ശിവരാമപ്പണിക്കർ
ഹരിപ്പാട്: മധ്യകേരളത്തിലെ സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെ മുഖ്യകണ്ണിയായിരുന്നു കരുവാറ്റ താമ്രപത്രാലയം ശിവരാമപ്പണിക്കർ. ഗാന്ധിജിയുടെ ആഹ്വാനപ്രകാരം രാജ്യത്തു പല ഭാഗങ്ങളിലായി നടന്ന സമരങ്ങളിൽ അദ്ദേഹം പങ്കെടുത്തു. ഇത്തരം സമരങ്ങളുടെ ചൂടുംചൂരും നാട്ടിലെ സമരസേനാനികൾക്കു പകർന്നു നൽകുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. 18 വർഷം മുമ്പ് അന്തരിച്ച ഈ ധീരദേശാഭിമാനിയെപ്പറ്റി ഹരിപ്പാട്ടെ പഴയ തലമുറ ആവേശത്തോടെയാണ് ഇന്നും സംസാരിക്കുന്നത്.
23-ാം വയസ്സിൽ 1931-ലെ സിവിൽ നിയമലംഘനത്തിൽ പങ്കെടുത്തായിരുന്നു തുടക്കം. കോഴിക്കോട്ട് വിദേശ തുണിവിൽപ്പനകേന്ദ്രം ഉപരോധിച്ചുള്ള സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു. സമരസേനാനികളെല്ലാം അറസ്റ്റിലായി. പണിക്കരെ ആദ്യം കോഴിക്കോട്ടെയും പിന്നീട് കണ്ണൂരിലെയും ജയിലിലടച്ചു. എ.കെ.ജി. ഉൾപ്പെടെയുള്ള നേതാക്കൾ കണ്ണൂരിൽ പണിക്കരുടെ സഹതടവുകാരായിരുന്നു.
കണ്ണൂർ സബ് ജയിലിലെ സെല്ലിൽ തങ്ങൾക്കൊപ്പമുണ്ടായിരുന്ന കാർത്തികപ്പള്ളിക്കാരനായ ചുണങ്ങുബാധിച്ച പയ്യനെപ്പറ്റി എ.കെ.ജി.യുടെ പുസ്തകങ്ങളിലുണ്ട്. ആ പയ്യൻ താനായിരുന്നെന്നു ശിവരാമപ്പണിക്കർ അഭിമാനത്തോടെയാണ് സാക്ഷ്യപ്പെടുത്തിയിരുന്നത്. പലപ്രാവശ്യം ക്രൂരമായ മർദനമേറ്റിട്ടുണ്ട്. അയിത്തോച്ചാടനം, മദ്യവർജനം എന്നിവയുടെ പ്രചാരകനായി തിരുവിതാംകൂറിന്റെ മിക്ക പ്രദേശങ്ങളിലും അദ്ദേഹം യാത്രചെയ്തിട്ടുണ്ട്.
കേരള സന്ദർശനത്തിന്റെ ഭാഗമായി 1937 ജനുവരി 17-നു ഗാന്ധിജി ഹരിപ്പാട്ടെത്തിയിരുന്നു. പ്രമുഖ ഗാന്ധിയൻ ജി. രാമചന്ദ്രനാണ് പണിക്കരെ ഗാന്ധിജിക്കു പരിചയപ്പെടുത്തിയത്. തന്റെ പ്രവർത്തനങ്ങളെക്കുറിച്ചു കുറെനേരം സംസാരിച്ചു. 1942-ൽ ക്വിറ്റ് ഇന്ത്യ സമരത്തെപ്പറ്റി ജനങ്ങളെ ബോധവ്തകരിക്കാനിറങ്ങിയപ്പോൾ കാര്യമറിയാതെ പലരും തന്നെ ആക്രമിച്ചതിനെപ്പറ്റി പണിക്കർ പറഞ്ഞിട്ടുണ്ട്. ക്വിറ്റ് ഇന്ത്യ സമരത്തെ എതിർക്കുന്നത് കൂലിവർധനയ്ക്കുവേണ്ടിയാണെന്നാണ് ചിലർ തൊഴിലാളികളെ പറഞ്ഞുപഠിപ്പിച്ചിരുന്നത്.
1947 ഓഗസ്റ്റ് 15-നു രാവിലെ തന്റെ രണ്ടു മക്കൾക്കൊപ്പം ദേശീയപതാകയും പിടിച്ച് പണിക്കർ ഡാണാപ്പടിയിലേക്കു ജാഥ നടത്തി. ഭാരത് മാതാവിനും ഗാന്ധിജിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ജയ് വിളിച്ചായിരുന്നു ജാഥ. കേന്ദ്രസർക്കാർ താമ്രപത്രം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. പണിക്കർക്കും ഭാര്യ ലക്ഷ്മിക്കുട്ടിക്കും രാജ്യത്ത് എവിടെയും യാത്രചെയ്യാനുള്ള തീവണ്ടിപ്പാസും നൽകി. ഒപ്പം പെൻഷനും. കരുവാറ്റ എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂളിനുസമീപത്താണു വീട്. ലക്ഷിക്കുട്ടിയമ്മ എട്ടുവർഷംമുമ്പ് മരിച്ചു. വർഷങ്ങളായി വീട് അടച്ചിട്ടിരിക്കുകയാണ്. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രവുമായി അടുത്ത ബന്ധമുള്ള കുടുംബമായ വേട്ടക്കോട്ടെ കാരണവരായിരുന്നു ശിവരാമപ്പണിക്കർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..