കെ.വി അച്യുതൻനായർ
പെരുമ്പാവൂർ: കുറുപ്പംപടിയിലെ ഗവ. ട്രെയിനിങ് സ്കൂളിൽ പഠിക്കുന്ന കാലത്താണ് 14-കാരനായ അച്യുതൻ ആ ജാഥ കണ്ടത്. 'ബ്രിട്ടീഷുകാർ ഇന്ത്യ വിടുക' എന്നതായിരുന്നു ജാഥയിൽ ഉയർന്നുകേട്ട മുദ്രാവാക്യം. സ്വാതന്ത്ര്യസമരമൊന്നും അറിയില്ലെങ്കിലും ആ ഏഴാം ക്ലാസുകാരൻ ജാഥയിൽ കൂടി. പെരുമ്പാവൂരിലെ അച്യുതൻ വൈദ്യൻ, എ.കെ. കേശവപിള്ള എന്നിവരായിരുന്നു ജാഥയുടെ മുൻനിരയിൽ. തുടർന്ന് 1945-ൽ ഇരിങ്ങോൾ കരിമ്പഞ്ചേരി വീട്ടിൽ കെ.വി. അച്യുതൻ നായർ എന്ന അച്യുതൻ കോൺഗ്രസിൽ ചേർന്നു.
പെരുമ്പാവൂരിൽ കാലടി കവലയ്ക്ക് സമീപമുണ്ടായിരുന്ന മാളികയുടെ മുകൾനില അന്ന് ബീഡിത്തൊഴിലാളികളുടെ കേന്ദ്രമായിരുന്നു. 'മാതൃഭൂമി'യിൽ വന്നിരുന്ന സ്വാതന്ത്ര്യസമരത്തിന്റെ വാർത്തകൾ തൊഴിലാളികളെ പതിവായി വായിച്ചു കേൾപ്പിക്കുന്ന ജോലി അച്യുതൻ നായർക്കായിരുന്നു. രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്ന സ്വാതന്ത്ര്യ പ്രക്ഷോഭത്തെക്കുറിച്ചും ഗാന്ധിജിയുടെ ആശയങ്ങളെക്കുറിച്ചും കൂടുതൽ അറിഞ്ഞത് 'മാതൃഭൂമി' വായനയിലൂടെയാണെന്ന് അച്യുതൻ നായർ.
1946-ൽ കുന്നത്തുനാട് താലൂക്ക് കേന്ദ്രമാക്കി കമ്മ്യൂണിസ്റ്റ് പാർട്ടി യൂണിറ്റ് രൂപവത്കരിച്ചപ്പോൾ സ്ഥാപക സെക്രട്ടറിയായി. പി.കെ.പി. നമ്പൂതിരി, ഇ.ആർ. നീലകണ്ഠൻ നായർ, എസ്. ശിവശങ്കരപ്പിള്ള എന്നിവരാണ് ആദ്യ യോഗത്തിലുണ്ടായിരുന്നത്. പി.കെ.വി.യുടെയും പി.ജി.യുടെയും പേരിൽ വിഖ്യാതമായ പുല്ലുവഴി കമ്മ്യൂണിസത്തിനു മുൻപുള്ള കാലഘട്ടമായിരുന്നു അത്. സമരങ്ങളുടെ പേരിലും കമ്യൂണിസ്റ്റായതിന്റെ പേരിലും രണ്ടുതവണയായി 11 മാസത്തോളം അച്യുതൻ നായർ ജയിലിൽ കഴിഞ്ഞു.
പോലീസിന്റെ കൊടിയ മർദനമേറ്റു. പല വിധത്തിലുള്ള ഭീഷണികളും സമ്മർദങ്ങളും ഉണ്ടായെങ്കിലും പാർട്ടി കെട്ടിപ്പടുക്കണമെന്ന ദൃഢനിശ്ചയത്തോടെ നേരിട്ടു. ഇ.എം.എസും പി. കൃഷ്ണപിള്ളയും ഇരിങ്ങോളിലെ പി.കെ.പി. നമ്പൂതിരിയുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞപ്പോൾ അടുത്തിടപഴകാൻ കഴിഞ്ഞു. ഇന്ത്യ സ്വതന്ത്രമായി എന്ന വാർത്ത കേട്ടത് പെരുമ്പാവൂർ സുഭാഷ് മൈതാനിയിലുണ്ടായിരുന്ന റേഡിയോ കിയോസ്കിൽ വെച്ചാണ്.
1964-ൽ പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.ക്കൊപ്പം നിലയുറപ്പിച്ച അച്യുതൻ നായർ രണ്ട് കൊല്ലം എറണാകുളത്തും പിന്നീട് പെരുമ്പാവൂരിലും പാർട്ടിയുടെ ഓഫീസ് ചുമതല വഹിച്ചു. 10 കൊല്ലം മുൻപുവരെ അംഗത്വം പുതുക്കിയിരുന്നു.
93-ാം വയസ്സിന്റെ അവശതകളുണ്ടെങ്കിലും കഴിഞ്ഞകാലത്തെക്കുറിച്ച് പറയുമ്പോൾ അച്യുതൻ നായരുടെ കണ്ണുകളിൽ സമരതീക്ഷ്ണതയുടെ തിളക്കം. 'മാതൃഭൂമി' പത്രപാരായണത്തിന് ഇപ്പോഴും മുടക്കമില്ല.
ഭാര്യ: സരസ്വതി. മക്കൾ: സുമ (അധ്യാപിക, മുൻ പ്രസിഡന്റ്, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്), സരിത (കീഴില്ലം സഹകരണ ബാങ്ക്), അഡ്വ. എ. സിന്ധു (പബ്ലിക് പ്രോസിക്യൂട്ടർ, പോക്സോ കോടതി, മുൻ പ്രസിഡന്റ് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്), അജയൻ (കുറുപ്പംപടി സഹകരണ ബാങ്ക്). മരുമക്കൾ: രാധാകൃഷ്ണൻ (ബിസിനസ്), ജയപ്രകാശ് (ജി.ടി.എൻ.), മിനി (തൊടുപുഴ സഹകരണ ബാങ്ക്), കെ.കെ. അഷ്റഫ് (സി.പി.ഐ. സംസ്ഥാന കൗൺസിലംഗം).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..