സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുകള്‍


എ.എം. ഷിനാസ്

ആയാസരഹിതമായിരുന്നില്ല സ്വതന്ത്ര ഇന്ത്യയുടെ പിറവി. പോരാട്ടങ്ങള്‍ക്കും സഹനസമരങ്ങള്‍ക്കുമൊടുവില്‍ വിഭജനത്തിന്റെ മുറിവുകള്‍ നീറിനിന്നു. വിഭജിച്ചു ഭരിച്ചു ശീലിച്ച സാമ്രാജ്യത്വം അതിനുള്ള കനലുകള്‍ മുമ്പേ വിതറിയിരുന്നു...

ഡൽഹി സ്വാതന്ത്ര്യ പുലരിയിൽ

ച്ചവടത്തിന് ഇന്ത്യയിലെത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനി, 1757-ലെ പ്ലാസി യുദ്ധത്തിനുശേഷം കേവലം ഒരു നൂറ്റാണ്ടുകൊണ്ടു മറ്റേതൊരു മുന്‍ ഇന്ത്യന്‍ സാമ്രാജ്യത്തെക്കാളും വിശാലമായ ഒരു അധിനിവേശസാമ്രാജ്യം താരതമ്യേന ദ്രുതഗതിയില്‍ സൃഷ്ടിച്ചു. അതിന്റെ മൂലകാരണങ്ങളിലൊന്ന് ഈ വിസ്തൃത ഉപഭൂഖണ്ഡത്തില്‍ പരന്നുകിടന്ന വൈവിധ്യവും വൈജാത്യവുമായിരുന്നു എന്ന് 'ദ ഇന്ത്യന്‍ ഐഡിയോളജി' (2012) എന്ന പുസ്തകത്തില്‍ പെറി ആന്‍ഡേഴ്സണ്‍ എഴുതുന്നു. വ്യത്യസ്ത പ്രാദേശികശക്തികളോടും ഭിന്ന ജനസമൂഹങ്ങളോടും തരാതരം സഖ്യമുണ്ടാക്കി അവരുടെ എതിരാളികളായ അധികാരസ്വരൂപങ്ങളെ ആക്രമിച്ചു പിടിച്ചെടുത്തും ഒടുവില്‍ ഈ സഹായികളെത്തന്നെ അധീനത്തിലാക്കിയുമുള്ള ക്ഷുദ്ര യുദ്ധനയതന്ത്രത്തിന്റെ പരമ്പരയിലൂടെയാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ നിയാമകശക്തിയായിത്തീര്‍ന്നത്.

ബ്രിട്ടീഷുകാര്‍ക്ക് മുന്‍പുള്ള മുന്‍ അധിനിവേശകര്‍ ഇന്ത്യയില്‍ രാജ്യവും സാമ്രാജ്യവും സ്ഥാപിച്ച് ഇന്നാട്ടില്‍ ലയിച്ചുചേര്‍ന്നപ്പോള്‍ ബ്രിട്ടീഷ് കൊളോണിയലിസം അഭൂതപൂര്‍വമായ വിച്ഛേദമാണുണ്ടാക്കിയത്. ഒരു പ്രമുഖ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ 20-ാം നൂറ്റാണ്ടിന്റെ പ്രഥമാര്‍ധത്തില്‍ നിഷ്‌കപടമായി പ്രസ്താവിച്ചതുപോലെ 'ഞങ്ങളുടെ വ്യവസ്ഥ (കൊളോണിയലിസം) ഒരു സ്‌പോഞ്ച് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഗംഗാതടത്തിലുള്ള (ഇന്ത്യ) ഗുണവത്തായ എല്ലാം വലിച്ചെടുത്ത് ഞങ്ങള്‍ തെംസ് നദീതീരത്ത് (ഇംഗ്ലണ്ട്) പിഴിയുകയാണ് ചെയ്യുന്നത്.'

