്നിവ മാതൃഭൂമിയാണ് ജനങ്ങളെ അറിയിക്കുന്നത്. തൊട്ടുപിന്നാലെ പയ്യന്നൂരില്‍ കോണ്‍ഗ്രസ് സമ്മേളനം നടന്നു. ദിനപത്രമാകാതെ 'മാതൃഭൂമി'ക്ക് സംഭവങ്ങള്‍ കൃത്യസമയത്ത് അറിയിക്കാനാവില്ല എന്ന നിലവന്നു. അക്കാലത്ത് മാതൃഭൂമി പത്രാധിപര്‍ കെ. കേളപ്പനായിരുന്നു. 1930 ഏപ്രില്‍ ആറിന് ദിനപത്രമായതോടെ മാതൃഭൂമിയുടെ ശബ്ദം, സ്വാതന്ത്ര്യദാഹികളുടെ ജീവിതത്തില്‍ കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങാന്‍ തുടങ്ങി. രാജ്യവ്യാപകമായി ഉപ്പുസത്യാഗ്രഹത്തിന് ആഹ്വാനംമുഴങ്ങിയപ്പോള്‍ കേളപ്പന്‍ എന്ന സമരതീക്ഷ്ണതയുള്ള പ്രസ്ഥാനനായകന് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. ഗാന്ധിജി 72 പേരുമായി ദണ്ഡിയിലേക്ക് ഉപ്പുകുറുക്കാന്‍ യാത്രതുടങ്ങിയപ്പോള്‍ പത്രാധിപര്‍ കോഴിക്കോട് കടപ്പുറത്തുനിന്ന് ഏപ്രില്‍ 13-ന് പയ്യന്നൂര്‍ക്ക് െവാളണ്ടിയര്‍ മാര്‍ച്ച് തുടങ്ങി. 10 ദിവസത്തിനുശേഷം രാമന്തളി പൂവ്വാല്‍ കടപ്പുറത്ത് ഉപ്പുകുറുക്കി. വാര്‍ത്തകള്‍ കോഴിക്കേട്ടെത്തിക്കുന്നതിന് തീവണ്ടിയോഫീസിലെ കമ്പിസൗകര്യമാണ് രഹസ്യമായി ഉപയോഗിച്ചത്. ഉപ്പുസത്യാഗ്രഹവും ഗാന്ധിജിയുടെ അറസ്റ്റും കേരളത്തെ ഉണര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. ഹര്‍ത്താല്‍ ആചരിച്ചുകൊണ്ടാണ് കേരളം അതിന് മറുപടി പറഞ്ഞത്. സിവില്‍ നിയമലംഘനം അതിന്റെ പാരമ്യത്തില്‍ എത്തിക്കഴിഞ്ഞിരുന്നു. നിരന്തരമായ ലാത്തിച്ചാര്‍ജുകള്‍ പ്രക്ഷോഭകരെ തളര്‍ത്തിയില്ല. പത്രാധിപരും അറസ്റ്റിലായ ഘട്ടത്തില്‍ സി.എച്ച്. കുഞ്ഞപ്പ പത്രാധിപരായി ചുമതലയേറ്റു. ജയില്‍മോചിതനായശേഷം കേളപ്പന്‍ മറ്റൊരു മഹാസമരത്തിന് തുടക്കംകുറിച്ചു.

സത്യാഗ്രഹത്തെ ഉണര്‍ത്തിയ മുഖപ്രസംഗം
ക്ഷേത്രപ്രവേശനത്തിനുവേണ്ടി പത്രാധിപരായ കേളപ്പനും മാതൃഭൂമിയും ഗുരുവായൂരില്‍ ഒന്നിച്ച് സമരംതുടങ്ങി. മാതൃഭൂമിയുടെ അസിസ്റ്റന്റ് എഡിറ്റര്‍ കെ. മാധവനാര്‍ ആയിരുന്നു സത്യാഗ്രഹസെക്രട്ടറി. മാതൃഭൂമി പബ്ലിഷറും പ്രിന്ററുമായ കുറൂരും ഡയറക്ടര്‍ പി. അച്യുതനും മുഖ്യചുമതലക്കാരായി. പബ്ലിക്കേഷന്‍ ചുമതല സബ് എഡിറ്റര്‍ എന്‍.പി. ദാമോദരനായിരുന്നു. മരണംവരെയുള്ള കേളപ്പന്റെ നിരാഹാരം ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം നിര്‍ത്തിവെച്ചപ്പോള്‍ റഫറണ്ടം നടത്തേണ്ട ചുമതല വന്നുചേര്‍ന്നത് ഡയറക്ടര്‍മാരായ കെ. മാധവന്‍ നായര്‍ക്കും അമ്പലക്കാട് കരുണാകരമേനോനുമായിരുന്നു.

