പരേഷ് സി പലേച്ച
തിരുവനന്തപുരം: സെക്കൻഡിൽ 24 ഫ്രെയിം എന്ന സിനിമയുടെ സ്‌ക്രീൻ വേഗത്തിനൊപ്പമെത്താൻ തന്റെ ചക്രക്കസേരയിൽ പരേഷ് പാഞ്ഞത് പതിറ്റാണ്ടുകളാണ്. ഇരുളും വെളിച്ചവുമറിയാത്ത ബാല്യവും കൗമാരവും കടന്ന ഈ ചക്രക്കസേര ഇപ്പോൾ ലോകക്കാഴ്ചകളുടെ രാജ്യാന്തര ചലച്ചിത്രമേളയിലെ ജൂറിയുടെ ഇരിപ്പിടമാണ്.
മേളയിലെ അന്താരാഷ്ട്ര സിനിമകൾ തിരഞ്ഞെടുത്ത ജൂറിയിലെ പ്രധാന അംഗമാണ് സെറിബ്രൽപാൾസി എന്ന രോഗം ബാധിച്ച് ശരീരം തളർന്ന പരേഷ് സി. പലീച എന്ന വിസ്മയ മനുഷ്യൻ.
കൊച്ചി കൂവപ്പാടം ഗുജറാത്ത് തെരുവിലെ ‘ജമുന’ എന്ന വീട്ടിൽനിന്ന് ലോകമറിയുന്ന സിനിമാനിരൂപകനും ആസ്വാദകനുമായി മാറിയ പരേഷിന്റെ ജീവിതം ഇച്ഛാശക്തി എന്താണെന്നതിന്റെ തെളിവാണ്. ഗുജറാത്തിയായ ചരൺദാസിന്റെയും ബോംെബ സ്വദേശിനി ഇന്ദുവിന്റെയും മകനായ പരേഷ് പിറന്നുവീണത് ചിരിയും കരച്ചിലുമില്ലാത്ത, ഇരുളും വെളിച്ചവുമറിയാത്ത കുഞ്ഞായാണ്.
വളർച്ചയിൽ ശരീരമാകെ പിണങ്ങി മാറിനിന്നിട്ടും തലച്ചോറും നാലുവിരലുകളും പരേഷിന്റെ സ്വപ്നങ്ങൾക്കൊപ്പംനിന്നു. ഇടയ്ക്കെപ്പോഴോ ഉള്ളിൽവീണ സിനിമ എന്ന കനലിനെ പതിയെ ഇദ്ദേഹം ശ്വാസം നൽകി ജ്വലിപ്പിച്ചു. മാതാപിതാക്കളുടെ കരുതലും സിനിമാ സ്നേഹം നൽകിയ കരുത്തും മരുന്നിനെക്കാൾ ഫലംചെയ്തു.
ഇപ്പോൾ റീഡിഫിന്റെയും ഇൻഡോ-ഏഷ്യൻ ന്യൂസ് സർവീസിന്റെയും (ഇയാൻസ്) ഔദ്യോഗിക മലയാള സിനിമാ നിരൂപകനാണിദ്ദേഹം. വി.കെ. ജോസഫിനും ജി.പി.രാമചന്ദ്രനുമൊപ്പം ഇദ്ദേഹം തിരഞ്ഞെടുത്ത ചിത്രങ്ങളാണ് ഇക്കുറി മേളയിലെ ലോകസിനിമാ വിഭാഗത്തിൽ കാണികളെ അമ്പരപ്പിക്കുന്നത്.
മണിരത്നത്തിന്റെ ‘ബോംബെ’ സിനിമയുടെ ഇംഗ്ലീഷ് നിരൂപണം 1995-ൽ ഫെമിന മാസികയിൽ അടിച്ചുവന്നതോടെയാണ് ഇദ്ദേഹം ശ്രദ്ധനേടുന്നത്. തുടർന്ന് ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ഇംഗ്ലീഷ് പത്രങ്ങളിലെ സ്ഥിരം സിനിമാ എഴുത്തുകാരനായി. ബ്ലോഗിലൂടെയും സ്വന്തം വെബ്‌സൈറ്റിലൂടെയും തന്റെ കാഴ്ചപ്പാടുകളും സിനിമാ വിശകലനങ്ങളും ഇദ്ദേഹം പങ്കുവെച്ചു. ആകെ ചലിക്കുന്ന നാലുവിരലുകളുമായി കൊച്ചിയിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിയും ചെയ്യുന്നു.
സിനിമ എന്ന മാധ്യമത്തെ ഗൗരവത്തോടെ കാണുന്ന ഇദ്ദേഹത്തിന്റെ സ്വപ്നമാണ് ഒരു സിനിമ സംവിധാനം ചെയ്യുക എന്നത്. അല്പനാൾ മുമ്പ് ഒരു സുഹൃത്ത് വീൽച്ചെയറിൽ ഘടിപ്പിക്കാവുന്ന ക്യാമറ സമ്മാനിച്ചതോടെ ആ സ്വപ്നത്തിലേക്കുള്ള അകലം കുറഞ്ഞു. തന്റെ വീൽച്ചെയറിലിരുന്ന് അന്താരാഷ്ട്രമേളയിലെ മികച്ച സിനിമകൾ തേടിപ്പിടിച്ച് കാണുന്നതിന്റെ തിരക്കിലാണിദ്ദേഹം.
Content Highlights: International Film Festival Of Keral , Jury member, Paresh C Palicha, cerebral palsy, IFFK 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..