ചെമ്പകൻരാമൻപിള്ള
തിരുവനന്തപുരം: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി വിദേശത്തുനിന്ന് സായുധവിപ്ലവത്തിനു നേതൃത്വം നല്കിയ ചെമ്പകരാമന്‍പിള്ള അനന്തപുരിയുടെ അഭിമാനപുത്രനാണ്. ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് സേനയെ വിറപ്പിച്ച യുദ്ധവീരനായിരുന്നു ചെമ്പകരാമന്‍പിള്ള. ബ്രിട്ടീഷ് സൈനികശക്തിക്ക് വമ്പന്‍ പ്രഹരമേല്‍പ്പിച്ച എംഡന് എന്ന ജര്‍മന്‍ യുദ്ധക്കപ്പലിന്റെ ഉപനായകന്‍ കൂടിയായിരുന്നു അദ്ദേഹം. ഈ യുദ്ധക്കപ്പലില്‍ കേരളതീരത്തെത്തുകയും ബ്രിട്ടീഷ് ഭരണത്തിനെതിരേ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.
1891 സെപ്റ്റംബര്‍ 15-ന് ഏജീസ് ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ചിന്നസ്വാമി പിള്ളയുടെയും നാഗമ്മാളിന്റെയും മകനായാണ് ചെമ്പകരാമന്‍പിള്ള ജനിച്ചത്. 15-ാം വയസ്സില്‍ സര് വാള്‍ട്ടര്‍ വില്യം സ്ട്രിക് ലാന്‍ഡ് എന്ന വ്യക്തിയാണ് അദ്ദേഹത്തെ ജര്‍മനിയിലേക്കു കൊണ്ടുപോയത്. ബെര്‍ലിന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം പ്രോ ഇന്ത്യ എന്ന ഇംഗ്ലീഷ് പത്രം നടത്തിയിരുന്നു.
ജര്‍മന്‍ ഭരണാധികാരികളുമായി സൗഹൃദത്തിലായ അദ്ദേഹം, ജര്‍മന്‍ സഹായത്തോടെ ഇന്ത്യയെ ബ്രിട്ടീഷുകാരില്‍നിന്നു മോചിപ്പിക്കാമെന്നു കരുതി. ജര്‍മനിയില്‍ ഇന്ത്യ ഇന്‍ഡിപ്പെന്‍ഡന്റ് കമ്മിറ്റിയെന്ന സംഘടനയുണ്ടാക്കി.
1915-ല്‍ കാബൂള്‍ ആസ്ഥാനമാക്കി സ്വതന്ത്ര ഇന്ത്യ ഗവണ്മെന്റ് സ്ഥാപിക്കാന്‍ ചെമ്പകരാമന്‍പിള്ള മുന്നിലുണ്ടായിരുന്നു. സുഭാഷ് ചന്ദ്രബോസും മഹാത്മാഗാന്ധിയുമായി അദ്ദേഹം ബന്ധപ്പെട്ടു. ബ്രിട്ടീഷുകാര്‍ക്കെതിരേയുള്ള പോരാട്ടത്തിന് ഇന്ത്യയ്ക്കു പുറത്ത് ഒരു സേന രൂപവത്കരിക്കാന്‍ നേതാജി സുഭാഷ്ചന്ദ്രബോസിന് പ്രചോദനമായത് ചെമ്പകരാമന്‍പിള്ളയുടെ നിര്‍ദേശങ്ങളാണ്.
നേതാജിയും ഹിറ്റ്ലറുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കിയതും അദ്ദേഹമായിരുന്നു. നാസി ഭരണത്തില്‍ ജര്‍മനി വന്‍ ശക്തിയായി ഉയര്‍ന്നപ്പോള്‍ അദ്ദേഹം ഹിറ്റ്ലറുമായി സൗഹൃദത്തിലായിരുന്നു. എന്നാല്‍, ഇന്ത്യന്‍ നേതാക്കള്‍ക്കെതിരേയുള്ള ഹിറ്റ്ലറുടെ അധിക്ഷേപങ്ങളോട് ചെമ്പകരാമന്‍പിള്ള ശക്തമായി പ്രതിഷേധിച്ചു. ഇതോടെ നാസികളുടെ എതിരാളിയായി മാറി. ചെമ്പകരാമന്‍പിള്ളയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ക്രൂരപീഡനങ്ങള്ക്കുശേഷം ചെമ്പകരാമന്‍പിള്ളയെ 1934 മേയ് 26-ന് നാസികള്‍ വിഷം കൊടുത്ത് കൊല്ലുകയായിരുന്നു. ഈ ധീരദേശാഭിമാനിയുടെ ജീവിതത്തെ പുതുതലമുറയ്ക്കു പരിചയപ്പെടുത്താനുള്ള സ്മാരകമൊന്നും ഇന്ന് തലസ്ഥാനത്തില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..