IFFK
ഈജിപ്ഷ്യൻ സംവിധായകനായ മുഹമ്മദ് ദിയാബിന്റെ ചിത്രമാണ് അമീറ. ഇസ്രയേൽ തടവിലാക്കിയ പലസ്തീനിയൻ തടവുകാരുടെ ബീജം പുറത്തെത്തിച്ച് ഭാര്യമാർ ഗർഭിണികളാകുന്നതും അതുണ്ടാക്കുന്ന സങ്കീർണതകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലായിരുന്നു ഈ അറബിക് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ.
പതിനേഴുകാരിയായ പലസ്തീനിയൻ പെൺകുട്ടി അമീറയാണ് ചിത്രത്തിലെ നായിക. ജയിലിലടയ്ക്കപ്പെട്ട, ചെറുപ്പം മുതൽ ജയിൽ വഴി മാത്രം കണ്ടിരുന്ന നവാറാണ് അമീറയുടെ പിതാവ്. ജയിലിൽ നിന്നും കള്ളക്കടത്തു വഴി കടത്തിയ നവാറിന്റെ ബീജത്തിൽ നിന്നാണ് അവളുടെ അമ്മ വാർദ ഗർഭിണിയാകുന്നത്.
ജയിൽ സന്ദർശനങ്ങളിലൂടെ മാത്രമാണ് കണ്ടുമുട്ടുന്നതെങ്കിലും അമീറയുടെ ആരാധ്യപുരുഷനാണ് പിതാവ് അമീർ. പിതാവ് അടുത്തില്ലാത്തതിന്റെ കുറവ് നികത്താൻ ചുറ്റുമുള്ളവർ അവളെ സ്നേഹവും കരുതലും കൊണ്ട് മൂടുന്നുണ്ട്. എന്നാൽ, ബീജം കടത്താൻ കൂട്ടുനിന്ന ഒരു ഇസ്രേലിയൻ പോലീസ് ഗാർഡാണ് തന്റെ പിതാവെന്നറിയുമ്പോൾ അമീറയുടെ ജീവിതം കീഴ്മേൽ മറിയുന്നു. അവളുടെ അസ്ഥിത്വം തന്നെ ചോദ്യംചെയ്യപ്പെടുന്നു.
അടിച്ചമർത്തപ്പെടുന്ന ജനതയുടെ നിസ്സഹായതയ്ക്കും അതിജീവന ശ്രമങ്ങൾക്കുമൊപ്പം സ്ത്രീപക്ഷത്തു നിന്ന് കൃത്യമായി സംസാരിക്കുന്നുമുണ്ട് ചിത്രം. അമീറയുടെ അമ്മ വാർദ ഭാര്യഭർത്തൃബന്ധം പുലർത്താതെയാണ് ഗർഭിണിയാകുന്നത്. സ്ത്രീ ഗർഭധാരണത്തിന് മാത്രമുള്ള വസ്തുവായി മാത്രം കണക്കാക്കുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ ഇരകൂടിയാണ് വാർദ. സ്വന്തം വൈകാരികാനുഭൂതികളെ അടിച്ചമർത്തികൊണ്ട് കർത്തവ്യഭാര്യയാവാൻ വിധിക്കപ്പെട്ട സ്ത്രീകളുടെ പ്രതിനിധി കൂടിയാണവൾ.
തടവിലാക്കപ്പെട്ട പലസ്തീനികളുടെ ബീജകള്ളക്കടത്തുവഴി നൂറിലധികം കുട്ടികൾ ജനിച്ചിട്ടുണ്ടെന്നാണ് ചിത്രം പറയുന്നത്. യാഥാർത്ഥ്യത്തിന്റെ നൂലിഴകളാൽ ബന്ധിക്കപ്പെടുന്നു എന്ന വസ്തുത കൂടി ചേരുമ്പോൾ ചിത്രം കൂടുതൽ തീവ്രവും പൂർണ്ണതയും കൈവരിക്കുന്നു.
Content Highlights: IFFK 2022, Amira Movie, Review, Mohamed Diab, International Film Festival of Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..