നിയന്ത്രണം നഷ്ടമായപ്പോള്‍

ഒന്നാം ലോകയുദ്ധം ആഗോള കൊളോണിയലിസത്തിന്റെ ഘടനയെ പിടിച്ചുലച്ചിരുന്നു. റഷ്യയിലെ ഒക്ടോബര്‍ വിപ്ലവവും ജര്‍മന്‍-ഒട്ടോമന്‍ സാമ്രാജ്യങ്ങളുടെ ശിഥിലീകരണവും 1921-ല്‍ അയര്‍ലന്‍ഡിലെ 26 തെക്കന്‍ കൗണ്ടികള്‍ ബ്രിട്ടനില്‍നിന്ന് പരമാര്‍ഥത്തില്‍ സ്വാതന്ത്ര്യം നേടിയതും 1919-'22 കാലത്തെ പോരാട്ടത്തിനുശേഷം ഈജിപ്ത് ബ്രിട്ടന്റെ 'സംരക്ഷകഭരണ'ത്തില്‍ നിന്ന് അര്‍ധസ്വാതന്ത്ര്യം സമ്പാദിച്ചതുമെല്ലാം യൂറോപ്യന്‍ അധിനിവേശ സാമ്രാജ്യങ്ങള്‍ ഭേദ്യവും അപരാജിതവുമല്ലെന്നുള്ള തിരിച്ചറിവ് ഇന്ത്യയടക്കമുള്ള കോളനികളില്‍ വളര്‍ത്തി. ഇതേസമയം, ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ദേശീയപ്രസ്ഥാനം ഒരു ബഹുജനമുന്നേറ്റമായി മാറിയിരുന്നു.

എറിക് ഹോബ്സ്ബോം എഴുതുന്നു: അമൃത്സര്‍ കൂട്ടഹത്യയോടുള്ള വ്യാപകപ്രതിഷേധവും തൊഴിലാളിസമരങ്ങളുടെ അലകളും നിസ്സഹകരണപ്രസ്ഥാനവും ദേശീയ വിമോചനസമരത്തിന് ഒരു പുതുയുഗപ്പിറവിയുടെ വൈകാരികഭാവം പകര്‍ന്നു. ഇതിനുശേഷം ഇന്ത്യ, ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഇടവിട്ട് അടക്കിഭരിക്കപ്പെടാന്‍ കഴിയാത്ത പരിേതാവസ്ഥയിലായി. തുടര്‍ന്നുള്ള ബ്രിട്ടീഷ് ഭരണം പോലീസിന്റെയും പട്ടാളത്തിന്റെയും ബലത്തിലല്ല, ഗാന്ധിജിയുടെ മിതത്വത്തെയും അനതിക്രമനയത്തെയും ആശ്രയിച്ചാണ് അക്ഷരാര്‍ഥത്തില്‍ നിലനിന്നത്. (Eric Hobsbawm, The Age of the Extremes, p.211) രണ്ട് ലോകയുദ്ധങ്ങള്‍ക്കിടയില്‍ ഭൂഗോളത്തിന്റെ അതിബൃഹത്തായ പ്രദേശം മുന്‍പൊരിക്കലുമില്ലാത്ത വിധം ബ്രിട്ടന്റെ ഔപചാരികമോ അനൗപചാരികമോ ആയ നിയന്ത്രണത്തിലായിരുന്നു. അതേസമയം, ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് പഴയ സാമ്രാജ്യത്വ മേധാവിത്വം നിലനിര്‍ത്തുന്നതില്‍ ഒരിക്കലുമില്ലാത്ത തീര്‍ച്ചക്കുറവുണ്ടായ കാലവുമായിരുന്നു അത്. ഇന്ത്യയില്‍ തങ്ങളുടെ നില അസ്ഥിരവും നിരാധാരവുമാണെന്നും തങ്ങള്‍ക്ക് സാരമായ ശക്തിക്ഷയമുണ്ടായിട്ടുെണ്ടന്നുമുള്ള തിക്തയാഥാര്‍ഥ്യം രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷുകാര്‍ തിരിച്ചറിഞ്ഞതോടെയാണ് അവര്‍ നിഷ്‌കോളനീകരണത്തെ ചെറുക്കാതിരുന്നതെന്ന് ഹോബ്സ്ബോം നിരീക്ഷിക്കുന്നു.

