കില്ലിങ് ദ യൂനച്ച് ഖാനിൽ നിന്നൊരു രംഗം | https://iffk.in/filmdetail
യാഥാർത്ഥ്യവും മായക്കാഴ്ചകളും കൂടിക്കലർന്ന ഒരു ലോകത്തേക്കുള്ള പ്രയാണം. അതാണ് ആബെദ് ആബെസ്റ്റ് സംവിധാനം ചെയ്ത കില്ലിങ് ദ യൂനച്ച് ഖാൻ. ക്യാമറ കൊണ്ട് വരയ്ക്കുന്ന ഒരു ചിത്രമെന്ന് പറയാം ഈ ചിത്രത്തെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ.
ഇറാൻ-ഇറാഖ് യുദ്ധം നടക്കുന്ന സമയം. ഇരുരാജ്യങ്ങളുടേയും അതിർത്തിയിൽ താമസിക്കുന്ന അച്ഛന്റേയും രണ്ട് പെൺമക്കളുടേയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. മക്കളെ വീട്ടിലിരുത്തി പുറത്തുപോകുന്ന അച്ഛൻ അല്പസമയത്തിനകം അറിയുന്നത് തങ്ങളുടെ പൂന്തോട്ടത്തിലേക്ക് ഒരു മിസൈൽ വീണുവെന്നാണ്. തിരികെ ഓടി വീട്ടിലെത്തിയ അയാൾക്ക് മൂത്തമകളുടെ ജഡമാണ് കാണേണ്ടി വരുന്നത്. അടുത്തനിമിഷം മുതൽ അയാളുടെ ലോകം യാഥാർത്ഥ്യങ്ങളും ഫാന്റസിയും ഇടകലർന്നതാകുന്നു.
പ്രതീകാത്മക കാഴ്ചകളുടെ ധാരാളിത്തമാണ് ചിത്രത്തിലുടനീളം. വിശാലമായ ഫ്രെയിമുകളാണ് സിനിമയുടെ പ്രധാന പ്രത്യേകത. ഇറാനെത്തന്നെ മൊത്തത്തിൽ പ്രതിനിധീകരിച്ചതാവാം ഇതുകൊണ്ട് സംവിധായകൻ ഉദ്ദേശിച്ചത്. വിജനമായ തെരുവീഥികൾ ഇറാന് സംഭവിച്ച നഷ്ടം എത്രമാത്രമാണെന്നാണ് കാണിക്കുന്നത്. അത്തരം നഷ്ടങ്ങൾ സംഭവിച്ച ഒരു കുടുംബത്തെയാണ് നായകനും മക്കളും പ്രതിനിധീകരിക്കുന്നത്. പതിഞ്ഞ താളത്തിൽ, ഓരോ പ്രേക്ഷകനും സ്ക്രീനിൽ നടക്കുന്നത് എന്താണെന്ന് ആലോചിച്ച് അവർക്കിഷ്ടമുള്ള രീതിയിൽ വ്യാഖ്യാനിക്കാനുള്ള സമയം സംവിധായകൻ നൽകുന്നുണ്ട്.
മക്കളുടെ മരണത്തിന് ശേഷം നായകൻ കാണുന്നവരെല്ലാം മരിച്ചവരേയാണ്. അവരുടെ ലോകത്താണ് പിന്നീടയാൾ ജീവിക്കുന്നത്. നായകൻ താമസിക്കുന്ന വീടിന്റെ മുന്നിൽ മിസൈൽ വീണ ഭാഗത്ത് പിന്നീട് കാണുന്നത് ഒരു ഗർത്തമാണ്. കടലിൽ തിരമാലയെന്ന പോലെ വീടിനകത്തുനിന്നും രക്തം ആർത്തലച്ച് ഈ ഗർത്തത്തിലേക്ക് പതിക്കുകയാണ്. യുദ്ധത്തിനിരയാക്കപ്പെട്ടവരുടെ രക്തം ഇപ്പോഴും ആ മണ്ണിൽ വറ്റാതെ നിൽക്കുന്നു എന്നായിരിക്കാം സംവിധായകൻ പറയാനുദ്ദേശിച്ചത്.
യുദ്ധം ഒന്നിനും ഒരു പ്രതിവിധിയല്ല. നഷ്ടങ്ങൾ മാത്രമാണ് അതിന്റെ അനന്തരഫലം എന്ന സന്ദേശമാണ് കില്ലിങ് ദ യൂനച്ച് ഖാൻ എന്ന ചിത്രത്തിലൂടെ സംവിധായകൻ നൽകുന്നത്.
Content Highlights: iffk 2022 killing the eunuch khan review iffk
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..