അമ്പലക്കാട്ട് കരുണാകരമേനോൻ
ഒറ്റപ്പാലം: ‘ഗാന്ധിജിയുടെ ആദർശങ്ങളിൽ വിശ്വസിച്ച് അത് ജീവിതത്തിൽ പ്രാവർത്തികമാക്കിയ മാതൃകാപുരുഷൻ, നിസ്വാർഥ സേവനത്തിനുടമ’-അമ്പലക്കാട്ട് കരുണാകരമേനോൻ എന്ന സ്വാതന്ത്ര്യസമരസേനാനിയായ നേതാവിനെ കെ. കേളപ്പൻ അനുസ്മരിച്ചത് ഇങ്ങനെയായിരുന്നു. സാമൂഹിക പരിഷ്കർത്താവ്, നിയമസഭാ സാമാജികൻ, സ്വാതന്ത്ര്യസമരസേനാനി, ‘മാതൃഭൂമി’യുടെ സ്ഥാപക ഡയറക്ടർമാരിലൊരാൾ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ അമ്പലക്കാട്ട് കരുണാകരമേനോനെ ഓർമിക്കാൻ ഒരുപാടുണ്ട്.
1887-ൽ പെരിന്തൽമണ്ണയിലെ അമ്പലക്കാട്ട് തറവാട്ടിലാണ് കരുണാകരമേനോന്റെ ജനനം. കോഴിക്കോട്ടും മദിരാശിയിലുമായി ബി.എ., ബി.എൽ. ബിരുദങ്ങൾ പൂർത്തിയാക്കി. 1919-ൽ കോഴിക്കോട്ട് അഭിഭാഷകനായി. അവിടെനിന്നാണ് ദേശീയ പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനാകുന്നത്.
1921-ൽ താത്കാലികമായി അഭിഭാഷകവൃത്തി മതിയാക്കി നിസ്സഹകരണ പ്രസ്ഥാനത്തിനൊപ്പം കൂടി. പിന്നീട്, കുറേകാലം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഖജാൻജിയായിരുന്നു. പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രപ്രവേശന റഫറണ്ട് പ്രസ്ഥാനത്തിന്റെയും ഖജാൻജിയായിരുന്നു. 1945-ൽ ഹരിജൻസേവക സംഘത്തിന്റെ മലബാർ ശാഖാ പ്രസിഡന്റായി. 1967 വരെ ആ പദവിയിൽ തുടർന്നു.
‘മാതൃഭൂമി’ പത്രത്തിന്റെ ആരംഭംമുതൽ ഡയറക്ടർമാരിലൊരാളായ അദ്ദേഹം 1970-ൽ മരണംവരെ ആ ബന്ധം തുടർന്നു. കയറാട്ട് ശ്രീദേവിയമ്മയായിരുന്നു ഭാര്യ. പരേതരായ കുഞ്ഞുലക്ഷ്മി, ഭാരതി, കൃഷ്ണൻകുട്ടിമേനോൻ, ഗോവിന്ദൻകുട്ടിമേനോൻ എന്നിവരാണ് മക്കൾ.
പലവട്ടം ജയിലിൽ
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പലവട്ടം ജയിൽവാസം അനുഭവിച്ചിട്ടുണ്ട് കരുണാകരമേനോൻ. 1940-ൽ സത്യാഗ്രഹസമരത്തിൽ പങ്കെടുത്തതിന് ആറുമാസം ജയിൽശിക്ഷ അനുഭവിച്ചു. തൃശ്ശിനാപ്പള്ളി സെൻട്രൽ ജയിലിലായിരുന്നു അന്ന്. ശേഷം മലബാർ എക്സ്പ്രസിന് കോഴിക്കോട്ടുവന്നിറങ്ങിയ അദ്ദേഹത്തിന് ജനങ്ങൾ ഗംഭീരസ്വീകരണം നൽകി. പിന്നീട് ക്വിറ്റ് ഇന്ത്യാ സമരകാലത്തും അദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടു. രണ്ടുവർഷമാണ് അന്ന് തടങ്കലിൽ കഴിഞ്ഞത്.
ഷൊർണൂർ-നിലമ്പൂർ തീവണ്ടി പുനഃസ്ഥാപിക്കൽ
1945-ൽ വള്ളുവനാട് ഉൾപ്പെട്ട നിയോജകമണ്ഡലത്തിൽനിന്നു മദിരാശി നിയമസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലും അംഗമായി. യുദ്ധകാലത്ത് ഷൊർണൂർ-നിലമ്പൂർ തീവണ്ടി നിർത്തിയശേഷം ഗതാഗതം പുനഃസ്ഥാപിച്ചിരുന്നില്ല.
തുടർന്നാണ് ഷൊർണൂർ-നിലമ്പൂർ തീവണ്ടിപ്പാത വീണ്ടും ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കരുണാകരമേനോൻ രംഗത്തുവന്നത്. അതിന്റെ ചർച്ച തുടങ്ങിയത് സഭയിലെ അദ്ദേഹത്തിന്റെ വാദത്തെത്തുടർന്നായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..