നടേഷ് ഹെഗ്ഡെ | Photo: www.facebook.com/natesh.hegde.7
തിരുവനന്തപുരം: തങ്ങളുടെ നിലപാടുകൾക്ക് പിന്തുണ പ്രഖ്യാപിക്കുന്ന തരത്തിൽ ചിത്രങ്ങൾ നിർമ്മിക്കുന്നവർക്ക് മാത്രം രാജ്യം ഭരിക്കുന്നവർ പ്രോത്സാഹനം നൽന്നതായി കന്നഡ സംവിധായകൻ നടേഷ് ഹെഗ്ഡെ. ഉദാസീനമായ ബഹുഭൂരിപക്ഷം ഭരണകൂടത്തെ ചോദ്യംചെയ്യുന്ന പ്രമേയങ്ങൾ സ്വീകരിക്കാൻ തയ്യാറാവുന്നില്ലെന്നും കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മീറ്റ് ദ ഡയറക്ടേഴ്സ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
മതസ്പർദ്ധ വളർത്തുന്ന രംഗങ്ങൾ ഉണ്ടെന്ന് ആരോപിച്ച് നടേഷ് സംവിധാനം ചെയ്ത 'പെഡ്രോ' എന്ന കന്നഡ ചിത്രം ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ നിന്നും പുറത്താക്കിയിരുന്നു. അതേസമയം, കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് കർണാടക സർക്കാർ നികുതിയിളവ് നൽകുകയും ചെയ്തു. ഇതെല്ലാം ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കുന്നതായും നടേഷ് പറഞ്ഞു.

കലാപത്തെ തുടർന്ന് എൺപതുകളുടെ അവസാനം മുതൽ പലായനം ചെയ്യേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥയാണ് ഇപ്പോൾ തിയറ്ററുകളിലുള്ള കശ്മീർ ഫയൽസ് പറയുന്നത്. കർണാടകയിലെ ഒരു വിദൂരഗ്രാമത്തിൽ താമസിക്കുന്ന മദ്യപാനിയായ പെഡ്രോ എന്നയാൾ ആകസ്മികമായി ഒരു പശുവിനെ കൊല്ലുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഹെഗ്ഡെയുടെ ചിത്രത്തിന്റെ പ്രമേയം. ചിത്രം ഐഎഫ്എഫ്കെയിൽ ലോകസിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.
സമാന്തര സിനിമാ സംവിധായകർക്കു സമൂഹവും ഭരണകൂടവും വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന് സംവിധായകൻ ബിശ്വജിത് ബോറ പറഞ്ഞു. സംവിധായകരായ രാഹുൽ റിജി നായർ, താര രാമാനുജൻ, പ്രഭാഷ് ചന്ദ്ര, ഷാഹിദ് കബീർ എന്നിവരും ഞായറാഴ്ചത്തെ മീറ്റ് ദ ഡയറക്ടേഴ്സിൽ പങ്കെടുത്തു.
Content Highlights: kannada movie director natesh hegde, iffk 2022, pedro movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..