അപ്പനായർ
കണ്ണൂര്‍: ''അഞ്ചുതവണ ഗാന്ധിജി കേരളത്തില്‍വന്നു. അതില്‍ ഒരുതവണ ഞാന്‍ നേരില്‍ക്കണ്ടു. തിരുവനന്തപുരത്തുനിന്നും കസ്തൂര്‍ബയ്ക്കൊപ്പം മംഗലാപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍വെച്ച്...''. കഴിഞ്ഞവര്‍ഷം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് കണ്ടപ്പോള്‍ അപ്പനായര്‍ ഓര്‍ത്തെടുത്തത് ഗാന്ധിജിയെ കണ്ടതിന്റെ പുണ്യമായിരുന്നു.
വാക്കുകളില്‍ മാത്രമല്ല, പ്രവൃത്തിയിലും ശീലത്തിലും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ മുറുകെപ്പിടിച്ച സര്വോദയനായിരുന്നു ഇരിട്ടി കീഴൂര്‍ സ്വദേശിയായ അപ്പനായര്‍. കഴിഞ്ഞദിവസം അന്തരിക്കുമ്പോള്‍ അദ്ദേഹത്തിന് 101 വയസ്സായിരുന്നു.
ഖാദിമുണ്ടും ഷര്‍ട്ടും തലയില്‍ ഗാന്ധിത്തൊപ്പിയും അഴിച്ചുവെച്ചുള്ള ജീവിതം അപ്പനായര്ക്ക് ഉണ്ടായിട്ടില്ല. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പ്രചാരണങ്ങളില്മാത്രം നിറയുന്ന കാലത്ത് മരണംവരെ ഗാന്ധിയനായി ജീവിച്ച അപൂര്‍വം വ്യക്തിത്വമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
പ്രചാരണകോലാഹലങ്ങളോ മൂര്‍ച്ചയുള്ള വാക്കുകളോ ആയിരുന്നില്ല അപ്പനായരുടെ ഗാന്ധിയന്‍ പ്രചാരണായുധം. കെ.എസ്.ആര്.ടി.സി. ബസുകളില്‍മാത്രം സഞ്ചരിച്ചും സ്വയം എഴുതിയും പ്രിന്റുചെയ്തും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ബസുകളിലും മറ്റും വിതരണംചെയ്തുകൊണ്ടായിരുന്നു ഗാന്ധിയന്‍ ആശയങ്ങള്‍ അദ്ദേഹം പ്രചരിപ്പിച്ചത്.
ഗാന്ധിജിയുടെ പ്രധാന ആശയങ്ങളിലൊന്നായ മദ്യനിരോധനത്തിനായി വീറോടെ പോരാടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പഞ്ചായത്തുകള്‍ക്കുണ്ടായിരുന്ന മദ്യനിരോധനാധികാരം പുനഃസ്ഥാപിച്ചുകിട്ടുന്നതിനായി 953 ദിവസം മലപ്പുറം കളക്ടറേറ്റിനുമുന്നില്നടന്ന സമരത്തില്‍ ആദ്യവസാനംവരെ സത്യാഗ്രഹമിരുന്നു, അപ്പനായര്‍.
പിന്നീട് 114 ദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റില്നടന്ന സത്യാഗ്രഹത്തിലും മുന്നണിപ്പോരാളിയായി. സമരപരമ്പരകള്ക്കിടയില് ഏറെ കഷ്ടനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ഒരു സമരമുഖത്തുനിന്നു മറ്റൊരു പോരാട്ടത്തിലേക്ക് നീങ്ങാന്‍ അദ്ദേഹത്തിന് ശക്തിനല്കിയത് ഗാന്ധിയന്‍ ദര്‍ശനമായിരുന്നു.
സര്‍വോദയനേതാവും അക്കാലത്തെ മദ്യനിരോധനസമിതി സമരനേതാവുമായിരുന്ന അന്തരിച്ച എം.പി. മന്മഥന്, മലയോരമേഖലയിലെ നേതാക്കളായിരുന്ന ഫാ. തോമസ് തൈത്തോട്ടം, മാത്യു എം. കണ്ടത്തിൽ എന്നിവരുമായിച്ചേർന്ന് ഒട്ടേറെ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. ലക്ഷ്മിയാണ് ഭാര്യ. മക്കൾ: കാർത്യായനി, വിജയൻ, സതി. മരുമക്കൾ: രവീന്ദ്രൻ, ചന്ദ്രിക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..