
ചലച്ചിത്രമേളയ്ക്കെത്തിയ ഡെലിഗേറ്റുകൾ | ഫോട്ടോ: പ്രവീൺദാസ്. എം | മാതൃഭൂമി
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാംദിനത്തിൽ പ്രേക്ഷകരെ പിടിച്ചിരുത്തി യുദ്ധവും കലാപങ്ങളും മനുഷ്യരുടെ നിസ്സഹായാവസ്ഥയും പ്രമേയമാക്കുന്ന ചിത്രങ്ങൾ. ഹൈദർ റഷീദിന്റെ യുറോപ്പ, കനേഡിയൻ ചിത്രമായ വാർസ്, റിതേശ് ശർമയുടെ ഝിനി ബിനി ഛാദരിയ തുടങ്ങിയ ചിത്രങ്ങൾ യുദ്ധത്തിന്റെയും കലാപത്തിന്റെയും വിവിധ വശങ്ങൾ വരച്ചുകാട്ടുന്നതായി.
കശ്മീരിലെ സാധാരണക്കാരുടെ ജീവിതം തുറന്നു കാട്ടുന്ന പ്രഭാഷ് ചന്ദ്രയുടെ ഐ ആം നോട്ട് ദി റിവർ ഝലം, അസ്‌ഗർ ഫർഹാദിയുടെ എ ഹീറോ, പെട്രോ അൽമദോറിന്റെ പാരലൽ മദേഴ്സ്, അനറ്റോളിയൻ ലെപ്പേർഡ് തുടങ്ങിയ സിനിമകളും പ്രേക്ഷക പ്രീതി നേടി. മത്സര വിഭാഗത്തിലെ താരാ രാമാനുജനന്റെ നിഷിദ്ധോ, മലയാള സിനിമ ഇന്ന് വിഭാഗത്തിലെ ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, കലൈഡോസ്കോപ്പ് വിഭാഗത്തിൽ രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ളനോട്ടം എന്നിവയും മൂന്നാം ദിനം പ്രദർശിപ്പിച്ചു.

അന്തരിച്ച നാടകപ്രവർത്തകൻ മധു മാസ്റ്ററുടെ അനുസ്മരണവും ഞായറാഴ്ച മേളയിൽ നടന്നു. അക്കാദമി ചെയർമാൻ രഞ്ജിത്, സംവിധായകരായ ടി.വി.ചന്ദ്രൻ, പ്രിയനന്ദൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മലയാളത്തിലും സ്വതന്ത്ര സിനിമകൾക്ക് കൂടുതൽ പിന്തുണ ലഭിക്കേണ്ടതുണ്ടെന്ന് മൂന്നാംദിനത്തിലെ ഓപ്പൺഫോറത്തിൽ ആവശ്യമുയർന്നു. കുർദിഷ് സംവിധായിക ലിസ ചെലാനുമായി സാഹിത്യകാരി ഹരിത സാവിത്രി ഇൻ കോൺവർസേഷൻ പരിപാടിയിൽ സംസാരിച്ചു. തുർക്കിയിൽ ഭരണകൂടം ചലച്ചിത്രമേഖലയെ അവഗണിക്കുകയാണെന്നും കലാലോകം അവിടെ പ്രതിസന്ധിയിലാണെന്നും ലിസ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..