.jpg?$p=aa62323&f=16x10&w=856&q=0.8)
Costa Brava
ലെബനന്റെ രാഷ്ട്രീയ ചിത്രം വ്യക്തമായി കോറിയിടുന്ന ചിത്രമാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയ കോസ്റ്റ ബ്രാവ. പരിസ്ഥിതി ചൂഷണത്തിനും അഴിമതിക്കും എതിരെയുള്ള ഒരു കുടുംബത്തിന്റെ ചെറുത്തു നില്‍പ്പിന്റെ കഥ പറയുന്ന കോസ്റ്റ ബ്രാവ സംവിധായിക മൗനിയ അകലിന്റെ ആദ്യ ചിത്രമാണ്.
ബെയ്റൂറ്റിലെ ആസ്വസ്തമായ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കെതിരെ സമരം ചെയ്ത വാലിദ് - സൊറായ ദാമ്പതികള്‍ നഗരത്തില്‍ നിന്നു മാറി ഒറ്റപ്പെട്ട ഉള്‍നാടന്‍ താഴ്വാരയില് അഭയം പ്രാപിക്കുന്നു. രണ്ട് പെണ്മക്കളും വാലിദിന്റെ അമ്മയും അവര്‍ക്കൊപ്പമുണ്ട്. സംഗീതത്തിലൂടെ സാമൂഹ്യ പ്രശ്നങ്ങള്‍ക്കുനേരെ ശബ്ദമുയര്‍ത്തിയിരുന്ന സൊറായയ്ക്കും എഴുത്തിലൂടെ പ്രതികരിച്ചിരുന്ന വാലിദിനും ആ ഒറ്റപ്പെട്ട ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ കഴിയാതെ വരുന്നു.
ഒടുവില്‍ അവരുടെ ആ ജീവിതത്തെ രണ്ടായി പകുത്തു കൊണ്ട് അവരുടെ വീടിനു തൊട്ടടുത്തായി ഒരു അനധികൃത മാലിന്യ സംസ്കാരണ കേന്ദ്രം വരുന്നു. അതിനെതിരെ ആ കൊച്ചു കുടുംബത്തിന്റെ പ്രതിരോധവും അവര്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കോസ്റ്റ ബ്രാവ പറയുന്നത്.
ഒരേ സമയം രാഷ്ട്രീയപരമാകാനും കുടുംബ ബന്ധങ്ങളിലേക്ക് ആഴ്ന്നിറങ്ങാനും സാധിക്കുന്നിടത്താണ് കോസ്റ്റ ബ്രാവ വ്യത്യസ്തമാകുന്നത്. കുടുംബത്തിലെ ഏറ്റവും ചെറിയ കുട്ടി റിമിന്റെ സംഭാഷണങ്ങള്‍ പോലും പൊളിറ്റിക്കല്‍ ആണെന്നത് ശ്രദ്ധേയമാണ്.
പരമ്പരാഗത പുരുഷധിപത്യ ലെബനന് കുടുംബങ്ങളെ നിശിതമായി വിമര്‍ശിക്കാനും മൗനിയ ശ്രദ്ധിക്കുന്നുണ്ട്. പ്രധാന കഥാപാത്രവും കുടുംബത്തിലെ ഏക പുരുഷ അംഗവുമായ വാലിദിന്റെ ആണ് കോയ്മകളെ തൂത്തെറിയുന്നവരാണ് അവിടുത്തെ സ്ത്രീകള്‍. സ്വന്തം വ്യക്തിത്വത്തെ മുറുകെ പിടിക്കുന്ന അവര്‍ ഓരോരുത്തരും വ്യത്യസ്തരാണ് താനും.
ജോ സാടെയുടെ ഛായഗ്രഹണവും സീന റെസ്റ്റോം എന്ന കൊച്ചു കുട്ടി അടക്കമുള്ളവരുടെ മികച്ച പ്രകടനവും നാതന് ലാഴ്സന്റെ സംഗീതവും ചിത്രത്തിന്റെ കരുത്തു കൂട്ടുന്നു.
റിയാലിറ്റിയും ഫിക്ഷനും ഒപ്പം ഒരല്പം മാജിക്കല്‍ റിയലിസവും അതിമനോഹരമായി സംയോജിപ്പിക്കുന്നതില്‍ മൗനിയ അകല് വിജയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ശ്രദ്ധ നേടിയ കാഫെര്ണം എന്ന ലെബനീസ് ചിത്രത്തിന്റെ സംവിധായിക നദീന്‍ ലബാക്കിയാണ് പ്രധാന കഥാപാത്രമായ സൊറായയെ അവതരിപ്പിച്ചിരിക്കുന്നത്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..