.jpg?$p=8384990&f=16x10&w=856&q=0.8)
IFFK
പാരിസിന്റെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന രണ്ട് അറബ് സഹോദരിമാരുടെ ആത്മബന്ധത്തിൽ നിന്നാണ് 'യൂ റിസെമ്പിൾ മി' ആരംഭിക്കുന്നത്. കൗമാരക്കാരിയായ ഹസ്നയുടെ പതിപ്പാവുക എന്നതാണ് ഇളയ സഹോദരി മറിയത്തിന്റെ ജീവിതലക്ഷ്യം തന്നെ. പെൺമക്കളോട് താൽപര്യമില്ലാത്ത അമ്മയോട് കലഹിച്ച് തെരുവിലെത്തുന്ന സഹോദരിമാരെ അധികൃതർ രണ്ട് ഫോസ്റ്റർ ഹോമുകളിൽ (കുട്ടികളെ ദത്തെടുത്ത് താമസിപ്പിക്കുന്ന കുടുംബങ്ങൾ) ആക്കുന്നതോടെ സഹോദരിമാർ വേർപിരിയുന്നു. ഹസ്ന അവിടെനിന്നും ഓടിപ്പോകുന്നുണ്ടെങ്കിലും അവൾക്ക് മറിയത്തെ കണ്ടെത്താനാവുന്നില്ല.
പിന്നീട് വേശ്യയായും മയക്കുമരുന്ന് കച്ചവടക്കാരിയായും റെസ്റ്ററന്റ് ജീവനക്കാരിയായുമൊക്കെ യൗവനത്തിലെത്തിയ ഹസ്നയിലേക്കാണ് ചിത്രം പ്രേക്ഷകരെ നയിക്കുന്നത്. ഇന്ന് മറിയം എവിടെയാണെന്ന് അവൾക്കറിയാം. എന്നാൽ തങ്ങളുടെ കുടുംബം ശിഥിലമാകാൻ കാരണക്കാരി ഹസ്നയാണെന്ന വിശ്വാസത്താൽ മറിയം സഹോദരിയുടെ കോളുകൾ എടുക്കാൻ പോലും തയ്യാറാവുന്നില്ല. മറിയത്തിന്റെ നിലപാട് ഹസ്നയിൽ വലിയ പ്രതിസന്ധികളാണ് തീർക്കുന്നത്. ഒരു സാധാരണ യുവതിയായി ജീവിക്കാനുള്ള, ഒരു ജോലി നേടാനുള്ള അവളുടെ ശ്രമങ്ങളെല്ലാം വിഫലമാകുന്നു.
ഇതിനിടെയാണ് തന്റെ കസിനായ അബ്ദെൽഹാമിദിനെ അവൾ ടെലിവിഷൻ വാർത്തയിൽ കാണുന്നത്. ഐഎസ് തീവ്രവാദിയായ ഹാമിദ് സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുന്ന വീഡിയോകളിലൂടെ ലോകമെമ്പാടുമുള്ള വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഹാമിദുമായി ചാറ്റ് ചെയ്യുന്ന ഹസ്നയ്ക്ക് ആദ്യം അയാളൊരു സുഹൃത്തായിരുന്നെങ്കിൽ പിന്നീടത് പ്രണയത്തിലേക്കെത്തുന്നു. പലസ്തീനിലും സിറിയയിലും മുസ്ലിം ജനത അനുഭവിക്കുന്ന ദുരിതങ്ങൾ ഹാമിദിൽ നിന്നും വീഡിയോകളിലൂടെയയും അറിയുന്ന ഹസ്നയ്ക്ക് അവ തന്റെ ജീവിതാനുഭവങ്ങളുടെ ഒരു വലിയ പതിപ്പായാണ് തോന്നുന്നത്. അവരെ സഹായിക്കാനായി സിറിയയിൽ പോകാൻ അവൾ തീരുമാനിക്കുന്നു.
എന്നാൽ, പിന്നീട് തങ്ങൾ പാരീസിലേക്ക് വരുന്നുണ്ടെന്ന് അറിയിക്കുന്ന ഹാമിദിന്റെ യഥാർത്ഥ ലക്ഷ്യം അവൾക്ക് മനസ്സിലായിരുന്നില്ല. പാരീസ് ബോംബാക്രമണത്തിനിടയിലും, അയാൾക്കതിൽ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ഒരു 'നല്ല ജീവിതം' പ്രതീക്ഷിച്ച് അവൾ അയാളെ കാണാനായി പോകുന്നു. എന്നാൽ, യൂറോപ്പിലെ ആദ്യ വനിതാ ചാവേറെന്ന് മുദ്രകുത്തപ്പെട്ട് അവസാനിക്കാനായിരുന്നു അവളുടെ വിധി.
2015ൽ പാരീസിൽ നടന്ന സെയ്ന്റ്-ഡെനി റെയ്ഡിൽ കൊല്ലപ്പെട്ട ഹസ്ന അയ്ത് ബൊലാചന്റെ കഥയാണ് 'യൂ റിസെമ്പിൾ മീ' പറയുന്നത്. റെയ്ഡ് റിപ്പോർട്ട് ചെയ്ത ജേർണലിസ്റ്റ് ഡിന അമെർ ആണ് ചിത്രത്തിന്റെ സംവിധായിക. ആദ്യം വനിതാ ചാവേറെന്ന് മുദ്രകുത്തപ്പെടുകയും പിന്നീട് കൂടെ ഉണ്ടായിരുന്നയാളാണ് സ്ഫോടനം നടത്തിയതെന്ന് വ്യക്തമാവുകയും ചെയ്ത ഹസ്നയുടെ ജീവിതത്തിലേക്ക് തന്റെ ആദ്യ ചിത്രത്തിലൂടെ ആഴത്തിൽ ഇറങ്ങിച്ചെല്ലുകയാണ് സംവിധായിക.
യഥാർത്ഥ്യത്തെ ഫിക്ഷനുമായി ചേർത്ത് അമ്പരപ്പിക്കുന്നൊരു കഥയാണ് ഡിന അവതരിപ്പിക്കുന്നത്. യൂറോപ്പിലെ അറബ് വംശജർ അനുഭവിക്കുന്ന ദുരിതങ്ങളും വേർതിരിവുകളും അന്യഥാബോധവുമെല്ലാം ഹസ്നയിലൂടെ ഡിന പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ഒപ്പം, ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളിലേക്ക് യുവാക്കൾ ആകർഷിക്കപ്പെടുന്നത് എങ്ങനെയെന്നും ഒരു ജേർണലിസ്റ്റിന്റെ കണിശതയോടെ ആരെയും ന്യായീകരിക്കാതെ തന്നെ അവർ പറഞ്ഞുവെക്കുന്നുണ്ട്.
മോന സൊവാലത്തിന്റെ ഉജ്ജ്വലമായ പ്രകടനം ഹസ്നയുടെ ജീവിതം അതിന്റെ തീവ്രതയിൽ പ്രേക്ഷകരിലേക്കെത്തിക്കാൻ ഡിനയെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. കുട്ടിക്കാലത്തെ ഹസ്ന-മറിയം അവതരിപ്പിച്ച യഥാർത്ഥ സഹോദരിമായ ഇയോണയെയും ലോറെൻസൊയെയും പരാമർശിക്കാതെ 'യൂ റിസെമ്പിൾ മീ'യെ കുറിച്ചുള്ള വാക്കുകൾ പൂർണമാവില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..