സംവിധായകൻ രഞ്ജിത്ത് |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ സാംസ്‌കാരിക നയത്തിന്റെ ഉറച്ച സന്ദേശമാണ് ഭാവനയെ ഐ.എഫ്.എഫ്.കെ വേദിയില്‍ പങ്കെടുപ്പിച്ചതിലൂടെ നല്‍കിയതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. തങ്ങളുടെ തീരുമാനം അറിയിച്ചപ്പോള്‍ മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പടെയുള്ളവര്‍ പൂര്‍ണ പിന്തുണ നല്‍കി കൂടെ നില്‍ക്കുകയായിരുന്നു - രഞ്ജിത്ത് പറഞ്ഞു.
ദിലീപിനെ ജയിലില്‍ പോയി സന്ദര്‍ശിച്ച വിഷയം ഇപ്പോള്‍ വിവാദമാക്കുന്നതിലും രഞ്ജിത്ത് മറുപടി പറഞ്ഞു. ' അയാള്‍ക്ക് വേണ്ടി ഞാന്‍ ഒരു മാധ്യമത്തിലും ചര്‍ച്ചയ്ക്ക് വന്ന് വാദിച്ചിട്ടില്ല. എവിടെയും എഴുതിയിട്ടില്ല. പ്രസംഗിച്ചിട്ടുമില്ല. ആ വ്യക്തിയുമായി എനിക്ക് വളരെ അടുത്ത ബന്ധവുമില്ല. അയാളത് ചെയ്യില്ല എന്നായിരുന്നു പലരും അന്ന് പറഞ്ഞിരുന്നത്. എനിക്കും അന്ന് അയാള്‍ അങ്ങനെ ചെയ്തുവെന്ന് വിശ്വസിക്കാന്‍ ഇഷ്ടമല്ലായിരുന്നു.
എങ്കിലും ജയിലില്‍ പോയി കാണണമെന്ന് കരുതിയിരുന്നില്ല. സുരേഷ് കൃഷ്ണയോടൊപ്പം കാറില്‍ പോകുന്നതിനിടെ അയാള്‍ക്ക് ദിലീപിനെ കാണണമെന്ന് പറയുകയായിരുന്നു. ആദ്യം പുറത്തിരിക്കാമെന്നാണ് കരുതിയത്. പുറത്ത് മാധ്യമ പ്രവര്‍ത്തകരുണ്ടായിരുന്നു. അപ്പോള്‍ താനും അകത്തേക്ക് പോയി. ജയില്‍ സൂപ്രണ്ടിന്റെ അടുത്തേക്കാണ് പോയത്. സൂപ്രണ്ടിനോട് സംസാരിക്കുന്നതിനിടെ ദിലീപ് അങ്ങോട്ട് വന്നു. സുരേഷ് കൃഷ്ണയും ദിലീപും മാറി നിന്ന് സംസാരിച്ചു. 10 മിനുട്ട് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഇറങ്ങി. പുറത്തിറങ്ങി അയാള്‍ നിരപരാധിയാണെന്നൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല.
ഞാന്‍ അവിടെ പോയി എന്നത് ഉയര്‍ത്തിക്കാട്ടി കഴിഞ്ഞ ദിവസം നടന്ന മഹത്തായ കാര്യത്തെ കുറച്ചു കാണിക്കുന്നവരോട് എന്നെ ഇതുകൊണ്ടൊന്നും പേടിപ്പിക്കാനാകില്ല എന്നാണ് പറയാനുള്ളത്. എനിക്ക് എന്റെ നിലപാടുണ്ട്. അതനുസരിച്ച് ഞാന്‍ മുന്നോട്ട് പോകും. ഭാവനയെ ഞാന്‍ വിളിച്ചത് തെറ്റായിപ്പോയി എന്ന നിലയിലാണ് ഇപ്പോള്‍ ചിലര്‍ പറയുന്നത്'.
അനുരാഗ് കശ്യപും ആ വേദിയിലുണ്ടായിരുന്നു. അനുരാഗ് അദ്ദേഹത്തിന്റെ ജന്മനാടായ യു.പിയില്‍ കാലുകുത്തിയിട്ട് 6 വര്‍ഷമായി. നിര്‍ഭയമായി സഞ്ചരിക്കാവുന്ന ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളവും മറ്റൊന്ന് തമിഴ്‌നാടുമാണെന്നാണ് അനുരാഗ് കശ്യപ് പറഞ്ഞതെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
Content Highlights: ranjith actress attack case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..