ബാഗ് ദി ടൈഗർ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: https://iffk.in/filmdetail
എത്ര സാംസ്‌കാരിക ഔന്നത്യം അവകാശപ്പെട്ടാലും എല്ലാ മനുഷ്യരിലും ആദിമ കാലത്തിന്റെ വന്യമായ സഹജാവബോധം ഉറങ്ങിക്കിടപ്പുണ്ടെന്ന് പറയുകയാണ് സൗരിഷ് ദേയുടെ ബാഗ് ദി ടൈഗർ എന്ന ചിത്രം. ഉപജീവനത്തിനായി കടുവയായി അഭിനയിക്കുന്ന ഒരു നാടോടി നടന്റെ കണ്ണിലൂടെ ഒരു പരിഷ്‌കൃത സമൂഹത്തിലെ നമ്മുടെ മൃഗസമാനമായ സഹജാവബോധത്തിന്റെ പ്രസക്തിയാണ് ചിത്രം അന്വേഷിക്കുന്നത്.
വളരെ കുഴപ്പം പിടിച്ച ലോകമാണിത്. ഇവിടെ പരാന്നഭോജികളേപ്പോലെ കഴിയണോ അതോ കടുവകളേപ്പോലെ രാജകീയമായി ജീവിക്കണോ? നട്ടെല്ലില്ലാതെ അഭിമാന ബോധമില്ലാതെ അധികാരത്തിന്റെ പീഡനങ്ങളേറ്റ് മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം കാഴ്ചവസ്തുക്കളേപ്പോലെ കഴിയണോ..?. തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്.
സിനിമയിൽ കടുവ ഒരു പ്രതീകം മാത്രമാണ്. അസ്തിത്വം മറന്നുപോകുന്ന സ്വയം അറിയാതെ ജീവിക്കുന്നവരുടെ സൂചകം. എത്ര സൗമ്യമായി പെരുമാറിയാലും അടിച്ചമർത്തപ്പെടുകയാണെങ്കിൽ കടുവയേപ്പോലെ ഗർജിക്കുകയാണ് വേണ്ടത്. ഹിമാലയത്തോളം ഉയർന്ന ഔന്നത്യമാണ്, അഭിമാനമാണ് വേണ്ടത്.
സ്വയമറിഞ്ഞവന് നാലുകാലിൽ എങ്ങനെ നടക്കാനാകും. ഇരുകാലിൽ നട്ടെല്ല് നിവർത്തി അനീതിയോടെതിർക്കാതെങ്ങനെ. അനീതിയുടെ അശുദ്ധ മാംസമാണ് അപ്പോൾ കടുവയുടെ ഭക്ഷണം. സമൂഹത്തിലെ പൊരുത്തക്കേടുകൾ ശുദ്ധീകരിക്കപ്പെടും. അധികാരത്തിനെതിരെ വിമത ശബ്ദങ്ങളുയരും..
ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് ദിനവും ജനിക്കുന്നത്. അവരിൽ ഒരു വിഭാഗം ശൈശവത്തിൽ തന്നെ മരിച്ചുപോകും. ബാക്കിയുള്ളവരിൽ പകുതിയും മറ്റുള്ളവർക്ക് വേണ്ട് എന്തൊക്കെയോ കാണിച്ചുകൂട്ടി ഒടുവിൽ കാലപുരി പൂകും. പക്ഷേ, ചിലർ മാത്രം സ്വന്തം സ്വത്വം തിരിച്ചറിയും. അനീതിയും അതിക്രമവും അടിച്ചമർത്തലുകളും അവരിലെ കടുവയെ ഉണർത്തും. അവനുണർന്നാൽ, ആ ഗർജനം കേട്ടാൽ നടുങ്ങാത്ത ഏത് രാജാക്കന്മാരുണ്ടിവിടെ?!
Content Highlights: iffk, iffk 2022, bagh the tiger bengali movie review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..