IFFK
പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ജീവിത കഥകൾ പലപ്പോഴും ചലച്ചിത്രാവിഷ്കാരങ്ങളായിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ചേർത്തുവയ്ക്കാവുന്ന ചിത്രമാണ് നവാഗതയായ താര രാമാനുജൻ സംവിധാനം ചെയ്ത നിഷിദ്ധോ. ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം പറയുന്നത് അതിഥി തൊഴിലാളികളായ ചാവിയുടെയും രുദ്രയുടെയും കഥയാണ്.
ബംഗാളിയിൽ നിന്ന് കടംകൊണ്ടവാക്കാണ് നിഷിദ്ധോ. നിഷേധിക്കുക എന്നതുതന്നെയാണ് ഈ വാക്കിന്റെ അർഥവും. ചാവിക്കും രുദ്രയ്ക്കും നിഷേധിക്കപ്പെട്ട, അല്ലെങ്കിൽ വിലക്കപ്പെട്ട ആഗ്രഹങ്ങളുടെ കഥയാണ് നിഷിദ്ധോ.
തമിഴ്നാട്ടുകാരിയാണ് ചാവി. തന്റെ പാട്ടിക്കൊപ്പം ഏറെ നാളായി കേരളത്തിലാണ് ചാവി താമസിക്കുന്നത്. വീട്ടു പണികൾക്കും മിഡ് വൈഫായും അവൾ പോകാറുണ്ട്. കേരളത്തിൽ വന്നെത്തിയ ബംഗാളി വിഗ്രഹ നിർമ്മാതാവായി മാറിയ നിർമ്മാണ തൊഴിലാളിയായ രുദ്രയുമായി ചാവി സൗഹൃദത്തിലാകുന്നു. പറയാതെ പറയുന്ന പ്രണയം ഇരുവർക്കുമിടയിൽ ഉരുത്തിരിയുന്നുണ്ട്.
മുറി മലയാളത്തിലും ബംഗാളിയിലുമായി അവർ പരസ്പരം അടുത്തറിയുന്നു, ഇതിനിടെ ചാവി പ്രസവമെടുത്ത ഒരു പെൺകുഞ്ഞ് അസുഖബാധിതയാകുന്നു. പെൺകുഞ്ഞാണെങ്കിൽ മരിച്ചു പോകണേയെന്നാണ് പ്രസവ വേദനയെടുക്കുന്ന നേരത്തും അവളുടെ അമ്മ പ്രാർഥിക്കുന്നത്. ചാവിയെ അത് അസ്വസ്ഥയാക്കുന്നുമുണ്ട്. വൈകാതെ കുഞ്ഞ് ആശുപത്രയിലാവുന്നതോടെ ചാവിയും ചോദ്യം ചെയ്യപ്പെടുന്നു. പെൺഭ്രൂണഹത്യയെ അതിജീവിച്ചവളാണ് ചാവിയും.
വിഗ്രഹങ്ങൾ നിർമിച്ചിരുന്ന രുദ്ര ഇപ്പോൾ കൊച്ചിയിൽ നിർമ്മാണ സ്ഥലത്തെ തൊഴിലാളിയായി ഉപജീവനം കണ്ടെത്തുകയാണ്. തന്റെ അമ്മാവൻ സൈറ്റിൽ നടന്ന അപകടത്തിൽ ആകസ്മികമായി മരണപ്പെട്ടത് തന്റെ തെറ്റുകൊണ്ടാണെന്ന എന്ന കുറ്റബോധം അവനെ അലട്ടുന്നുണ്ട്. തിരിച്ച് ബംഗാളിലേക്ക് പോകാൻ രുദ്ര ആഗ്രഹിക്കുന്നു, ഒപ്പം ചാവിയെയും കൂട്ടണമെന്നും. എന്നാൽ പല കാരണങ്ങളും അവളെ അവനൊപ്പം പോകുന്നതിൽ നിന്ന് വിലക്കുന്നുണ്ട്. ചാവിയുടെയും രുദ്രയുടെയും മുന്നോട്ടുള്ള ജീവിതം എന്താണെന്നാണ് പിന്നീടുള്ള ചിത്രം പറയുന്നത്.
മികവ് തെളിയിച്ച നടിയാണ് കനി കുസൃതി. ഏത് വേഷവും അതിഗംഭീരമാക്കുന്ന അഭിനേത്രി. സങ്കീർണതകൾ ഉള്ള ചാവി എന്ന കഥാപാത്രം കനിയുടെ കയ്യിൽ ഭദ്രമായിരുന്നു. രുദ്രയായെത്തിയ തന്മയും തന്റെ വേഷം ഗംഭീരമാക്കി. മാറിക്കൊണ്ടിരിക്കുന്ന കേരള സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെ തന്റെ ആദ്യ സംവിധാന സംരംഭമായി തിരഞ്ഞെടുത്ത താരയും കയ്യടി അർഹിക്കുന്നു. സ്ത്രീശക്തീകരണത്തിന്റെ ഭാഗമായുള്ള സർക്കാർ പദ്ധതിയനുസരിച്ച് ചലച്ചിത്രവികസന കോർപറേഷനാണ് ചിത്രം നിർമിച്ചത്. സ്ത്രീശക്തീകരണത്തിന്റെ ഭാഗമായി വനിതാസംവിധായകർക്ക് സിനിമയെടുക്കാൻ ഒരുകോടിരൂപ വീതം അനുവദിച്ചിരുന്നു. ഈ പദ്ധതിപ്രകാരം ചിത്രീകരണം പൂർത്തിയാക്കിയ ആദ്യ ചിത്രമാണ് നിഷിദ്ധോ
Content Highlights: Nishidho Review, Kani Kusruti, Thara Ramanujan, IFFK 2022, International Film Festival Of Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..