ദ അനറ്റോലിയൻ ലെപേർഡ് എന്ന ചിത്രത്തിൽ നിന്നൊരു രംഗം | Photo: https://iffk.in/filmdetail
സ്വകാര്യവത്ക്കരണം നടന്നുകൊണ്ടിരിക്കുന്ന തുർക്കിയിലെ പഴയൊരു മൃഗശാല പശ്ചാത്തലമാക്കിയാണ് 'ദ അനറ്റോലിയൻ ലെപേർഡ്' പുരോഗമിക്കുന്നത്. ആധുനിവത്ക്കരണം മനുഷ്യരിലുണ്ടാക്കുന്ന ഏകാന്തതയും വ്യാജവാർത്തകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുമാണ് ഇമ്രെ കൈസിന്റെ ആദ്യ ഫീച്ചർ ഫിലിം പ്രധാനമായും മുന്നോട്ടുവെക്കുന്നത്. ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്ത ചിത്രം അവിടെ ഫിപ്രസ്കി പുരസ്കാരം നേടുകയും ചെയ്തു.
മൃഗശാല ഡയറക്ടറായ സിക്രെത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. 22 വർഷമായി മൃഗശാലയിൽ ജോലി നോക്കുന്നയാളാണ് സിക്രെത്. എല്ലാവരാലും ബഹുമാനിക്കപ്പെടുന്നയാൾ. എന്നാൽ, വിവാഹമോചിതനായ അയാളുടെ ജീവിതം ഏകാന്തവും വിരസവുമാണ്. ശൂന്യമായൊരു ഗൗരവമാണ് സിക്രെത്തിന്റെ സ്ഥായീഭാവം. പുറമേയ്ക്ക് കാണിക്കുന്നില്ലെങ്കിലും മൃഗശാല ഉപേക്ഷിക്കപ്പെടുന്നതിൽ അയാൾക്ക് ഏറെ ആകുലതകളുണ്ടെന്ന് വേഗത്തിൽ തന്നെ പ്രേക്ഷകന് മനസ്സിലാകും.
മൃഗശാല സ്വകാര്യവത്ക്കരണത്തിനുള്ള നടപടികളെല്ലാം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. ഇനിയുള്ളത് ഒരേയൊരു കടമ്പ മാത്രം. പ്രായം ചെന്ന പുള്ളപ്പുലിയെ കൈമാറ്റം ചെയ്യണം. പക്ഷേ, സംരക്ഷിത വർഗമായ അനറ്റോലിയൻ ലെപേർഡിനെ വേഗത്തിൽ കൈമാറ്റം ചെയ്യാനാവില്ല. അതിന് നിയമത്തിന്റെ നൂലാമാലകളേറെയുണ്ട്. സ്വകാര്യവത്ക്കരണം താൽക്കാലികമായെങ്കിലും തടസ്സപ്പെട്ട് നിൽക്കുന്ന സമയത്താണ് പുള്ളിപ്പുലിയുടെ അന്ത്യം സംഭവിക്കുന്നത്. എന്നാൽ, ഇക്കാര്യം പുറത്തറിയിക്കാതെ സിക്രെത് പുള്ളിപ്പുലി കൂട്ടിൽ നിന്ന് രക്ഷപ്പെട്ടതാണെന്ന് വരുത്തിത്തീർക്കുന്നു. വിവരം മറച്ചുവെയ്ക്കാൻ മൃഗശാലയിലെ സഹപ്രവർത്തകയുടെ സഹായവും സിക്രെത്തിന് ലഭിക്കുന്നു.
തുടർന്ന് ചൂടൻ വാർത്തയായി മാറുന്ന അനറ്റോലിയൻ ലെപേർഡ് സിക്രെത് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത സംഭവങ്ങളിലേക്ക് നയിക്കുന്നു. ഇതിനിടെ താൻ മാത്രമല്ല ശൂന്യമായ ജീവിതം നയിക്കുന്നതെന്നും അയാൾ തിരിച്ചറിയുന്നുണ്ട്. നശീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മൃഗത്തിലൂടെ തുർക്കിയുടെ വർത്തമാനകാല യാഥാർത്ഥ്യങ്ങളിലേക്ക് കൂടി വെളിച്ചം വീശുകയാണ് സംവിധായകൻ കൈസ്.
Content Highlights: iffk 2022, The Anatolian Leopard Review, iffk
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..