ഗുരുവായൂര്‍ സത്യാഗ്രഹത്തെ ഉണര്‍ത്തിയതും ഒരു മുഖപ്രസംഗമായിരുന്നു. 'വാതിലുകള്‍ തുറക്കുമോ?' എന്ന തലക്കെട്ടില്‍ ആരംഭിച്ച മുഖപ്രസംഗം അവസാനിക്കുന്നത് ഇങ്ങനെ: 'ഗുരുവായൂരപ്പനെ അടച്ചുപൂട്ടി പൊതിഞ്ഞുവെച്ച വാതിലുകള്‍ തുറക്കുമോ?'അതിനുതൊട്ടുമുമ്പാണ് കോഴിക്കോട് കടപ്പുറത്തെ ലാത്തിച്ചാര്‍ജ് വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചതിന് മദിരാശി സര്‍ക്കാര്‍ പിഴശിക്ഷ വിധിച്ചത്. ഗുരുവായൂര്‍ സത്യാഗ്രഹത്തിനുപിന്നാലെ വീണ്ടും സര്‍ക്കാരുമായി മാതൃഭൂമി ഏറ്റുമുട്ടി. തലശ്ശേരിയില്‍ കോണ്‍ഗ്രസ് നേതാവ് എല്‍. എച്ച്. പ്രഭുവിന്റെ പത്‌നി കമലാഭായിപ്രഭുവിനെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പിഴയായി അവരുടെ താലിമാല മജിസ്ട്രേറ്റ് പൊട്ടിച്ചുവാങ്ങിയത് അതിന്റെ പ്രാകൃതത്വംകൊണ്ട് ഇന്ത്യയെ ഞെട്ടിച്ചു. ഈ സംഭവം മാതൃഭൂമി അങ്ങേയറ്റം രോഷത്തോടെയാണ് റിപ്പോര്‍ട്ട്‌ചെയ്തത്. മറ്റുപത്രങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തതുമില്ല. പിറ്റേദിവസം ഹിന്ദു ദിനപത്രം വാര്‍ത്തയാക്കിയതോടെ അതിന് രാജ്യം മുഴുവന്‍ ശ്രദ്ധലഭിച്ചു.

മുഖപ്രസംഗത്തിന് പിഴ
വിചാരണകൂടാതെ പഞ്ചായത്തിലെ മിയാന്‍വാലി ജയിലില്‍ പാര്‍പ്പിച്ച സത്യഭൂഷണ്‍ ഗുപ്തയെ അമ്മയുടെ ഉദകക്രിയ നടത്താന്‍ വിട്ടയക്കാത്തതില്‍ മനംനൊന്ത് മാതൃഭൂമി എഴുതിയ മുഖപ്രസംഗത്തിന് 1000 രൂപ പിഴ വിധിച്ചതാണ് പിന്നീട് കണ്ടത്. ഈ മനുഷ്യാവകാശലംഘനം എല്ലാ അതിരുകളും ലംഘിക്കുന്നതാണെന്ന് മാതൃഭൂമി കുറ്റപ്പെടുത്തിയിരുന്നു. അടുത്ത ദിവസംമുതല്‍ മുഖപ്രസംഗകോളം ഒഴിച്ചിട്ടാണ് പ്രതിഷേധിച്ചത്. ഇത് 1939 ജനുവരി 11 വരെ നീണ്ടുനിന്നു.

