നെടുമുടി വേണു, സത്യൻ അന്തിക്കാട് | ഫോട്ടോ: മാതൃഭൂമി
'ഒരാളെ കൊന്നാൽ 12 കൊല്ലമേ തടവ് ശിക്ഷയുള്ളൂ, ഇതിപ്പോ 14 കൊല്ലമായി, ഞാൻ ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ?' -വേണുച്ചേട്ടന്റെ ചോദ്യത്തിൽ ഞങ്ങൾ തമ്മിലുണ്ടായിരുന്ന പിണക്കം അലിഞ്ഞുപോയി.' സത്യൻ അന്തിക്കാടിന്റെ വാക്കുകൾ സദസ്സിൽ ചിരിയുണർത്തി. ഒപ്പം നെടുമുടി വേണുവെന്ന അതുല്യനടൻ ഇന്ന് നമുക്കൊപ്പമില്ലല്ലോ എന്ന നൊമ്പരവും..
കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ നെടുമുടി വേണുവിന് ആദരമർപ്പിച്ച് നടന്ന 'അൺഫോർഗെറ്റബിൾ വേണുച്ചേട്ടൻ' എന്ന പരിപാടിയിലായിരുന്നു സത്യൻ അന്തിക്കാട് അദ്ദേഹവുമായുണ്ടായ അകൽച്ചയുടെ കഥ വെളിപ്പെടുത്തിയത്.

'ഒരിക്കൽ വിദേശത്തു ചിത്രീകരണത്തിന് വേണുവിന് എത്താൻ സാധിച്ചില്ല. പെട്ടെന്ന് പകരക്കാരനെ കണ്ടെത്താനാകാതെ ചിത്രീകരണം തടസ്സപ്പെട്ടു. തുടർന്ന് അദ്ദേഹവുമായി ചിത്രങ്ങൾ ചെയ്തിരുന്നില്ല. പിന്നീട് തിരുവനന്തപുരത്ത് വെച്ച് നടന്ന അവാര്‍ഡ് ദാന ചടങ്ങിൽ 'ഒരാളെ കൊന്നാൽ 12 കൊല്ലമേ തടവ് ശിക്ഷയുള്ളൂ ഇതിപ്പോ 14 കൊല്ലമായി. ഞാൻ ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ..?' എന്ന് അദ്ദേഹം സരസമായി ചോദിച്ചതോടെ ആ നീരസം തീർന്നു. 'വീണ്ടും ചില വീട്ടു കാര്യങ്ങളി'ലൂടെ അദ്ദേഹം പിന്നീടും എന്റെ ചിത്രങ്ങളിൽ സജീവമായി. ആരെയും പിണങ്ങാൻ പോലും അനുവദിക്കാത്ത വ്യക്തിപ്രഭാവമായിയിരുന്നു അദ്ദേഹത്തിന്റേത്' -സത്യൻ അന്തിക്കാട് വിശദമാക്കി.
ഭരത് ഗോപിയുമായി തന്നെ അടുപ്പിച്ചതും പിന്നീട് നിരവധി സിനിമകളിൽ അദ്ദേഹവുമായി സഹകരിക്കാൻ ഇടയാക്കിയതും നെടുമുടി വേണുവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള സിനിമയിൽ അഭിനയത്തിന്റെ പുതിയ പാതകൾ വെട്ടിത്തെളിച്ചവരാണ് ഇവർ ഇരുവരുമെന്നും സത്യൻ അന്തിക്കാട് അനുസ്മരിച്ചു.
Content Highlights: iffk 2022, sathyan anthikkadu, nedumudi venu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..