റിയ ഇഷ | ഫോട്ടോ: മാതൃഭൂമി
മഞ്ചേരി ജില്ലാ കോടതിയിൽ അദാലത്തിന്റ ജഡ്ജിങ് പാനലിൽ വന്ന വ്യക്തി, കേരളത്തിലെ ആദ്യ അംഗീകൃത മോഡലിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക, കാലിക്കറ്റ് യൂണിവേഴ്സിറ്റി ആദ്യ ട്രാൻസ് അത്ലെറ്റിക് ചാമ്പ്യൻ -ഈ നേട്ടങ്ങളിലൊന്നും ഒതുങ്ങുന്നില്ല റിയ ഇഷ എന്ന ട്രാൻസ് വുമൺ. 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച, സന്തോഷ് കീഴാറ്റൂർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'അവനോവിലോന' എന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ കൂടിയാണ് റിയ. ഒരുപക്ഷേ, മലയാള സിനിമയിലെ ആദ്യത്തെ ട്രാൻസ് കോസ്റ്റ്യൂം ഡിസൈനർ. ട്രാൻസ് ജീവിതത്തിന്റെ ആഴങ്ങൾ തേടുന്ന ചിത്രത്തിലൂടെ സിനിമയിലെത്താനായതും കാലം റിയക്കായി കാത്തുവെച്ച നിയോഗം. പക്ഷേ, അവിടെ എത്താൻ അവൾക്ക് താണ്ടേണ്ടിവന്നത് ഒട്ടും എളുപ്പമുള്ള വഴികളിലൂടെയായിരുന്നു. അവലോവിലോനയെയും തന്റെ ജീവിതത്തെയും കുറിച്ച് റിയ മനസ്സ് തുറക്കുന്നു.
കഥ പറയാൻ വിളിച്ചു, കോസ്റ്റ്യൂം ഡിസൈനറായി
സന്തോഷേട്ടനെ (സന്തോഷ് കീഴാറ്റൂർ) ഒരിക്കൽ ഒരു സിനിമയുടെ കഥ പറയാൻ വേണ്ടി വിളിച്ചതാണ്. അപ്പോഴാണ് സന്തോഷേട്ടൻ അവനോവിലോനയുടെ കഥ ഇങ്ങോട്ട് പറയുന്നത്. റിയ, നീ ഇതിൽ കോസ്റ്റ്യൂം ചെയ്യണം എന്ന് സന്തോഷേട്ടൻ പറഞ്ഞു. സിനിമയിൽ വർക്ക് ചെയ്ത് യാതൊരു പരിചയവുമില്ലായിരുന്നു എനിക്ക്. പഠിച്ചത് ഫാഷൻ ഡിസൈനിങ് ആയിരുന്നു. അന്ന് സുഹൃത്തുക്കൾക്കൊക്കെ വേണ്ടി കോസ്റ്റ്യൂം ചെയ്തിരുന്നെങ്കിലും ഇതൊരു പ്രൊഫഷൻ ആയി കണ്ടിരുന്നില്ല. പക്ഷേ, നേരത്തെ ഒന്ന് രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതിന്റെയെല്ലാം പരിചയത്തിലാണ് ഈ ജോലി ഞാൻ ഏറ്റെടുത്തത്. അവനോവിലോനയിൽ ട്രാൻസ് കമ്മ്യൂണിറ്റിയിലുള്ളവർക്കായിരുന്നു കോസ്റ്റ്യൂമായിരുന്നു ചെയ്യേണ്ടത്. അതുകൊണ്ട് എനിക്ക് അത് കൂടുതൽ മനസ്സിലാക്കി ചെയ്യാൻ സാധിച്ചു.
കോസ്റ്റ്യൂമിൽ നിന്ന് അഭിനയത്തിലേക്ക്
അവനോവിലോന കഴിഞ്ഞ ശേഷം സിനിമ എനിക്ക് വേണ്ടി കാത്തുവച്ചത് കൂടുതൽ അവസരങ്ങളായിരുന്നു. അജു വർഗീസും മണിയൻ പിള്ള സാറിന്റെ മകൻ നീരജുമൊക്കെ അഭിനയിക്കുന്ന ഒരു സിനിമയിൽ ഞാനൊരു വേഷം ചെയ്യുന്നുണ്ട്. ട്രാൻസ് പേഴ്സൺ ആയാണ് വേഷമിടുന്നത്. വേറെയും ഒരു സിനിമയിൽ അഭിനയിച്ചു. പഠിച്ചത് ഫാഷൻ ഡിസൈനിങ് ആണെങ്കിലും മോഡലിങ് ആയിരുന്നു ഞാൻ ചെയ്തിരുന്നത്.
എന്നെ സംബന്ധിച്ച് സിനിമയിൽ എത്തിച്ചേരുക എളുപ്പമുള്ള കാര്യമായിരുന്നില്ല. പക്ഷേ സാഹചര്യവശാൽ എത്തിയപ്പോൾ എന്നെ ആളുകൾ തിരിച്ചറിയാനും അംഗീകരിക്കാനും ഇതൊരു നല്ല പ്ലാറ്റ്ഫോം ആണെന്ന് മനസിലായി.
ഞാൻ, എന്റെ ജീവിതം
മറ്റുള്ളവർ എന്താണ് പറയുന്നതെന്ന് ഞാൻ ചിന്തിക്കാറില്ല, ശ്രദ്ധിക്കാറുമില്ല. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കുന്നു. ഏഴു വർഷമായി പെരിന്തൽമണ്ണയിൽ കോസ്റ്റ്യൂം ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുകയാണ്. അതിൽ അഭിമാനവും സന്തോഷവുമുണ്ട്.
എന്റെ ഐഡന്റിറ്റി തിരിച്ചറിഞ്ഞ ഉടനെ എനിക്ക് വീടുവിട്ട് ഇറങ്ങേണ്ടി വന്നു. പിന്നീട് ഒരു വർഷത്തോളം ഒരുപാട് കഷ്ടപ്പെട്ടു. ജോലി തിരക്കിലാണെന്ന് പറഞ്ഞ് ഞാൻ അവരിൽ നിന്നും അകന്നു കഴിയുകയായിരുന്നു. കാരണം അവർ എന്നെ ഉൾക്കൊള്ളുമോ എന്ന ഭയമായിരുന്നു. പിന്നീട് ഞാൻ എന്തെങ്കിലുമൊക്കെ ആയി തീർന്നപ്പോഴാണ് കുടുംബം എനിക്കൊപ്പം വന്നത്. അവർ ഒന്നിനും എന്നെ എതിർത്തിട്ടില്ല. ഉമ്മ എനിക്കൊപ്പമാണ് താമസം. ഏട്ടൻമാർ ഇപ്പോഴും അവരുടെ അനുജനായാണ് എന്നെ കാണുന്നത്. പക്ഷേ എന്നെ അവർ എതിർക്കാൻ വരാറില്ല.
Content Highlights: iffk 2022, riya isha interview, avanovilona movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..