പത്രത്തിന് നിരോധനം
ക്വിറ്റിന്ത്യാ സമരത്തിന് തൊട്ടുമുമ്പാണ് മാതൃഭൂമിയെ ബ്രിട്ടീഷുകാര്‍ നിരോധിച്ചത്. 1941-ന് കയ്യൂര്‍ കേസിന്റെ വിചാരണയുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കി. ഇത് ബ്രിട്ടീഷുകാരെ ചൊടിപ്പിച്ചു. 1942 ഫെബ്രുവരി 12-ന് കെ.പി.ആര്‍. ഗോപാലന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വധശിക്ഷ വിധിച്ചു. ഇതിനെതിരേ മാതൃഭൂമി പ്രചണ്ഡമായ കാമ്പയിന്‍ നടത്തി. ഒടുവില്‍ ശിക്ഷ ജീവപര്യന്തമായി കുറച്ചു. ഇതിനുപിന്നിലെയായിരുന്നു നിരോധനം. ഫെബ്രുവരി 17-ന് കൊച്ചിയില്‍ കപ്പലിറങ്ങിയ ഓസ്ട്രേലിയന്‍ പട്ടാളക്കാര്‍ പെണ്‍കുട്ടികളെ അപമാനിച്ച സംഭവവും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. അതോടെ ബ്രിട്ടീഷ് പോലീസ് നിരന്തരം പത്രമോഫീസിലെത്തി. 'മാതൃഭൂമി'യുടെ നിരോധനത്തിനെതിരേ ജനങ്ങള്‍ കരിദിനമാചരിച്ചതും മാതൃഭൂമിയുടെ ജീവിതകഥയിലെ അപൂര്‍വകഥതന്നെ. പിന്നീട് പത്രം പുനരാരംഭിച്ചെങ്കിലും മുഖപ്രസംഗകോളം ഒഴിച്ചിട്ടു.

ക്വിറ്റിന്ത്യാസമരം കൊടുമ്പിരിക്കൊണ്ടപ്പോള്‍ ഓഗസ്റ്റ് ഒമ്പതിന് പത്രാധിപക്കസേരയില്‍ നിന്നാണ് പത്രാധിപര്‍ കെ.എ. ദാമോദര മേനോന്‍ അറസ്റ്റിലായത്. പത്രത്തിന്റെ ഡയറക്ടര്‍ കോഴിപ്പുറത്ത് മാധവമേനോനും ഓഫീസില്‍നിന്ന് അറസ്റ്റിലായി. ആ ഘട്ടങ്ങളിലെല്ലാം മാതൃഭൂമിയുടെ ജീവനാഡിയായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് 1927-ല്‍ മാതൃഭൂമിയിലെത്തിയ മാനേജര്‍ എന്‍. കൃഷ്ണന്‍നായരായിരുന്നു.
സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതാന്‍ ഉറച്ച യോദ്ധാവിന് വാള്‍ ഉറയിലിടാന്‍ കഴിയുകയില്ല. അതുപോലെ പത്രാധിപര്‍ക്കുമാവില്ല, പേന താഴെവെക്കാന്‍...ക്വിറ്റിന്ത്യാ പ്രസ്ഥാനത്തെപ്പറ്റി വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്ന നിബന്ധന വന്നതോടെ മാതൃഭൂമി പ്രസിദ്ധീകരണം നിര്‍ത്തിവെച്ചു. നാഷണല്‍ ഹെറാള്‍ഡ്, ടെലഗ്രാഫ് തുടങ്ങിയ പത്രങ്ങളും പ്രസിദ്ധീകരണം നിര്‍ത്തി. പിന്നാലെ മറ്റൊരു കല്പനകൂടി വന്നു. പ്രസിദ്ധീകരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് വാര്‍ത്തകള്‍ക്ക് മൂന്നുകോളത്തിലധികം സ്ഥലം നല്‍കരുത്. ഓഗസ്റ്റ് 22-ന് പത്രം നിര്‍ത്തി. 10 ദിവസത്തെ അനിശ്ചിതത്ത്വത്തിനുശേഷം സര്‍ക്കാര്‍ പഴയ ഉത്തരവ് പിന്‍വലിച്ചു. പക്ഷേ, രണ്ടുദിവസത്തെ പ്രതിഷേധത്തിനുശേഷമാണ് പത്രം പ്രസിദ്ധീകരിച്ചത്. മാതൃഭൂമിക്ക് പരസ്യങ്ങള്‍ നിഷേധിച്ചിരുന്നു. മാതൃഭൂമി ഓഫീസിലേക്ക് ബ്രിട്ടീഷ് ഓഫീസര്‍മാര്‍ വാര്‍ത്ത പരിശോധിക്കുന്നതിന് വരവ് തുടങ്ങി.ആത്മചൈതന്യം നഷ്ടപ്പെടുത്തി ജീവിക്കുന്നതിലും നല്ലത് മരിക്കുകയാണെന്ന മഹാത്മജിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടുതന്നെ മാതൃഭൂമി ത്രിവര്‍ണപതാക ഉയരുന്നതുവരെ പൊരുതിനിന്നു.

Content Highlights: Independence day 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented