ത്രിവർണ്ണ പതാകകളിൽ അശോക ചക്രം പതിക്കുന്ന രാജേന്ദ്രൻ
കോയമ്പത്തൂർ: ത്രിവർണ്ണ പതാകകളിൽ അശോക ചക്രം പതിക്കുന്ന തിരക്കിലാണ് രാജേന്ദ്രൻ. കഴിഞ്ഞ 42 വർഷമായി ഈ കൈകളിൽ കൂടിയാണ് ദേശീയത ഊട്ടിയുറപ്പിക്കുന്ന ദേശീയ പതാക നിർമ്മാണം പൂർത്തിയാവുന്നത്. അര നൂറ്റാണ്ടായി ഭാരതീയർ നെഞ്ചേറ്റുന്ന ദേശീയപതാക ലഭിക്കുന്ന സ്ഥലമാണ് കോയമ്പത്തൂർ ടൗൺ ഹാളിലെ ഗാന്ധിജി ഖദർ സ്റ്റോർ. ഇന്നും ഖദറിൽ പതാക വേണമെങ്കിൽ ലഭിക്കുന്ന ജില്ലയിലെ തന്നെ ഏക സ്ഥലമാണ് ഇവിടം.
തമിഴ്നാട്, കേരളം, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ ഭൂരിഭാഗം സ്ഥലങ്ങളിലേക്കും ദേശിയ പതാക എത്തുന്നത് ഇവിടെ നിന്നാണ്. കോയമ്പത്തൂരിന്റെ വ്യാപാര സിരാകേന്ദ്രമായ ബിഗ്ബസാറിൽ കെ. എ. കണ്ണൻ സാധാരണ ഖാദി കടയായിട്ടാണ് ആരംഭം. ഇന്നത് കൊടികൾ മാത്രം വിൽപ്പനയ്ക്കുള്ള കടയായി മാറിയതിന് പിന്നിലൊരു കഥയുണ്ട്. വ്യാപാര ആവശ്യങ്ങൾക്ക് ദൂരെ ദേശങ്ങളിൽ നിന്നും എത്തിയവരോട് നാട്ടിലെ സ്വാതന്ത്ര്യസമര സേനാനികൾ പഴയ സ്ഥാപന കോൺഗ്രസ്സ് കൊടികൾ കിട്ടുന്ന സ്ഥലം അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. ആദ്യം ഒന്നും രണ്ടും കൊടികൾ തയ്പ്പിച്ച് കൊടുക്കുകയും പിന്നീട് സ്വാതന്ത്രസമര ഓർമ്മ നാളുകൾ എത്തുമ്പോൾ സേനാനികൾ കൂടുതൽ കൊടികൾക്ക് ഓർഡറുകൾ നൽകുകയും ചെയ്തു.
തുടർന്ന് യുദ്ധങ്ങൾ നടന്നപ്പോൾ ഖദറിൽ ദേശീയകൊടികളുടെ ആവശ്യമേറി. നാട്ടിൽ പിണങ്ങി നിന്നവരെ അടുപ്പിക്കാൻ ദേശിയ പതാകയ്ക്കുള്ള ശക്തി മറ്റൊന്നിനുമില്ലെന്ന് അച്ഛന്റെ പാത പിന്തുടരുന്ന കെ. ജയകുമാർ പറയുന്നു. പിന്നീട് 4 നിലയുള്ള കെട്ടിടം മുഴുവനും കൊടി നിർമ്മാണത്തിനും കൊടികൾ ശേഖരിച്ച് വെക്കാനും മാത്രമായി മാറി.
കാട തുണിവാങ്ങി ഓറഞ്ച്, പച്ച കളറുകൾ നൽകാനായി ഡയ്യിങ് യൂണിറ്റിലേക്ക് എത്തിക്കും. വെള്ള മാത്രം ബ്ലീച്ചിങ് ചെയ്യും. പിന്നീട് അളവിനനുസരിച്ച് വെട്ടിയെടുക്കുന്ന തുണികൾ യോജിപ്പിക്കാനുള്ള സ്റ്റിച്ചിങ് കഴിഞ്ഞാൽ രാജേന്ദ്രന്റെ പക്കലെത്തും. കൃത്യതയോടെ അശോക ചക്രം പതിപ്പിച്ച് ഉണങ്ങുന്നതോടെ കൊടികൾ വിൽപ്പനയ്ക്ക് തയ്യാറാവും. ഒരു കൊടിയ്ക്ക് പിറകിൽ 25-30 ദിവസത്തെ അധ്വാനമുണ്ടെന്ന് ജയകുമാർ പറഞ്ഞു.
എട്ട് ഇഞ്ച് നീളവും 10 ഇഞ്ച് വീതിയുമുള്ള കൊടികൾ തൊട്ട് 5 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള കൊടികൾവരെ ഇവിടെ നിന്ന് തയ്യാറാവുന്നുണ്ട്. ഇതിൽ ഒരു ഇഞ്ച് അശോകചക്രം മുതൽ 42 ഇഞ്ച് അശോകചക്രംവരെ 42 വർഷമായി പതിപ്പിക്കുന്നത് 62 കാരനായ രാജേന്ദ്രനാണ്. 5 രൂപ മുതൽ 2,000 രൂപ വരെയുള്ള കൊടികളാണ് നിർമിച്ച് വെച്ചിരിക്കുക. കൂടുതൽ വലിപ്പമുള്ള കൊടികൾക്ക് മുൻകൂട്ടി ഓർഡർ നൽകണം. കൊടികൾ ഏറ്റവും കൂടുതൽ ആവശ്യമുള്ള സ്വാതന്ത്ര്യ ദിനത്തിലേക്കായി മെയ് മാസം മുതൽ തയ്യാറെടുക്കണം. റിപ്പബ്ലിക് ദിനത്തിലേക്ക് കൊടികൾ തയ്യാറാക്കാൻ ഡിസംബർ മാസം മുതൽ ഒരുങ്ങേണ്ടിവരും. അഞ്ചുമാസത്തോളം ദേശീയ പതാക നിർമ്മാണത്തിൽ മാത്രമാണ് തങ്ങൾക്ക് ശ്രദ്ധ ചെലുത്തേണ്ടി വരുന്നതെന്ന് ജയകുമാർ പറഞ്ഞു.
ഖദറിൽ നിന്നും പിന്നീട് കൂടുതൽ കാലം ഈടുനിൽക്കുന്ന സ്പെഷ്യൽ കോട്ടൺ, പാപ്പിലോൺ, വെൽവെറ്റ് തുണിത്തരങ്ങളിലും ഇവിടെ കൊടികൾ നിർമ്മിക്കുന്നുണ്ട്. കടലാസുകളിലും വാഹനങ്ങളിലും ഉപയോഗിക്കുന്നതരം കൊടികൾ, തൊപ്പികൾ, സ്വാതന്ത്ര്യ ദിനങ്ങളിൽ സമര സേനാനികളെ ആദരിക്കാനുള്ള ചടങ്ങിലേക്കുള്ള ഖദർ വസ്ത്രങ്ങൾ, മേൽ അങ്കികൾ, സ്വാതന്ത്രസമരസേനാനികളുടെ ചിത്രങ്ങൾ അടങ്ങിയ തുണികളും ഇവിടെനിന്നാണ് കയറ്റി അയക്കുന്നത്. നൂറുകണക്കിന് വനിതകളാണ് കൊടികളിലെ വർണ്ണങ്ങൾ ഒന്ന് ചേർക്കുന്നതിന്റെ പിന്നിൽ. ആദ്യ കാലങ്ങളിൽ ബസ്സുകളിലും തീവണ്ടിയിലും കെട്ടുകളാക്കി ഭദ്രമായി എത്തിക്കാനുമുള്ള ചുമതല രാജേന്ദ്രനായിരുന്നു.
സാധാരണ ഒരു വർഷം 50,000 ത്തോളം കൊടികളാണ് തയ്യാറാക്കി അയക്കുന്നത്. രണ്ട് വർഷത്തെ കോവിഡ് ഇടവേളയ്ക്ക് ശേഷം ആഘോഷിക്കുന്ന 75-ആം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്കായി ഒരു ലക്ഷത്തോളം നിർമ്മിക്കാനായി തുടക്കമിട്ടിരുന്നു. തുടര്‍ന്ന് വീടുകൾ തോറും കൊടി ഉയർത്താനുള്ള ആഹ്വാനം എത്തിയതോടെ 40 ലക്ഷത്തോളം കൊടികൾക്കാണ് ഓർഡറുകൾ വന്നത്. എന്നാൽ വൈകി കിട്ടിയ ഓർഡറുകൾ കാരണം ഇവർക്ക് നാലരലക്ഷം കൊടികൾ മാത്രമാണ് തയ്യാറാക്കാൻ സാധിച്ചതെന്ന് ജയകുമാർ പറഞ്ഞു. ഇതിൽ ഒരു ലക്ഷത്തോളം കൊടികളും കേരളത്തിലേക്ക് കയറ്റി അയച്ചു. സാധാരണ കൊല്ലം, എറണാകുളം, മലപ്പുറം, തൃശൂർ, പാലക്കാട് തുടങ്ങി മിക്കവാറും ജില്ലകളിൽ പാറി പറക്കുന്നത് കോയമ്പത്തൂരിന്റെ മണമുള്ള കൊടികളാണ്.
സൂറത്ത്, ഹൈദരാബാദ് എന്നിവിടങ്ങളിലെ തുണിക്കമ്പനികളിൽ നിന്നാണ് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ഏറ്റവും കൂടുതൽ മെഷിൻ പ്രിന്റ് ചെയ്ത് കൊടികൾ കയറ്റി അയക്കുന്നത്. കോയമ്പത്തൂരിലേക്ക് കൊടി നിർമ്മാണത്തിനുള്ള തുണിത്തരങ്ങൾ തിരുപ്പൂർ, ഈറോഡ് മേഖലകളിൽ നിന്നാണ് വരുത്തുന്നത്. എത്ര തന്നെ ലോകത്തിൽ മാറ്റം വന്നെങ്കിലും ഖദർ കൊണ്ടുള്ള ദേശിയ പതാക പാറി പറക്കണമെങ്കിൽ കോയമ്പത്തൂരിലേക്ക് തന്നെ വരണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..