പരകോടിയില്‍ സ്വാതന്ത്ര്യബോധം


മലയിൻകീഴ് ഗോപാലകൃഷ്ണൻ

പ്രതീകാത്മക ചിത്രം

ണ്ടാം ലോകയുദ്ധത്തിന്റെ ഭീകരാന്തരീക്ഷത്തിൽ മൂടിനിന്ന 1942 കാലത്ത്, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലുണ്ടായ അതിശക്തമായ വഴിത്തിരിവായിരുന്നു ‘ക്വിറ്റിന്ത്യാ’സമരം. ഈ സമരത്തിലൂടെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്രിട്ടനോട് ഇന്ത്യവിടാൻ (ക്വിറ്റിന്ത്യ) ആവശ്യപ്പെട്ടത്.

രണ്ടാം ലോകയുദ്ധത്തിൽ ജർമനിയും ജപ്പാനും ഇന്ത്യ പിടിക്കുമെന്നും അതുകൊണ്ട് സ്വാതന്ത്ര്യം നൽകുന്നതിനെപ്പറ്റി ആലോചിക്കാനാകില്ലെന്ന ബ്രിട്ടീഷ് പ്രചാരണത്തിന്റെ മുനയൊടിക്കുന്നതായിരുന്നു ക്വിറ്റിന്ത്യാ പ്രമേയം. ഒന്നാം ലോകയുദ്ധകാലത്ത് ഇന്ത്യയെ കൂടെനിർത്താൻ ബ്രിട്ടൻ സ്വീകരിച്ച കള്ളക്കളി, ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അറിയാമായിരുന്നു. യുദ്ധം കഴിഞ്ഞാൽ സ്വയംനിർണയാവകാശം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്ന് ഇന്ത്യ ബ്രിട്ടനെ സഹായിച്ചത്. എന്നാൽ, യുദ്ധശേഷം ഇന്ത്യാ സ്റ്റേറ്റ് സെക്രട്ടറി മൊണ്ടെഗുവും വൈസ്രോയി ചെംസ്‌ഫോർഡും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് ഇന്ത്യക്കാരെ നിരാശരാക്കി. ഈ തന്ത്രംതന്നെയാണ് രണ്ടാം ലോകയുദ്ധകാലത്തും ബ്രിട്ടൻ സ്വീകരിക്കാൻ പോകുന്നതെന്ന സംശയത്തിനിടെയാണ് ഒരു പ്രധാന വാർത്ത ബി.ബി.സി. പ്രക്ഷേപണം ചെയ്തത്.

ക്രിപ്‌സിന്റെ പദ്ധതി

ബ്രിട്ടനിലെ യുദ്ധകാല മന്ത്രിസഭാംഗവും പൊതുസഭാനേതാവുമായ സർ സ്റ്റാഫോഡ് ക്രിപ്‌സിനെ ഇന്ത്യൻ നേതാക്കളുമായി ചർച്ചയ്ക്ക് സർക്കാർ നിയോഗിച്ചെന്നായിരുന്നു ബി.ബി.സി.യുടെ വാർത്ത. പൊതുവേ, ഇന്ത്യക്കാരോട് അനുഭാവം പുലർത്തിയിരുന്ന ക്രിപ്സിന്റെ നിയമനം ഇന്ത്യക്കാർക്ക് പ്രതീക്ഷനൽകി. ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുന്നതിനെപ്പറ്റി ആലോചിക്കാനാണ് അദ്ദേഹം വരുന്നതെന്ന് പലരും കരുതി. എന്നാൽ, ക്രിപ്‌സ് തന്റെ നിർദേശങ്ങൾ വിവരിച്ചതോടെ പ്രതീക്ഷ മങ്ങി. ബ്രിട്ടീഷ് താത്പര്യങ്ങൾ മുഴച്ചുനിൽക്കുന്നതും നാട്ടുരാജ്യങ്ങൾക്ക് ഒറ്റയ്ക്ക്‌ നിൽക്കാൻ കഴിയുന്നതുമായ പദ്ധതിയാണ് അദ്ദേഹം അവതരിപ്പിച്ചത്. രണ്ടാം ലോകയുദ്ധം അവസാനിച്ചാലുടൻ ഇന്ത്യക്ക് ഒരു ഭരണഘടനാനിർമാണസഭ രൂപവത്‌കരിക്കും. ഈ ഭരണഘടന അംഗീകരിക്കാൻ തയ്യാറല്ലാത്ത സംസ്ഥാനങ്ങൾക്ക് സ്വന്തമായി ഭരണഘടന ഉണ്ടാക്കാം. ഇന്ത്യാ യൂണിയനിൽ തുല്യമായ പദവി ഈ സംസ്ഥാനങ്ങൾക്ക് ഉണ്ടായിരിക്കും. പുതിയ ഭരണഘടന രൂപവത്‌കരിക്കുന്നതുവരെ ഇന്ത്യൻ രാജ്യരക്ഷയുടെ നിയന്ത്രണം ബ്രിട്ടന്റെ കൈയിലായിരിക്കും എന്നു തുടങ്ങിയ ക്രിപ്‌സ് നിർദേശങ്ങൾ നേതാക്കളെ ചൊടിപ്പിച്ചു. അവ തിരസ്കരിച്ചുകൊണ്ട് കോൺഗ്രസ് പ്രവർത്തകസമിതി പ്രമേയം അവതരിപ്പിച്ചു.

കച്ചവടച്ചരക്കല്ല ജനം

ഇന്ത്യൻ നാട്ടുരാജ്യങ്ങളിലെ ഒൻപതുകോടി ജനങ്ങളെ അവഹേളിക്കുകയും രാജാക്കന്മാർക്ക് എന്തും ചെയ്യാവുന്ന കച്ചവടച്ചരക്കായിമാത്രം അവരെ പരിഗണിക്കുകയും ചെയ്തത് ജനാധിപത്യത്തിന്റെയും സ്വയംനിർണയാവകാശത്തിന്റെയും നിഷേധമാണെന്ന് പ്രമേയത്തിൽ പറഞ്ഞു. തുടർന്നുള്ള സംഭവങ്ങളാണ് ക്വിറ്റിന്ത്യാ സമരത്തിലേക്ക് നയിച്ചത്.

1942 ജൂലായ്‌ ആറിന് കോൺഗ്രസ് പ്രവർത്തകസമിതി വാർധയിൽ യോഗം ചേർന്നു. ഒരാഴ്ചയിലധികം നീണ്ടുനിന്ന ചർച്ചകൾക്കുശേഷമാണ് ചരിത്രപ്രസിദ്ധമായ ക്വിറ്റിന്ത്യാപ്രമേയം അംഗീകരിച്ചത്. ഓഗസ്റ്റ് ആദ്യം ബോംബെയിൽ ഗാന്ധിജിയുടെ സാന്നിധ്യത്തിൽ ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി പ്രമേയത്തിന്‌ അന്തിമരൂപം നൽകി. പാർട്ടി പ്രസിഡന്റ് മൗലാനാ അബുൾകലാം ആസാദ്, സർദാർ വല്ലഭ്‌ഭായ് പട്ടേൽ, ജവാഹർലാൽ നെഹ്രു, കൃപലാനി തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.

ബ്രിട്ടൻ ഇന്ത്യയിൽനിന്ന് ഉടൻ പിൻവാങ്ങുക, ഏഷ്യയിലെ സകല ജനങ്ങൾക്കും സ്വാതന്ത്ര്യം നൽകുക, ഇന്ത്യയുടെ ഫെഡറൽ ഭരണത്തിൽ സംസ്ഥാനങ്ങൾക്കു പരമാവധി സ്വാതന്ത്ര്യമുണ്ടായിരിക്കുക, നാസിസത്തെയും ഫാസിസത്തെയും സാമ്രാജ്യത്വത്തെയും എതിർക്കുക, ഐക്യരാഷ്ട്രസഭയുടെ ഭാഗത്തുനിൽക്കുന്ന താത്‌കാലിക സർക്കാർ ഇന്ത്യയിലുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ക്വിറ്റിന്ത്യാ പ്രമേയം.

“ഇനിയൊരുനിമിഷംപോലും അടിമയായിരിക്കാൻ രാജ്യത്തിനു കഴിയില്ലെന്നും സ്വാതന്ത്ര്യത്തിനുള്ള സമരം ഉടൻ തുടങ്ങണമെന്നും കോൺഗ്രസ് പ്രവർത്തകസമിതി നിശ്ചയിച്ചിരിക്കുന്നു” -പ്രമേയം വിശദീകരിക്കാൻ കൂടിയ യോഗത്തിൽ നെഹ്രു പ്രഖ്യാപിച്ചു.

പ്രമേയം പാസാക്കലും കൂട്ട അറസ്റ്റും

ക്വിറ്റിന്ത്യാ പ്രമേയം പാസാക്കാൻ കോൺഗ്രസ് കമ്മിറ്റിയുടെ ചരിത്രപ്രസിദ്ധമായ ബോംബെ സമ്മേളനം 1947 ഓഗസ്റ്റ് ഏഴിന് ആരംഭിച്ചു. അതിൽ പങ്കെടുത്ത നേതാക്കളും ഇരുനൂറ്റി അൻപത് പ്രതിനിധികളും പതിനായിരത്തിലധികം സന്ദർശകരും ഹർഷാരവത്തോടെയാണ് ഗാന്ധിജിയെ സ്വാഗതംചെയ്തത്. ആസാദിന്റെ അധ്യക്ഷപ്രസംഗത്തിനുശേഷം ഗാന്ധിജി ജനങ്ങളെ അഭിസംബോധന ചെയ്തു. സമരംകൊണ്ടേ സ്വാതന്ത്ര്യംകിട്ടൂവെന്നും അത് മാനത്തുനിന്ന്‌ പൊട്ടിവീഴില്ലെന്നും ഗാന്ധിജി പ്രസംഗിച്ചു. ജവാഹർലാൽ നെഹ്രു പ്രമേയം വായിക്കാൻ തുടങ്ങിയതോടെ സദസ്സിൽ ആവേശംനിറഞ്ഞു. ബ്രിട്ടീഷ് സർക്കാർ ഇന്ത്യ വിട്ടുപോകണമെന്ന് വീണ്ടും ഉറപ്പിച്ചാവശ്യപ്പെട്ടതോടെ കരഘോഷം ഇടിമുഴക്കംപോലെയായി. സർദാർ പട്ടേൽ പ്രമേയത്തെ പിന്താങ്ങി. ചിലർ ഭേദഗതികളവതരിപ്പിച്ചെങ്കിലും അതെല്ലാം തള്ളി. എട്ടാം തീയതി, ക്വിറ്റിന്ത്യാപ്രമേയം പാസായി. തുടർന്ന്‌ ഗാന്ധിജി നടത്തിയ പ്രസംഗത്തിൽ ‘പ്രവർത്തിക്കൂ അല്ലെങ്കിൽ മരിക്കൂ’ എന്ന് പ്രഖ്യാപിച്ചു.

അന്നേദിവസംതന്നെ ക്വിറ്റിന്ത്യാ സമരത്തെ നേരിടുന്നതിന്‌ ആസാധാരണ ഗസറ്റ് വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചിരുന്നു. അടുത്തദിവസംതന്നെ ഗാന്ധിജി, നെഹ്രു, സർദാർ വല്ലഭ്ഭായി പട്ടേൽ, സരോജിനി നായിഡു തുടങ്ങി പ്രമുഖനേതാക്കളെയെല്ലാം അറസ്റ്റുചെയ്ത്‌ ജയിലിലടച്ചു. പിന്നീട് രാജ്യവ്യാപകമായി അറസ്റ്റുകൾ നടന്നു. അതോടെ പലഭാഗങ്ങളിലും പ്രതിഷേധം ആളിക്കത്തി. സർക്കാരിന്റെ നടപടികളെ ചോദ്യംചെയ്ത് യുവാക്കൾ രംഗത്തിറങ്ങി. തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും വൻപ്രകടനങ്ങൾ നടന്നു. വിദ്യാലയങ്ങളും കോടതികളും ബഹിഷ്കരിച്ചു. പൊതുയോഗങ്ങൾക്കും ജാഥകൾക്കും പലേടത്തും നിരോധനമുണ്ടായിരുന്നു.

ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് 1942 ഓഗസ്റ്റ് ഒമ്പതിനും ഡിസംബർ 31-നും ഇടയിൽ ഇ ന്ത്യയിലാകെ 62,229 പേരെ അറസ്റ്റുചെയ്തെന്നും പതിനെണ്ണായിരം പേരെ വിചാരണകൂടാതെ തടങ്കലിലിട്ടെന്നും തൊള്ളായിരത്തി നാല്പതുപേർ പോലീസിന്റെയോ പട്ടാളത്തിന്റെയോ വെടിയേറ്റു മരിച്ചെന്നുമാണ് ഔദ്യോഗിക കണക്ക്. യാഥാർഥ്യം ഇതിൽ എത്രയോ കൂടുതലായിരിക്കും.

സർക്കാരിന്റെ നടപടികളിൽ രോഷംപൂണ്ട യുവാക്കൾ മലബാർ ഉൾപ്പെടെ പലേടത്തും വിപ്ലവപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ടെലിഗ്രാഫ് കമ്പികൾ മുറിച്ചും സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും തീയിട്ടും അവർ പ്രതിഷേധം രേഖപ്പെടുത്തി. അതിൽ ചില സംഭവങ്ങളാണ്, ചേമഞ്ചേരി രജിസ്ട്രാർ ഓഫീസിനും റെയിൽവേ സ്റ്റേഷനും അംശക്കച്ചേരികൾക്കും തീയിട്ടതും കൊയിലാണ്ടി-ബാലുശ്ശേരി റോഡിലെ ഉള്ളിയേരി പാലം പൊളിച്ചുനീക്കിയതുമൊക്കെ. ചോമ്പാലിൽ സർക്കാറിന്റെ ഉപ്പു ഡിപ്പോയ്ക്കും തീയിട്ടു. കീഴരിയൂർ ബോംബുകേസിൽ. ഇരുപത്തിയേഴുപേരെ പ്രതികളാക്കിയാണ് കേസെടുത്തത്. ഇതിൽ പതിന്നാലുപേർ ഏഴുകൊല്ലംവീതവും ഒരാൾ പത്തുകൊല്ലവും കഠിനതടവിന് ശിക്ഷിക്കപ്പെട്ടു.

ക്വിറ്റിന്ത്യാ സമരകാലത്ത് ബ്രിട്ടീഷ് പോലീസിനെ ഞെട്ടിച്ച് മലബാറിലെ താനൂർ കടപ്പുറത്ത് മുങ്ങിക്കപ്പലുകളിലെത്തിയ ഏതാനുംപേർ അറസ്റ്റിലായി. അനന്തൻ നായർ (തിരുവനന്തപുരം), മുഹമ്മദ്ഗനി (തൃശ്ശിനാപ്പള്ളി), അബ്ദുൾഖാദർ (വക്കം), ഈപ്പൻ (തിരുവനന്തപുരം), ജോർജ് (ആലപ്പുഴ) എന്നിവരാണ് പിടിയിലായത്. ബാരിസ്റ്റർ എൻ. രാഘവന്റെ നേതൃത്വത്തിൽ പെനാങ്ങിൽ പ്രവർത്തിച്ചിരുന്ന സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ടിലെ സാഹസികരായ യുവാക്കളായിരുന്നു ഇവർ. ഇതേ പ്രസ്ഥാനത്തിൽനിന്ന് ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും യുവാക്കളെത്തി. ചാരവിരുദ്ധ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അറസ്റ്റുചെയ്ത ഇവരിൽ, വക്കം അബ്ദുൽഖാദർ, ഫോജാ സിങ്‌, ബർദാൻ, അനന്തൻനായർ എന്നിവരെ മദ്രാസ് ജയിലിൽ തൂക്കിക്കൊന്നു.

Content Highlights: independence day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented