ഇന്ത്യന്‍ ജനാധിപത്യത്തിന്റെ  അതിജീവനവും ഭാവിയും  


സുധാ മേനോന്‍

ചരിത്രവുമായുള്ള ആ സന്ദിഗ്ധമായ കൂടിക്കാഴ്ചയുടെ 75 വര്‍ഷം കടന്നുപോകുമ്പോള്‍, ഏതൊരു ഇന്ത്യാക്കാരനും  ഏറ്റവും അഭിമാനിക്കാവുന്ന നേട്ടം ഒരു രാഷ്ട്രീയവ്യവസ്ഥയെന്ന നിലയിലുള്ള  ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അതിജീവനംതന്നെയാണ്.

ഫോട്ടോ:മാതൃഭൂമി

'സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നെഴുന്നേറ്റ' നിമിഷത്തില്‍ത്തന്നെ ഇന്ത്യയെന്ന ജനാധിപത്യരാഷ്ട്രത്തിന് ചരമക്കുറിപ്പ് എഴുതിയവര്‍ ഏറെയായിരുന്നു. അമ്പരപ്പിക്കുംവിധം വൈവിധ്യമുള്ള ഭൂമിശാസ്ത്രവും ശ്രേണീവത്കരിക്കപ്പെട്ട സാമൂഹികഘടനയും സമാനതകളില്ലാത്ത മത-ഭാഷാ-സംസ്‌കാര വൈജാത്യങ്ങളും അവികസിതമായ സമ്പദ്ഘടനയുമൊക്കെയുള്ള ഇന്ത്യ ഒരു ദേശരാഷ്ട്രമാണെങ്കില്‍ 'ഭൂമധ്യരേഖ'യെയും അങ്ങനെ വിളിക്കേണ്ടിവരുമെന്ന് വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ അന്ന് പരിഹസിച്ചു.പക്ഷേ, എല്ലാ വിമര്‍ശനങ്ങള്‍ക്കും അപഭ്രംശങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കുമപ്പുറം, ഇന്ത്യ ലോകത്തിലെ ഏറ്റവും വലുതും സചേതനവുമായ ജനാധിപത്യരാഷ്ട്രമായി ഇന്നും നിലനില്‍ക്കുന്നു.

ചരിത്രവുമായുള്ള ആ സന്ദിഗ്ധമായ കൂടിക്കാഴ്ചയുടെ 75 വര്‍ഷം കടന്നുപോകുമ്പോള്‍, ഏതൊരു ഇന്ത്യാക്കാരനും ഏറ്റവും അഭിമാനിക്കാവുന്ന നേട്ടം ഒരു രാഷ്ട്രീയവ്യവസ്ഥയെന്ന നിലയിലുള്ള ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അതിജീവനംതന്നെയാണ്. നമുക്കൊപ്പം സ്വാതന്ത്ര്യംനേടിയ പല രാജ്യത്തും ഇന്ന് പേരിനുപോലും ജനാധിപത്യം അവശേഷിക്കുന്നില്ല എന്നിടത്താണ് ഇന്ത്യ വേറിട്ടുനില്‍ക്കുന്നത്.

സര്‍ഗാത്മക ആവിഷ്‌കാരം
സ്വതന്ത്രഇന്ത്യയുടെ ചരിത്രം ഒരര്‍ഥത്തില്‍ ജനാധിപത്യത്തിന്റെ സര്‍ഗാത്മക ആവിഷ്‌കാരംകൂടിയായിരുന്നു. 'സ്വാതന്ത്ര്യത്തിന്റെ വീട്' ആയിരുന്നു ജവാഹര്‍ലാല്‍നെഹ്രു കെട്ടിപ്പടുക്കാന്‍ ശ്രമിച്ചത്.

നെഹ്രുവും പട്ടേലും ആസാദും അംബേദ്കറുമടങ്ങുന്ന നേതാക്കള്‍ അനിതരസാധാരണമായ വൈഭവത്തോടെ വിഭജനമുറിവുകളില്‍ മരുന്നുവെച്ച് കെട്ടുകയും അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുകയും നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കുകയും അതിഗംഭീരമായ ഒരു ഭരണഘടന എഴുതിയുണ്ടാക്കുകയും സാര്‍വത്രിക വോട്ടവകാശത്തിലൂടെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടത്തുകയും ശക്തവും സംവാദത്തിലധിഷ്ഠിതവുമായ പാര്‍ലമെന്ററി സമ്പ്രദായത്തിന് അടിത്തറയിടുകയും ഗോവയെ സ്വതന്ത്രമാക്കുകയും, പൊതുമേഖലാസ്ഥാപനങ്ങളും പഞ്ചവത്സരപദ്ധതികളും തുടങ്ങുകയും പ്രാദേശിക-ഉപദേശീയ-ന്യൂനപക്ഷ വികാരങ്ങളെയും അഭിലാഷങ്ങളെയും വലിയൊരു പരിധിവരെ ഉള്‍ക്കൊള്ളുകയും ചെയ്തു. മിലിട്ടറി ശക്തിയൊന്നുമില്ലാഞ്ഞിട്ടും ചേരിചേരാനയത്തിലൂടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിലൂടെയും ഇന്ത്യക്ക് ലോകരാജ്യങ്ങള്‍ക്കിടയില്‍ അന്തസ്സുള്ള സ്ഥാനം നേടിക്കൊടുക്കുകയും ചെയ്ത കാലമായിരുന്നു അന്‍പതുകള്‍. ആധുനികതയുടെയും രാഷ്ട്രനിര്‍മാണത്തിന്റെയും പുഷ്‌കലകാലം.

അറുപതുകളിലെ പ്രതിസന്ധികള്‍
അറുപതുകള്‍ പ്രതിസന്ധികളുടെയും പരിവര്‍ത്തനങ്ങളുടെയും വികല്‍പ്പങ്ങളുടെയുംകൂടി പരീക്ഷണകാലമായിരുന്നു. ചൈനായുദ്ധം, ഭക്ഷ്യക്ഷാമം, ഭാഷാപ്രശ്‌നങ്ങള്‍, പ്രാദേശികപാര്‍ട്ടികളുടെ കടന്നുവരവ്, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ്, കോണ്‍ഗ്രസ്വിരുദ്ധ ബദല്‍ സോഷ്യലിസ്റ്റ് അന്വേഷണങ്ങളുടെ വളര്‍ച്ച, ദ്രാവിഡ ആത്മാഭിമാന രാഷ്ട്രീയത്തിന്റെ ഉദയം, നെഹ്രു എന്ന വന്മരത്തിന്റെ അന്ത്യം, പാകിസ്താനുമായുള്ള യുദ്ധം, ഇന്ദിരാഗാന്ധിയുടെ ഉദയം, കോണ്‍ഗ്രസിലെ പിളര്‍പ്പ്, നക്‌സല്‍ പ്രസ്ഥാനങ്ങള്‍, ഹരിതവിപ്ലവത്തിന്റെ തുടക്കം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ജനാധിപത്യത്തിന്റെ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക സ്വഭാവങ്ങളില്‍ കാതലായ മാറ്റമുണ്ടാക്കി. ഒരു ആശയവും ജനതയുടെ അഭിലാഷങ്ങളുടെ ആവിഷ്‌കാരവും എന്നനിലയില്‍ ജനാധിപത്യം കൂടുതല്‍ വൈവിധ്യപൂര്‍ണവും സംഘര്‍ഷാത്മകവുമായി.

എഴുപതുകളില്‍ അപഭ്രംശം
എഴുപതുകളിലാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് പ്രകടമായ അപഭ്രംശം സംഭവിക്കുന്നത്. പോപ്പുലിസ്റ്റ്‌നയങ്ങളിലൂടെയും സിക്കിം കൂട്ടിച്ചേര്‍ത്തതിലൂടെയും ബാങ്ക് ദേശസാത്കരണത്തിലൂടെയും ബംഗ്ലാദേശിന്റെ പിറവിയിലൂടെയും ന്യൂക്‌ളിയര്‍ പരീക്ഷണത്തിലൂടെയും ഹരിതവിപ്‌ളവത്തിലൂടെയുമൊക്കെ ഇന്ദിരാഗാന്ധി നേടിയെടുത്തത് സമാനതകളില്ലാത്ത ജനപ്രീതിയായിരുന്നു. പക്ഷേ, സമ്പൂര്‍ണവിപ്ലവവും നവനിര്‍മാണ്‍ പ്രസ്ഥാനവും അവര്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുകയും ഒടുവില്‍, അലഹാബാദ് ഹൈക്കോടതിവിധി എതിരാവുകയും ചെയ്തപ്പോള്‍, ജനാധിപത്യരീതിയിലുള്ള പ്രതിരോധത്തിനുപകരം സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ജനാധിപത്യധ്വംസനത്തിന് ഇന്ദിരാഗാന്ധി തുടക്കമിട്ടു. പക്ഷേ, സമഗ്രാധിപത്യത്തിന്റെ ആ പരീക്ഷണം അധികം വൈകാതെ പരാജയപ്പെടുകയും ഇന്ത്യ ജനാധിപത്യം വീണ്ടെടുക്കുകയുംചെയ്തത് ചരിത്രം. ആദ്യത്തെ ബഹുപാര്‍ട്ടിമുന്നണിഭരണത്തിന്റെ ഉദയവും അസ്തമയവും കണ്ടതും എഴുപതുകളിലാണ്.

വെല്ലുവിളികളുടെ എണ്‍പതുകള്‍
എണ്‍പതുകളില്‍ ഉയര്‍ന്നുവന്ന വെല്ലുവിളികള്‍ വിഘടനവാദത്തിന്റേതുകൂടിയായിരുന്നു. സിഖ് വിഭജനവാദം അടിച്ചമര്‍ത്താന്‍ ഇന്ദിരാഗാന്ധിക്ക് കഴിഞ്ഞെങ്കിലും സ്വന്തം ജീവന്‍തന്നെ അവര്‍ക്ക് വിലയായി നല്‍കേണ്ടിവന്നത് വേദനയായി. പിന്‍ഗാമിയായ രാജീവ് ഗാന്ധി, കംപ്യൂട്ടര്‍വത്കരണത്തിലൂടെയും ടെലികോം വിപ്ലവത്തിലൂടെയും കൂറുമാറ്റനിരോധനനിയമത്തിലൂടെയും പഞ്ചായത്തീരാജിലൂടെയും വിഘടനവാദങ്ങള്‍ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങളിലൂടെയും ഭാവിഇന്ത്യയുടെ നേതാവായി ഉയര്‍ന്നുവന്നത് എണ്‍പതുകളുടെ ആദ്യപകുതിയിലാണ്. പക്ഷേ, അഴിമതിയാരോപണങ്ങളും അയോധ്യയും ഷബാനു കേസും ശ്രീലങ്കയിലെ ഇടപെടലുമൊക്കെ ശോഭകെടുത്തിയപ്പോള്‍, ഇന്ത്യയിലെ രണ്ടാമത്തെ കോണ്‍ഗ്രസ്സിതര മുന്നണിഭരണത്തിലേക്കാണ് ഇന്ത്യ കടന്നുചെന്നത്.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ 'കോണ്‍ഗ്രസ് സിസ്റ്റ'ത്തിന്റെ തകര്‍ച്ചയായി പലരും അവതരിപ്പിച്ച ഇക്കാലത്ത് വി.പി. സിങ്ങും ചന്ദ്രശേഖറും ചുരുങ്ങിയ കാലം ഭരിച്ചെങ്കിലും ആ പരീക്ഷണവും വിജയിച്ചില്ല. ഇതേസമയത്താണ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ നാമ്പുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തളിരിടാന്‍ തുടങ്ങിയത്. എല്‍.കെ. അദ്വാനിയുടെ രഥയാത്ര ബി.ജെ.പി.യുടെ വളര്‍ച്ച ത്വരഗതിയിലാക്കി.

മാറിനടന്ന തൊണ്ണൂറുകള്‍
തൊണ്ണൂറുകള്‍മുതല്‍, ജനാധിപത്യം കൂടുതല്‍ പ്രാതിനിധ്യസ്വഭാവമുള്ളതാവുകയും പ്രബലഗ്രൂപ്പുകളില്‍നിന്ന് വിട്ടുമാറി പ്രാന്തവത്കരിക്കപ്പെട്ട സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളിലേക്കുകൂടി പടരുകയുംചെയ്തു. 'മണ്ഡല്‍, മസ്ജിദ്, മാര്‍ക്കറ്റ്' എന്നീ മൂന്നുപ്രതിഭാസങ്ങള്‍ നിര്‍വചിക്കുകയും നിയന്ത്രിക്കുകയുംചെയ്യുന്ന ഒന്നായി ക്രമേണ ഇന്ത്യന്‍ ജനാധിപത്യം മാറി. പ്രധാനമന്ത്രിയായ നരസിംഹറാവു ലൈസന്‍സ് രാജിന് അന്ത്യംകുറിച്ചുകൊണ്ട് പുതിയ സാമ്പത്തികനയങ്ങള്‍ ആരംഭിച്ചതുമുതല്‍ നെഹ്രുവിന്റെ 'സോഷ്യലിസ്റ്റ് ഇന്ത്യ' അദ്ഭുതകരമായ രൂപപരിണാമത്തിന് വിധേയമായി.

മണ്ഡലിനുശേഷമുള്ള നവലിബറല്‍ ഇന്ത്യയിലെ ഉയര്‍ന്നുവരുന്ന ജനതയുടെ അഭിലാഷങ്ങളും പ്രതീക്ഷകളും അന്ന് നിലനിന്നിരുന്ന ജനാധിപത്യസങ്കല്പങ്ങളിലും പ്രവര്‍ത്തനപഥങ്ങളിലും മാറ്റങ്ങള്‍ വരുത്തി. പുതിയ പ്രാദേശികപാര്‍ട്ടികളും ദളിത്-പിന്നാക്കജാതി സ്വത്വത്തെ ആധാരമാക്കിയ ബി.എസ്.പി., സമാജ്വാദി പാര്‍ട്ടി തുടങ്ങിയ ദേശീയപ്പാര്‍ട്ടികളും ശക്തിപ്രാപിച്ചു. പക്ഷേ, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തെയും ബഹുസ്വരസ്വഭാവത്തെയും സാരമായി ബാധിച്ചത് ബാബറി മസ്ജിദിന്റെ തകര്‍ച്ചയായിരുന്നു. അന്നുമുതലാണ് വര്‍ഗീയധ്രുവീകരണത്തിന്റെ അപകടരാഷ്ട്രീയം, ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്. അടിയന്തരാവസ്ഥ ഒരു അപഭ്രംശം മാത്രമായിരുന്നെങ്കില്‍, മന്ദിര്‍ വിവാദം ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കി.

തൊണ്ണൂറുകളുടെ രണ്ടാംപകുതിയിലെ വിവിധ പരീക്ഷണങ്ങള്‍ക്കുശേഷം, 1998-ല്‍ വാജ്‌പേയ് ഇന്ത്യയിലെ ആദ്യത്തെ ബി.ജെ.പി. മന്ത്രിസഭയ്ക്ക് തുടക്കമിട്ടു. ലഹോറിലേക്ക് ബസ്യാത്ര നടത്തിയും ന്യൂക്‌ളിയര്‍ പരീക്ഷണത്തിലൂടെയും വാജ്‌പേയ് മാറ്റങ്ങളിലേക്ക് നയിക്കാന്‍ ശ്രമിച്ചെങ്കിലും ഗുജറാത്ത് കലാപവും കാര്‍ഗില്‍ യുദ്ധവും ഭീകരവാദവും ഇന്ത്യന്‍ പാര്‍ലമെന്റിലെ ആക്രമണവും ഇന്ത്യ തിളങ്ങുന്നു പ്രചാരണവുമൊക്കെ പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ ബി.ജെ.പി.ക്ക് വലിയ തിരിച്ചടികള്‍ നല്‍കി.

പുതിയ നൂറ്റാണ്ട് പിറന്നപ്പോള്‍
തുടര്‍ന്ന്, 2004 സാക്ഷ്യംവഹിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിഭരണത്തിനായിരുന്നു. മന്‍മോഹന്‍ സിങ്ങിന്റെ പത്തുവര്‍ഷത്തെ ഭരണത്തില്‍ ഇന്ത്യ, ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികവളര്‍ച്ച നേടുകയും തൊഴിലുറപ്പുപദ്ധതി, വിവരാവകാശനിയമം, ഭക്ഷ്യസുരക്ഷാനിയമം തുടങ്ങിയ നയപരിപാടികളിലൂടെ ജനായത്തത്തിന്റെ ഉള്ളടക്കം കൂടുതല്‍ ജനക്ഷേമകരമാക്കുകയും ചെയ്തു.

ഏകപാര്‍ട്ടികേന്ദ്രിതമായ കോണ്‍ഗ്രസ് സിസ്റ്റത്തില്‍നിന്ന് ബഹുപാര്‍ട്ടികേന്ദ്രിതമായ മുന്നണിരാഷ്ട്രീയസമവാക്യങ്ങളിലേക്ക് പൂര്‍ണമായി മാറിയത് ഇക്കാലത്താണ്. ഉപദേശീയതകളുടെയും പ്രാദേശികസ്വത്വബോധരാഷ്ട്രീയത്തിന്റെയും വടംവലികളെ കൃത്യമായി സമന്വയിക്കാന്‍പറ്റുന്ന ഒരേയൊരു മാതൃകയായി മുന്നണികള്‍ മാറി. പരിമിതികളും വൈരുധ്യങ്ങളുമുണ്ടെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അതിരുകളെ വിവിധ കാലഘട്ടങ്ങളില്‍ പുനര്‍നിര്‍വചിക്കാനും പല കാരണങ്ങളാല്‍ നിശ്ശബ്ദമാക്കപ്പെട്ട സാമൂഹികവിഭാഗങ്ങളുടെ ശബ്ദം കേള്‍പ്പിക്കാനും ഇവയ്ക്ക് കഴിഞ്ഞിരുന്നു.

അണ്ണാ പ്രസ്ഥാനത്തിന്റെയും അഴിമതിയാരോപണങ്ങളുടെയും പശ്ചാത്തലത്തിലും നരേന്ദ്രമോദിയുടെ 'വികാസ്പുരുഷ്' ബിംബവത്കരണത്തിലൂന്നിയ പ്രചാരണത്തിലും കോണ്‍ഗ്രസ് മുന്നണി തകര്‍ന്നതോടെ, 2014-ലെ പൊതുതിരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ടാമത്തെ നിര്‍ണായകചരിത്രസന്ധിയായി മാറി.

പരിവര്‍ത്തനത്തിന്റെ നാളുകള്‍
2014 മുതലുള്ള ഇന്ത്യന്‍ ജനാധിപത്യത്തിന്റെ എട്ടുവര്‍ഷങ്ങള്‍ സാക്ഷ്യംവഹിച്ചത്, വിശാലമായ അര്‍ഥത്തില്‍ നെഹ്രുവിന്റെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളില്‍നിന്ന് നരേന്ദ്രമോദിയുടെ വര്‍ത്തകസംസ്‌കാരത്തിന്റെ ഡിജിറ്റല്‍ഇന്ത്യയിലേക്കുള്ള പരിവര്‍ത്തനത്തിനാണ്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ജനനത്തിനുശേഷം ഒറ്റയ്ക്ക് പൂര്‍ണഭൂരിപക്ഷംകിട്ടിയ ആദ്യത്തെ കോണ്‍ഗ്രസ്സിതര സര്‍ക്കാരായിരുന്നു അത്. ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അതൊരു വെറും രാഷ്ട്രീയമാറ്റമായിരുന്നില്ല. കാരണം, ബി.ജെ.പി. ലക്ഷ്യമാക്കിയത് ഒരേസമയം ഇന്ത്യയുടെ നവീകരണവും അപനിര്‍മാണവുമാണ്.

നവീകരണമെന്നത് നിലവിലുള്ള വ്യവസ്ഥയെ കൂടുതല്‍ വേഗത്തില്‍ പരിഷ്‌കരിക്കുന്ന ഒന്നാണെങ്കില്‍, അപനിര്‍മാണം ലക്ഷ്യമാക്കിയത് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സാമൂഹികവും സാംസ്‌കാരികവും നൈതികവുമായ മൂല്യങ്ങളെ ഒന്നടങ്കം പിഴുതുമാറ്റി പുതിയൊരു രാഷ്ട്രീയസംവേദനത്വം സൃഷ്ടിക്കുകയായിരുന്നു. ഇതുവരെ, ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ശ്രമിച്ചിട്ടില്ലാത്ത ഈ അപനിര്‍മാണം ഇന്ത്യന്‍ ജനാധിപത്യത്തെ ഇന്ന് നയിച്ചുകൊണ്ടിരിക്കുന്നത് പരിചിതമല്ലാത്ത വഴികളിലൂടെയാണ്.

1947 മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയം സ്വാംശീകരിച്ച നെഹ്രുവിയന്‍ ആധുനികതയുടെയും മതനിരപേക്ഷതയുടെയും ബഹുസ്വര ദേശീയഭാവനയുടെയും നിരാകരണമാണ് അതില്‍ ഏറ്റവും പ്രധാനമായ മാറ്റം. പുരാതന ഹൈന്ദവസംസ്‌കാരവും മിത്തുകളും ബുദ്ധ-ജൈന സംസ്‌കാരങ്ങളും ഇസ്ലാമിന്റെയും സൂഫിസത്തിന്റെയും ക്രൈസ്തവതയുടെയും സ്വാധീനവും കോളനിവാഴ്ചയും ആധുനികതയും ചേര്‍ന്ന് സൃഷ്ടിച്ചതാണ് ഇന്ത്യയുടെ ബഹുസ്വരത. ഈ വിശാലപാരമ്പര്യത്തിന്റെ നാനാത്വം പൂര്‍ണമായി അംഗീകരിച്ചുകൊണ്ടുള്ള ഭരണഘടനാമൂല്യങ്ങളും സ്ഥാപനങ്ങളുമാണ് ഇന്ത്യയെ ജനാധിപത്യരാജ്യമാക്കി നിലനിര്‍ത്തുന്നത്. ഭൂമിശാസ്ത്രവും ചരിത്രവും ചേര്‍ന്ന് അനിവാര്യതയാക്കി മാറ്റിയ ആ സംസ്‌കാരത്തിന്റെ ലെജിറ്റിമസിയെ, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍തന്നെ ചോദ്യംചെയ്യുന്നതാണ് ഇന്ന് ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

പൊതുമണ്ഡലത്തില്‍, ഭരണനിര്‍വഹണത്തിന്റെ രീതികളില്‍, പൗരത്വചര്‍ച്ചയില്‍, ന്യായാന്യായബോധങ്ങളിലൊക്കെയും ജനാധിപത്യത്തെ 'ഭൂരിപക്ഷവര്‍ഗീയ സാംസ്‌കാരിക ആശയമായി' പരിവര്‍ത്തനംചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. 1920-കള്‍മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍ണയിച്ചതും ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യസ്രോതസ്സായി പ്രവര്‍ത്തിക്കുകയുംചെയ്ത ബഹുസ്വരവും മതനിരപേക്ഷവുമായ പാന്‍ ഇന്ത്യന്‍ ദേശീയതാബോധത്തെ കേവലം ഭൂരിപക്ഷവംശീയഭാവനയിലേക്ക് ചുരുക്കുന്നത് ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാണെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല.

അപരവത്കരണവും അവകാശനിഷേധവും അതിതീവ്രദേശീയതയുമാണ് സമകാലിക ഇന്ത്യയില്‍ ജനാധിപത്യത്തെ നിര്‍വചിക്കുന്നത്. പ്രത്യയശാസ്ത്രബന്ധിതമായ തിരഞ്ഞെടുപ്പുകള്‍ക്കുപകരം പണമൊഴുക്കിക്കൊണ്ടുള്ള പ്രചാരണവും പൊളിറ്റിക്കല്‍ മാര്‍ക്കറ്റിങ്ങും രക്ഷാകര്‍തൃത്വരാഷ്ട്രീയവും തീയട്രിക്‌സുമടങ്ങുന്ന 'ഓഡിയന്‍സ് ജനാധിപത്യം' ഇന്ത്യയില്‍ അതിവേഗം ഉയര്‍ന്നുവരുകയാണ്. വിവരസാങ്കേതികവിദ്യയുടെ സൃഷ്ടിയും വിതരണവും കൗശലത്തോടെയുള്ള ഉപയോഗവും സുപ്രധാനമായ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക പദ്ധതിയായി മാറിയതും ഇക്കാലത്താണ്.

ജനാധിപത്യം പരാജയപ്പെട്ടോ?
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിലെ പ്രധാന ഘടകമെന്നനിലയില്‍ മതേതരത്വം പരാജയപ്പെടുന്നതും നമ്മള്‍ കണ്ടു. മതവിശ്വാസം ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന ഒരു സമൂഹത്തില്‍ മതേതരത്വത്തിന്റെ പ്രായോഗികതലങ്ങള്‍ നിത്യജീവിതത്തിലെ വ്യവഹാരമാക്കേണ്ട ഉത്തരവാദിത്വത്തില്‍നിന്ന് ഇന്ത്യയിലെ മതേതരരാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്നാക്കംപോയതും ഒരു കാരണമാണ്. മതേതരത്വവും ബഹുസ്വരതയുമൊക്കെ ആശയതലത്തില്‍നിന്നും ജനാധിപത്യത്തെ നിയന്ത്രിക്കുന്ന ജൈവതാളമായി മാറണമെങ്കില്‍ അതിനുവേണ്ടിയുള്ള സംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിരന്തരമായി നടത്തേണ്ടതുണ്ട് എന്ന പ്രാഥമിക അറിവ് അവര്‍ക്കുണ്ടായില്ല.
അതുകൊണ്ടാണ്, പാമ്പ് ഉറപൊഴിക്കുന്നതുപോലെ ഇന്ത്യന്‍ രാഷ്ട്രീയം അതിവേഗം മാറിമറിഞ്ഞത്. ജനാധിപത്യത്തിന്റെ ഇലപൊഴിയുംകാലമാണിത്. ആധുനികതയെക്കുറിച്ചുള്ള കാവ്യാത്മകമായ നെഹ്രുവിയന്‍ ഭാവനയെ വര്‍ത്തമാനകാല ഇന്ത്യ വിപണിപ്രിയമായ വരണ്ട ഗദ്യമാക്കിമാറ്റി. അധികാരകേന്ദ്രീകരണത്തിലൂടെ, ഭരണഘടനാസ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിലൂടെ, ഫെഡറല്‍ അവകാശങ്ങളുടെ ലംഘനങ്ങളിലൂടെ, നാടകീയമായ പൊതുനയപ്രഖ്യാപനങ്ങളിലൂടെ, പാര്‍ലമെന്റിന്റെ അധികാരം കവര്‍ന്നെടുക്കുന്നതിലൂടെ, സംവാദത്തിന്റെയും എതിരഭിപ്രായത്തിന്റെയും ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുന്നതിലൂടെ ഇന്ത്യ അതിവേഗം ജനാധിപത്യത്തിന്റെ ധാര്‍മികമായ അടിത്തറയെ കുറ്റബോധമില്ലാതെ പൊളിച്ചുപണിയുകയാണ്.
അതുകൊണ്ടുതന്നെ, സമഗ്രാധിപത്യത്തിന്റെ സാധ്യതകളെ ഇന്ത്യന്‍ ജനാധിപത്യത്തിന് മറികടക്കാന്‍പറ്റുമോ എന്ന ചോദ്യമാണ് ഈ എഴുപത്തഞ്ചാം പിറന്നാള്‍വേളയിലും പ്രസക്തമാകുന്നത്. ഇതിന് ഉത്തരംപറയാന്‍ കഴിയുക ഇന്ത്യന്‍ ജനതയ്ക്കുതന്നെയാണ്. ജനങ്ങളാണ് ജനാധിപത്യത്തിന്റെ ആത്മാവ്.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആധുനിക ബഹുസ്വര-ജനായത്തബോധം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ഏറ്റവും പ്രാഥമികമായ കര്‍ത്തവ്യം. അതിന് നമുക്കാവശ്യം, പഴയ അതിതീവ്രദേശീയതയ്ക്കുപകരം വിശാലമായ ദേശഭാവനകളെയും ആധുനിക രാഷ്ട്രബോധത്തെയും വീണ്ടെടുക്കലാണ്. ശക്തവും ജനങ്ങളോട് സംവദിക്കാന്‍ കഴിയുന്നതുമായ പ്രതിപക്ഷവും ഭയമില്ലാതെ പ്രവര്‍ത്തിക്കുന്ന പൗരസമൂഹവുമാണ് ഈ വെല്ലുവിളി ഏറ്റെടുക്കേണ്ടത്. ഈ പ്രവര്‍ത്തനത്തിന് ഊര്‍ജംപകരാന്‍ കഴിയുക മൂന്നുഘടകങ്ങള്‍ക്കാണ്: ഒന്ന്, ഗാന്ധിജിയുടെ സംവേദനാത്മകവും ശക്തവും ലളിതവുമായ ഭാഷ; രണ്ട്, നെഹ്രുവിന്റെ ആധുനികവും മതനിരപേക്ഷവും ശാസ്ത്രീയവുമായ രാഷ്ട്രഭാവന; മൂന്ന്, ഭരണഘടനാധാര്‍മികതയുടെ വിട്ടുവീഴ്ചയില്ലാത്ത പ്രയോഗവത്കരണം. ജനാധിപത്യത്തെ ദേശജീവിതത്തിന്റെ ആത്മാവാക്കി മാറ്റാന്‍ ഈ മൂന്നുഘടകങ്ങളിലൂന്നിയ സജീവമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന് കഴിയും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പും ഭാവിയും ഇനിയുള്ള കാലത്ത് നിര്‍ണയിക്കപ്പെടുന്നത് ഇതിലൂടെ ഉയര്‍ന്നുവരുന്ന പുതിയ രാഷ്ട്രീയഭാവുകത്വവും സ്വപ്നങ്ങളുമാകാം.

Content Highlights: Independance day 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented