ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തിയ ഡെലിഗേറ്റുകൾ| Photo: Praveen Das M
തിരുവനന്തപുരം: രണ്ടു വർഷത്തിനു ശേഷം കേരള രാജ്യാന്തര ചലച്ചിത്രമേള പൂർണതോതിൽ തിരിച്ചെത്തിയ ആവേശത്തിൽ ഡെലിഗേറ്റുകൾ. മേളയുടെ ആദ്യദിനം തന്നെ പ്രേക്ഷകപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പരിമിതമായ തിയറ്ററുകളിൽ മാത്രം പ്രദർശനം നടക്കുന്ന ആദ്യദിനം വലിയ ജനത്തിരക്കുണ്ടാവാറില്ല. എന്നാൽ, വ്യാഴാഴ്ച നടന്ന പ്രദർശനങ്ങൾ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്. ടാഗോറിലും കൈരളി-ശ്രീയിലും കലാഭനിലും ആദ്യ ഷോ തുടങ്ങും മുമ്പുതന്നെ ഡെലിഗേറ്റുകളുടെ നീണ്ടനിരയാണ് രൂപപ്പെട്ടത്. ഉദ്ഘാടനചിത്രം ഉൾപ്പെടെ 13 ചിത്രങ്ങളുടെ പ്രദർശനമാണ് ഇന്നുണ്ടായിരുന്നത്.

ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിച്ച ദ എംപ്ലോയർ ആന്റ് എംപ്ലോയീ, ദ കിങ് ഓഫ് ഓൾ ദ വേൾഡ്, ലാമ്പ്, ഗ്രേറ്റ് ഫ്രീഡം തുടങ്ങിയ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യൻ സിനിമ ടുഡേ വിഭാഗത്തിൽ അർവിന്ദ് പ്രതാപിന്റെ ലൈഫ് ഈസ് സഫറിങ് ഡെത്ത് ഈസ് സാൽവേഷൻ പ്രദർശിപ്പിച്ചു.
ആദ്യദിനമായതിനാൽ വ്യാഴാഴ്ചത്തെ പ്രദർശനങ്ങൾക്ക് റിസർവേഷൻ ഉണ്ടായിരുന്നില്ല. രണ്ടാംദിനമായ വെള്ളിയാഴ്ചത്തെ പ്രദർശനങ്ങൾക്കുള്ള റിസർവേഷൻ രാവിലെ എട്ടു മണിക്ക് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ പത്തിലേറെ ചിത്രങ്ങളുടെ റിസർവേഷൻ പൂർത്തിയായി.

15 തിയറ്ററുകളിലായി 68 ചിത്രങ്ങളാണ് രണ്ടാംദിനം പ്രദർശിപ്പിക്കുന്നത്. ഏതാനും ചിത്രങ്ങളൊഴിയുള്ളവയുടെ റിസർവേഷൻ വൈകുന്നേരത്തോടെ പൂർത്തിയായി.
Content Highlights: iffk 2022, iffk first day round up, iffk 2022 venue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..