ആവാസവ്യൂഹത്തിൽ രാഹുൽ രാജഗോപാൽ | Photo: Screengrab / https://youtu.be/35SboxnjD5w
പ്രകൃതി! ഇത്രയും വിശാലവും വൈവിധ്യങ്ങൾ നിറഞ്ഞതുമായ ഒരു വിഷയം വേറെ കാണില്ല. ആ വിഷയത്തെ എടുത്ത് മിനുക്കി കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ ക്രിഷാന്ത് ആവാസവ്യൂഹം എന്ന ചിത്രത്തിലൂടെ. പ്രകൃതിയുടെ നാശവും പ്രകൃതിയിലേക്കുള്ള കടന്നുകയറ്റങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്.
ഒരു പുസ്തകമെന്നപോലെ പല അധ്യായങ്ങളായിട്ടാണ് സിനിമ അവതരിപ്പിക്കുന്നത്. ആമുഖവും ഉപസംഹാരവുമെല്ലാം ഇതിലുൾപ്പെടുന്നു. വിവിധതരം തവളകളേയും തുമ്പികളേയും കുറിച്ച് പറഞ്ഞാണ് സിനിമ തുടങ്ങുന്നത്. ഒരേസമയം അല്പം ഡോക്യുമെന്ററിയുടേയും അതോടൊപ്പം ത്രില്ലറിന്റേതായ സ്വഭാവവും ആവാസവ്യൂഹം പുലർത്തുന്നുണ്ട്.
നിരവധി കഥാപാത്രങ്ങളുള്ള ചിത്രത്തിൽ ഏറ്റവും പ്രാധാന്യം ജോയി എന്ന കഥാപാത്രത്തിനാണ്. ഇയാൾ ആരാണ്, എവിടെ നിന്ന് വന്നു, ഇയാൾക്ക് ആധാർ കാർഡുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് മറ്റുകഥാപാത്രങ്ങൾ ജോയിയേക്കുറിച്ച് ചോദിക്കുന്നത്. ഈയൊരു സസ്‌പെൻസ് ഉടനീളം നിലനിർത്തി പ്രതികാരം നിറഞ്ഞ മറ്റൊരു കഥകൂടി ക്രിഷാന്ത് പറയുന്നുണ്ട്. പ്രകൃതിയിലെ ആവാസവ്യവസ്ഥയിലെ ജീവികളുടെ പ്രത്യേകതയും സ്വഭാവവും ഈ പ്രതികാരകഥയിലെ കഥാപാത്രങ്ങളുമായി ബന്ധപ്പെടുത്താൻ പ്രേക്ഷകനെ പ്രേരിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് ആവാസവ്യൂഹം.
കാത്തിരുന്ന് ക്ഷമയോടെ പകർത്തിയ തവളകളും ആമകളും തുമ്പികളുമടങ്ങുന്ന ജീവജാലങ്ങളുടെ മിഴിവാർന്ന ദൃശ്യങ്ങളാണ് ആവാസവ്യൂഹത്തിന്റെ മറ്റൊരു പ്രത്യേകത. കൊച്ചിയിലെ പുതുവൈപ്പ് എന്ന സ്ഥലത്തേക്ക് പ്രകൃതിയെ മൊത്തം ആവാഹിച്ചുകൊണ്ടുവന്നപോലെയാണ് സിനിമയുടെ സഞ്ചാരം. മലയാളസിനിമയിൽ ആരും പരീക്ഷിക്കാത്ത ഒരു വിഷയം പറഞ്ഞു എന്നത് തന്നെയാണ് ആവാസവ്യൂഹത്തെ ആസ്വാദനത്തിന്റെ മറ്റൊരുതലത്തിലേക്ക് ഉയർത്തുന്നത്. ഡോക്യുമെന്ററിയെന്നോണം തുടങ്ങി ഫാന്റസിയുടെ പുതിയ ഉയരങ്ങൾ തേടുന്നുണ്ട് ചിത്രം.
കരിക്ക് എന്ന വെബ്‌സീരീസിലൂടെ ശ്രദ്ധേയനായ രാഹുൽ രാജഗോപാലാണ് ജോയി എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഞെട്ടിക്കുന്ന പ്രകടനം എന്നുതന്നെ പറയാം. നായിക നിലീൻ സാന്ദ്ര, ഗീതി സംഗീത, ശ്രീനാഥ് ബാബു, ഷിൻസ് ഷാൻ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായുണ്ട്. വിഷ്ണു പ്രഭാകർ ഛായാഗ്രഹണവും സംഗീതം അജ്മൽ ഹസ്ബുള്ളയും രാകേഷ് ചെറുമടം എഡിറ്റിങ്ങും പ്രൊമൈസ് ആനിമേഷനും നിർവഹിച്ചിരിക്കുന്നു.
Content Highlights: iffk 2022, avasavyooham review, iffk 2022 malayalam movies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..