.jpg?$p=6a12f4a&f=16x10&w=856&q=0.8)
IFFK 2022
ഒറ്റവാക്കില്‍ നിര്‍വചിക്കാനാവാത്ത ഒരു വിഷയമുണ്ടോയെന്ന് ചോദിച്ചാല്‍ രാഷ്ട്രീയം എന്നായിരിക്കും പലരുടേയും ഉത്തരം. രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് സിദ്ധാര്‍ത്ഥ ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്ത എന്നിവര്‍ എന്ന ചിത്രം. രാഷ്ട്രീയ സംഘട്ടനവും പരിണിതഫലങ്ങളുമാണ് സിനിമയുടെ ആകെത്തുക എന്നുപറയാവുന്നത്.
രാഷ്ട്രീയമാണ് വിഷയം. അതും ക്യാംപസ് രാഷ്ട്രീയം. ഒരു സംഘട്ടനത്തിനൊടുവില്‍ ഓടി രക്ഷപ്പെട്ടുവരുന്ന ഏതാനും ചെറുപ്പക്കാരിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഒളിത്താവളം തേടിയുള്ള ഇവരുടെ യാത്രയും ഇവര്‍ തമ്മിലുള്ള ബന്ധവും അഭിപ്രായവ്യത്യാസങ്ങളുമെല്ലാമാണ് സിനിമയെ സജീവമാക്കുന്നത്.
ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പേര് എടുത്തുപറയുന്നില്ല ചിത്രം. പക്ഷേ പാര്‍ട്ടി തീരുമാനിക്കുന്ന കാര്യം നടക്കും, പാര്‍ട്ടി പറയുന്നവരായിരിക്കും പ്രതികള്‍ അല്ലെങ്കില്‍ കീഴടങ്ങുന്നവര്‍ എന്നാണ് സിനിമ പറയുന്നത്. അതായത് പോലീസിന് വേണ്ട പ്രതികളെ പാര്‍ട്ടി തീരുമാനിക്കും എന്ന്. ഇങ്ങനെയുള്ളപ്പോള്‍ പ്രതികളാക്കപ്പെടുന്നവര്‍ നിരപരാധികളായാല് എന്തായിരിക്കും അവസ്ഥ എന്ന ചോദ്യവും ചിത്രം ഉയര്‍ത്തുന്നുണ്ട്.
സിനിമയിലെ ദാസേട്ടന് എന്ന കഥാപാത്രം ഇടയ്ക്കിടെ പറയുന്ന ഡയലോ?ഗാണ് ഇതാണ് സിസ്റ്റം എന്ന്. ആ സിസ്റ്റത്തിന്റെ സമ്പ്രദായങ്ങളില്‍ തകര്‍പ്പെടുന്നത് അങ്ങേയറ്റം നിസ്സഹായരായ ഒരുപറ്റം മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതങ്ങളുമാണെന്നും എന്നിവര്‍ പറഞ്ഞുവെയ്ക്കുന്നു.
സര്‍ജാനോ ഖാലിദ്, സൂരജ് എസ് കുറുപ്പ് എന്നിവരാണ് പ്രധാനവേഷങ്ങളില്‍. ഇരുവരുടേയും പിണക്കവും തര്‍ക്കവും എങ്ങനെ വേര്‍പിരിയാനാവാത്ത സൗഹൃദത്തില്‍ കലാശിക്കുന്നു എന്നും ചിത്രം കാട്ടിത്തരുന്നു. സര്‍ജാനോയുടെ അനന്തു സൂരജിന്റെ കുഞ്ഞിപ്പാനോട് പറയുന്ന ഒരു സംഭാഷണമുണ്ട്. പറന്നുകൊണ്ടിരിക്കുന്ന ഒരു പക്ഷി നമ്മളെ കാണുന്നത് പലവിധത്തിലായിരിക്കും എന്നാണ് അതിന്റെ സാരാംശം. ഉയരെ പറക്കുന്തോറും കാണുന്ന കാഴ്ചയുടെ വിശാലത വര്‍ധിച്ചുകൊണ്ടിരിക്കും. നമ്മള് വളരെ പ്രശ്നം എന്ന് തോന്നിക്കുന്ന കാര്യങ്ങള്‍ വിശാലമായി ചിന്തിച്ചാല്‍ നിസ്സാരമെന്ന് തോന്നിക്കും എന്നാണ് സംവിധായകന് പറയുന്നത്.
സ്ത്രീകഥാപാത്രങ്ങള്‍ സ്ക്രീനില്‍ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല എന്നതും സിനിമയുടെ പ്രത്യേകതയാണ്. സുധീഷ്, ബിനു പപ്പു, ജിയോ ബേബി എന്നിവരാണ് മറ്റു താരങ്ങള്‍. ഇതില്‍ സുധീഷിന്റെ ദാസേട്ടന് പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. സുധീഷിന്റെ സിനിമാ ജീവിതത്തിലെ ഇമേജ് ബ്രേക്കര്‍ എന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രമാണ് ദാസേട്ടന്. ഇവര്‍ക്കൊപ്പം സിദ്ധാര്‍ത്ഥ ശിവയും ചെറുവേഷത്തിലുണ്ട്.
താഴേക്കിടയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ എങ്ങനെ നേതൃത്വത്താല്‍ വിചാരണചെയ്യപ്പെടുന്നു എന്നാണ് ചിത്രം ആത്യന്തികമായി പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..