വരിക വരികസഹജരേ..തീജ്വാല പോലെ അംശി


അംശി നാരായണപിള്ള

തിരുവനന്തപുരം: പടയാളിയുടെ പടപ്പാട്ടുകാരനായ സ്വാതന്ത്ര്യസമരസേനാനി അംശി നാരായണപിള്ള പാടി ‘വരിക വരിക സഹജരേ...’ സ്വാതന്ത്ര്യ വാഞ്ഛയോടെ കേരളം അതേറ്റുപാടി. സ്വാതന്ത്ര്യസമര കാലത്ത് കേരള ജനത ആവേശപൂർവം പാടിനടന്ന ‘വരിക വരിക സഹജരേ, വലിയ സഹന സമരമായി, കരളുറച്ചു കൈകൾ കോർത്ത്, കാൽനടയ്ക്കു പോക നാം’ എന്ന മാർച്ചിങ് സോങ്ങിലൂടെ അംശി നാരായണപിള്ള തീജ്വാലയായി.

വടകരയിൽനിന്ന് പയ്യന്നൂർ വരെ ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്കുവേണ്ടിയാണ് അംശി ഈ ഗാനം രചിച്ചത്. 1930-ൽ കോഴിക്കോട്‌ നടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കാൻ പൊന്നറ ശ്രീധർ, എൻ.സി.ശേഖർ, അംശി നാരായണപിള്ള എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട 25 അംഗ ജാഥ ‘വരിക വരിക സഹജരേ’ വഴിനീളെ പാടി. തിരുവിതാംകൂർ, കൊച്ചി, മലബാർ സർക്കാരുകൾ ആ ഗാനം നിരോധിച്ചു. ‘പടയാളിയുടെ പാട്ടുകൾ’ എന്ന കൃതിയിൽ ഈ ഗാനമുണ്ട്.

എ.കെ.പിള്ളയുടെ സ്വരാജ് വാരികയിൽ സഹപത്രാധിപരായിരുന്ന അദ്ദേഹം ഗാന്ധിയൻ ആദർശം പ്രചരിപ്പിക്കാനായി തിരുവനന്തപുരത്തുനിന്ന് 1924ൽ ‘മഹാത്മാ’ എന്ന വാർത്താവാരിക തുടങ്ങി. ഇത് മലയാളത്തിലെ ആദ്യത്തെ കാലണപത്രമായിരുന്നു. ഈ വാരികയ്ക്ക് ഗാന്ധിജിയുടെ ആശയാനുഗ്രഹങ്ങൾ ഉണ്ടായിരുന്നു. പി.കേശവദേവുമായി ചേർന്ന് പിന്നീട് തൃശ്ശൂരിൽനിന്ന്‌ ‘മഹാത്മാ’ ദിനപത്രമായി പ്രസിദ്ധീകരിച്ചു. മഹാത്മാ ഗുരുവായൂർ സത്യാഗ്രഹത്തിനു ശക്തമായ പിന്തുണ നൽകി.

അംശിയുടെ ആദ്യകാല കവിതകൾ മഹാത്മയിലാണ് പ്രസിദ്ധീകരിച്ചത്. സ്വാതന്ത്ര്യവാഞ്ഛ തുടിക്കുന്ന, വരികളായിരുന്നു അംശിയുടെ രചനാശൈലിയുടെ പ്രത്യേകത. കേളപ്പജിയുടെ നേതൃത്വത്തിൽ യൂത്ത്‌ ലീഗ് എന്ന ആദ്യകാല സോഷ്യലിസ്റ്റ് സംഘടന അംശിയുടെ വിപ്ലവഗാനത്തോടെയായിരുന്നു ആരംഭിച്ചത്.

മഹാത്മാഗാന്ധിയെ ശ്രീരാമനായും ഭാരതത്തെ സീതയായും ബ്രിട്ടീഷുകാരനെ രാവണനായും ചിത്രീകരിക്കുന്ന ഗാന്ധിരാമായണം, രണ്ടാം ഭാരതയുദ്ധം, ഭഗത്‌സിങ്, ജാലിയൻവാലാബാഗ് എന്നീ കവിതകൾ മദ്രാസ് സർക്കാർ നിരോധിച്ചു. നിരോധനലംഘനത്തിന്റെ പേരിൽ അംശിക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ ആറരമാസം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിനും വിപ്ലവഗാനരചനയ്ക്കും തൃശ്ശൂർ മജിസ്‌ട്രേറ്റ്‌ കോടതി അംശിയെ വിചാരണ ചെയ്തിട്ടുണ്ട്.

കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണത്തിനു സമീപത്തെ അംശിയിൽ 1896-ൽ ജനിച്ച നാരായണപിള്ള തിരുവിതാംകൂർ പോലീസ് വകുപ്പിലെ ക്ലാർക്ക് ജോലി ഉപേക്ഷിച്ചാണ് സ്വാതന്ത്ര്യസമരത്തിലേക്കു കുതിച്ചത്. 44-ാം വയസ്സിൽ കരമന സ്വദേശിയായ തങ്കമ്മയെ വിവാഹം കഴിച്ചു. 1941-ൽ പാഠപുസ്തകത്തിനു തിരഞ്ഞെടുത്ത ഒരു ഗ്രന്ഥത്തിനു ലഭിച്ച 1000 രൂപ കൊണ്ട് അദ്ദേഹം അംശിയിൽ ഒരു സ്കൂൾ ആരംഭിച്ചു.

1981 ഡിസംബർ ഒമ്പതിന് 85-ാം വയസ്സിൽ മരിക്കുന്നതുവരെ അദ്ദേഹം അംശി സ്കൂളിന്റെ മാനേജരായിരുന്നു. കന്യാകുമാരി ജില്ലയിൽ ജനിച്ച് കേരളത്തിലെ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായ അംശിയെ ഇരുസംസ്ഥാനവും മറന്നു. അർഹതപ്പെട്ട സ്വാതന്ത്ര്യസമര പെൻഷൻ പോലും സംസ്ഥാനത്തിന്റെ അതിർവരമ്പ് പറഞ്ഞ് നിഷേധിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസാഹിത്യ അക്കാദമി അദ്ദേഹത്തെ അനുസ്മരിച്ചിരുന്നു.

അംശി മരിച്ചപ്പോൾ മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ ഇങ്ങനെയെഴുതി. ‘തൃശ്ശൂരിൽ കേശവദേവുമൊത്ത് മഹാത്മാ പത്രം നടത്തിയിരുന്ന അംശിയെ ഓർമയുണ്ട്. അദ്ദേഹം ഇത്രകാലം ജീവിച്ചിരുന്നുവെന്നത് മരണവാർത്ത കേട്ടപ്പോഴാണ് തിരിച്ചറിഞ്ഞത്. രാഷ്ട്രീയത്തിലും സാഹിത്യത്തിലും അംശി അരികുവത്കരിക്കപ്പെട്ടിരുന്നു’.

Content Highlights: amshi narayanapillai;composer of varika varika sahajare


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


ആരോഗ്യത്തിന് അല്പം ചായ ആയാലോ? ഹൃദ്രോഗവും പ്രമേഹവും കുറക്കാം

Sep 22, 2022


07:35

ജലം തേടി ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്ന ഒരാൾ

Apr 13, 2022

Most Commented