പുറമേനിന്നുള്ള ചുറ്റികപ്രഹരം

1937-നു ശേഷം ഇന്ത്യക്ക് ഏതെങ്കിലും തരത്തിലുള്ള സ്വാതന്ത്ര്യം ഇന്നല്ലെങ്കില്‍ നാളെ കിട്ടുമെന്ന് എല്ലാവര്‍ക്കും വ്യക്തമായിരുന്നു. പക്ഷേ, ബ്രിട്ടീഷുകാര്‍ ആ തീരുമാനം ആവുന്നത്ര നീട്ടിക്കൊണ്ടുപോകുമായിരുന്നു. അക്കാലത്തെ വൈസ്രോയ് ലിന്‍ലിത്ത്ഗോ (1936-1943) ആ തീരുമാനം അവ്യക്തമായി നീണ്ടുപോകുമെന്ന് പ്രതീക്ഷിച്ചു. നെഹ്രു പോലും അക്കാലത്ത് വിചാരിച്ചിരുന്നത് ഇന്ത്യക്ക് പൂര്‍ണസ്വാതന്ത്ര്യം ലഭിക്കുക മിക്കവാറും 1970-കളിലായിരിക്കുമെന്നാണ്. (C.S. Venkatachar, Witness to the Century, Bangalore, 1999p.62.). ഈ കാത്തിരിപ്പെല്ലാം പ്രതീക്ഷയ്ക്ക് വിപരീതമായി രായ്ക്കുരാമാനം മാറിമറിഞ്ഞത് പുറമേനിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കിട്ടിയ ഒരു ചുറ്റികപ്രഹരമായിരുന്നു എന്ന് പെറി ആന്‍ഡേഴ്സണ്‍ വിലയിരുത്തുന്നു.

പസഫിക് യുദ്ധം തുടങ്ങി ഏതാനും ആഴ്ചകള്‍ക്കിടെ ജപ്പാന്‍ സൈന്യം ദക്ഷിണപൂര്‍വേഷ്യയില്‍ ആഞ്ഞടിച്ച് ആ മേഖലയിലെ ബ്രിട്ടീഷ്, ഫ്രഞ്ച്, ഡച്ച് കോളനിസ്ഥാനങ്ങളെ താഴെയിടാന്‍ തുടങ്ങിയിരുന്നു. 1942-ല്‍ ഫെബ്രുവരിയില്‍ സിങ്കപ്പൂര്‍ കീഴടങ്ങി. മാര്‍ച്ചില്‍ റംഗൂണും. ഏപ്രിലില്‍ കൊളംേബായില്‍ ജപ്പാന്റെ ബോംബ് വര്‍ഷമുണ്ടായി. ഒഡിഷയ്ക്ക് തെക്കുള്ള തുറമുഖങ്ങളും ജപ്പാന്‍ ആക്രമിച്ചു. 1944 മാര്‍ച്ചില്‍ ഐ.എന്‍.­എ.യുടെ രണ്ട് സൈന്യദളങ്ങളും ജപ്പാന്റെ ദക്ഷിണ േസനാവിഭാഗവും ചേര്‍ന്ന് മണിപ്പുരിലെ ഇംഫാല്‍ ലക്ഷ്യമാക്കി സൈനികനീക്കം ആരംഭിച്ചു. അത് ദുരന്തത്തിലാണ് കലാശിച്ചത്. ഹോബ്സ്ബോം ആ പ്രക്ഷുബ്ധചരിത്രസന്ദര്‍ഭം ഇങ്ങനെ വിശകലനം ചെയ്യുന്നു.: 'ബ്രിട്ടീഷ് രാജ് ഇന്ത്യയില്‍ നേരിട്ട കഠിനപരീക്ഷ വാസ്തവത്തില്‍ 'ക്വിറ്റിന്ത്യ' പ്രക്ഷോഭമായിരുന്നില്ല. അത് ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തി. കൂറുമാറിയ അരലക്ഷത്തില്‍പ്പരം ബ്രിട്ടീഷ് ഇന്ത്യന്‍ സൈനികരെ ചേര്‍ത്ത് സുഭാഷ് ചന്ദ്രബോസ് ഒരു സൈന്യത്തെ സജ്ജമാക്കിയതും അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജപ്പാന്റെ പിന്തുണതേടിയതുമായിരുന്നു അക്ഷരാര്‍ഥത്തില്‍ ബ്രിട്ടനെ ഞെട്ടിച്ചത്.'

അതിനു മുമ്പുതന്നെ, 1942 മാര്‍ച്ച്-ഏപ്രിലില്‍ ക്രിപ്സ് ദൗത്യം യുദ്ധശേഷം ഇന്ത്യക്ക് പുത്രികാരാജ്യപദവി നല്‍കാമെന്ന വാഗ്ദാനവുമായി ചര്‍ച്ചകള്‍ക്ക് എത്തിയിരുന്നു. 'ചര്‍ച്ചില്‍, ക്രിപ്സ് ആന്‍ഡ് ഇന്ത്യ, 1939-1945' എന്ന ഗ്രന്ഥത്തില്‍ ആര്‍.ജെ. മൂര്‍ ചൂണ്ടിക്കാട്ടിയതുപോലെ ആ സമയത്ത് ഇന്ത്യയോടുള്ള ബ്രിട്ടീഷ ്നയം രണ്ട് ധ്രുവങ്ങളില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു. 'ചര്‍ച്ചിലിന്റെ നിഷേധാത്മകതയ്ക്കും ക്രിപ്സിന്റെ രചനാത്മകതയ്ക്കും ഇടയില്‍.'

വിഭജനമെന്ന യാഥാര്‍ഥ്യത്തിലേക്ക്

പരിപൂര്‍ണ സ്വാതന്ത്ര്യത്തില്‍ കുറഞ്ഞ ഒന്നിനും ഇന്ത്യന്‍ ദേശീയനേതൃത്വം തയ്യാറല്ലാതിരുന്നതിനാല്‍ ക്രിപ്സിന് വെറുംകൈയോടെ മടങ്ങേണ്ടിവന്നു. ബോംബെയില്‍ റോയല്‍ ഇന്ത്യന്‍ നേവി കലാപം പൊട്ടിപ്പുറപ്പെട്ടതിന്റെ പിറ്റേന്ന് 1946 ഫെബ്രുവരി 19-ന് ലേബര്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി ക്ലെമന്റ് ആറ്റ്ലി അധികാരക്കൈമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ ഇന്ത്യന്‍ നേതാക്കളുമായിചര്‍ച്ച ചെയ്യാന്‍ മൂന്നംഗ കാബിനറ്റ് മിഷന്‍ പ്രഖ്യാപിച്ചു. മുസ്ലിംലീഗിന്റെയും കോണ്‍ഗ്രസിന്റെ ഭിന്നവും വിരുദ്ധവുമായ നിലപാടുകള്‍ ഇന്ത്യയെ വെട്ടിമുറിക്കാതെ പ്രശ്‌നം പരിഹരിക്കാനുള്ള കാബിനറ്റ് മിഷന്‍ പദ്ധതിയെ പരാജയപ്പെടുത്തി. 1946 ഓഗസ്റ്റ് മധ്യത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന ഹിന്ദു-മുസ്ലിം വര്‍ഗീയ നരമേധം ഏകീകൃത ഇന്ത്യ എന്ന പ്രതീക്ഷയുടെ അന്ത്യംകുറിച്ചു എന്ന് രാമചന്ദ്ര ഗുഹ നിരീക്ഷിക്കുന്നു.

1947 ഫെബ്രുവരി 20-ന് ആറ്റ്ലി അധികാരക്കൈമാറ്റം 1948 ജൂണോടെ നടക്കുമെന്ന് പ്രഖ്യാപിച്ചു. മാര്‍ച്ച് 22-ന് മൗണ്ട് ബാറ്റണ്‍ പ്രഭു സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സമ്പൂര്‍ണ അധികാരവുമായി ഇന്ത്യയിലെത്തി. 1947 ജൂണ്‍ ആദ്യവാരം മൗണ്ട് ബാറ്റണ്‍ തന്റെ രൂപരേഖ അവതരിപ്പിച്ചു. ആ ചരിത്രസന്ദര്‍ഭം സുനില്‍ ഖില്‍നാനി വിവരിക്കുന്നു: '1947 ജൂണ്‍ മൂന്നിന് രാവിലെ ലിനന്‍ സ്യൂട്ടും വരയുള്ള റ്റൈയും ധരിച്ച് ജിന്നയും നെഹ്രുവും സിഖ് നേതാവ് ബല്‍ദേവ്‌സിങ്ങും വൈസ്രോയി മൗണ്ട് ബാറ്റനും ഒരു മേശയ്ക്കു ചുറ്റുമിരുന്നു. ഫോട്ടോഗ്രാഫര്‍മാരുടെ ഒരു വലിയ നിര അവര്‍ക്കു മുമ്പിലുണ്ടായിരുന്നു. എല്ലാവര്‍ക്കുംപിന്നില്‍ ഉടനെ പരിച്ഛേദിക്കപ്പെടാന്‍ പോകുന്ന അവിഭജിത ഇന്ത്യയുടെ ഭൂപടമുണ്ടായിരുന്നു. ഈ പടമെടുപ്പിന് അനുകൂലസന്ദര്‍ഭം വന്നുചേര്‍ന്നത് മാസങ്ങള്‍ നീണ്ടരാഷ്ട്രീയ വിലപേശലിനുശേഷമാണ്. ഇവരെല്ലാം അപ്പോള്‍ പരസ്യമായി വിഭജനത്തെ അംഗീകരിച്ചു കഴിഞ്ഞിരുന്നു.' (Sunil Khilnani, Incarnations: A History of India in 50 Lives, p.316.)

പെറി ആന്‍ഡേഴ്സണ്‍ ഇന്ത്യാവിഭജനത്തെപ്പറ്റി ഇങ്ങനെ എഴുതുന്നു: 'ബ്രിട്ടീഷ് സാമ്രാജ്യത്വം വിഭജനങ്ങളുടെ ഒരു നിരയ്ക്ക് കാര്‍മികത്വം നല്‍കിയിട്ടുണ്ട്: അയര്‍ലന്‍ഡ്, പലസ്തീന്‍, ഇന്ത്യ, സൈപ്രസ്. 'വിഭജിച്ചു ഭരിക്കുക' എന്ന കൊളോണിയല്‍ തത്ത്വം ഇവയിലെല്ലാം അന്തര്‍ലീനമായിരുന്നെങ്കിലും ഓരോ കേസും വ്യത്യസ്തമായിരുന്നു. എന്താണ് ക്ഷണത്തില്‍ വിഭജനം നടത്താന്‍ ബ്രിട്ടനെ പ്രേരിപ്പിച്ചത്? സാമ്രാജ്യത്തിനുവേണ്ടി മുഖംരക്ഷിക്കുകയായിരുന്നു മൗണ്ട് ബാറ്റണ്‍. വിഭജനത്തിന്റെ അനന്തരഫലങ്ങള്‍ക്ക് ബ്രിട്ടന് ഉത്തരവാദിത്വമുണ്ടാകില്ല. ഫ്യൂസ് കത്തിച്ചശേഷം കെട്ടിടം പൊട്ടിത്തെറിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് അതിന്റെ പുതിയ ഉടമസ്ഥര്‍ക്ക് കൈമാറുകയാണുണ്ടായത്. അത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഹീനവും നീചവുമായ പ്രവൃത്തിയായിരുന്നു.'

വിഭജനചരിത്രത്തെ ഇപ്പോള്‍ ചികഞ്ഞന്വേഷിക്കുന്നത് കുറവാണ്. വിഭജനകാലത്തെ കൂട്ടക്കൊലപാതകങ്ങളും അചിന്ത്യമായ ലൈംഗികാതിക്രമങ്ങളും അതിജീവിച്ച അതിര്‍ത്തിക്കപ്പുറവും ഇപ്പുറവുമുള്ള മനുഷ്യാനുഭവങ്ങളാണ് കുറച്ചുകാലമായി ചരിത്രാഖ്യാനങ്ങളുടെ കേന്ദ്രബിന്ദു

ഉര്‍വശി ഭൂട്ടാലിയയുടെ 'ദ അദര്‍ സൈഡ് ഓഫ് സയലന്‍സ്' (1998), ആഞ്ചല്‍ മല്‍ഹോത്രയുടെ 'റെംനന്റ്‌സ് ഓഫ് എ സെപ്പറേഷന്‍' (2017) എന്നിവ ഈ ഗണത്തില്‍പ്പെടുന്നവയാണ്. 1948-ല്‍ത്തന്നെ സാദത്ത് ഹസ്സന്‍ മാന്റോ ­'ഖോല്‍ ദോ' (അത് തുറക്കൂ) പോലുള്ള കഥകളിലൂടെ വിഭജനത്തിന് തൊട്ടുമുമ്പും പിമ്പും നടന്ന എണ്ണമറ്റ ലൈംഗികാതിക്രമങ്ങളുടെയും കൂട്ടഹത്യകളുടെയും പൈശാചികതയും ബീഭത്സതയും ആവിഷ്‌കരിച്ചിട്ടുണ്ട്

എന്തുകൊണ്ട് ഓഗസ്റ്റ് 15?

1948 ജൂണ്‍വരെ സമയമുണ്ടായിട്ടും ഇന്ത്യക്ക് അധികാരം കൈമാറിയത് പത്തുമാസംമുമ്പ് 1947 ഓഗസ്റ്റ് 15-നാണ്. രാമചന്ദ്ര ഗുഹ ഈ ധൃതിപിടിച്ച വ്യഗ്രത ഇങ്ങനെ വിശദീകരിക്കുന്നു: 'മൗണ്ട് ബാറ്റണ്‍ പ്രഭുവാണ് ഓഗസ്റ്റ് 15 തീയതി തിരഞ്ഞെടുത്തത്. അത് ജപ്പാന്‍ 1945 ഓഗസ്റ്റ് 15-ന് സഖ്യകക്ഷികള്‍ക്ക് കീഴടങ്ങിയതിന്റെ രണ്ടാം വാര്‍ഷികദിനമായിരുന്നു. (1943-1946 കാലത്ത് സഖ്യശക്തികളുടെ ദക്ഷിണ പൂര്‍വേഷ്യാ സൈനികവിഭാഗത്തിന്റെ സുപ്രീംകമാന്‍ഡറായിരുന്നു അദ്ദേഹം. വിക്ടോറിയ രാജ്ഞിയുടെ പേരക്കുട്ടിയുടെ മകനുമാണ് മൗണ്ട് ബാറ്റണ്‍).

മൗണ്ട് ബാറ്റണും ഇന്ത്യന്‍ രാഷ്ട്രീയനേതാക്കള്‍ക്കും വേറെ ചിലര്‍ തിരഞ്ഞെടുത്തിരുന്ന 1948 ജനുവരി 26 എന്ന തീയതിവരെ കാലതാമസം വരുത്താന്‍ മനസ്സില്ലായിരുന്നു. അങ്ങനെ സ്വാതന്ത്ര്യം ഒടുവില്‍ സമാഗതമായപ്പോള്‍ ആ പ്രത്യേകദിവസം മാറ്റൊലികൊണ്ടത് ദേശീയബോധവികാരത്തെക്കാള്‍ സാമ്രാജ്യത്വത്തിന്റെ ഗര്‍വായിരുന്നു. ജ്യൗതിഷികള്‍ ഓഗസ്റ്റ് 15 അമംഗള ദിവസമാണെന്ന് വിധിച്ചതിനാല്‍ ഭരണഘടനാസഭയില്‍ നടപടിക്രമങ്ങള്‍ ഓഗസ്റ്റ് പതിന്നാലിന് രാത്രി 11 മണിക്കുതന്നെ തുടങ്ങി. ആ രാത്രി മൂന്നു പ്രധാന പ്രസംഗകരാണുണ്ടായത്, ചൗധരി ഖലിക്കുസ്സമാന്‍, ഡോ. എസ്. രാധാകൃഷ്ണന്‍, ജവാഹര്‍ലാല്‍ നെഹ്രു.'(Ramachandra Guha, India After Gandhi, p.5)

ചോരപ്പുഴയായ റാഡ്ക്ലിഫ് രേഖ

1947 ജൂണ്‍ 30-ന് രണ്ട് അതിര്‍ത്തിസമിതികള്‍ ബംഗാള്‍, പഞ്ചാബ് വിഭജനത്തിനായി ബ്രിട്ടീഷ് നിയമജ്ഞനായ സര്‍ സിറില്‍ റാഡ്ക്ലിഫിന്റെ അധ്യക്ഷതയില്‍ രൂപവത്കരിക്കപ്പെട്ടു. റാഡ്ക്ലിഫ് ഇന്ത്യയിലെത്തിയത് 1947 ജൂലായ് എട്ടിനാണ്. അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാസന്ദര്‍ശനം. അതിര്‍ത്തി സമിതിയില്‍ ഇന്ത്യന്‍ അംഗങ്ങളായി മെഹര്‍ ചന്ദ് മഹാജനും തേജാ സിങ്ങും പാകിസ്താനെ പ്രതിനിധാനംചെയ്ത് ദീന്‍ മുഹമ്മദും മുഹമ്മദ് മുനീറുമാണുണ്ടായിരുന്നത്. നിയമജ്ഞരുള്‍പ്പെടുന്ന ഇരുവിഭാഗവും കൂടുതല്‍ ഭൂപ്രദേശങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി കൈമെയ് മറന്ന് വാദിച്ചു. കിഴക്കന്‍ ബംഗാളില്‍നിന്ന് പാകിസ്താനെ പ്രതിനിധാനംചെയ്യുന്ന ഒരു അതിര്‍ത്തിസമിതിയംഗം സ്വകാര്യമായി റാഡ്ക്ലിഫിനെക്കണ്ട് ഡാര്‍ജിലിങ് പാകിസ്താനില്‍ ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുകയുണ്ടായി. കാരണമോ, അദ്ദേഹവും കുടുംബവും എല്ലാ വേനല്‍ക്കാലവും ചെലവഴിക്കുന്നത് ഡാര്‍ജിലിങ്ങിലാണ് ! റാഡ്ക്ലിഫിന് വിഭജനരേഖ വരയ്ക്കാന്‍ അഞ്ചാഴ്ചയേ ഉണ്ടായിരുന്നുള്ളൂ. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ മുകളിലൂടെ ഡക്കോട്ട വിമാനത്തില്‍ ഒരുപ്രാവശ്യം സഞ്ചരിച്ചതല്ലാതെ ഒരൊറ്റ ഫീല്‍ഡ് സര്‍വേപോലും റാഡ്ക്ലിഫിന് നടത്താനായില്ല.

കുല്‍ദീപ് നയ്യാര്‍ 'സ്‌കൂപ്പ്: ഇന്‍സൈഡ് സ്റ്റോറീസ് ഫ്രം ദി പാര്‍ട്ടീഷന്‍ റ്റു ദ പ്രസന്റ്' എന്ന പുസ്തകത്തില്‍ 1971 ഒടുവില്‍ റാഡ്ക്ലിഫിനെ ലണ്ടനിലെ ഫ്‌ളാറ്റില്‍വെച്ച് സംസാരിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഹിന്ദുക്കളും സിഖുകാരും അവരുടെ വസ്തുവകകളും അംഗസംഖ്യയിലും ദ്രവ്യബലത്തിലും മുന്‍തൂക്കമുള്ള ലഹോര്‍ ഇന്ത്യക്കു നല്‍കാനാണ് റാഡ്ക്ലിഫ് തീരുമാനിച്ചിരുന്നത്. പക്ഷേ, അങ്ങനെചെയ്താല്‍ പാകിസ്താന് ഒരു വലിയ നഗരം പോലുമുണ്ടാവില്ലെന്ന തിരിച്ചറിവ് ആ തീരുമാനം മാറ്റുന്നതിലെത്തിച്ചു എന്ന് കുല്‍ദീപ് നയ്യാരോട് റാഡ്ക്ലിഫ് പറയുന്നുണ്ട്.

അതിര്‍ത്തിരേഖ വരയ്ക്കുമ്പോള്‍ റാഡ്ക്ലിഫിനെ നയിച്ചത് നിശ്ചിതമായ മാനദണ്ഡങ്ങളായിരുന്നില്ലെന്ന് കുല്‍ദീപ് നയ്യാര്‍ എഴുതുന്നു.

അങ്ങനെ അനവധാനമായ ഒരു നിഷ്‌കരുണ ശസ്ത്രക്രിയയിലൂടെ ബ്രിട്ടീഷ് ഇന്ത്യയെ റാഡ്ക്ലിഫ് പകുത്തു. വിഭജനരേഖ ഔദ്യോഗികമായി പുറത്തുവന്നത് ഇന്ത്യക്കും പാകിസ്താനും സ്വാതന്ത്ര്യംലഭിച്ച് 36 മണിക്കൂറുകള്‍ക്കുശേഷം, ഓഗസ്റ്റ് 17-നാണ്. അപ്പോഴേക്കും അതിഭീകരമായ വര്‍ഗീയലഹള പൊട്ടിപ്പുറപ്പെട്ടിരുന്നു.

പെറി ആന്‍ഡേര്‍സണ്‍ റാഡ്ക്ലിഫ് ദൗത്യത്തെ ഇങ്ങനെ വിവരിക്കുന്നു: 'റാഡ്ക്ലിഫിന് ഉപഭൂഖണ്ഡത്തെപ്പറ്റി ഒരു പിടിയുമുണ്ടായിരുന്നില്ല. വിഭജനത്തിനുള്ള ഒരു സവിസ്തര രൂപരേഖ വി.പി. മേനോനും ബി.എന്‍. റാവുവും നേരത്തേത്തന്നെ തയ്യാറാക്കിയിരുന്നു. റാഡ്ക്ലിഫ് കാര്യമായി വ്യതിചലിക്കാതെ അത് പിന്തുടര്‍ന്നു. എന്നാല്‍, മൗണ്ട്ബാറ്റണ് വേണ്ടരീതിയിലായിരുന്നില്ല റാഡ്ക്ലിഫിന്റെ വരകളുടെ പോക്ക്. നെഹ്രുവിന് തന്റെ പൂര്‍വികരുടെ ജന്മസ്ഥലിയായ കശ്മീര്‍താഴ്വര കിട്ടിയേ തീരൂ എന്ന് മൗണ്ട് ബാറ്റണും എഡ്വിനയ്ക്കും നന്നായി അറിയാമായിരുന്നു. പണത്തിനുമുന്നില്‍ റാഡ്ക്ലിഫ് വളയില്ല. പക്ഷേ, അധികാരത്തിനുമുന്നില്‍ വളയേണ്ടിവന്നു. അങ്ങനെയാണ് ഡല്‍ഹിയില്‍നിന്ന് ശ്രീനഗറിലേക്കുള്ള ഏക കരമാര്‍ഗമായ പഞ്ചാബിലെ രണ്ട് മുസ്ലിം ഭൂരിപക്ഷ തഹ്സിലുകള്‍ -ഫിറോസ്പുര്‍, സിറാ എന്നിവ -റാഡ്ക്ലിഫ് ഇന്ത്യക്ക് അനുവദിച്ചുനല്‍കിയത്.' (The Indian Ideology, p.75) എന്നാല്‍, കുല്‍ദീപ് നയ്യാരുമായുള്ള സംഭാഷണത്തില്‍ തനിക്കുമേല്‍ അങ്ങനെയൊരു സമ്മര്‍ദമുണ്ടായിരുന്നില്ലെന്നും എന്നാല്‍, വിഭജനരേഖ എത്രയുംപെട്ടെന്ന് സമര്‍പ്പിക്കാന്‍ നിര്‍ബന്ധം ചെലുത്തിയിരുന്നെന്നുമാണ് റാഡ്ക്ലിഫ് പറയുന്നത്. ലണ്ടനിലെത്തിയ ഉടനെ ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട എല്ലാരേഖകളും റാഡ്ക്ലിഫ് കത്തിച്ചുകളഞ്ഞു. തന്റെ ജോലിക്ക് പ്രതിഫലവും കൈപ്പറ്റിയില്ല. പിന്നീടൊരിക്കലും അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചതുമില്ല. പാകിസ്താന്‍ ഓഗസ്റ്റ് 14-നും ഇന്ത്യ ഓഗസ്റ്റ് 15-നുമാണ് സ്വതന്ത്രമായത്.

സ്വാതന്ത്ര്യത്തിന്റെ ഹര്‍ഷാരവവും അന്യോന്യ സംഹാരത്തിന്റെ താണ്ഡവവും വിഭജിത നവരാഷ്ട്രങ്ങളില്‍ ഒരേസമയം നടക്കുമ്പോള്‍ ഗാന്ധിജി ആ ദിവസം ഏകനായി ദുഃഖാചരണത്തിനായി മാറ്റിവെച്ചു. അതിര്‍ത്തിക്കപ്പുറത്ത് കവി ഫായിസ് അഹമ്മദ് ഫായിസ് വിഭജനത്തെക്കാളേറെ വിലപിച്ചത് അതിനു നല്‍കേണ്ടിവന്ന വിലയായ ഭീകരമായ മനുഷ്യക്കുരുതിയെയും ഭ്രാതൃഹത്യയെയും ചൊല്ലിയാണ്.

(എറണാകുളം മഹാരാജാസ് കോളേജിലെ ചരിത്രവിഭാഗം അധ്യാപകനാണ് ലേഖകന്‍)

Content Highlights: Independence Day 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented