കുഞ്ഞിച്ചിരുതയും മൂന്നു പെണ്‍കുട്ടികളും


കെ. ബാലകൃഷ്ണന്‍

ഒരു വീട്ടിലെ അഞ്ചുമക്കളും അവരുടെ ­മുത്തശ്ശിയും സ്വാതന്ത്ര്യസമരത്തിൽ ­നേതൃപരമായ പങ്കുവഹിക്കുക, ത്യാഗപൂര്‍വം ണ്ടപ്രവര്‍ത്തിക്കുക, ദീര്‍ഘകാലം കാരാഗൃഹത്തില്‍ കഴിയുക-ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെത്തന്നെ അപൂര്‍വതകളിലൊന്നാണിത്

സഹോദരങ്ങളായ സുഗുണ, സ്വർണ, കമല

വ്യവസായിയും കോണ്‍ഗ്രസ് നേതാവുമായ സാമുവല്‍ ആറോണ്‍ മുംബൈയിലെ ഡോ. എം.കെ. വൈദ്യര്‍ക്ക് (തലശ്ശേരിയിലെ കുഞ്ഞിക്കോരു വൈദ്യര്‍)ഒരു കത്തയച്ചു. 1928-ലായിരുന്നു അത്. സൈമണ്‍ കമ്മിഷന്‍ ബഹിഷ്‌കരണത്തില്‍ മുംബൈയില്‍ ഏറ്റവും മുന്നണിയില്‍ പ്രവര്‍ത്തിച്ചത് വൈദ്യരും കുടുംബവുമാണെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ആ കത്ത്.

ഉത്തരകേരളത്തില്‍ സ്വാതന്ത്ര്യസമരത്തില്‍ വേണ്ടത്ര സ്ത്രീകള്‍ രംഗത്തിറങ്ങുന്നില്ല. വൈദ്യരുടെ മകള്‍ കമലയെ നാട്ടിലേക്ക് വിട്ടുതന്നാല്‍ ഇവിടെ സ്ത്രീകളുടെ പ്രസ്ഥാനമുണ്ടാക്കാനാകും. ഇന്ത്യക്ക് പൂര്‍ണസ്വാതന്ത്ര്യം നിഷേധിക്കാനും പരിമിതമായ സ്വയംഭരണം അനുവദിക്കാനും ലക്ഷ്യമിട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച സൈമണ്‍ കമ്മിഷനെതിരേ മുംബൈ തെരുവീഥികളില്‍ പോരാട്ടം നയിച്ച പി.എം. കമലയെയാണ് ആറോണ്‍ കണ്ണൂരിലേക്ക് വിളിച്ചത്. വൈദ്യരാകട്ടെ അയച്ചത് ഭാര്യാ മാതാവായ കുഞ്ഞിച്ചിരുതയെയും മൂന്ന് പെണ്‍മക്കളെയുമാണ് - കമലയെയും സ്വര്‍ണയെയും വിദ്യാര്‍ഥിയായ ഇളയമകള്‍ സുഗുണയെയും. അവര്‍ തലശ്ശേരിയിലെ സ്വന്തം വീട്ടിലെത്തിയതോടെ മലബാറില്‍ സ്വാതന്ത്ര്യസമരത്തില്‍ പുതിയൊരധ്യായത്തിന് തുടക്കം കുറിക്കുകയായിരുന്നു.ചിരുതമ്മ

കൊച്ചുമക്കളെക്കാള്‍ വാശിയോടെയും വീറോടെയുമാണ് പനോളി മാണിക്കോത്ത് ചിരുതമ്മ ദേശീയപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ വടക്കെ മലബാറിലാകെ പ്രവര്‍ത്തിച്ചത്. കണ്ണൂരില്‍ നടന്ന വടക്കെ മലബാര്‍ രാഷ്ട്രീയ സമ്മേളനത്തിന്റെ പ്രവര്‍ത്തകരില്‍ പ്രധാനിയായിരുന്നു അവര്‍. പോത്തേരി മാധവനും തന്റെ കൊച്ചുമകള്‍ കമലയും നേതൃത്വം നല്‍കി സംഘടിപ്പിച്ച ആ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പക്ഷേ, ചിരുതമ്മയ്ക്ക് കഴിഞ്ഞില്ല. സമ്മേളനത്തിന്റെ സ്വാഗതസംഘം അധ്യക്ഷ കമലയായിരുന്നു. അവരേയും എം. നാരായണിയമ്മ, സുന്ദരീബായ്, കെ. കല്യാണിയമ്മ, മിസിസ് എം.കെ. ആചാരി എന്നിവരേയും സമ്മേളനത്തില്‍ പങ്കെടുക്കുന്നത് നിരോധിച്ചുകൊണ്ട് മജിസ്ട്രേട്ട് പ്രത്യേക നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

അല്പകാലത്തിനുശേഷം പെരളശ്ശേരിയില്‍ കോണ്‍ഗ്രസ് സമ്മേളനം സംഘടിപ്പിച്ചതിന് ചിരുതമ്മ അറസ്റ്റിലായി. നിരോധനം ലംഘിച്ചതിന് ശിക്ഷ ഒരു വര്‍ഷത്തെ തടവ്. ഒരു പതറലുമില്ലാതെ ചിരുതമ്മ തലശ്ശേരി സബ് ജയിലില്‍ കിടന്നു. തികച്ചും ദുരിതമയമായ ജീവിതം. തലശ്ശേരി ജയിലിലെ ദുരവസ്ഥയില്‍ ചിരുതമ്മ രോഗിയായി മാറി. മൂത്രാശയ രോഗം മൂര്‍ച്ഛിച്ചു. ചിരുതമ്മയെ മോചിപ്പിക്കണമെന്നും അതല്ലെങ്കില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് മാതൃഭൂമിയിലൂടെ പി. കൃഷ്ണപിള്ള പ്രസ്താവനയിറിക്കി.

ജയിലില്‍ച്ചെന്ന് ചിരുതമ്മയെ കണ്ട ശേഷമായിരുന്നു പ്രസ്താവന. പിന്നീട് അവരെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റി. ശിക്ഷാകാലാവധിക്കുശേഷം ജയില്‍ മോചിതയായെങ്കിലും ജയില്‍വാസം കാരണം മൂര്‍ച്ഛിച്ച രോഗത്തില്‍നിന്ന് മോചിതയായില്ല. സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ അവര്‍ അന്തരിച്ചു.


കമലാവതി

പി.എം. കമലാവതി വടക്കേമലബാറിലാകെ സഞ്ചരിച്ച് കോണ്‍ഗ്രസിന്റെ മഹിളാ വിഭാഗം കെട്ടിപ്പടുത്തു.

കാളവണ്ടിയിലും കാല്‍നടയായും ഗ്രാമങ്ങളില്‍ സഞ്ചരിച്ച് അവര്‍ ജനങ്ങളെ സ്വാതന്ത്ര്യസമരത്തിലേക്കാകര്‍ഷിച്ചു. സഹോദരിമാര്‍ ഗ്രാമങ്ങളില്‍ യോഗങ്ങളില്‍ ദേശഭക്തിഗാനങ്ങളാലപിച്ചു, പ്രസംഗിച്ചു, ഹിന്ദി പഠിപ്പിക്കാന്‍ ശ്രമിച്ചു. മൂന്ന് സഹോദരിമാരും ചേര്‍ന്ന് സൃഷ്ടിച്ച പുത്തനുണര്‍വില്‍ ദേശീയപ്രസ്ഥാനത്തിന് വലിയ മുന്നേറ്റമാണ് ഉത്തരകേരളത്തില്‍ ഉണ്ടായത്. നിയമലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് ജയില്‍വാസം. പിന്നീട് കണ്ണൂര്‍ വിളക്കുംതറ മൈതാനത്ത് കോണ്‍ഗ്രസിന്റെ സമ്മേളനം നിരോധനം ലംഘിച്ച് നടത്തിയതിന് അറസ്റ്റ്. 1932-ലായിരുന്നു അത്. സമ്മേളനനഗരി പോലീസ് വളയുകയും 102 പേരെ അറസ്റ്റുചെയ്യുകയും ചെയ്തു. നൂറുപേരെ പിന്നീട് വിട്ടയച്ചു. പോത്തേരി മാധവനെയും കമലാവതിയെയും കേസ് ചാര്‍ജ് ചെയ്ത് ജയിലിലടച്ചു. കാരണം അവരാണ് യോഗം സംഘടിപ്പിച്ചതും പ്രസംഗിച്ചതും നേതൃത്വം നല്‍കിയതും. ആറുമാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട് വെല്ലൂര്‍ ജയിലില്‍.

ഗുരുവായൂര്‍ സത്യാഗ്രഹത്തിലും കമലാവതി ആവേശോജ്ജ്വലമായ പങ്കാണ് വഹിച്ചത്. 1931 നവംബര്‍ ഒന്ന് മുതല്‍ 1932 ഒക്ടോബര്‍ രണ്ടുവരെ നീണ്ട ഗുരുവായൂര്‍ സമരത്തിന്റെ നേതാക്കളിലൊരാള്‍ അവരായിരുന്നു. എ.കെ.ജി.യെ അറസ്റ്റുചെയ്തപ്പോള്‍ പകരം സത്യാഗ്രഹം തുടങ്ങിയതും സമരനേതൃത്വം ഏറ്റെടുത്തതും കമലാവതിയായിരുന്നു. ട്രേഡ് യൂണിയന്‍ നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ശങ്കരറാവു കോമ്പ്രബെയിലിനെയാണ് കമലാവതി വിവാഹം ചെയ്തത്. ശങ്കരറാവു മലബാര്‍ കോണ്‍ഗ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയുണ്ടായി. പിന്നീട് മുംബൈയിലേക്ക് താമസം മാറ്റിയ കമലാവതിയും കോമ്പ്രബെയിലും ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലിലായി.

സ്വര്‍ണമയീദേവി

1930ല്‍ നിയമലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് 18 മാസമാണ് പി.എം. സ്വര്‍ണമ്മ ജയിലില്‍ കഴിഞ്ഞത്

സ്വര്‍ണമയീ ദേവിയെന്നും അറിയപ്പെട്ട പി.എം. സ്വര്‍ണമ്മയാണ് കമലാവതിയുടെ തൊട്ടുതാഴെയുള്ള സഹോദരി. ''സൈമണ്‍ കമ്മിഷന്‍ പോ പോ...'' എന്ന് മുദ്രാവാക്യം വിളിച്ച് നടത്തിയ സമരത്തിന്റെയും അതിന്റെ പേരില്‍ മുംബൈയില്‍ കുടുംബമാകെ നേരിട്ട പീഡനങ്ങളും കേസും സ്വര്‍ണമ്മയെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ പാതയിലാണെത്തിച്ചത്. അയിത്തത്തിനെതിരേ പോരാട്ടത്തിന് നേതൃത്വം നല്‍കി. 1930-ല്‍ നിയമലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് 18 മാസമാണ് അവര്‍ക്ക് ജയിലില്‍ കഴിയേണ്ടിവന്നത്. പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് നേതാവുമായ കായ്യത്ത് ദാമോദരനാണ് സ്വര്‍ണയെ വിവാഹം ചെയ്തത്.

സുഗുണ
18 വയസ്സുള്ളപ്പോള്‍ സ്വാതന്ത്ര്യസമരത്തില്‍ മുഴുവന്‍സമയ പങ്കാളിയായി. രണ്ടുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ടു

മുംബൈയില്‍ സൈമണ്‍ കമ്മിഷനെതിരേ സമരത്തില്‍ പങ്കെടുക്കുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു കമലാവതിയുടെ ഇളയ സഹോദരി സുഗുണ. കണ്ണൂരിലും തലശ്ശേരിയിലും കുട്ടികളെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ ദേശീയ പ്രസ്ഥാനത്തിലേക്കണിനിരത്താന്‍ അനവരതം പ്രവര്‍ത്തിച്ച അവര്‍ 18-19 വയസ്സുള്ളപ്പോഴാണ് സ്വാതന്ത്ര്യസമരത്തില്‍ മുഴുവന്‍സമയ പങ്കാളിയായത്.

കോഴിക്കോട്ട് വിദേശവസ്ത്ര ബഹിഷ്‌കരണ സമരത്തില്‍ പങ്കെടുക്കാന്‍ നിയോഗിക്കപ്പെട്ട സുഗുണ എ.വി. കുട്ടിമാളു അമ്മയുടെ സഹപ്രവര്‍ത്തകയായി. കുട്ടിമാളു അമ്മയുടെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തില്‍ നിരോധനം ലംഘിച്ച് നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തതിന് സുഗുണയെ അറസ്റ്റുചെയ്തു. രണ്ടുവര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചു. വെല്ലൂര്‍ ജയിലിലാണ് തടവില്‍ കഴിഞ്ഞത്. 1932-ലായിരുന്നു അത്. ധര്‍മടത്തെ വാഴയില്‍ കൃഷ്ണനാണ് സുഗുണയെ വിവാഹം ചെയ്തത്.

ഈ സഹോദരിമാര്‍ക്ക് രണ്ട് സഹോദരന്മാരുണ്ടായിരുന്നു. ബാലഗോവിന്ദും രാജഗോപാലും.

അവരും മലബാറിലെ സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്തു. അവരും ജയിലിലടക്കപ്പെട്ടു. സഹോദരിമാര്‍ കഴിഞ്ഞ അതേ ജയിലില്‍ത്തന്നെ. വെല്ലൂര്‍ ജയിലില്‍...


Content Highlights: Five children of a family and their grandmother leading role in the freedom struggle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented